പ്രവാസി
നീണ്ട പ്രവാസകാലം കഴിഞ്ഞു തിരിച്ചെത്തി. എന്നിട്ടും ഇപ്പോഴും പ്രവാസി. ആര്‍ക്കും അത്ര പരിചയമില്ല. ബഹളത്തിലും ഒഴുക്കിലുമില്ല. ഏകാന്തമായ ജീവിതം. വായനയാണ് മുഖ്യം. പുസ്തകമാണ് ചങ്ങാതി. അതൊരിക്കലും ചതിക്കില്ലല്ലോ.
മരുഭൂമിയും ആകാശവും കണ്ടുനടന്ന നാളുകള്‍. വായനയുടെ സമൃദ്ധമായ വസന്തങ്ങള്‍. പുസ്തകങ്ങള്‍. അനുഭവങ്ങള്‍. നഗരത്തില്‍ ഉറങ്ങുമ്പോഴും ഗ്രാമത്തില്‍ ഉണരുന്ന സ്വപ്നങ്ങള്‍. മന്ദംപുറത്തെ തറവാട്. അതിന്റെ പരിസരമാണ് എഴുത്തിന്റെ വഴികള്‍. അവിടെ കണ്ടതും കേട്ടതും അക്ഷരമായി, കഥയായി, ജീവിതമായി. നീലേശ്വരത്തിന്റെ പൈതൃകവും സ്വത്വവും നാടകരാവുകളും ചമയങ്ങളും. അതൊക്കെ എഴുത്തില്‍ മിന്നലായി. പഴയ ബീഡിക്കമ്പനിയും പുകപോകുന്ന ഓട്ടുകമ്പനിയും ഓര്‍മകളും ചേരുന്നിടത്താണ് ഇന്നും കുണ്ടംകടവ് പുഴ ഒഴുകുന്നത്. തൊട്ടടുത്ത് ചക്ലോം പുക്ലോം പാടുന്ന നെയ്ത്തുശാല. വര്‍ഷാവര്‍ഷം തെരുവില്‍ അരങ്ങേറുന്ന ചാല്യപ്പുറാട്ട്. കാവിലെ കലശം. തൊട്ടിലാട്ടം. വെടിക്കെട്ട്. പറങ്കിമാങ്ങയുടെ മണം. തീവണ്ടിയാപ്പീസിലെ വൈകുന്നേരം. നിലാവില്ലാത്ത രാത്രി. പൊട്ടിച്ചിരികള്‍. വളകിലുക്കം. ബീഡിയും തീപ്പെട്ടിയും. കണ്ടത്തിലെ നടുവൊടിഞ്ഞ നോക്കുകുത്തി. എല്ലാ ഓര്‍മകളും ഇപ്പോള്‍ തലകുത്തി മറിയുന്നു. ജാലകം തുറക്കുമ്പോഴും അടക്കുമ്പോഴും അതിന്റെ മണം.
മഴയുടെ മണം
വിശ്രമ കാലം. കാറ്റും മഴയും ഏകാന്തതയെ തണുപ്പിക്കുന്നു. മുമ്പ് അവധിക്കാലത്ത് നാട്ടിലേക്ക് വരുന്നത് മഴക്കാലത്താണ്. അതങ്ങനെയാണ്. മക്കളുടെ സ്‌കൂള്‍ വെക്കേഷന്‍ ജൂണ്‍/ജൂലായ് മാസങ്ങളിലാണ്. തിരിച്ചു പോകുമ്പോള്‍ നനഞ്ഞ ഉടുവസ്ത്രങ്ങള്‍ ബേഗിലുണ്ടാകും. മഴക്കാലത്ത് തിരുമ്പി ആറിയിട്ടിട്ടും ഉണങ്ങാത്ത മഴ നനഞ്ഞ വസ്ത്രങ്ങള്‍. ദെന്താ, മഴ പൊതിഞ്ഞു തരികയാണോ എന്ന് ചോദിച്ചാല്‍ ഉമ്മ പറയും. അതിന് നീ പോകുന്നിടത്ത് മഴ ഇല്ലല്ലോ….
തിരിച്ചെത്തി ബേഗ് തുറക്കുമ്പോള്‍ ഉമ്മയുടെയും മഴയുടെയും മണം. ഉഷ്ണരാജ്യത്തേക്കു ബേഗില്‍ കയറ്റിക്കൊണ്ടുവന്ന മഴ. സ്വന്തം വീടിന്റെ നനഞ്ഞ മണം.
