LoginRegister

വിവാഹാലോചനയുമായി നുഫൈസ

വി എസ് എം കബീര്‍

Feed Back


നബി തിരുമേനിയുമായി ഇടപഴകുകയും
നബിയുടെ ആദരവിനും സ്‌നേഹത്തിനും വാല്‍സല്യത്തിനും
പാത്രമാവുകയും ചെയ്ത ചില വനിതകളെ കുറിച്ച്

”മുഹമ്മദ്, നീ ഖദീജയെ പോയി കാണണം. സിറിയയിലേക്ക് അവളുടെ കച്ചവടസംഘം പോകുന്നുണ്ട്. അതില്‍ അവര്‍ നിനക്ക് പങ്കാളിത്തം തന്നേക്കാം. നിന്റെ സത്യസന്ധത ഖദീജയ്ക്ക് അറിയാമല്ലോ”- അബൂത്വാലിബിന്റെ വാക്കുകള്‍ മുഹമ്മദിന്റെ മനസ്സില്‍ ഓളമുണ്ടാക്കി. ദരിദ്രനും അവശനുമായ പിതൃവ്യന്‍ അങ്ങേയറ്റം നിസ്സഹായനായിട്ടുണ്ട് എന്ന് അദ്ദേഹത്തിനറിയാം. അതുകൊണ്ടുതന്നെ സ്‌നേഹപൂര്‍വമുള്ള ആ ആജ്ഞയനുസരിച്ച് മുഹമ്മദ് പോയി. അതിനു മുമ്പും ഖദീജയെ കണ്ടിട്ടുണ്ടെങ്കിലും നേരിയ ലജ്ജയോടെയാണ് അദ്ദേഹം ഖദീജയുടെ ഇരുനില വീട്ടിലെത്തിയത്. യുവാവായ അല്‍അമീനിന്റെ അഭ്യര്‍ഥന തികഞ്ഞ ആഹ്ലാദത്തോടെയാണ് ഖദീജ സ്വീകരിച്ചത്. മറ്റൊന്നും ആലോചിക്കാതെ ജറൂസലമിനപ്പുറത്തുള്ള ബുസ്‌റായിലേക്കുള്ള കച്ചവടസംഘത്തിന്റെ ചുമതല അവര്‍ മുഹമ്മദിനെ ഏല്‍പിച്ചു. രണ്ട് പെണ്ണൊട്ടകങ്ങളെ പ്രതിഫലമായും നിശ്ചയിച്ചു. ഖദീജയുടെ തീരുമാനം കേട്ട മുഹമ്മദ് ശരിക്കും അദ്ഭുതപ്പെട്ടു. ധനാഢ്യയും കുലീനയുമായിട്ടും എന്തൊരു വശ്യവും മാന്യവുമായ പെരുമാറ്റം!
25കാരനും സുമുഖനുമായ ഈ യുവാവിനോട് ഖദീജക്കും എന്തെന്നില്ലാത്ത ആദരവ് തോന്നിയിരുന്നു. തന്റെ കച്ചവടപങ്കാളിയായി അദ്ദേഹത്തെ ലഭിച്ചതില്‍ അവരും സന്തോഷവതിയായി.
ദിവസങ്ങള്‍ കഴിഞ്ഞു. കച്ചവടസംഘം തിരികെ വന്നു. പതിവില്ലാത്തവിധം ഇരട്ടിയോളം ലാഭമാണ് സംഘത്തിന് ലഭിച്ചത്. വിവരമറിഞ്ഞ ഖദീജ മുഹമ്മദിനെ അടുത്തു വിളിച്ച് അഭിനന്ദനം അറിയിച്ചു. പ്രതിഫലമായി നിശ്ചയിച്ച രണ്ട് ഒട്ടകത്തിനു പകരം നാലെണ്ണത്തെ നല്‍കി അവര്‍ മുഹമ്മദിനെ വീണ്ടും അദ്ഭുതപ്പെടുത്തി. മുഹമ്മദ് അവിടെ നിന്ന് മടങ്ങുമ്പോള്‍ ഖദീജയുടെ മനസ്സില്‍ അദ്ദേഹത്തോടുള്ള ആദരവ് മെല്ലെ മെല്ലെ സ്‌നേഹവും ഇഷ്ടവുമായി മാറിക്കൊണ്ടിരുന്നു. മുഹമ്മദിന്റെ വിശ്വാസ്യതയും പെരുമാറ്റവും അവരെ അത്രയേറെ ആകര്‍ഷിച്ചു. പിന്നെയും മുഹമ്മദ് പലവട്ടം ആ വീട്ടില്‍ വന്നു. കച്ചവടസംഘത്തെ നയിക്കുകയും മറ്റാരേക്കാളും ലാഭവുമായി ഖദീജയെ സന്തോഷിപ്പിക്കുകയും ചെയ്തു.
ഖദീജയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരിയും സഹചാരിയുമായിരുന്ന നുഫൈസ ഇത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. രണ്ടു തവണ വിവാഹിതയായിട്ടുണ്ട് ഖദീജ. ഭര്‍ത്താക്കന്‍മാര്‍ രണ്ടു പേരും മരിച്ചു. അതില്‍ രണ്ടു മക്കളുമുണ്ട്.
വീണ്ടുമൊരു വിവാഹം വേണ്ട എന്ന തീരുമാനത്തിലായിരുന്നു അവര്‍. പക്ഷേ മുഹമ്മദിനെ കച്ചവടപങ്കാളിയായി ലഭിച്ചതു മുതലാണ് അവരില്‍ നുഫൈസ മാറ്റം കണ്ടുതുടങ്ങിയത്.
നുഫൈസ എന്ന വനിതയെ ചരിത്രം കൂടുതല്‍ പരാമര്‍ശിക്കുന്നില്ല. അവര്‍ അനറബ് വംശജയാണ്. ജൂത വനിതയായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. കുടുംബപരമായി അക്കാലത്തെ താഴ്ന്ന പദവിയിലുള്ളവളുമായിരുന്നു.
എന്നാല്‍ ഖദീജ അവളെ അടുത്ത കൂട്ടുകാരിയാക്കി. ഖദീജയുടെ മനസ്സില്‍ മാത്രമല്ല വീട്ടിലും അവള്‍ക്ക് സ്വാതന്ത്ര്യവും ഉയര്‍ന്ന പദവിയുമുണ്ടായിരുന്നു. ഏതു കാര്യവും അവളുമായി കൂടിയാലോചിക്കും. മുഹമ്മദിനോടുള്ള ഈ മാനസിക അടുപ്പം പക്ഷേ ഖദീജ വെളിപ്പെടുത്തിയില്ല. ഒരുതരം ലജ്ജ അവര്‍ക്ക് ഇക്കാര്യത്തിലുണ്ടായിരുന്നു. എന്നാല്‍ തന്റെ യജമാനത്തിയുടെ ഹൃദയത്തില്‍ മൊട്ടിട്ട മോഹം നേരിട്ടറിയാന്‍ തന്നെ നുഫൈസ തീരുമാനിച്ചു.
ഒരിക്കല്‍ അവള്‍ ഇക്കാര്യം ഖദീജയോട് തുറന്നു ചോദിക്കുകയും ചെയ്തു. അതോടെ വല്ലാത്തൊരു വെമ്പലോടെ അവര്‍ ഹൃദയം തുറന്നു. ”മുഹമ്മദിന്റെ സത്യസന്ധതയും പെരുമാറ്റത്തിലെ വശ്യതയും സര്‍വോപരി ചുറുചുറുക്കും എന്നെ ആകര്‍ഷിക്കുകയാണ്”- ലജ്ജയോടെ ഖദീജ പറഞ്ഞു.
”എന്നാല്‍ നമുക്ക് അതങ്ങ് ആലോചിച്ചാലോ?”- നുഫൈസ അനുവാദം ചോദിച്ചു.
”എനിക്ക് 40 വയസ്സായി. രണ്ട് മക്കളുമുണ്ട്. മുഹമ്മദാകട്ടെ, യൗവനാരംഭത്തിലുള്ളയാളും വിവാഹം കഴിച്ചിട്ടില്ലാത്തവനും. അദ്ദേഹം എന്തു വിചാരിക്കും?”- ആഗ്രഹം വിടാതെത്തന്നെ ഖദീജ അഭിപ്രായം തേടി.
”അക്കാര്യം എനിക്ക് വിട്ടേക്കുക”- നുഫൈസ ഖദീജക്ക് ആത്മവിശ്വാസം പകര്‍ന്നു. അവരുടെ മനസ്സില്‍ കുളിര്‍മഴ പെയ്തു. നുഫൈസയോട് അവര്‍ക്ക് കൂടുതല്‍ ഇഷ്ടം തോന്നി.
