LoginRegister

വസന്തത്തെ വരവേല്‍ക്കുന്ന ഇലകള്‍

ഷെരീഫ് സാഗര്‍

Feed Back


കാനഡയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ സാധാരണ കുടുംബത്തിലാണ് തോമസ് ആല്‍വാ എഡിസണ്‍ ജനിച്ചത്. ഓഹിയോയിലെ മിലാനില്‍. അധികകാലം അവിടെ പാര്‍ക്കാന്‍ എഡിസന്റെ കുടുംബത്തിന് സാധിച്ചില്ല. പരാജയപ്പെട്ട വിപ്ലവം എന്നു വിശേഷിപ്പിക്കുന്ന മക്കെന്‍സി കലാപത്തില്‍ പങ്കെടുത്തതോടെ അച്ഛന്‍ പോര്‍ട്ട് ഹൂറണിലേക്ക് നാടുവിട്ടു. എഡിസന് അപ്പോള്‍ വയസ്സ് എട്ട്. സ്‌കൂളില്‍ ചേര്‍ത്തെങ്കിലും ബുദ്ധി കുറവുള്ള കുട്ടിയാണെന്നു പറഞ്ഞ് അധ്യാപകര്‍ പഠിപ്പിക്കാന്‍ തയ്യാറായില്ല. മൂന്നു മാസം മാത്രമാണ് സ്‌കൂളില്‍ പോയത്. പിന്നെ അമ്മയാണ് എഡിസനെ പഠിപ്പിച്ചത്. അമ്മയായിരുന്നു എഡിസന്റെ സ്‌കൂള്‍.
നമ്മുടെ മക്കളെ ചേര്‍ത്താന്‍ പറ്റിയ ഏറ്റവും നല്ല സ്‌കൂള്‍ ഏതാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. അത് നമ്മളെന്ന സ്‌കൂളാണ്. നമ്മളില്‍ നിന്ന് കിട്ടുന്ന അറിവുകളുടെയും അനുഭവങ്ങളുടെയും ആഴമാണ് അവനെയും അവളെയും അവരാക്കി മാറ്റുന്നത്. ജീവിക്കാന്‍ ഒരു ലക്ഷ്യമുണ്ടെന്നും നിരാശപ്പെടുത്താതിരിക്കാന്‍ ആളുണ്ടെന്നും നമ്മെ കാണുമ്പോള്‍ മക്കള്‍ക്ക് തോന്നണം. മക്കള്‍ തോല്‍ക്കുന്ന നേരങ്ങളില്‍ ആശയുടെയും പ്രതീക്ഷയുടെയും തിരിവെട്ടമായി നമ്മളങ്ങനെ കത്തിനില്‍ക്കണം.
എഡിസന്റെ കുടുംബം ദാരിദ്ര്യത്തിലും കഷ്ടപ്പാടിലുമായിരുന്നു. പോര്‍ട്ട് ഹൂറണിലെ തീവണ്ടിയില്‍ പത്രം വില്‍ക്കലായിരുന്നു ബാല്യകാലത്തെ അവന്റെ പണി. വില്‍പനയോടൊപ്പം പത്രം നന്നായി വായിക്കാനും തുടങ്ങി. അവന് താല്‍പര്യം പരീക്ഷണങ്ങളിലായിരുന്നു. സ്വപ്രയത്‌നത്തിലൂടെ ഫിസിക്‌സും കെമിസ്ട്രിയും പഠിച്ചു. റെയില്‍വേ സ്റ്റേഷനിലെ ഉപേക്ഷിക്കപ്പെട്ട ഒരു തീവണ്ടി ബോഗിയായിരുന്നു ആ ബാലന്റെ ആദ്യത്തെ പരീക്ഷണശാല. അവിടെ വെച്ച് പല തരത്തിലുള്ള പരീക്ഷണങ്ങള്‍ നടത്തിനോക്കി. അതിനായി കുറേയധികം ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടി. എന്നാല്‍ ഒരു ദിവസം വന്നു നോക്കുമ്പോള്‍ എല്ലാം തീ പിടിച്ച് നശിച്ച കാഴ്ചയാണ് എഡിസണ്‍ കണ്ടത്. അതോടെ നിലവിളിച്ച് എല്ലാം അവസാനിപ്പിക്കാമായിരുന്നു. എന്നാല്‍ ആ ബാലന്‍ പറഞ്ഞത് ഇങ്ങനെയാണ്: എന്റെ കുറവുകളെല്ലാം ഈ ദുരന്തത്തോടെ കത്തിച്ചാമ്പലായി. എല്ലാം പുതുതായി തുടങ്ങാന്‍ ദൈവം ഒരു അവസരം തന്നിരിക്കുന്നു.