വരാന്തയിലിരുന്ന് മഴ കാണുമ്പോള്‍ ഉമ്മ വരുന്നു. മടിയില്‍ കൃഷ്‌ണേട്ടന്റെ ഹോട്ടലില്‍നിന്നു വാങ്ങിയ കിഴങ്ങ് പോഡിയുമുണ്ട്. ഉപ്പയ്ക്ക് കിഴങ്ങ് കച്ചവടമായിരുന്നു. ഉമ്മ മരിച്ചിട്ട് ഏഴു വര്‍ഷം കഴിഞ്ഞു. ഉള്ളില്‍ വേദനയുടെ കാലവര്‍ഷം.
പ്രവാസ ജീവിതത്തില്‍ എത്രയെത്ര പുസ്തകങ്ങളാണ് ഉമ്മ വിമാനം കയറ്റി വിട്ടത്. മകനു വരുന്ന പുസ്തകങ്ങളും കത്തുകളും സൂക്ഷിച്ചു വെച്ച് ആരെങ്കിലും വരുമ്പോള്‍ അത് കൊടുത്തുവിടും. മറ്റു ഉമ്മമാര്‍ അവരുടെ മക്കള്‍ക്ക് പലഹാരം പൊതിഞ്ഞു കൊടുക്കുമ്പോള്‍ എന്റെ ഉമ്മ കൊടുത്തതൊക്കെ അതിനെക്കാളും മധുരമുള്ള പുസ്തകങ്ങളായിരുന്നു. ഹലുവയും തേന്‍ചക്ലിയെക്കാളും മധുരമുള്ളത്. വായനാദിനത്തില്‍ കുട്ടികളോട് ഇതൊക്കെ പറയുമ്പോള്‍ സദസ്സില്‍ ഉമ്മയിരിക്കുന്നു. മരിച്ചുപോയ എന്റെ ഉമ്മ.
ഭ്രാന്തന്‍
ജനിച്ച നാട് എന്നും ഭ്രാന്താണ്. കുറേ ഭ്രാന്തന്മാര്‍ അവിടെയുണ്ട്. അവര്‍ക്കൊക്കെ ഭ്രാന്തു പോയി. പോകാത്തത് എനിക്കാണ്. ഒരു കണക്കിന് നാടുവിട്ടുപോയത് നന്നായി. ഇല്ലെങ്കില്‍ ഞാനും അക്ഷരങ്ങളെ ഉപേക്ഷിച്ചു അക്കങ്ങള്‍ക്കു പിറകെ പോയേനെ.
അപ്പോള്‍ ഇക്കണ്ടകാലം നഗരത്തില്‍ ജീവിച്ചിട്ട് വരുമാനമൊന്നുമില്ലേ?
ഉണ്ട്. മൂന്നു മക്കള്‍. അമ്പതോളം പുസ്തകങ്ങള്‍. എന്നെ വായിച്ചതും ഞാന്‍ വായിച്ചതുമായ അനുഭവങ്ങള്‍. ഭാഷകള്‍.
അതിരിക്കട്ടെ. ഇപ്പോള്‍ നിങ്ങളുടെ ഭാഷ ഏതാണ്?
ഭ്രാന്ത്. നാട് നഷ്ടപ്പെട്ടവന്റെ ഭ്രാന്ത്. എന്നെ ചങ്ങലക്കിടൂ.
നീര്‍ക്കുമിളകള്‍
പ്രിയപ്പെട്ട എനിക്ക് ഞാന്‍ തന്നെ എഴുതുന്നത്. എന്തെന്നാല്‍ എനിക്ക് ഏറെ പ്രിയം എന്നോടുതന്നെയാണെന്നാണല്ലോ കവിമൊഴി.
മാറി നടക്കുന്നതല്ല. മാറ്റി നിര്‍ത്തിയതാണ്. ഒറ്റപ്പെട്ടതല്ല. ഒറ്റപ്പെടുത്തിയതാണ്. ആ ഭൂപടം ഇപ്പോള്‍ എവിടെയാണ്? ഒന്നിച്ചു നില്‍ക്കാന്‍ നാം അശക്തരായി. കൂടിച്ചേരല്‍ എന്നെഴുതുമ്പോള്‍ വാക്കുകളില്‍ കിട്ടുന്ന സുഖമേ അതിനുള്ളൂ. ഐകമത്യം മഹാബലം എന്നത് ആരോ ചമച്ചുണ്ടാക്കിയ മണ്ടത്തരമാണ്.
ഒരു ദേശം വായിക്കുമ്പോള്‍ എഴുന്നേറ്റു പോകുന്നു. അതുകൊണ്ടാണ് പലരും അവരെഴുതുന്നത് അവര്‍തന്നെ വായിച്ചു തീര്‍പ്പാക്കുന്നത്. എല്ലാം ഇന്ന് ഒറ്റയ്ക്കാണ്. സംഘടനയും സംഘബലവും പുരസ്‌കാര നിര്‍ണയവും കൊടുക്കലും വാങ്ങലും സ്വാഗതവും ഉദ്ഘാടനവും നന്ദിപറച്ചിലും എല്ലാം.
