ഏകദേശം രണ്ടുമാസം മുമ്പാണ് മലപ്പുറം കോട്ടക്കലിലുള്ള ഒരു സ്വകാര്യ ആശുപത്രിയുടെ പഠനറിപ്പോര്‍ട്ട് പുറത്ത് വന്നത്. ചികില്‍സക്കെത്തിയ ചിലരില്‍ അപൂര്‍വമായി ഉണ്ടാവുന്ന കിഡ്നി രോഗം കണ്ടെത്തിയതോടെയാണ് ആശുപത്രിയിലെ വൃക്കരോഗവിദഗ്ധര്‍ ഒരു പഠനം നടത്തിയത്. ഫലം ഞെട്ടിക്കുന്നതായിരുന്നു. മുഖം വെളുക്കാന്‍ വേണ്ടി ഉപയോഗിച്ച, പ്രാദേശികമായി നിര്‍മിച്ച വൈറ്റ്നിങ് ക്രീം അവരുടെ ജീവനെടുക്കാന്‍ തക്ക വീര്യമുള്ളതായിരുന്നെന്ന് ചെറുപ്പക്കാരായ പല രോഗികളും ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്; ഒരു പക്ഷെ ഡോക്ടര്‍മാരും.
എന്തുകൊണ്ടാണ് ഇങ്ങനെയെന്നു ചോദിച്ചാല്‍ ഒറ്റ മറുപടിയേയുള്ളൂ. സൗന്ദര്യത്തിന്റെ മാനദണ്ഡം എന്നത് ഇന്നും എന്നും വെളുപ്പാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മനുഷ്യമനസ്സുകളില്‍ വെളുത്ത ചര്‍മത്തോടുള്ള ആസക്തി കുറഞ്ഞിട്ടില്ല. മക്കള്‍ വെളുത്തിരിക്കാന്‍ വെളുത്തസുന്ദരികളായ സ്ത്രീകളെ വിവാഹം കഴിക്കുന്ന സമൂഹമാണ് നമ്മുടേത്. തൊലി അല്‍പം കറുത്താല്‍ പിന്നെ വിഷമമായി, വിഷാദമായി. വെളുക്കാന്‍ എന്താണ് പ്രതിവിധിയെന്ന് തിരഞ്ഞ് നടപ്പായി. അത്തരക്കാര്‍ ചെന്നുപെടുന്ന കെണികളാണ് ഇത്തരം ഗുണനിലവാരമില്ലാത്ത വൈറ്റ്നിങ് ക്രീമുകള്‍.
സൂര്യന്‍ തലയില്‍ സ്ട്രോയിട്ട് തന്റെ ജ്യൂസ് മുഴുവനും കുടിക്കാണോ? അതാണോ ഞാനിങ്ങനെ കറുത്തിരിക്കുന്നത്? ക്ലാസിലെ വെളുത്ത കൂട്ടുകാരെ തൊടാന്‍ വേണ്ടിയാണത്രെ അവന്റെ കയ്യിന്റെ അകം വെളുത്തിരിക്കുന്നത്. ഒരു ദിവസം കുളിപ്പിക്കുമ്പോഴാണ് നാലുവയസ്സുള്ള അഹമ്മദ് മുസ്‌കാന്‍ എന്ന കൊച്ചുകുട്ടി അവന്റെ ഉമ്മയോട് സംശയങ്ങള്‍ ചോദിച്ചത്. അവന്റെ സഹപാഠികള്‍ ആ കൊച്ചുമനസ്സില്‍ നിറച്ചുകൊടുത്ത സംശയങ്ങളാണ് ഇതെല്ലാം. അവന്‍ പഠിക്കുന്ന പ്രീ-സ്‌കൂളില്‍ രണ്ടുമൂന്നു പേരൊഴികെ എല്ലാവരും വെളുത്തവരാണ് എന്നതായിരുന്നു ആ കുഞ്ഞിന്റെ ആകുലത. കറുത്തതൊലിയായതിനാല്‍ ടീസ് ചെയ്യപ്പെട്ടിരുന്നുവെന്ന് പിന്നീടുള്ള അവന്റെ കൊച്ചുസംഭാഷണങ്ങളില്‍ നിന്ന് മനസ്സിലായി. അപ്പോഴേക്കും കൊറോണയും ലോക്ഡൗണുമൊക്കെ കൊച്ചു മുസ്‌കാനെ വീട്ടിനുള്ളിലാക്കിയതിനാല്‍ അവന്റെ സംശയങ്ങളെല്ലാം തല്‍ക്കാലത്തേക്ക് അവസാനിച്ചു.
