LoginRegister

വാതില്‍ തുറന്ന് സ്വര്‍ഗം വിളിക്കുന്നു

വി എസ് എം

Feed Back


മക്കയില്‍ നിന്നുള്ള ഇസ്‌ലാമിന്റെ വെളിച്ചം മദീനയില്‍ നന്നേ ചെറിയ വെട്ടം പരത്തിയ വേള. അതിന്റെ പ്രതിഫലനമെന്നോണം ഔസ്, ഖസ്‌റജ് ഗോത്രങ്ങളിലെ 12 പേര്‍ വൈകാതെ മക്കയിലെത്തി. ഇവര്‍ പ്രവാചകനുമായി ഒരു പ്രതിജ്ഞ നടത്തി: ‘ഞങ്ങള്‍ അല്ലാഹുവില്‍ പങ്കുചേര്‍ക്കില്ല. മോഷ്ടിക്കില്ല. വേണ്ടാവൃത്തികളില്‍ ഏര്‍പ്പെടില്ല. സ്വന്തം മക്കളെ കൊല്ലുകയോ അപവാദപ്രചാരണം നടത്തുകയോ ചെയ്യില്ല. നന്‍മയില്‍ പ്രവാചകനെ അനുസരിക്കുകയും ചെയ്യും”. ഇസ്‌ലാമിനെക്കുറിച്ച് വളരെക്കുറച്ച് മാത്രം അറിഞ്ഞിട്ടുള്ള 12 അംഗ സംഘത്തിന്റെ പ്രതിജ്ഞ ദൂതരെ ആഹ്‌ളാദഭരിതനാക്കി. തിരുനബി അവരോട് പറഞ്ഞു: ”ഈ പ്രതിജ്ഞ നിങ്ങള്‍ നിറവേറ്റിയാല്‍ സ്വര്‍ഗം നിങ്ങള്‍ക്കുള്ളതാണ്”. ഇതായിരുന്നു ഒന്നാം അഖബ കരാര്‍.
പിന്നീട് തിരുനബിയുടെ പ്രബോധകനായി മിസ്അബ്(റ) യസ്‌രിബിലെത്തി. മദീനയുടെ മണ്ണില്‍ ഇസ്ലാം വേരുപിടിച്ചു തുടങ്ങിയത് അങ്ങനെയാണ്. തൊട്ടടുത്ത വര്‍ഷവും വലിയ തീര്‍ഥാടക സംഘം മക്കയിലെത്തി. അവരില്‍ നിന്ന് 12 പേര്‍ ദൂതരെ കാണാന്‍ അഖബയിലെത്തി. പിതൃവ്യന്‍ അബ്ബാസിനെയും കൂട്ടി രഹസ്യമായി ദൂതരുമെത്തി.
”ഞാന്‍ യസ്‌രിബിലെത്തിയാല്‍ നിങ്ങളുടെ സ്ത്രീകളെയും കുട്ടികളെയും എങ്ങനെ നിങ്ങള്‍ സംരക്ഷിക്കുന്നുവോ അങ്ങനെ എന്നെയും സംരക്ഷിക്കണം”- തിരുനബി അവരോട് പറഞ്ഞു.
”അല്ലാഹു സാക്ഷി, ഞങ്ങളങ്ങനെ ചെയ്തിരിക്കും”- ഖസ്‌റജിലെ നേതാവ് ബറാഅ് പറഞ്ഞു.
തുടര്‍ന്ന് അദ്ദേഹം സ്വന്തം സംഘത്തിന് നേരെ തിരിഞ്ഞുനോക്കി പറഞ്ഞു: ”നിങ്ങള്‍ ചെയ്യുന്ന കരാര്‍ അതീവ ഗൗരവമുള്ളതാണ്. പലര്‍ക്കുമെതിരെ നാം യുദ്ധം ചെയ്യേണ്ടി വരും. അതില്‍ നിങ്ങളുടെ സമ്പാദ്യങ്ങള്‍ നഷ്ടമായേക്കാം. നേതാക്കള്‍ കൊല്ലപ്പെട്ടേക്കാം. ആ വേളയില്‍ നിങ്ങള്‍ ഇദ്ദേഹത്തെ കൈയൊഴിയുമെങ്കില്‍ അത് നമുക്ക് അപമാനമാവും. അങ്ങനെയെങ്കില്‍ ഈ കരാര്‍ വേണ്ടതില്ല”.
അപ്പോള്‍ അവരുടെ ഉത്തരം ഒരു മറുചോദ്യമായിരുന്നു. ”എന്തു തന്നെ സംഭവിച്ചാലും ഞങ്ങള്‍ അങ്ങയെ കൈവെടിയില്ല. എന്നാല്‍ കരാര്‍ പ്രകാരം ജീവന്‍ നല്‍കിയും അങ്ങയെ സംരക്ഷിച്ചാല്‍ ഞങ്ങള്‍ക്ക് എന്താണ് പകരം ലഭിക്കുക?”
”സ്വര്‍ഗം. അനശ്വരമായ ആരാമം!” തിരുനബി മൊഴിഞ്ഞു.
അത് കേള്‍ക്കേണ്ട താമസം അവരൊന്നാകെ പറഞ്ഞു: ”അതു മതി. ആ കൈ തരൂ. ഞങ്ങള്‍ കരാറുറപ്പിക്കട്ടെ”. ഈ കരാറിന്റെ ബലത്തിലായിരുന്നു മദീന ഹിജ്‌റ.