ഈയ്യിടെ ട്രെയിന്‍ യാത്രയില്‍ അത്തരക്കാരെ വായിക്കാറില്ലെന്ന് ഒരാള്‍ തറപ്പിച്ചു പറഞ്ഞു. എല്ലാവര്‍ക്കും അവരവര്‍ക്കപ്പുറം മറ്റൊന്നുമില്ലെന്നും. തിരിച്ചറിയേണ്ടത് ഭിന്നിപ്പിക്കുന്നവരെയാണ്. കൂട്ടത്തില്‍ തന്നെപ്പൊക്കികളെയും. അവരുടെ ഉപ്പൂപ്പാക്ക് ഇന്നും ആനയുണ്ട്. മണ്ടൂസ്. എന്തു പറഞ്ഞിട്ടും മനസ്സിലാവുന്നില്ല. നാമെന്നും നമ്മെത്തന്നെ സംസ്‌ക്കരിക്കപ്പെടുന്നു. അതിനാല്‍ നമ്മുടെ പോഷകങ്ങളും പൈതൃകങ്ങളും ഇപ്പോള്‍ മറ്റൊരിടത്താണ്. മൂല്യം തകര്‍ന്നുപോയ ജനത. ഉര്‍ദു മഹാകവി മീര്‍ത്തഖി മീറിന്റെ രണ്ടുവരി അദ്ദേഹം ചൊല്ലി.
‘ഹസ്തി അപനി ഹുബാബ് കീ സീ ഹെ,
യ നുമായിഷ് സുറാബ് കീ സീ ഹെ…… ‘
(എല്ലാം കുമിളകളാണ്. അല്‍പ്പായുസ്സുള്ള നീര്‍ക്കുമിളകള്‍. കാണുന്നതും കേള്‍ക്കുന്നതും മരീചികപോലെ )
വൃക്ഷങ്ങള്‍ക്ക് പച്ചപ്പുണ്ടെങ്കിലും അതിന്റെ നിഴലിനു കറുപ്പാണ്. എല്ലാ നിഴലും കറുപ്പുതന്നെ. അതില്‍ ആരും ആശങ്കപ്പെടുന്നില്ല. ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുമ്പോഴും നിഴല്‍ വണ്ണംവെക്കും. വലുതാകും. എത്ര വലുതായാലും നമുക്കതിനോട് മിണ്ടാന്‍ കഴിയില്ലല്ലോ.
പോഴത്തം
കാലത്തു തന്നെ കുറേപേര്‍ വിളിച്ചു. ഫോണ്‍ എടുക്കാന്‍ പറ്റിയില്ല. വിളിച്ചത് മറ്റാരുമല്ല. എന്നെപ്പോലെ അറുപതു കഴിഞ്ഞ കുറേ പിള്ളാരുണ്ട്. അല്ലെങ്കിലും വിശ്രമ ജീവിതം നയിക്കുന്നവര്‍ക്ക് പിള്ളാരുടെ ബുദ്ധിയേയുള്ളൂ. എന്തെടുക്കണം. എവിടെ വെക്കണം എന്നറിയാത്ത പ്രായം. എന്തു ചെയ്യാന്‍? കൈയും മനസ്സും തെറ്റിപ്പോകുന്നു.
രാവിലെ ചക്ക തിന്നുമ്പോഴായിരുന്നു ഇവരൊക്കെ വിളിച്ചത്. അതിന്റെ വിളഞ്ഞിര്‍ കൈയില്‍ പാടെ ഒട്ടിയിട്ടുണ്ട്. പിന്നെങ്ങനെ ഫോണ്‍ എടുക്കും? തറവാട്ടില്‍ മുന്നിലും പിന്നിലും പ്ലാവുണ്ടായിരുന്നു. ഇപ്പോഴത്തെ ജീവിതത്തില്‍ പ്ലാവും ചക്കയുമില്ല. അതറിഞ്ഞതുകൊണ്ടാണ് സുഹൃത്തുക്കള്‍ അവരുടെ വളപ്പില്‍നിന്നു പറിച്ച നല്ല മൂത്ത ചക്ക തന്നത്. മഴ നനഞ്ഞാല്‍ അതിന്റെ രുചി പോകും.
