ഉച്ചമയക്കത്തിലെ ഗാഢമല്ലാത്ത നിദ്രയിലായിരുന്നു ചുറ്റുപാടുകള്‍. ദൂരെ എവിടെനിന്നോ അസംഖ്യ പണികള്ക്കിടയില്പെട്ട് ക്ഷീണിതയായൊരു വീട്ടമ്മയുടെ അലക്കുകല്ലുമായുള്ള അലസ സംഘട്ടനം കേള്‍ക്കാം. ഏറെക്കുറെ എരിഞ്ഞടങ്ങിയ ഉച്ചച്ചൂടില്‍ പക്ഷിപ്പാട്ടുകള്‍ ആസ്വദിച്ചുകൊണ്ട് തെക്കേ തൊടിയാകെ ചുറ്റിക്കറങ്ങുകയായിരുന്നു ഞാന്‍. വെയില് ചൂടേറ്റ് നരച്ച പ്രകൃതി.
പേരറിയാത്തതും പരിചിതവുമായ ഒരുനൂറു കാട്ടുപൂക്കള്‍ വാടിക്കൂമ്പി വരാനിരിക്കുന്ന വാര്‍ധക്യത്തെ ഓര്‍മപ്പെടുത്തുന്നു. ഇലകളിലെ പച്ച ഞരമ്പുകള്‍ ഒരു ജന്മായുസിന്റെ അസ്തമയത്തെ വിളിച്ചോതി ഉയര്ന്നുനില്കുന്നു.
അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്. പ്രായം ചെന്നൊരു സ്ത്രീ ഗേറ്റും കടന്ന് പൂമുഖത്തേക്ക് കയറിവരുന്നു. അവര്‍ എന്നെ നോക്കി മന്ദഹസിച്ചു. വാര്‍ധക്യ പരിമിതികള്‍ ആ നടത്തത്തില്‍ പ്രതിഫലിക്കുന്നുണ്ടായിരുന്നു.
വേച്ചു വേച്ച് ഉമ്മറപ്പടി കയറി അവിടെ കണ്ട കസേരയില്‍ അവരിരുന്നു. അപരിചിതത്വം തെല്ലും പ്രകടമാക്കാതെ ഞാനവരെ അകത്തളത്തിലേക്ക് ക്ഷണിച്ചു.
”വേണ്ട മോളെ.. ഞാനിവിടെയിരിക്കാം..”
അവര്‍ ഒരു കിതപ്പോടെ പറഞ്ഞൊഴിഞ്ഞു. ശരി എന്നര്ഥത്തില് ഞാന്‍ തലയാട്ടി.
കാരണം ഇതുവരെ നടന്നതിന്റെ ക്ഷീണം കിതപ്പായും ചുമയായും അവരില്‍ പ്രതിഫലിക്കുന്നുണ്ടായിരുന്നു.
”ഉമ്മുമ്മയെ വിളിക്കാം”- ഞാന്‍ അകത്തളത്തിലേക്ക് നടന്നു.
ഉച്ചമയക്കത്തിന്റെ ആലസ്യത്തിലായിരുന്ന ഉമ്മുമ്മ ഒരു സ്പര്‍ശന മാത്രയില്‍ പിടഞ്ഞെഴുന്നേറ്റു.
”അല്ലാഹ്! ലാ ഇലാഹ ഇല്ലല്ലാഹ്” എന്ന മഹത് ധ്വനികള്‍ ഉരുവിട്ടു. അതിങ്ങനെ രാവും പകലും പതിവുള്ളതാണ്. നിദ്രയില്‍ പോലും മന്ത്രമുഖരിതമായ ചുണ്ടുകള്‍. കയ്യില്‍ ചുറ്റിയ തസ്ബീഹ് മാല യാന്ത്രികമെന്നോണം ചലിച്ചുകൊണ്ടിരുന്നു.
പതുങ്ങിയ അനക്കങ്ങളില്‍ പോലും ഉമ്മുമ്മ ഉണര്‍ന്നിരിക്കും, വരാനിരിക്കുന്ന എന്തോ ഒന്നിനെ ഭയപ്പെടും പോലെ. !
”ഉമ്മുമ്മയ്ക്ക് കള്ളനെയോ, കൊള്ളക്കാരെയോ, ജിന്നിനെയോ, ഇഫ്രീത്തിനെയോ ഭയമില്ലെന്ന് പലവുരു പറഞ്ഞിട്ടുള്ളതല്ലേ? പിന്നെ എന്തിനാ ഉണര്ച്ചയിലൊക്കെ ഉമ്മുമ്മ ഇങ്ങനെ പിടഞ്ഞെഴുന്നേല്ക്കുന്നത്…?”