ആരാധനകളുടെ വസന്തകാലമായ വിശുദ്ധ റമദാന്‍ വിശ്വാസികളെ കൂടുതല്‍ വിശുദ്ധരാക്കാനായി വിരുന്നെത്തിയിട്ടുണ്ട്. ഖുര്‍ആനിന്റെ മാസം, പാപമോചനത്തിന്റെ രാവുകള്‍, ക്ഷമയുടെ പകലുകള്‍, മനമുരുകും തേട്ടങ്ങളുടെ യാമങ്ങള്‍, ദാനധര്‍മങ്ങളുടെ വേളകള്‍. അങ്ങനെ വിശ്വാസിയുടെ ആത്മാവിനെ വിശുദ്ധിയില്‍ സ്ഫുടം ചെയ്‌തെടുക്കുന്നതാണ് ഹിജ്‌റ വര്‍ഷത്തിലെ ഈ ഒമ്പതാം മാസം. ആരാധനകളുടെ കൂട്ടത്തില്‍ നോമ്പിന് ചില പ്രത്യേകതകളുള്ളതായി തിരുനബിയുടെ വാക്കുകളില്‍ നിന്ന് വായിച്ചെടുക്കാനാവും. വിശ്വാസിയുടെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്ന് ചോദിച്ചാല്‍ അതിന് ഒരൊറ്റ ഉത്തരമേയുള്ളൂ. അത് ‘സ്വര്‍ഗം’ എന്നതാണ്. ദൈവപ്രീതി മോഹിച്ച് ഈ ലോകത്ത് അവന്‍ ചെയ്യുന്ന ഏതൊരു കര്‍മത്തിന്റെയും പിന്നിലുള്ള വികാരം അനശ്വരവും നിലക്കാത്ത അനുഗ്രഹങ്ങളുടെ കേദാരവുമായ ഈ ആരാമം തന്നെയാണ്.
ഖുദ്‌സിയായ ഹദീസില്‍ ഇങ്ങനെ കാണാം: ”അല്ലാഹു പറയുന്നു. നോമ്പ് എനിക്കുള്ളതാണ്. ഞാനാണ് അതിന് പ്രതിഫലം നല്‍കുക. നോമ്പുകാരന് ഇരട്ട സന്തോഷങ്ങളുണ്ട്. നോമ്പു തുറക്കുമ്പോഴും (സ്വര്‍ഗത്തില്‍) എന്നെ കാണുമ്പോഴും” (അബൂഹുറൈറയില്‍ നിന്ന് ബുഖാരി ഉദ്ധരിച്ചത്).
ആരാധനകളെല്ലാം അല്ലാഹുവിനുള്ളതാണ്. എന്നാലും നോമ്പിനെ പ്രത്യേകമായി എടുത്തു പറയുന്നു. നോമ്പുകാരന്‍ സ്വര്‍ഗത്തില്‍ ആഹ്ലാദത്തോടെ തന്നെ കണ്ടുമുട്ടുമെന്നും അല്ലാഹു പറയുന്നു.
ഇമാം ബൈഹഖി ഉദ്ധരിക്കുന്ന വചനത്തിന്റെ സാരം ഇങ്ങനെയാണ്: തിരുനബി പറഞ്ഞു, ”റമദാന്‍ ക്ഷമയുടെ മാസമാണ്. ക്ഷമക്കുള്ള പ്രതിഫലം സ്വര്‍ഗാരാമമാണ്.”