പണ്ട് പഴുത്ത ചക്കച്ചുള തിന്നുകഴിഞ്ഞാല്‍ ഒരു കഷണം കുരുകൂടി ചവച്ചുതിന്നണം. അത് ഗൃഹനാഥന്റെ കല്‍പനയാണ്. വയറു വേദന, വായുകോപം വരാതിരിക്കാനാണെന്നാണ് അന്നു പറഞ്ഞു കേട്ടത്. അതുപോലെ പുതിയ തലമുറയോട് ഇന്ന് കുരു തിന്നാന്‍ പറഞ്ഞപ്പോള്‍ തലയില്‍ ചക്ക വെച്ചു തന്നില്ലെന്നേയുള്ളൂ. അരുത്, പുതിയവരോട് പഴയതൊന്നും പറയരുത്. അതൊക്കെ അവര്‍ക്ക് പോഴത്തമാണ്. എന്നാലും, എന്തു പോഴത്തമായാലും പഴന്തലമുറയുടെ ആ കുരു തിന്നലിന്റെ ശാസ്ത്രം എന്തായിരിക്കും?
മഷിപ്പേന
വിദേശത്തുള്ള മകന്‍ ചോദിച്ചു, എന്താണ് വാങ്ങേണ്ടത്?
ഒന്നും വേണ്ട. ഹീറോപ്പെന്ന് കിട്ട്വോ? അത് ഒന്നുരണ്ടെണ്ണം വാങ്ങിക്കോ. കഴിഞ്ഞ തവണ നഗരം മൊത്തം കറങ്ങിയിട്ടും അത് കിട്ടിയില്ല.
ഹീറോ പേനയ്ക്കും ഒരു ഭൂതകാലമുണ്ട്. അന്ന് ഹൈസ്‌കൂളില്‍ എത്തിയപ്പോള്‍ എല്ലാവരും മഷിപ്പേന ഉപയോഗിക്കുന്നു. അതും ഹീറോ. ക്ലാസില്‍ ഏറെയും വിദേശത്തുള്ളവരുടെ മക്കള്‍, ബന്ധുക്കള്‍.
1968/69ലാണ് കുടിയേറ്റത്തിന്റെ ഒഴുക്ക്. അന്ന് മിക്ക വീട്ടില്‍നിന്നു ഒരാളെങ്കിലും കടല്‍കടന്ന് അക്കരെ പോയിട്ടുണ്ടാകും. മിന്നുന്ന പളപളപ്പിന്റെ കാലം. ആ കാലത്താണ് ചായ്യോത്തെ *എളയ ബോംബെയില്‍നിന്നും വന്നത്. എളയാന്റെ കീശയിലുമുണ്ട് അടിമുടി സ്വര്‍ണനിറത്തിലുള്ള ഹീറോ. കണ്ടിട്ട് കൊതിയാവുന്നു. ചോദിക്കാന്‍ പറ്റില്ല. അഭിമാനക്കുറവുണ്ട്. എന്നാല്‍ ചോദിക്കാതെ തന്നെ എളയ തിരിച്ചു പോകുമ്പോള്‍ ആ പേന എന്റെ കീശക്ക് കുത്തിത്തന്നു. കുറേകാലം ഒന്നും എഴുതാതെ ഞാനത് പൊന്നുപോലെ സൂക്ഷിച്ചു. മഷി തീരുന്നതിലല്ല, പൊതുവെ കയ്യക്ഷരം മോശം. പിന്നെ അക്ഷരത്തെറ്റും. എന്തോ അത്രയും ഭംഗിയുള്ള പേനകൊണ്ട് അതൊന്നും ചെയ്യാന്‍ തോന്നിയില്ല. എളയ തന്ന പേന പിന്നെ എവിടെപ്പോയി എന്നറിയില്ല. ഓര്‍മയില്‍ അതിന്നും കീശയിലുണ്ട്.
എളയാന്റെ ഹീറോപ്പെന്ന് ഒരു മാന്ത്രീകതയാണ്. മോഹിച്ചത് കണ്‍കെട്ടുപോലെ കൈവന്ന കാലം.
അഭിനയം
ഈയ്യിടെ ഒരു ചലച്ചിത്ര സംവിധായകന്‍ ചോദിച്ചു, അഭിനയിക്കുമോ?
പിന്നെന്താ? ഞാനെപ്പോഴും അഭിനയിക്കുകയല്ലേ. കുളിക്കുമ്പോഴും ഉടുക്കുമ്പോഴും ഉണ്ണുമ്പോഴും. ചുറ്റുപാടില്‍, സമൂഹത്തില്‍, കുടുംബത്തില്‍, അടുക്കളയില്‍, എല്ലായിടത്തും.
ഓഹോ, അപ്പോള്‍ ജീവിക്കാറില്ലേ?
ഉണ്ടല്ലോ, ഉറങ്ങുമ്പോള്‍. ഹാ, ഒരല്ലലുമില്ല. എന്തൊരു സുഖം ആ ജീവിതത്തിന്. ആ സ്വപ്‌നങ്ങള്‍ക്ക്. .
*എളയ – മൂത്ത സഹോദരിയുടെ ഭര്‍ത്താവ്