സഊദിയില്‍ താമസക്കാരിയായ കൃഷ്ണഗൗരി എന്ന ഏഴുവയസ്സുകാരിയും ഇതുപോലുള്ള നിരുപദ്രവകരമായ കളിയാക്കലുകള്‍ക്ക് വിധേയയാവുമായിരുന്നു. അല്‍പം തവിട്ടു നിറത്തിലുള്ള കൃഷ്ണയെ ഹൈദ്രാബാദികളും അയല്‍ക്കാരുമായ കുട്ടികള്‍ വിളിച്ചിരുന്നത് കാലിയെന്നാണ്. കാലിയെന്നാല്‍ കറുത്തവള്‍. എന്നാല്‍ മുസ്‌കാനെപ്പോലെ എല്ലാം കേട്ട് വിഷാദപ്പെടുന്ന കുഞ്ഞായിരുന്നില്ല കൃഷ്ണ. ഒരു ദിവസം കൃഷ്ണയെക്കുറിച്ച് ‘മൈ ഫ്രെഷ്് ആപ്പിള്‍’ എന്ന് ടീച്ചര്‍ ബോര്‍ഡില്‍ എഴുതിയപ്പോള്‍ അതില്‍ കാലിയെന്ന് എഴുതിച്ചേര്‍ത്തവന് തക്കതായ മറുപടി നല്‍കി കൃഷ്ണ. നമ്മള്‍ ഇന്ത്യക്കാരെ ലോകം കറുത്തവര്‍ എന്നു വിളിക്കുമ്പോള്‍ നിനക്കെങ്ങനെ എന്നെ കാലിയെന്നു വിളിക്കാനാവുമെന്നായിരുന്നു കൃഷ്ണയുടെ മറുപടി. അതുകേട്ട് ടീച്ചര്‍ പോലും അമ്പരന്നുവെന്നാണ് കൃഷ്ണയുടെ മാതാവ് രേഖ രാജേഷ് പറയുന്നത്. അടുത്തിടെ പാരന്റ്സ് ടീച്ചേഴ്സ് മീറ്റിങിന് പോയപ്പോഴാണ് ടീച്ചര്‍ കൃഷ്ണയുടെ അമ്മയോട് ഇക്കാര്യം പറയുന്നത്.
സൈനബ് മല്‍ഹാര്‍ എന്ന അഞ്ചുവയസ്സുകാരിയുടെ സ്‌കിന്‍ ടോണ്‍ അല്‍പം തവിടു നിറമാണ്. എന്നാല്‍ തന്റെ നിറം ഇനിയും വെള്ളയാവണം എന്നാണ് മല്‍ഹാറിന്റെ ആഗ്രഹം. ടെലിവിഷനില്‍ ഓരോ പരസ്യം കാണുമ്പോഴും വന്നു ചോദിക്കും, ഇതെല്ലാം ഇട്ടാല്‍ വൈറ്റാവുമോയെന്ന്.
ഇത്രയും ചെറുപ്പത്തില്‍ തന്നെ മക്കളുടെ മനസ്സില്‍ ആഴത്തില്‍പതിഞ്ഞു പോകുന്ന ഒന്നാണ് തൊലിയുടെ നിറം. സ്‌കൂളില്‍ നിറത്തിന്റെ പേരില്‍ സഹപാഠികളുടെ വിവേചനം കൂടിയാവുമ്പോള്‍ ആ കുഞ്ഞ് മനസ് വേദനിക്കും. തങ്ങളുടെ നിറം അല്‍പം കൂടി വെളുത്തിരുന്നെങ്കില്‍ എന്ന് അവര്‍ക്ക് സ്വാഭാവികമായി തോന്നുന്നതാണ്. സഹപാഠിയെ കറുത്തനിറക്കാരി എന്നു കൂട്ടുകാര്‍ കളിയാക്കി വിളിക്കാന്‍ ഇടയാക്കുന്ന സാഹചര്യമുണ്ടെങ്കില്‍ അത് ഒഴിവാക്കേണ്ടത് ടീച്ചര്‍മാരാണ്. നിരുപദ്രവകരമായ ഇത്തരം കമന്റുകള്‍ പറയുന്ന കുഞ്ഞുങ്ങളെ പറഞ്ഞുമനസ്സിലാക്കേണ്ടതും അവരാണ്. മക്കളുടെ മാതാപിതാക്കളോട് കാര്യങ്ങള്‍ പറഞ്ഞുകൊടുക്കണം.