ദിവസങ്ങള്‍ നീങ്ങി. മുഹമ്മദിനെ തനിച്ചൊന്ന് കാണാന്‍ അവസരം പാര്‍ത്തു കഴിയുകയായിരുന്നു നുഫൈസ. സിറിയയില്‍ നിന്ന് കച്ചവടം കഴിഞ്ഞു മടങ്ങിയെത്തി മുഹമ്മദ് വീട്ടിലേക്ക് പോകവെയാണ് അവള്‍ക്ക് അതിനു സാഹചര്യമൊരുങ്ങിയത്. അവള്‍ അത് പാഴാക്കാതെ മുഹമ്മദിനോടൊപ്പം കൂടി.
”വയസ്സ് 25 ആയില്ലേ? വിവാഹം ഇനിയെന്തിനാണ് നീട്ടിക്കൊണ്ടുപോകുന്നത്?” ക്ഷേമങ്ങളാരാഞ്ഞ ശേഷം നുഫൈസ വിഷയത്തിലേക്ക് കടന്നു. ചോദ്യം മുഹമ്മദില്‍ നേരിയ ലജ്ജയുണ്ടാക്കിയെങ്കിലും മറുപടി വൈകാതെ വന്നു: ”വിവാഹം കഴിക്കാനുള്ള സാമ്പത്തിക സ്ഥിതിയായിട്ടില്ല. സമയമാവുമ്പോള്‍ കഴിക്കാം.”
”സമ്പത്തും സൗന്ദര്യവും കുലീനതയുമുള്ള ഒരു പെണ്ണുണ്ട്. ഞാന്‍ അവരെ താങ്കള്‍ക്കായി അന്വേഷിക്കട്ടെയോ?”- നുഫൈസ ആരാഞ്ഞു.
”ആരാണാവോ അങ്ങനെയൊരു സ്ത്രീ?” – മുഹമ്മദ് പുഞ്ചിരിയോടെ ചോദിച്ചു.
”ഖദീജ!”
നുഫൈസയുടെ പെട്ടെന്നുള്ള മറുപടി കേട്ട് മുഹമ്മദ് അമ്പരന്നു.
”ഖദീജയോ? അവര്‍ അതിനു സമ്മതിക്കുമോ? എന്നേക്കാള്‍ യോഗ്യരും സമ്പന്നരുമായവരെ വേള്‍ക്കാന്‍ അവര്‍ സമ്മതിച്ചിട്ടില്ല. പിന്നെയാണോ എന്നെ?”
അദ്ദേഹത്തിന് വിശ്വാസമായില്ല.
”അക്കാര്യം എനിക്ക് വിട്ടേക്കൂ”- ഖദീജക്ക് നല്‍കിയ അതേ മറുപടി തന്നെ നുഫൈസ മുഹമ്മദിനും നല്‍കി. കാരണം ആ രണ്ടു മനസ്സുകളും ഇതിനകം അവര്‍ വായിച്ചെടുത്തിരുന്നു. ഖദീജയുടെ മോഹവും മുഹമ്മദിന്റെ സ്വപ്‌നവും തമ്മില്‍ കൂട്ടിയിണക്കുക എന്ന ചുമതല മാത്രമേ അവര്‍ക്ക് ഉണ്ടായിരുന്നുള്ളൂ. അത് അവര്‍ ഭംഗിയായി ചെയ്തു. മുഹമ്മദ് വിവാഹത്തിന് സമ്മതിച്ചുവെന്ന വിവരവുമായി നുഫൈസ വീട്ടിലെത്തിയപ്പോള്‍ ഖദീജ സന്തുഷ്ടയായി. അവരെ ചേര്‍ത്തുനിര്‍ത്തി നന്ദിയറിയിക്കുകയും സമ്മാനങ്ങള്‍ നല്‍കി സന്തോഷിപ്പിക്കുകയും ചെയ്തു.
കുടുംബങ്ങള്‍ തമ്മിലുള്ള ആലോചനകള്‍ക്കൊടുവില്‍ ആ വിവാഹം സാഘോഷം നടന്നു. ഖദീജ മണവാട്ടിയായി ചമയുമ്പോഴും നിഴലായി നുഫൈസയുണ്ടായിരുന്നു. 25 വര്‍ഷത്തോളം നീണ്ടുനിന്ന ധന്യവും താളാത്മകവുമായ ഒരു ദാമ്പത്യജീവിതത്തിന് ആദ്യ നിമിത്തമായ നുഫൈസ പിന്നെയും കുറേക്കാലം ആ വീട്ടില്‍ നിറസാന്നിധ്യമായി ഉണ്ടായിരുന്നു.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top