ദൈവത്തെ പഴിക്കുന്നതിനു പകരം ആ ദുരന്തത്തെ അവസരമായും പുതിയ വാതിലുകളിലേക്കുള്ള വഴികളായും എഡിസണ്‍ കണ്ടു. ആത്മഹത്യ ചെയ്തില്ല. മദ്യശാലയിലേക്ക് പോയി ദുരന്തത്തെ മറക്കാന്‍ ശ്രമിച്ചില്ല. ലഹരിമരുന്നുകള്‍ ഉപയോഗിച്ചില്ല. പരാജയം തന്നെ ഒരു ലഹരിയായി മാറി. തോല്‍വിയെ കൂടുതല്‍ പഠിക്കാനുള്ള അവസരമാക്കി.
24-ാം വയസ്സില്‍ വിവാഹിതനായ എഡിസന് മൂന്നു കുട്ടികളുണ്ടായി. മൂന്നു മക്കളെയും എഡിസനെ ഏല്‍പിച്ച് ഭാര്യ മേരി വിടവാങ്ങി. പിന്നീട് 39-ാം വയസ്സിലായിരുന്നു രണ്ടാം വിവാഹം. സ്വന്തം ജീവിതത്തിലെ ദുരന്തങ്ങളൊന്നും എഡിസന്റെ ലക്ഷ്യങ്ങളെ ബാധിച്ചില്ല. മാരിറ്റന്‍ നഗരത്തിനടുത്ത് മെന്‍ലോ പാര്‍ക്കില്‍ ഇന്‍ഡസ്ട്രിയല്‍ ലാബ് പണിതു. അവിടെ വെച്ച് പരീക്ഷണങ്ങള്‍ നടത്തി. ടെലഗ്രാഫ്, ഫോണോഗ്രാഫ്, ഇലക്ട്രിക് റെയില്‍വേ, ഇലക്ട്രിക് ലൈറ്റിങ്, കാര്‍ബണ്‍ മൈക്രോഫോണ്‍, റെക്കോര്‍ഡിങ് എന്നിങ്ങനെ ലോകത്തെ മാറ്റിമറിച്ച കണ്ടുപിടിത്തങ്ങളുടെ വേദിയായി ഈ പരീക്ഷണശാല മാറി. ഒരു ദശകം പിന്നിട്ടതോടെ ഈ ലബോറട്ടറി രണ്ട് നഗരത്തോളം വലുതായി മാറി. ലോകചരിത്രത്തെ സ്വാധീനിച്ച നൂറു വ്യക്തികളില്‍ 35-ാമനായി ചരിത്രകാരനായ മൈക്കിള്‍ ഹാര്‍ട്ട് എഡിസന്റെ പേര് ചേര്‍ത്തു.
ബാറ്ററി കണ്ടുപിടിച്ച ഹംഫ്രി ഡേവിയാണ് ആദ്യത്തെ വൈദ്യുത ബള്‍ബും കണ്ടുപിടിച്ചത്. എന്നാല്‍ ഈ വെളിച്ചം സാര്‍വത്രികമാക്കാനുള്ള മൂവായിരത്തോളം പരീക്ഷണങ്ങള്‍ നടത്തിയത് തോമസ് ആല്‍വാ എഡിസണായിരുന്നു. നിരവധി പരീക്ഷണങ്ങള്‍ക്കൊടുവില്‍ 1879-ല്‍ ബള്‍ബ് നിര്‍മിക്കുന്നതില്‍ എഡിസണ്‍ വിജയിച്ചു. ബള്‍ബിനുള്ളില്‍ നേര്‍ത്ത പ്ലാറ്റിനം കമ്പിയാണ് ഫിലമെന്റായി ആദ്യം ഉപയോഗിച്ചത്. എന്നാല്‍ ഇത് മണിക്കൂറുകള്‍ക്കകം ഉരുകിപ്പോകും. ഈ പ്രശ്‌നം പരിഹരിക്കാന്‍ മാത്രം എഡിസണ്‍ ആയിരക്കണക്കിന് വസ്തുക്കള്‍ ഫിലമെന്റായി പരീക്ഷിച്ചു. സാധാരണ മുളയും പച്ചക്കറിത്തണ്ടുകളുമെല്ലാം പരീക്ഷണത്തിന് ഉപയോഗിച്ചു. ഓരോന്നും