നല്ല ശീലങ്ങള്‍ ആരംഭിക്കേണ്ടത് വീട്ടില്‍ നിന്നായതുകൊണ്ട് ഒരാളുടെ തൊലിയുടെ നിറത്തെക്കുറിച്ചായാലും ശാരീരിക വൈകല്യങ്ങളെക്കുറിച്ചായാലും അത് എങ്ങനെയുണ്ടാവുന്നുവെന്നും ആരോട്, എന്ത്, എങ്ങനെ പറയണമെന്നും മാതാപിതാക്കള്‍ കുട്ടികള്‍ക്ക് പഠിപ്പിച്ചുകൊടുക്കണം. നമുക്ക് ആരെയും എപ്പോള്‍ വേണമെങ്കിലും എന്തിന്റെ പേരിലും പരിഹസിക്കാം എന്നതാണ് നമ്മുടെ നാട്ടിലെ രീതി. കറുത്തവന്‍, കുള്ളന്‍, പല്ല്ഉന്തി, മെലിഞ്ഞവന്‍, തടിയന്‍ എന്നുവേണ്ട പരിഹാസപ്പേരുകള്‍ക്ക് യാതൊരു പഞ്ഞവും ഉണ്ടാവില്ല. നല്ലൊരു മുത്തുമാലയിട്ട് ഗൃഹപ്രവേശച്ചടങ്ങില്‍ ഓടിക്കളിച്ചിരുന്നൊരു കുഞ്ഞിനെ മുത്തുമാല പൊട്ടിപ്പോയതിന് അതിന്റെ ഉമ്മ ശകാരിച്ചത് ഇന്നും ഓര്‍മയിലുണ്ട്. ‘മാലപൊട്ടിച്ചില്ലേ, ഇനി കണ്ട പെലച്ചിമാരേപ്പോലെ (പുലയ സ്ത്രീകള്‍) നടന്നോ’യെന്നാണ് ഉമ്മ ആക്രോശിച്ചത്. ആ കുഞ്ഞിന്റെ മനസ്സില്‍ ആ മാതാവ് കുത്തിനിറച്ച വിഷം എത്രമാത്രമാണ് എന്നാലോചിച്ച് പുലയ സ്ത്രീയല്ലെങ്കിലും ഒരു ദലിത് കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഞാന്‍ ഞെട്ടിപ്പോയി.
വളരെ ചെറുപ്പത്തില്‍ തന്നെ ഇത്തരം സൗന്ദര്യബോധങ്ങള്‍ നാം കുഞ്ഞുമനസ്സുകളില്‍ കുത്തിനിറക്കുന്നുണ്ട്. ഉദാഹരണത്തിന് നാം ഉപയോഗിക്കുന്ന ഭാഷാപ്രയോഗങ്ങളില്‍ ഈ വിവേചനം വ്യക്തമാണ്. കറുത്തതാണെങ്കിലും നല്ല മുഖലക്ഷണമുണ്ട്, കാക്കകുളിച്ചാല്‍ കൊക്കാകുമോ, കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്, ആകെ കറുത്തുപോയല്ലോ, ഇങ്ങനെ വെയിലത്തു നടന്നാല്‍ കറുത്തുപോകും, ആകെ കരിവാളിച്ചു തുടങ്ങി നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന എത്രയോ പദപ്രയോഗങ്ങള്‍ കറുപ്പ് എന്ന നിറത്തെ നാം കാണുന്ന രീതിയെ വ്യക്തമാക്കുന്നു.
