പനി… വിറപ്പിക്കുന്ന, പൊള്ളുന്ന പനി… വിയര്‍പ്പിക്കുന്ന പനി!
എന്താണ് പനി? സാധാരണ ശരീരോഷ്മാവില്‍ നിന്ന് ഉയര്‍ന്ന ഊഷ്മാവ് ശരീരം പ്രകടിപ്പിക്കുന്ന അവസ്ഥയാണ് പനി. 37.2 ഡിഗ്രി മുതല്‍ 38.3 ഡിഗ്രി വരെ അഥവാ 99 ഡിഗ്രി ഫാരന്‍ ഹീറ്റ് മുതല്‍ 100.9 ഡിഗ്രി ഫാരന്‍ ഹീറ്റ് വരെ- ഈ ശരീരോഷ്മാവിനു മുകളില്‍ മസിലുകള്‍ സങ്കോചിക്കുന്നു. അതാണ് ശരീരം വിറയലായി കാണിക്കുന്നത്. അതിനെ തുടര്‍ന്ന് ശരീരോഷ്മാവ് വര്‍ധിക്കുന്നു.
ശരീരത്തിന്റെ ഏതെങ്കിലും രീതിയില്‍ അണുബാധയുണ്ടാകുമ്പോള്‍ പ്രകടിപ്പിക്കുന്ന ലക്ഷണങ്ങളിലൊന്നാണ് പനി. പനി പല കാരണങ്ങള്‍ കൊണ്ടും വരാം. വൈറസുകള്‍, ബാക്ടീരിയകള്‍, മറ്റു പരാദങ്ങള്‍ തുടങ്ങിയവയാണ് പ്രധാന രോഗഹേതുക്കള്‍.
ഈ കാലയളവില്‍ നമ്മെ ഏറ്റവും കൂടുതല്‍ അലട്ടുന്ന വൈറല്‍ പനികളുടെ കാരണം ശരീരത്തില്‍ വൈറസുകളുടെ കടന്നാക്രമണം തന്നെയാണ്. ജലദോഷപ്പനി മുതല്‍ ഡെങ്കിപ്പനി വരെ ഇക്കൂട്ടത്തിലുണ്ട്.
വൈറസ് പനികള്‍ സാധാരണയായി മൂന്നു മുതല്‍ അഞ്ചു ദിവസം വരെ നീണ്ടുനില്‍ക്കുന്നവയാണ്. ചില വൈറസുകളില്‍ ഈ ചക്രം രണ്ടാഴ്ച വരെയും നീണ്ടേക്കാം. വൈറല്‍ പനികളില്‍ പൊതുവായി കണ്ടുവരുന്ന ലക്ഷണങ്ങള്‍ ഉയര്‍ന്ന ശരീരോഷ്മാവ്, ശരീരവേദന, തലവേദന, വിശപ്പില്ലായ്മ എന്നിവയാണ്. വായുവില്‍ കൂടിയോ ജലത്തില്‍ കൂടിയോ പരസ്പര സമ്പര്‍ക്കത്തിലൂടെയോ കൊതുകുകള്‍, ഈച്ചകള്‍ തുടങ്ങിയവയിലൂടെയോ വൈറല്‍ പനികള്‍ അതിവേഗം പടര്‍ന്നുപിടിക്കാം. മേല്‍പറഞ്ഞ ലക്ഷണങ്ങള്‍ കൂടാതെ ആക്രമിക്കുന്ന വൈറസുകള്‍ക്കനുസരിച്ച് ക്ഷീണം, തൊണ്ടവേദന, മൂക്കൊലിപ്പ്, തൊലിപ്പുറമെ ചൊറിഞ്ഞു തടിക്കല്‍, ഛര്‍ദി, വയറിളക്കം എന്നിവയും ഉണ്ടാകാറുണ്ട്.
ശ്വാസകോശത്തെയും അനുബന്ധ അവയവങ്ങളെയും ബാധിക്കുന്ന വൈറസുകള്‍, ഫ്‌ളൂ, സാധാരണ ജലദോഷം, കൊറോണ വൈറസ് തുടങ്ങിയവ മൂക്കൊലിപ്പ്, പനി, തൊണ്ടവേദന, ചുമ, കിതപ്പ്, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്നു.
ദഹനവ്യവസ്ഥയെ ബാധിക്കുന്ന വൈറല്‍ പനികളുണ്ട്. വൈറല്‍ പനികള്‍ക്കും പൊതുവായ ലക്ഷണങ്ങള്‍ കൂടാതെ വിശപ്പില്ലായ്മ, വയറിളക്കം, ഛര്‍ദി തുടങ്ങിയവയും കണ്ടേക്കാം.
വൈറസുകള്‍ തൊലിയെക്കൂടി ബാധിക്കുന്നവയുമായേക്കാം. അഞ്ചാംപനി, ചിക്കന്‍പോക്സ്, ജര്‍മന്‍ മീസില്‍സ് തുടങ്ങിയ അത്തരം രോഗാവസ്ഥകളില്‍ പ്രത്യേക തരം ചൊറിഞ്ഞു തടിക്കലുകള്‍ കാണാം. ഈ വൈറല്‍ പനികള്‍ കൂടുതലായും കുട്ടികളിലാണ് കണ്ടുവരുന്നത്.