ഇമാം ബുഖാരിയുടെ ഒരു നിവേദനം ഇങ്ങനെ വായിക്കാം: ”സ്വര്‍ഗത്തില്‍ ഒരു കവാടമുണ്ട്. പേര് റയ്യാന്‍. ഇത് നോമ്പുകാര്‍ക്ക് മാത്രമുള്ളതാണ്. വിചാരണനാളില്‍ മാലാഖമാര്‍ അവരെ വിളിച്ച് സ്വാഗതം ചെയ്യും. അവര്‍ അതിലൂടെ സഹര്‍ഷം പ്രവേശിക്കും. ശേഷം റയ്യാന്‍ അടക്കപ്പെടും. മറ്റാര്‍ക്കും അതിലൂടെ പ്രവേശനമുണ്ടാവില്ല.
നോമ്പിനെ സ്വര്‍ഗവുമായി അടുപ്പിക്കുന്ന ഇത്തരം വചനങ്ങള്‍ ധാരാളമുണ്ട്. ഇത് വിശ്വാസികള്‍ക്ക് പ്രചോദനവും ആവേശവുമാകണം.
തുടക്കത്തില്‍ പറഞ്ഞ ചരിത്രവേള ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. ഖുര്‍ആന്‍ അധികം കേട്ടിട്ടില്ലാത്ത, ഇസ്‌ലാമിനെ പറ്റി നേരിയ കേട്ടറിവ് മാത്രമുള്ള, തിരുനബിയെ ആദ്യമായി കാണുന്ന യസ്‌രിബിലെ ആ ചെറിയ സംഘത്തിന് സ്വര്‍ഗം എന്ന പദം എന്തൊരു ആവേശമാണ് നല്‍കിയത്! ഖുര്‍ആന്‍ വിവരിക്കുന്ന സ്വര്‍ഗത്തെ അവര്‍ അടുത്തറിഞ്ഞിട്ടില്ല. നബിയില്‍ നിന്നുള്ള സ്വര്‍ഗവിശേഷങ്ങള്‍ അവര്‍ കേട്ടിട്ടില്ല. സഹാബിമാരുടെ ത്യാഗോജ്വല മാതൃകകള്‍ അവര്‍ അനുഭവിച്ചറിഞ്ഞിട്ടില്ല. എന്നിട്ടും തങ്ങളുടെ ജീവന് പകരമായി, ഇണകളുടെയും മക്കളുടെയും പകരമായി അവര്‍ പരലോകത്ത് സ്വര്‍ഗം കൊണ്ട് തൃപ്തിപ്പെടുന്നു. ഇതേ സ്വര്‍ഗമാണ് അല്ലാഹു നമുക്കും വാഗ്ദാനം ചെയ്യുന്നത്. അതിന് നാം അനുഷ്ഠിക്കേണ്ടതോ, കേവലം ഒരു മാസക്കാലത്തെ വ്രതവും. ആ വ്രതകാലമാണ് നമ്മിലേക്ക് വിരുന്നെത്തിയിരിക്കുന്നത്. അതെ, ദിവ്യാനുഗ്രഹങ്ങളുടെ നിലക്കാത്ത അരുവികളൊഴുകുന്ന അനശ്വരമായ സ്വര്‍ഗം പ്രതിഫലമായി ലഭിക്കുന്ന ഉപവാസ നാളുകള്‍.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top