പരാജയപ്പെട്ടുകൊണ്ടിരുന്നു. ഏറ്റവും കുറഞ്ഞത് ആറായിരം വസ്തുക്കളെങ്കിലും പരീക്ഷിച്ചു എന്നാണ് എഡിസണ്‍ തന്നെ പറയുന്നത്. ഓരോ ഫിലമെന്റും കത്തിത്തീരുന്നത് നോക്കിനിന്നെങ്കിലും പിന്മാറിയില്ല. ഒടുവില്‍ 1880-ല്‍ 16 വാള്‍ട്ടിന്റെ ബള്‍ബ് കണ്ടുപിടിച്ചു. എഡിസന്റെ കാലത്ത് പലരും ബള്‍ബ് കണ്ടുപിടിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും എഡിസന്റേതായിരുന്നു ഏറ്റവും മികച്ചത്. ലോകം ഏറ്റെടുത്തതും ആ പരീക്ഷണം തന്നെ.
തോല്‍വിയെ പേടിക്കുന്ന നേരങ്ങളില്‍, തോറ്റുപോകുമെന്ന് കരുതി ലക്ഷ്യങ്ങളില്‍ നിന്ന് പിന്തിരിയുന്ന നേരങ്ങളില്‍ ഓര്‍ക്കേണ്ട പേരുകളിലൊന്നാണ് തോമസ് ആല്‍വാ എഡിസണ്‍. എവിടെയൊക്കെ തോറ്റാലും ആരൊക്കെ തള്ളിപ്പറഞ്ഞാലും ആത്മാവിലും സിരകളിലും മുന്നോട്ടു നടക്കാനുള്ള ഊര്‍ജമുണ്ടാവുക എന്നതാണ് പ്രധാനം.
”തോറ്റ കുട്ടി പുറത്തേക്കിറങ്ങി
തോട്ടുവെള്ളത്തില്‍ പുസ്തകം വിട്ടു
കാറ്റിലേക്കു കുടയും കൊടുത്തു
തുണ്ടു പെന്‍സിലെറിഞ്ഞുകളഞ്ഞു
കണ്ട കാട്ടുവഴിയില്‍ നടന്നു”
എന്നു തുടങ്ങുന്ന റഫീഖ് അഹമ്മദിന്റെ കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്:
”തോറ്റ കുട്ടിയെ തോളത്തുവെച്ചു
പൂത്തു നിന്നു മരതകക്കുന്ന്
തോല്‍ക്കുകില്ല നീയെന്നേ പറഞ്ഞു
കാത്തുനില്‍ക്കുന്നൊരമ്പിളിത്തെല്ല്.”
തോറ്റ കുട്ടികളെ തോളത്ത് വെക്കാന്‍ മരതകക്കുന്നുകളുണ്ടാവും. ആ കുന്നുകളില്‍ നിന്ന് നമ്മളാരും അവനെ വലിച്ചിറക്കാതിരുന്നാല്‍ മതി. ഓരോ തോല്‍വിയും മറ്റൊരു ജയത്തിനു വേണ്ടിയുള്ളതാണെന്ന് ധരിക്കുകയും അതനുസരിച്ച് മുന്നോട്ടു നടക്കുകയും ചെയ്താല്‍ തോല്‍വി പോലും നാണിച്ചുപോകും. തോല്‍പിക്കാന്‍ ശ്രമിക്കുന്നവര്‍ തോറ്റു പിന്മാറും.
റൂമി പറയുന്നു:
”നാം തളര്‍ന്നുവീണതോ
തകര്‍ന്നുപോയതോ അവരറിയേണ്ട.
വസന്തത്തെ വരവേല്‍ക്കാനായി
പഴയ ഇലകള്‍ പൊഴിക്കുകയാണെന്ന്
അവര്‍ ധരിച്ചുകൊള്ളട്ടെ.”

വസന്തത്തെ വരവേല്‍ക്കാനുള്ള ഇലകളാണ് ഓരോ തകര്‍ച്ചയുമെന്നു കരുതി മുന്നോട്ടു നടക്കുക. കൊഴിഞ്ഞുവീണ ഇലകളില്‍ നോക്കി നെടുവീര്‍പ്പിടാതെ തളിര്‍ത്തുവരേണ്ട ഇലകള്‍ക്കായി കാത്തിരിക്കുക.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top