ഇത്തവണത്തെ നോമ്പ് അതികഠിനമായ വേനലിലാണ് വന്നിരിക്കുന്നത്. അതിനാല്‍ നോമ്പ് എടുക്കുമ്പോള്‍ ആരോഗ്യപരമായി ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിര്‍ജലീകരണം പോലുള്ള ഗുരുതര ആരോഗ്യാവസ്ഥകള്‍ ബാധിച്ചേക്കാം. സാധാരണ രീതിയില്‍ കുടിക്കുന്നതിലും അധികമായ ജലം കുടിക്കാന്‍ ശ്രദ്ധിക്കണം.
നോമ്പ് തുടങ്ങുമ്പോഴും തുറക്കുമ്പോഴുമുള്ള ഭക്ഷണങ്ങളില്‍ കൂടുതലായി സമീകൃത ആഹാരം ഉള്‍പ്പെടുത്തുന്നതാണ് നല്ലത്. ശരീരത്തിന് ആവശ്യമുള്ള പോഷണങ്ങളും വൈറ്റമിനുകളും കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. നോമ്പ് തുറക്കുന്ന സമയങ്ങളില്‍ അമിതമായി എണ്ണയും മായങ്ങളും കലര്‍ന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
ജലാംശം നിലനിര്‍ത്തുക
ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക എന്നുള്ളതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. നോമ്പ് തുറക്കുന്ന സമയത്ത് ധാരാളം വെള്ളം കുടിക്കുക. നോമ്പ് തുറക്കുമ്പോള്‍ ജ്യൂസ് അല്ലെങ്കില്‍ പാല്‍ ഉല്‍പന്നങ്ങള്‍ ധാരാളം കുടിക്കുക. ഇത് നിര്‍ജലീകരണം തടയുകയും ശരീരത്തിന് ആവശ്യമായ ദ്രാവകങ്ങള്‍ നല്‍കുന്നതിന് സഹായിക്കുകയും ചെയ്യും. നോമ്പ് ഈന്തപ്പഴം കഴിച്ച് തുറക്കുന്നതോടൊപ്പം രണ്ട് ഗ്ലാസ് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
ശരീരത്തെ തണുപ്പിക്കുക
ശരീരത്തിന് തണുപ്പ് നല്‍കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ ധാരാളമായി കഴിക്കുക. നന്നാറി, കൂവപ്പൊടി എന്നിവ ചേര്‍ത്തുള്ള പാനീയങ്ങള്‍ ശരീരത്തെ നന്നായി തണുപ്പിക്കുന്നവയാണ്. പഴവര്‍ഗങ്ങളില്‍ തണ്ണിമത്തന്‍ പോലുള്ള ജലാംശം അടങ്ങിയവ കൂടുതലായി കഴിക്കാന്‍ ശ്രദ്ധിക്കുക. അധികമായി ജലാംശം അടങ്ങിയ ഭക്ഷണങ്ങളും പഴവര്‍ഗങ്ങളും കൂടുതലായി ഉള്‍പ്പെടുത്തുക.
നിയന്ത്രിക്കേണ്ടത്
ശരീരത്തിലെ ജലാംശം വലിച്ചെടുക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക. അച്ചാറുകള്‍, ഒരുപാട് മസാലകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍, എണ്ണയില്‍ പൊരിച്ചെടുത്ത ഭക്ഷണങ്ങള്‍, പാക്കറ്റ് ഫുഡ്, ബേക്കറികള്‍ എന്നിവ നിയന്ത്രിക്കുക.
നോമ്പു തുറക്കാന്‍ ഈത്തപ്പഴം
ഈത്തപ്പഴം ഉപയോഗിച്ച് നോമ്പ് തുറക്കുക. പാരമ്പര്യമായി നമ്മള്‍ ചെയ്തുവരുന്ന ശീലമാണിത്. ഇതിന്റെ ആരോഗ്യകരമായ ഗുണങ്ങള്‍ ഏറെയാണ്. നോമ്പ് എടുക്കുന്നവരില്‍ അധികമായി കണ്ടുവരുന്ന ഹൈപ്പോഗ്ലൈസീമിയ, അതായത് ശരീരത്തിലെ ഷുഗറിന്റെ അംശം കുറഞ്ഞതുകൊണ്ട് അനുഭവപ്പെടുന്ന ക്ഷീണം, തളര്‍ച്ച എന്നിവക്ക് നോമ്പ് തുറക്കുമ്പോള്‍ ഈത്തപ്പഴം കഴിക്കുന്നത് ആശ്വാസം നല്‍കും.
