LoginRegister

വാക്കുകള്‍ കൊണ്ട് മുറിപ്പെടാതിരിക്കട്ടെ

Feed Back


ഏറ്റവും അടുപ്പമുള്ളവര്‍ക്കിടയില്‍ ശത്രുതയുടെ കനലു വീണാല്‍ അത് ആളിപ്പടരുമെന്നാണ്. ചുറ്റുമൊന്ന് നോക്കേണ്ട കാര്യം മാത്രമേയുള്ളൂ, ആ യാഥാര്‍ഥ്യത്തെ പകല്‍വെളിച്ചം പോലെ മനസ്സിലാക്കാന്‍. തോളില്‍ കൈയിട്ടു നടന്നിരുന്നവര്‍, എന്തിലും ഏതിലും പരസ്പരം സഹായിച്ചിരുന്നവര്‍, സന്തോഷവും സന്താപവും പങ്കുവെച്ചിരുന്നവര്‍… ഒരുകാലത്ത് ഈടുറ്റ ബന്ധത്തിന്റെ അടയാളമായി നാം നോക്കിക്കണ്ടിരുന്നവര്‍ പിന്നീട് കനത്ത വൈരത്തിലേക്കു പോയതിന്റെ എത്ര ഉദാഹരണങ്ങളാണ് നമുക്കു ചുറ്റും!
ഒരാള്‍ക്കും എപ്പോഴും ഒരേപോലെ നില്‍ക്കാന്‍ സാധിച്ചെന്നു വരില്ല. ജീവിതാനുഭവങ്ങള്‍ അവനില്‍ കൊണ്ടുചേര്‍ത്ത തിരിച്ചറിവുകള്‍ അവനില്‍ മാറ്റങ്ങളുണ്ടാക്കുക എന്നത് സ്വാഭാവിക പ്രക്രിയ മാത്രമാണ്. ഈ തിരിച്ചറിവുകളുടെ പ്രതിഫലനം അവന്റെ സര്‍വ മേഖലകളിലുമുണ്ടാകും. ബന്ധങ്ങളിലും അകല്‍ച്ചയോ അടുപ്പമോ വരുത്താന്‍ അത് കാരണമാകും.
രണ്ടു പേര്‍ക്കിടയിലുള്ള ബന്ധങ്ങളില്‍ വിള്ളല്‍ സംഭവിക്കുമ്പോള്‍ പരസ്പരം ചെളിവാരിയെറിയലുകളും വിഴുപ്പലക്കലുകളുമാണ് നമ്മുടെ സമൂഹത്തില്‍ സാധാരണയായി സംഭവിക്കുന്നത്. അത് ഇരുവരിലും നെഗറ്റീവ് എനര്‍ജി ഉണ്ടാക്കും എന്നല്ലാതെ മറ്റെന്താണ് സമ്മാനിക്കുന്നത്? പിന്നീടൊരിക്കലും തിരികെ യോജിക്കാനാകാത്ത തരത്തില്‍ വാക്കുകള്‍ കൊണ്ട് മുറിവേറ്റിട്ടുണ്ടാകും അപ്പോഴേക്കും.
വൈകാരികതയ്ക്കു കീഴടങ്ങാതെ വിവേകത്തെ കൂട്ടുപിടിക്കേണ്ട സന്ദര്‍ഭങ്ങളാണ് ഇത്തരത്തിലുള്ള പിണക്കങ്ങള്‍. വൈകാരികതയ്ക്ക് അടിമപ്പെട്ട് നാം എയ്തുവിടുന്ന വാക്കുകള്‍ ഏല്‍പിക്കുന്ന മുറിവ് പിന്നീട് ഉണക്കിയെടുക്കുക എന്നത് വളരെ പ്രയാസകരമാണ്. താല്‍ക്കാലികമായി ഉണങ്ങിയാലും വാക്കുകള്‍ ഏല്‍പിക്കുന്ന മുറിവുകള്‍ വീണ്ടും വേദന തീര്‍ത്തേക്കാം. തിരികെ സൗഹൃദതീരത്തണയാനുള്ള സാധ്യതകള്‍ തുറന്നിട്ടു വേണം ഇത്തരം പിണക്കങ്ങളില്‍ ഇടപെടാന്‍. വാക്കുകളുടെ മൂര്‍ച്ച നമുക്ക് പിന്നീട് വിനയാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ഡോ. ബഷീര്‍ ബദര്‍ എന്ന കവി പറഞ്ഞപോലെ, ”കടുത്ത ശത്രുത തുടരുമ്പോഴും ഒരല്‍പം പ്രതീക്ഷ ബാക്കിയാക്കണം/ എന്നെങ്കിലുമൊരിക്കല്‍ നാം സൗഹൃദത്തിലാകുമ്പോള്‍ നമുക്ക് നാണക്കേടുണ്ടായിക്കൂടല്ലോ…”

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top