വെളുത്തനിറമാണ് സൗന്ദര്യത്തിന്റെ ലക്ഷണമെന്ന് കുഞ്ഞുനാളില്‍ തന്നെ നാം മക്കളോട് പറയാതെ തന്നെ പറഞ്ഞുകൊടുക്കുകയാണ്. കൊളോണിയല്‍ കാലത്തെ സൗന്ദര്യ സങ്കല്‍പ്പമാണ് ഇന്നും നാം പിന്തുടര്‍ന്നു പോരുന്നത്. വെളുപ്പില്ലെങ്കില്‍ നിങ്ങള്‍ക്ക് സൗന്ദര്യമില്ലെന്ന് പറഞ്ഞിരുന്ന ഒരു ഡിറ്റര്‍ജന്റിന്റെ പരസ്യം എന്റെ കൗമാരകാലത്ത് ടെലിവിഷനില്‍ ഹിറ്റായിരുന്നു. ഇന്ന് യൂറോപിലും അമേരിക്കയിലും കറുത്ത സൂപ്പര്‍ മോഡലുകള്‍ റാംപുകള്‍ കയ്യടക്കിയിട്ടും മനുഷ്യന്റെ വെളുപ്പിനോടുള്ള ആസക്തി തീര്‍ന്നിട്ടില്ല. ഇന്നത്തെ ന്യൂജന്‍ കുട്ടികള്‍ നിറത്തിന്റെ പേരില്‍ ആശങ്കപ്പെടുന്നില്ലെന്ന് വളരെ തുച്ഛം പേര്‍ പറയുന്നുണ്ടെങ്കിലും അവരുടെ തൊട്ടുമുന്നത്തെ ജനറേഷന്‍ ഇന്നും അന്യന്റെ മക്കളോട് വിവേചനം കാണിക്കുന്നുവെന്നാണ് മേപ്പയൂരിലെ അധ്യാപിക സുഹൃത്ത് പറഞ്ഞത്.
സ്‌കൂളിലും കോളജിലും വരുന്ന വിശിഷ്ടാതിഥികളെ സ്വീകരിക്കാനും ബൊക്കെ കൊടുക്കാനും വെളുത്ത നിറത്തിലുള്ള പ്രസരിപ്പുള്ള മക്കളെ തിരഞ്ഞെടുക്കുന്നു. താലമെടുക്കാനും കുടിവെള്ളം നല്‍കാനും എന്നു വേണ്ട എല്ലാത്തിനും വെളുത്ത സുന്ദരികള്‍ വേണം. എന്റെ മകള്‍ പഠിക്കുന്ന പ്രീ-സ്‌കൂളിന്റെ പരസ്യത്തിലേക്കായി നടത്തുന്ന ഫോട്ടോഷൂട്ട് കണ്ട് ചില കാര്യങ്ങള്‍ മുന്നേ ബോധ്യപ്പെട്ടതാണ്. എത്ര ചെറുതിലേ നാം ആ കുഞ്ഞുമനസ്സുകളിലേക്ക് അപകര്‍ഷതാബോധം കയറ്റിവിടുന്നു. നിറവും തുടിപ്പും പ്രസരിപ്പുമൊന്നുമില്ലാത്തതിനാല്‍ തഴയപ്പെട്ടു എന്ന് മക്കള്‍ ചിന്തിക്കില്ലെങ്കിലും എന്തുകൊണ്ട് തന്നെയും അവരോടൊപ്പം നിര്‍ത്തിയില്ലെന്ന തോന്നല്‍ മക്കള്‍ക്കുണ്ടാവും. വലുതാവും തോറും ചിലര്‍ ഇതെല്ലാം അതിജീവിക്കും. മറ്റുചിലര്‍ തങ്ങളുടെ ശരീരത്തിന്റെ നിറം കൂട്ടാനുള്ള വിദ്യ തേടിയലയും.