മറ്റു ചില വൈറല്‍ പനികള്‍ ജീവനു തന്നെ ഭീഷണിയാവുന്ന തരത്തില്‍ രക്തസ്രാവം രക്തത്തിലെ ശ്വേതാണുക്കളുടെയും പ്ലേറ്റ്‌ലറ്റുകളുടെയും ഘടനയിലും എണ്ണത്തിലും വ്യത്യാസം വരുത്തിയേക്കാം. ഇബോള, ഡെങ്കി, മഞ്ഞപ്പനി തുടങ്ങിയവ ഉദാഹരണം.
ഞരമ്പുകളെ ബാധിക്കുന്ന വൈറസുകളും ഉണ്ട്. മെനിഞ്ചൈറ്റിസ്, റാബിസ് (പേവിഷബാധ) തുടങ്ങിയവ അവയില്‍ ചിലതാണ്. ലക്ഷണങ്ങള്‍ കൊണ്ട് വൈറല്‍ പനികള്‍ ഏതു വിഭാഗത്തില്‍ പെടുന്നു എന്നു തിരിച്ചറിയാന്‍ ഏറെ പ്രയാസമാണ്.
ഡോക്ടറുടെ നിര്‍ദേശാനുസരണം രക്തം, കഫം, മലം, മൂത്രം തുടങ്ങിയവയുടെ പരിശോധന, എക്‌സ്‌റേ, സ്‌കാനിങ് തുടങ്ങിയവ യഥാര്‍ഥ രോഗകാരണമായ വൈറസ് ഏതെന്നു കണ്ടുപിടിക്കാന്‍ ഏറെ സഹായകമാണ്.
ശരിയായ രോഗാണുക്കളെ കണ്ടുപിടിച്ചു കഴിഞ്ഞാലും രോഗിയുടെ അസ്വസ്ഥതകള്‍ കുറയ്ക്കുന്നതിന് ആവശ്യമായ മരുന്നുകളാണ് ആദ്യഘട്ടത്തില്‍ നല്‍കുക. ഇതോടൊപ്പം മതിയായ വിശ്രമം, ലഘുവായ ഭക്ഷണം, നിര്‍ജലീകരണം ഒഴിവാക്കല്‍ എന്നിവയും ശ്രദ്ധിക്കണം.
വൈറല്‍ പനികളെ വേണ്ട വിധം ശ്രദ്ധിക്കാതിരുന്നാല്‍ നിര്‍ജലീകരണം, മാനസിക വിഭ്രാന്തികള്‍, അപസ്മാര സമാനമായ ലക്ഷണങ്ങള്‍, ശ്വാസതടസ്സം, ശരീരത്തിലെ അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമാകല്‍ എന്നിവ സംഭവിച്ചേക്കാം.
ഒരു പരിധി വരെ സ്വയം ശ്രദ്ധിച്ചാല്‍ വൈറല്‍ അണുബാധകള്‍ നമുക്കു തടയാം:
. ചുമക്കുമ്പോഴും തുമ്മുമ്പോഴും വായ പൊത്തുക.
. പൊതുസ്ഥലത്ത് തുപ്പാതിരിക്കുക.
. മൂക്കും വായയും വൃത്തിയായി സൂക്ഷിക്കുക.
. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക.
. കൊതുകുകള്‍ മുട്ടയിട്ട് പെരുകാനുള്ള സാഹചര്യം ഒഴിവാക്കുക.
. കൈകള്‍ അണുവിമുക്തമാക്കുക.
. ആവശ്യമാകുന്നപക്ഷം വൈദ്യസഹായം കഴിയുന്നത്ര വേഗം തേടുക.
പ്രതിരോധം തന്നെയാണല്ലോ എപ്പോഴും ചികിത്സയേക്കാള്‍ നല്ലത്. വൈറല്‍ പനികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഏതു തരം വൈറല്‍ പനിക്കും അനുയോജ്യമായ പ്രതിരോധ മരുന്നുകള്‍ ഹോമിയോ ചികിത്സാരീതിയില്‍ ലഭ്യമാണ്.
വൈറല്‍ പനികളുടെ ലക്ഷണങ്ങളെ ചെറുക്കുന്നതിനും രോഗബാധയെ തുടര്‍ന്നുണ്ടാകുന്ന പ്രതിസന്ധികളെ തരണം ചെയ്യുന്നതിനും ഹോമിയോപതിയില്‍ മരുന്നുകളുണ്ട്.
മഴക്കാലത്ത് കൂടുതല്‍ ജാഗ്രത വേണം. കരുതലോടെ വൈറല്‍ പനികളെ ചെറുക്കാം. .
(കണ്ണൂര്‍ ഗവ. ഹോമിയോ ഹോസ്പിറ്റലിലെ സൂപ്രണ്ട് ഇന്‍ചാര്‍ജാണ് ലേഖിക.)