ഞാന്‍ ചോദിച്ചു.
”ഉറങ്ങി തീര്‍ക്കേണ്ടുന്ന സമയമല്ല മോളെ ഈ ജന്മം. ഈ വയസാം കാലത്തും ആരോഗ്യത്തോടെ ഞാനിരിക്കുന്നുവെന്നത് തന്നെ റബ്ബിന്റെ കൃപ എന്നൊന്ന്കൊണ്ട് മാത്രമല്ലെ? എത്ര ശുക്ര് ചെയ്താലാ മതിയാവുക അവനിക്ക്…?”
്യൂഞാനൊന്ന് മൂളിയ ശേഷം കോലായയില്‍ വന്നിരിക്കുന്ന അതിഥിയെ കുറിച്ചറിയിച്ചു. ഉമ്മുമ്മ ബദ്ധപ്പെട്ട് കോലായയിലേക്ക് നടന്നു. അവിടെ ചാരുകസേരയില്‍ ക്ഷീണിച്ചിരുന്നിരുന്ന അതിഥിയെ നോക്കി ഉമ്മുമ്മ ചോദിച്ചു.
”മറിയം അല്ലെ ഇത്…?”
”അതെ ആയിശു… ഞാന്‍ കരുതി നിനക്കെന്നെ തിരിയെണ്ടാവൂലന്നു..!”
തിരിച്ചറിഞ്ഞതിലുള്ള സന്തോഷം ആ വാക്കുകളിലുണ്ടായിരുന്നു.
”ഓ ഇല്ലാണ്ടെ പിന്നെ, കാലം മാറിയാലും ഓര്‍മകള്‍ മരിക്കോ മറിയം.. ഓര്‍മയുടെ വെളിച്ചം മങ്ങിയാല്‍ പിന്നെ നമ്മള് തന്നെ ഇല്ലാണ്ടാവില്ലേ?”
ഉമ്മുമ്മയുടെ ഇത്തരം വര്‍ത്തമാനങ്ങള്‍ പലപ്പോഴായി എന്നെ ഇരുത്തി ചിന്തിപ്പിക്കാറുണ്ട്. ഒരു നല്ലകഥ പറച്ചിലുകാരിയുടെ തിടുക്കം പലപ്പോഴായി ബോധ്യം വന്നതുമാണ്..
അങ്ങനെ നീണ്ടു അവരുടെ സംഭാഷണം. അതിനിടയില്‍ എത്രയെത്ര പഴങ്കഥകള്‍, കെട്ടുകഥകളെ വെല്ലുന്ന യഥാര്‍ഥ കഥകള്‍. അവാച്യമായ ഏതോ ഉള്പ്രേരണയോടെയും ഗൃഹാതുരതയുടെ നനു നനുത്ത ഓര്‍മയോടെയും അവരിരുവരും അതൊക്കെയും പങ്കുവെച്ചുകൊണ്ടിരുന്നു.
കഴുത്തില്‍ പച്ച മഫ്ളറും തോള് സഞ്ചിയും വലിയ അറബനയും കൈകളിലേന്തി റമദാനിലെ പുലരികളെ ധന്യമാക്കാന്‍ അറബനയുടെ ഐതിഹാസിക മദ്ദള മുട്ടോടെ അത്താഴം കഴിപ്പുകാരെ വിളിച്ചുണര്‍ത്തുന്ന ഖലീബമാരെ കുറിച്ച്, ഒടുക്കം നോമ്പിരുപത്തി ഏഴാം രാവില്‍ അത്താഴം തീറ്റിപ്പുവക പണം വാങ്ങിക്കാന്‍ വരുന്ന ഖലീബമാരെയും കാത്തിരിക്കുന്ന ഉമ്മുമ്മയുടെ ബാല്യത്തെ കുറിച്ച്, ബാല്യത്തിലൊരുനാള് ഉമ്മുമ്മയുടെ ഉമ്മയെ മിഠായി കാണിച്ചു കൂടെ കൂട്ടിയ ജിന്നിന്റെ കഥയും… ഇങ്ങനെ എത്രയെത്ര വിചിത്ര കഥകള്‍.