ഇന്ന് സൗന്ദര്യം എന്നു പറയുന്നത് വിക്ടോറിയന്‍ കാലത്തെ സൗന്ദര്യ സങ്കല്‍പമല്ല. എങ്കിലും വെളുത്തനിറം വേണം എന്ന് ഇപ്പോഴും ജനം ആഗ്രഹിക്കുന്നു. ദമ്പതികളില്‍ ആരെങ്കിലുമൊരാള്‍ വെളുത്തിരിക്കണം എങ്കിലെ വെളുത്തകുട്ടി ജനിക്കൂവെന്ന് ശ്രദ്ധിച്ച് വിവാഹം കഴിക്കുന്നവരുണ്ട്. ഗര്‍ഭിണികള്‍ക്ക് വെളുത്ത കുഞ്ഞുണ്ടാവാന്‍ കുങ്കുമപ്പൂ നല്‍കുന്നവരുമുണ്ട്. ഭാര്യമാര്‍ക്ക് വിലകൂടിയ ക്രീമുകള്‍ കൊണ്ടുനല്‍കുന്ന ഭര്‍ത്താക്കന്‍മാരെയും ചുറ്റിനും കാണാം. 2011 ഒക്ടോബറിലാണ് കറുത്ത ടാല്‍ക്കം പൗഡറിന്റെ കാലം വരും മക്കളെ എന്ന പേരില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചത്. ഒരു ഓണ്‍ലൈന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയാന്‍ ശ്രമിച്ചത് കുഞ്ഞുനാള്‍ മുതല്‍ നാളിതുവരെ നിറത്തിന്റെ പേരില്‍ സമൂഹത്തില്‍ നിന്നും കൂട്ടുകാരില്‍ നിന്നുമൊക്കെ ഞാനനുഭവിച്ച ഓരോ കാര്യങ്ങളാണ്. ഒട്ടേറെ ചര്‍ച്ചകള്‍ ആ ലേഖനത്തെത്തുടര്‍ന്ന് സോഷ്യല്‍മീഡിയയിലൊക്കെ ഉണ്ടായി. എന്നിട്ടും ആളുകളുടെ മാനോഭാവത്തില്‍ യാതൊരു മാറ്റവും കാണാനായില്ല. അന്നൊക്കെ കറുത്തവരെ വല്ലാതെ സ്വാധീനിച്ച ഉല്‍പന്നമായിരുന്നു ഫെയര്‍ ആന്റ് ലവ്ലി എന്ന സ്‌കിന്‍ വൈറ്റ്നിങ് ക്രീം. അതിന്റെ പരസ്യവും വന്‍ ഹിറ്റായിരുന്നു. ചര്‍മത്തിന്റെ നിറം വര്‍ധിപ്പിക്കുമെന്ന് നിരന്തരം തങ്ങളുടെ പരസ്യങ്ങളിലും പ്രമോഷനുകളിലും നല്‍കി വന്നിരുന്നത് കൊണ്ട് കടുത്ത വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ഫെയര്‍ ആന്റ് ലവ്ലി 2020ല്‍ തങ്ങളുടെ പേരില്‍ നിന്ന് ഫെയര്‍ എന്ന വാക്ക് എടുത്തുമാറ്റി. ഗ്ലോ ആന്റ് ലവ്ലി എന്ന് റീബ്രാന്റ് ചെയ്യുകയായിരുന്നു. 1975 മുതല്‍ രണ്ടുമൂന്നു തലമുറയിലെ പ്രായഭേദമന്യേ എല്ലാവരിലും വെളുപ്പില്ലെങ്കില്‍ സൗന്ദര്യമില്ലെന്ന ബോധം സൃഷ്ടിച്ചെടുത്താണ് ഫെയര്‍ ആന്റ് ലവ്ലി ഗ്ലോ ആന്റ് ലൗവ്ലി ആയിമാറിയത്. പേര് മാറിയെങ്കിലും ജനങ്ങളുടെ ബോധ്യം ഇന്നും ഒന്നു തന്നെയാണ്, ഈ ഉല്‍പന്നം തങ്ങളുടെ നിറം വര്‍ധിപ്പിക്കുന്നു.
