LoginRegister

വേറിട്ട അധ്യാപന വഴി

ആയിശ ഹുദ എ വൈ

Feed Back


പുതിയ വഴികളിലൂടെ സഞ്ചരിച്ച് അധ്യാപനം എന്നത് ഒരു തൊഴില്‍ എന്നതിലുപരി ജീവിതത്തിന്റെ ഭാഗമാണെന്ന് തെളിയിക്കുകയാണ് ഇത്തവണത്തെ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് എം പി നജീറ ടീച്ചര്‍. വ്യത്യസ്ത മേഖലകളിലെ വേറിട്ട സംഭാവനകളാണ് ടീച്ചറെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. പാപ്പിനിശ്ശേരി വെസ്റ്റ് എല്‍പി സ്‌കൂളിലെ അറബിക് അധ്യാപികയാണ്. ഭാഷാധ്യാപിക എന്ന നിലയില്‍ തന്റെ ഭാഷയ്ക്കുള്ള ഏറ്റവും വലിയ ബഹുമതിയായാണ് ടീച്ചര്‍ ഈ അവാര്‍ഡിനെ കാണുന്നത്. സ്വദേശമായ കണ്ണൂര്‍ ജില്ലക്ക് തന്നിലൂടെ ഇത്തരമൊരു അംഗീകാരം നേടിക്കൊടുക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ടീച്ചറും കുടുംബവും.
സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ച് പാട്ടുകളിലൂടെയും കളികളിലൂടെയും കുട്ടികളെ പരമാവധി ആകര്‍ഷിക്കുന്ന തരത്തിലാണ് ടീച്ചര്‍ ക്ലാസുകള്‍ ഒരുക്കിയിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് ആസ്വാദ്യകരമാവുന്ന രീതിയില്‍ എങ്ങനെ പാഠങ്ങള്‍ തയ്യാറാക്കാം എന്നതില്‍ നിരന്തരം ഗവേഷണം ചെയ്യുന്നയാളാണ് ടീച്ചര്‍. പാഠഭാഗങ്ങള്‍ പാട്ടുരൂപത്തിലേക്ക് മാറ്റിയെഴുതി, അതിന് ഈണം നല്‍കി പാടിക്കൊടുക്കാറാണ് പതിവ്. മിക്ക കവിതകളും പാടുന്നത് പൂര്‍വവിദ്യാര്‍ഥിനി കൂടിയായ ആഷിഖ പണ്ണേവിയാണ്.
അറബിക് ഭാഷയിലെ 28 അക്ഷരങ്ങളെ വെച്ച് ടീച്ചര്‍ തയ്യാറാക്കിയ 28 പാട്ടുകളാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയത്. ആ പാട്ടുകള്‍ മുഴുവനും കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്‍ (കെഎടിഎഫ്) വര്‍ക്ക്ബുക്കില്‍ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് കേള്‍ക്കാവുന്ന രൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വളരെ നല്ല പ്രതികരണമാണ് ഇതിന് വിദ്യാര്‍ഥികളില്‍ നിന്ന് ലഭിച്ചത്.
ടീച്ചറുടെ പഠന പ്രവര്‍ത്തനങ്ങള്‍ ക്ലാസ്മുറികളില്‍ ഒതുക്കിനിര്‍ത്താതെ കെഎടിഎഫ് ഐടി വിങ്, അലിഫ് മീഡിയ അല്‍മുദരിസീന്‍ ചാനല്‍ വഴി മറ്റുള്ളവരിലേക്ക് എത്തിക്കുന്നുണ്ട്. ഇതു കൂടാതെ സ്പാര്‍ക്ക് എന്ന പേരില്‍ വിദ്യാലയത്തിലെ അറബി പഠിക്കുന്ന മുഴുവന്‍ കുട്ടികളുടെയും സര്‍ഗസൃഷ്ടികള്‍ ചേര്‍ത്ത് ഡിജിറ്റല്‍ മാഗസിനും തയ്യാറാക്കിയിട്ടുണ്ട്. ഒന്നു മുതല്‍ നാലു വരെയുള്ള പാഠഭാഗത്തിലെ പ്രവര്‍ത്തനങ്ങളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചത്.

ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് പല പ്രവര്‍ത്തനങ്ങളും ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടുണ്ട്. അവര്‍ക്കു വേണ്ടി മാര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കുകയും ദിനാചരണ പരിപാടികളില്‍ ഉള്‍പ്പെടുത്തുകയും സ്‌കൂള്‍ വാര്‍ഷിക ദിനത്തില്‍ സ്റ്റേജുകളില്‍ പരിപാടി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. രക്ഷിതാക്കളുടെയും അധ്യാപകരുടെയും പൂര്‍ണ പിന്തുണയാണ് ടീച്ചര്‍ക്ക് ഇത്തരമൊരു ഉദ്യമത്തിന് പ്രചോദനമായത്.
വിക്ടേഴ്സ് ചാനലില്‍ ഒരു വര്‍ഷം രണ്ടാം ക്ലാസിന്റെ അറബിക് ക്ലാസ് മുഴുവനും എടുത്തത് നജീറ ടീച്ചറാണ്. കേരളത്തിലെ അറബി പഠിക്കുന്ന മുഴുവന്‍ എല്‍പി വിദ്യാര്‍ഥികളുടെയും അധ്യാപികയായി മാറാന്‍ കഴിഞ്ഞു എന്നതാണ് ഈ അനുഭവത്തെ വേറിട്ടതാക്കുന്നത്. ഇത്തവണത്തെ പ്രവേശനോത്സവഗാനം അറബിക് സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്.
അധ്യാപനത്തിന് വേറിട്ട നിര്‍വചനങ്ങള്‍ നല്‍കിയുള്ള യാത്രയില്‍ പ്രചോദനം പൊലീസ് ഉദ്യോഗസ്ഥന്‍ കൂടിയായ ഭര്‍ത്താവ് അബ്ദുല്‍ നാസറാണ്. മുഹമ്മദ് നിഹാല്‍, ഫാത്തിമ എന്നിവരാണ് മക്കള്‍.
കുറ്റിയാട്ടൂരിലെ കെ വി ഖാദറിന്റെയും എം പി ഖദീജയുടെയും മകളാണ്. രണ്ട് സഹോദരിമാരും അധ്യാപികമാരാണ്. മണിയൂര്‍ സെന്‍ട്രല്‍ എഎല്‍പി സ്‌കൂളിലും ചട്ടുകപ്പാറ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുമാണ് പഠിച്ചത്. ഇസ്ലാഹിയ അറബിക് കോളജില്‍ നിന്നാണ് പ്രിലിമിനറി പൂര്‍ത്തിയാക്കിയത്.
18ാം വയസ്സില്‍ പാര്‍ട്ട്‌ടൈമായി ജോലിയില്‍ പ്രവേശിച്ചുവെങ്കിലും പിന്നീട് ലത്തീഫിയ്യ അറബിക് കോളജില്‍ ചേര്‍ന്ന് ഡിഗ്രി പഠനം പൂര്‍ത്തിയാക്കി. ഒരുപാട് ഇഷ്ടത്തോടെ അധ്യാപനം തിരഞ്ഞെടുത്ത സജീറ ടീച്ചര്‍ പഠന-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ തന്റേതായ വേറിട്ട ചിന്തകള്‍ പ്രതിഫലിപ്പിക്കുന്നയാളാണ്. പരമ്പരാഗത വഴികളിലൂടെ സഞ്ചരിക്കാതെ അധ്യാപനത്തിന് പുതിയ ആകാശങ്ങള്‍ സൃഷ്ടിച്ച് മാതൃകയാവുകയാണ് നജീറ ടീച്ചര്‍.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top