LoginRegister

വിവാഹമോചിതനും മക്കളുടെ ചെലവും

Feed Back


എന്റെ ഒരു ബന്ധു അയാളുടെ ഭാര്യയെ വിവാഹമോചനം ചെയ്യുകയും അവരുടെ മൂന്നു മക്കളെ അവളുടെയൊപ്പം ഉപേക്ഷിക്കുകയും ചെയ്തു. അദ്ദേഹം കുട്ടികള്‍ക്കായി ഒന്നും ചെലവഴിക്കുന്നുമില്ല. ഈ രീതിയിലാണ് ഇപ്പോഴും തുടരുന്നത്. ഇസ്‌ലാമികമായി എന്ത് ഉപദേശമാണ് അയാള്‍ക്കു നല്‍കാനുള്ളത്?

ഒന്നാമതായി, അല്ലാഹുവിനെ ഭയപ്പെടാന്‍ അയാളെ ഉപദേശിക്കുന്നു. അയാള്‍ തന്റെ മക്കള്‍ക്കായി ചെലവഴിക്കണം, അല്ലാഹു അവന് ഇങ്ങനെ ചെയ്യാനുള്ള അവകാശം നല്‍കിയിട്ടില്ല. അതായത് തന്റെ മക്കള്‍ക്കു വേണ്ടി ചെലവഴിക്കുന്നതില്‍ നിന്ന് മാറിനില്‍ക്കാന്‍ പാടില്ല.
അയാള്‍ പ്രതാപിയും മഹത്വവുമുള്ള അല്ലാഹുവിനോട് പശ്ചാത്തപിക്കുകയും സാമ്പത്തിക പരിപാലനം അയാളുടെ ബാധ്യതയായതിനാല്‍ തന്റെ മക്കള്‍ക്കായി ചെലവഴിക്കുകയും ചെയ്യണമെന്ന് അയാളെ ഉണര്‍ത്തുക. അയാള്‍ അനുസരിച്ചാല്‍ അത് മതി. അല്ലാത്തപക്ഷം ഒരു കോടതിക്കു മുമ്പാകെ തന്റെ വാദം അവതരിപ്പിക്കാന്‍ സ്ത്രീക്ക് അവകാശമുണ്ട്. കുട്ടികളെ സാമ്പത്തികമായി പരിപാലിക്കണമെന്ന് ഇസ്‌ലാമിക നിയമപ്രകാരം ജഡ്ജിക്ക് തീരുമാനിക്കാനാവും.
അവള്‍ ഇപ്പോഴും ഇദ്ദയില്‍ (വിവാഹമോചനത്തിനു ശേഷമുള്ള കാത്തിരിപ്പ്) ആണെങ്കില്‍, വിവാഹമോചനം അസാധുവാക്കാവുന്നതാണെങ്കില്‍ (അതായത് ഒന്നാമത്തെയോ രണ്ടാമത്തെയോ വിവാഹമോചനം), ഇസ്‌ലാമിക നിയമങ്ങളില്‍ പാണ്ഡിത്യമുള്ള ഒരു ഖാദി, അവള്‍ സാമ്പത്തികമായും പരിപാലിക്കപ്പെടണമെന്ന് തീരുമാനിക്കുകയാണ് ചെയ്യുക.
വേര്‍പിരിയലിലൂടെ കടന്നുപോകുന്ന നമ്മുടെ സഹോദരങ്ങളെ അല്ലാഹു സഹായിക്കട്ടെ. അല്ലാഹുവിനെ ഭയപ്പെടുകയും ക്ഷമയോടെ നമ്മുടെ കടമകള്‍ ഉയര്‍ത്തിപ്പിടിക്കുകയും അവനോട് ആത്മാര്‍ഥമായി സഹായം തേടുകയും ചെയ്യട്ടെ. .

സ്ത്രീയുടെ
പ്രതിഫലം

ഒരിക്കല്‍ ഞാന്‍ ഒരു ഇസ്‌ലാമിക വെബ്‌സൈറ്റില്‍ ഒരു ഹദീസ് വായിച്ചു, പക്ഷേ ഹദീസിന്റെ വാക്കുകള്‍ പരാമര്‍ശിച്ചിരുന്നില്ല. ഹദീസ് മനോഹരമായി തോന്നുന്നു, പക്ഷേ ആരോടെങ്കിലും ഉദ്ധരിക്കും മുമ്പ് അതിന്റെ ആധികാരികത സ്ഥിരീകരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. ഹദീസ് ഇങ്ങനെയാണ്: പ്രവാചകന്‍ (സ) പറഞ്ഞു: ”നിങ്ങളില്‍ ഒരാള്‍ നല്ല ഭാര്യയാകാന്‍ പരമാവധി ശ്രമിക്കുമ്പോള്‍, പകല്‍ മുഴുവന്‍ ഉപവസിക്കുകയും രാത്രി മുഴുവന്‍ നമസ്‌കരിക്കുകയും ചെയ്യുന്ന ഒരാള്‍ക്കുള്ള പ്രതിഫലത്തിന് തുല്യമായ പ്രതിഫലം ലഭിക്കുന്നു.” ഈ ഹദീസിന്റെ സ്വീകാര്യത എങ്ങനെയാണ്?