കാലങ്ങളായുള്ള അപകര്‍ഷതാ ബോധത്തില്‍ നിന്നായിരിക്കും പലരും ഇത്തരം വൈറ്റ്നിങ് ക്രീമുകള്‍ ഉപയോഗിച്ച് പെട്ടെന്ന് വെളുത്ത ചര്‍മക്കാരായി മാറാം എന്നാലോചിക്കുന്നത്. സത്യത്തില്‍ അത് ആത്മവിശ്വാസത്തിന്റെ കുറവാണ് കാണിക്കുന്നത്. ചര്‍മത്തിന്റെ നിറം കൊണ്ടല്ല തന്റെ കഴിവുകൊണ്ടാണ് ഈ ലോകം കീഴടക്കേണ്ടത് എന്ന ചിന്ത ഓരോ മക്കളിലും ഉണ്ടാക്കാന്‍ നമ്മള്‍ പരിശ്രമിക്കണം. പക്ഷെ അതിന് പകരം ഇവള്‍ക്ക് അവളേക്കാള്‍ നിറം കുറവാണ് എന്ന് പറഞ്ഞ് അവരെ ഡോക്ടറെ കാണിക്കുന്നതും വിവിധ ക്രീമുകളും പച്ച മരുന്നുകളും തേക്കാന്‍ നിര്‍ബന്ധിക്കുന്നതുമായ മാതാപിതാക്കള്‍ക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ല. സ്‌കൂളുകളിലും കോളജുകളിലും നിറവും തുടിപ്പും ഉയരവുമുള്ള മക്കളെ കലാമത്സരങ്ങളിലേക്ക് തിരഞ്ഞെടുക്കുന്ന അധ്യാപകരും അറിഞ്ഞിരിക്കണം, നാം അറിയാതെ തിരഞ്ഞെടുക്കപ്പെടാത്തവര്‍ക്കുള്ളില്‍ അപകര്‍ഷതാബോധത്തിന്റെ വിത്തുകള്‍ പാകുകയാണെന്ന്. തന്നെ ഒന്നിനും കൊള്ളില്ലെന്ന ചിന്തയില്‍ കൂട്ടുകാരോടൊപ്പം പിടിച്ചുനില്‍ക്കാന്‍ അവര്‍ വെളുത്ത് തുടുത്ത സുന്ദരികളാകാന്‍ ശ്രമിക്കും. അതിന് ബ്രാന്റഡ് ഫേസ് ക്രീമുകള്‍ വാങ്ങാന്‍ കഴിയാത്തവര്‍ പ്രാദേശികമായി നിര്‍മിച്ചുവില്‍ക്കുന്ന വിലകുറഞ്ഞ ക്രീമുകളെ ആശ്രയിക്കും.
സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന റീല്‍സുകളും മറ്റും പുതുതലമുറയെ സ്വാധീനിക്കുന്നുണ്ട്. യൂടൂബിലും ഇന്‍സ്റ്റഗ്രാമിലുമൊക്കെ പ്രചരിക്കുന്ന ‘വെളുക്കാനുള്ള വഴികള്‍’ പറയുന്ന വീഡിയോകള്‍ വെളുപ്പാണ് സൗന്ദര്യമെന്ന പൊതുബോധത്തെ ഉറപ്പിക്കാനും കുട്ടികളില്‍ അപകര്‍ഷത വളര്‍ത്താനും ഇടയാക്കുന്നുണ്ട്. അതുകൊണ്ടാണ് ‘വെളുത്ത് പാറാനുള്ള’ ക്രീമുകളുടെ കച്ചവടം സോഷ്യല്‍ മീഡിയ ഉപയോഗിച്ച് പൊടിപൊടിക്കുന്നത്.
കറുത്തതോ ഇരുണ്ടതോ, തവിട്ടുനിറത്തിലുള്ളതോ ആവട്ടെ തന്റെ നൈഗര്‍ഗിക ചര്‍മമാണ് ഏറ്റവും സുന്ദരമെന്ന് തോന്നണമെങ്കില്‍ കുട്ടികള്‍ക്കും കൗമാരക്കര്‍ക്കും ഉള്ളില്‍ ആത്മവിശ്വാസം വേണം. അത് പകര്‍ന്നു നല്‍കേണ്ടത് നമ്മളടങ്ങുന്ന സമൂഹമാണ്. നമ്മുടെ സമൂഹം ഉപയോഗിക്കുന്ന നിരുപദ്രവകരമെന്നു തോന്നുന്ന പദപ്രയോഗങ്ങള്‍ നാം ഒഴിവാക്കണം. ഒരു കുഞ്ഞു ജനിച്ചപാടെ നാം എല്ലാവരും ചോദിക്കുന്ന, ‘കുഞ്ഞിന് നെറണ്ടോ!’ എന്നത് ആദ്യം ഒഴിവാക്കണം. കാരണം അവിടെത്തുടങ്ങുകയാണ് വിവേചനം.