സൂപ്പ്
ആരോഗ്യപരമായി നല്ലൊരു ഭക്ഷണമാണ് സൂപ്പ്. അത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ശരീരത്തിന് ആവശ്യമായ പോഷണങ്ങള്‍ ലഭിക്കാനും സഹായിക്കും. തക്കാളി, ചിക്കന്‍, വെജിറ്റബിള്‍ സൂപ്പ് എന്നിവ ശരീരത്തിന് നല്ലതാണ്. ക്രീമുകള്‍ അടങ്ങിയ സൂപ്പുകള്‍ ഒഴിവാക്കുക. അമിതമായ മസാലകള്‍ അടങ്ങിയവയും ഒഴിവാക്കുക.
ഇലക്കറികള്‍
സാധാരണ രീതിയില്‍ നോമ്പുകള്‍ക്ക് പച്ചക്കറികള്‍ പാടേ ഒഴിവാക്കിക്കാണാറാണ് പതിവ്. അത് നല്ല ശീലമല്ല. പച്ചക്കറികള്‍ കഴിക്കുമ്പോള്‍ വൈറ്റമിനുകള്‍, ധാതുക്കള്‍, നാരുകള്‍ എന്നിവ ശരീരത്തിനു ലഭിക്കുന്നതാണ്. പച്ചക്കറി ജ്യൂസുകള്‍ നമ്മുടെ ആഹാരശീലങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് എപ്പോഴും നല്ലതാണ്. ഇതില്‍ കലോറികള്‍ കുറവായതിനാല്‍ അമിതവണ്ണത്തെ പറ്റിയുള്ള ആവലാതി കുറക്കാം.
നല്ല കാര്‍ബോഹൈഡ്രേറ്റുകള്‍
വേനലായതുകൊണ്ടുതന്നെ കാര്‍ബോഹൈഡ്രേറ്റുകള്‍ ഒഴിവാക്കിയുള്ള ഒരു ഭക്ഷണശീലത്തെപ്പറ്റി ചിന്തയേ വേണ്ട. ബ്രൗണ്‍ റൈസ്, ഹോള്‍ ഗ്രെയിന്‍, ബ്രെഡ്, ഉരുളക്കിഴങ്ങ് തുടങ്ങിയവ നോമ്പുകാലത്തെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
പ്രോട്ടീന്‍ ഉള്‍പ്പെടുത്തുക
പ്രോട്ടീനുകള്‍ ഉയര്‍ന്ന നിലവാരത്തിലുള്ള അമിനോ ആസിഡുകള്‍ അടങ്ങിയവയാണ്. അതുകൊണ്ടുതന്നെ ആരോഗ്യം നിലനിര്‍ത്താന്‍ ഇത് നിര്‍ബന്ധമാണ്. പ്രോട്ടീന്‍ അടങ്ങിയിരിക്കുന്ന ബീഫ്, മുട്ട, പാല്‍, തൈര്, ചീസ്, മത്സ്യം, ചിക്കന്‍ എന്നിവ കഴിക്കാന്‍ ശ്രദ്ധിക്കുക. പച്ചക്കറികളിലെ പരിപ്പ്, ചെറുപയര്‍ എന്നിവ കഴിക്കുക. മാംസം കഴിക്കുമ്പോള്‍ പൊരിച്ചും വറുത്തും കഴിക്കാതിരിക്കുക.
അമിത ഭക്ഷണം ഒഴിവാക്കുക
നോമ്പ് തുറക്കുന്ന സമയത്ത് അമിതമായി ഭക്ഷണം കഴിക്കാതിരിക്കുക. ഇത് ഗ്യാസ് സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാവും. ചെറിയ ഭക്ഷണങ്ങള്‍ ഇടവേളകളിലായി കഴിക്കാവുന്നതാണ്.
കൊഴുപ്പ്, ഉപ്പ്, പഞ്ചസാര നിയന്ത്രിക്കുക
ജ്യൂസുകള്‍, പലഹാരങ്ങള്‍ എന്നിവ കഴിക്കുമ്പോള്‍ പഞ്ചസാരയുടെ അളവു കുറയ്ക്കാന്‍ ശ്രമിക്കുക. കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. പ്രോട്ടീനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പൊരിച്ചു കഴിക്കുക വഴി ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടി വിപരീത ഫലമായിരിക്കും ഉണ്ടാവുക. ഡ്രൈഫ്രൂട്ട്‌സ്, ഫ്രൂട്ട്‌സ് എന്നിവ കൂടുതലായി ഉള്‍പ്പെടുത്തുക.