”എല്ലാം ഒരു കാലം” -ഉമ്മുമ്മ നെടുവീര്‍പ്പിട്ടു. ആ നെടുവീര്‍പ്പില്‍ ഗൃഹാതുരതയുടെ മായ്ച്ചിട്ടും മായാത്ത വിതുമ്പലുകളുണ്ടായിരുന്നു.
”കുളക്കടവും ഇടവഴിയും നടപ്പാതയും വേലിയും കയറ്റുപടിയുമൊക്കെ തേഞ്ഞു മാഞ്ഞു പോയി. ശേഷിച്ച മമ്പുറം കടവിന് കുറുകെ ഒരു പടുകൂറ്റന്‍ പാലം വന്നതോടെ നാട് തന്നെ ഒരജ്ഞാത ദേശമായ് തോന്നിത്തുടങ്ങി…”
മറിയുമ്മമ്മയുടെ വിഷാദ വാക്കുകള്‍.
”കണ്ണെത്താ ദൂരത്തോളം പരന്നു കിടന്നിരുന്ന പടിഞ്ഞാറെ തൊടിയും പ്ലാമരക്കൂട്ടവും കായ്കനി വൃക്ഷ ലതാദികളും ഒക്കെ മുറിച്ചുവിറ്റ് നാലുകെട്ടിനുള്ളിലായി. തൊടിയിലെ ഓരോ മരങ്ങളും അടിപതറി വീഴുമ്പോഴും ചങ്കിലൊരു പിടച്ചിലായിരുന്നു…”
ഉമ്മുമ്മ ആത്മ ഗദ്ഗദത്തോടെ പറഞ്ഞു.
പിന്നീട് കുറെ സമയം അവര്‍ക്കിടയില്‍ സംഭാഷണങ്ങളേ ഇല്ലാതെയായി. ആ മൗനം ബേധിക്കുവാനെന്നവണ്ണം ഞാന്‍ പറഞ്ഞു: ”മറിയുമ്മാമ്മയ്ക്ക് നാളെ പോകാം, പറയാനുള്ള കഥകളൊക്കെ കുറെയെങ്കിലും പറഞ്ഞുതീര്‍ന്നിട്ട്…”
അതിനുള്ള മറുപടി അവര്‍ ഒരു പുഞ്ചിരിയിലൊതുക്കി. അല്പ നേരത്തെ കൂടി മൗനത്തിനു ശേഷം അവര്‍ എഴുന്നേറ്റു, പോകുവാനായി തിടുക്കം കൂട്ടി.
”ആയിശു… ന്നാ ഞാന്‍ ഇറങ്ങുവാ… വല്ല വാക്കാലോ പ്രവൃത്തിയാലോ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ നീ പൊറുത്തേക്കണേ…”
ദുആ വസിയത്തോടെ അവരിറങ്ങി.
ഉമ്മുമ്മ ആ വസിയ്യത്തും ക്ഷമാപണവും നിറകണ്ണുകളോടെ മാനിച്ചു! തിരിച്ചിങ്ങോട്ടും അഭ്യര്‍ഥിച്ചു.
അവര്‍ വെളിയിലേക്കിറങ്ങിയപ്പോള്‍ ഞാനും അല്പദൂരം അവരെ അനുനയിച്ചു മുറ്റത്തേക്കിറങ്ങി. മുറ്റത്ത് എണ്ണമറ്റ കാട്ടുപൂക്കള്‍ വാടി കൂമ്പിയിരുന്നെങ്കിലും അസര്മുല്ലപ്പൂക്കള് വിടര്‍ന്നു നിന്ന് മൗനമായി മന്ദസ്മിതം തൂകി.
ഞാന്‍ നഗ്ന പാദങ്ങള്‍കൊണ്ട് മണ്ണില്‍ സ്പര്‍ശിച്ചു, ആ പകല്‍ ബാക്കിവെച്ച നേര്‍ത്ത ചൂടും മണ്ണില്‍ നിന്നുമായാന് ഇനി നിമിഷ നേരം മാത്രമെന്ന് ഞാനറിഞ്ഞു.
മാസങ്ങള്‍ക്ക് ശേഷം ഖബര്‍സ്ഥാനിന്റെ അരികു ചേര്‍ന്ന നടപ്പാതയിലൂടെ പോകുമ്പോഴാണ് ഞാനറിഞ്ഞത്, ആ ശ്മാശാന മൂകതയുടെ വിജനതയില്‍ അധികം പഴകാത്ത ആ ഖബറിടം മറിയുമ്മാമയുടേത് ആയിരുന്നെന്ന്.