അല്‍ മുഅ്ജമുല്‍ ഔസത്ത് എന്ന ഗ്രന്ഥത്തില്‍ ത്വബ്‌റാനിയോ (6733), ഇബ്‌നു അസാകിര്‍ തന്റെ താരീഖിലോ (43: 348), അംറുബ്‌നു സഈദ് അല്‍ഖവ്‌ലാനി മുഖേന വിവരിച്ച റിപോര്‍ട്ടാകാം നിങ്ങള്‍ ഉദ്ദേശിക്കുന്നത്.
അനസ് ഇബ്‌നു മാലികില്‍ നിന്ന്: പ്രവാചകന്റെ മകന്‍ ഇബ്‌റാഹീമിനെ ശുശ്രൂഷിച്ചിരുന്ന സലമ പറഞ്ഞു: ”അല്ലാഹുവിന്റെ ദൂതരേ, നിങ്ങള്‍ പുരുഷന്മാര്‍ക്ക് എല്ലാവിധ സന്തോഷവാര്‍ത്തകളും നല്‍കുന്നു, പക്ഷേ നിങ്ങള്‍ സ്ത്രീകള്‍ക്ക് അത്തരം സന്തോഷവാര്‍ത്തകള്‍ അറിയിക്കാത്തത് എന്തുകൊണ്ടാണ്?” പ്രവാചകന്‍ പറഞ്ഞു: ”അവള്‍ തന്റെ ഭര്‍ത്താവില്‍ നിന്ന് ഗര്‍ഭിണിയായിരിക്കുകയും അവന്‍ അവളില്‍ സംതൃപ്തനാവുകയും ചെയ്താല്‍, അല്ലാഹുവിന്റെ പ്രീതിക്കായി ഉപവസിക്കുകയും രാത്രി നമസ്‌കരിക്കുകയും ചെയ്യുന്ന ഒരാളുടെ പ്രതിഫലം അവള്‍ക്ക് ലഭിക്കുമെന്നത് നിങ്ങളെ സന്തോഷിപ്പിക്കുന്നില്ലേ?”
ഈ ഹദീസ് കെട്ടിച്ചമച്ചതാണ്. ഇത് ഇബ്നുല്‍ ജൗസി അല്‍ മൗദൂആത്തില്‍ (2: 274) വിവരിച്ചിട്ടുണ്ട്.
അദ്ദേഹം പറയുന്നു: ഇബ്‌നു ഹിബ്ബാന്‍ പറഞ്ഞു: ”അംറുബ്‌നു സഈദ് ആണ് ഈ കെട്ടിച്ചമച്ച ഹദീസ് അനസില്‍ നിന്ന് ഉദ്ധരിച്ചത്. കെട്ടിച്ചമച്ച ഹദീസിന്റെ ഒരു ഉദാഹരണം എടുത്തുകാണിക്കുക എന്ന രീതിയിലല്ലാതെ അത് ഉദ്ധരിക്കുന്നത് അനുവദനീയമല്ല” (സില്‍സിലതുല്‍ അഹാദീസ് അല്‍ ദാഇഫ വല്‍ മൗദൂഇയ്യ, 5:76).
ഈ കെട്ടിച്ചമച്ച റിപോര്‍ട്ടിന്റെ ആവശ്യമില്ല, കാരണം ഇമാം അഹ്മദ്, അബ്ദുറഹ്മാന്‍ ഇബ്‌നു ഔഫി(റ)ല്‍ നിന്ന് ഉദ്ധരിച്ച റിപോര്‍ട്ട് നമ്മുടെ പക്കലുണ്ട്: അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: ”ഒരു സ്ത്രീ തന്റെ അഞ്ച് (ദിവസേന) നമസ്‌കാരം നടത്തുകയും, അവളുടെ മാസം (റമദാന്‍) വ്രതം അനുഷ്ഠിക്കുകയും അവളുടെ പവിത്രത കാത്തുസൂക്ഷിക്കുകയും ഭര്‍ത്താവിനെ അനുസരിക്കുകയും ചെയ്താല്‍ അവളോട് പറയും: സ്വര്‍ഗത്തില്‍ അതിന്റെ ഏത് കവാടത്തിലൂടെയാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്, അതിലൂടെ പ്രവേശിക്കുക.”
സഹീഹുല്‍ ജാമിഇല്‍ അല്‍ബാനി ഈ ഹദീസിനെ സഹീഹായി രേഖപ്പെടുത്തിയിട്ടുണ്ട്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top