LoginRegister

'വരൂ നമുക്ക് ഈമാന്‍ കൂട്ടാം...'

ഡോ. പി അബ്ദു സലഫി

Feed Back


”അല്ലാഹുവിനെപ്പറ്റി പറയപ്പെട്ടാല്‍ ഹൃദയം നടുങ്ങുന്നവരത്രെ യഥാര്‍ഥവിശ്വാസികള്‍. അവന്റെ വചനങ്ങള്‍ പാരായണം ചെയ്യപ്പെടുമ്പോള്‍ അവര്‍ക്ക് വിശ്വാസം വര്‍ധിക്കുകയും തങ്ങളുടെ നാഥനില്‍ അവര്‍ ഭരമേല്‍പ്പിക്കുകയും ചെയ്യുന്നു.” (ഖുര്‍ആന്‍ 8:2)
യഥാര്‍ഥ സത്യവിശ്വാസികളുടെ സ്വഭാവം അല്ലാഹു ഈ വചനത്തില്‍ വിവരിക്കുന്നുണ്ട്. മനുഷ്യപ്രകൃതിയുടെ ഭാഗമാണ് മറവി. നാം ഒരു വിഷയം മറന്നുകഴിഞ്ഞാല്‍ അതിന്റെ ഗൗരവം തീര്‍ത്തും നഷ്ടപ്പെട്ടു എന്ന് വരാം. സ്രഷ്ടാവും സൃഷ്ടികളും തമ്മിലുള്ള ബന്ധം സദാ നിലനില്‍ക്കേണ്ട ഒന്നാണ്. സ്രഷ്ടാവിനെ മറക്കുമ്പോഴാണ് സൃഷ്ടികളില്‍ പിശാചിന്റെ സ്വാധീനം കൂടുന്നത്. എന്നാല്‍ അല്ലാഹു എന്ന് കേള്‍ക്കുമ്പേഴേക്കും യഥാര്‍ഥ വിശ്വാസികള്‍ ദൈവീക ചിന്തയിലേക്ക് കടന്നു വരും. അവന്‍ നല്‍കിയ എണ്ണമറ്റ അനുഗ്രഹങ്ങള്‍ അനുഭവിച്ചുകൊണ്ടിരുന്നിട്ടും അവനെ മറന്നുപോയതില്‍ അവരുടെ മനസ്സുകളില്‍ നടുക്കം അനുഭവപ്പെടും. ദൈവീക വചനമായ ഖുര്‍ആന്‍ കേള്‍ക്കുമ്പോഴും പ്രകൃതിയിലെ വിസ്മയകരമായ മഹാത്ഭുതങ്ങള്‍ കാണുമ്പോഴും അവരുടെ വിശ്വാസത്തിന്റെ അളവ് കൂടിക്കൊണ്ടേയിരിക്കും. തങ്ങളുടെ നാഥനില്‍ എല്ലാം അര്‍പ്പിക്കാനുള്ള വിശ്വാസ ദാര്‍ഢ്യത വിശ്വാസികള്‍ക്ക് മാത്രമാണുണ്ടാവുക.
വിശ്വാസത്തിന് കുറവും വൈകല്യവും സംഭവിക്കാം. വസ്ത്രം നുരുമ്പുന്നത് പോലെ ഈമാന്‍ തുരുമ്പെടുക്കുമെന്ന് നബി(സ) പഠിപ്പിക്കുന്നുണ്ട്. ഈമാന്‍ സജീവമായി നിലനില്‍ക്കാന്‍ സ്രഷ്ടാവിനോട് പ്രാര്‍ഥിക്കണമെന്ന് നബി(സ) പഠിപ്പിക്കുന്നത് കാണാം. ”വരൂ നമുക്ക് ഈമാന്‍ കൂട്ടാം” എന്ന് ഉമര്‍(റ) പറയാറുണ്ടായിരുന്നു. ”ഇരിക്കൂ നമുക്ക് കുറച്ച് ഈമാന്‍ കൊള്ളാം” എന്ന് മുആദ് (റ) പറഞ്ഞിരുന്നതായും ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാം.
”നാഥാ ഞങ്ങളുടെ മനസ്സിനെ വിശ്വാസത്തില്‍ നിന്നു വ്യതിചലിപ്പിക്കരുതേ” എന്ന പ്രാര്‍ഥന വിശ്വാസികള്‍ നടത്തുമെന്ന് ഖുര്‍ആന്‍ പറയുന്നു. ”അല്ലാഹുവേ വിശ്വാസവും ഉറപ്പും അറിവും നീ വര്‍ധിപ്പിക്കണമേ” എന്ന് ഇബ്നു മസ്ഊദ്(റ) നിരന്തരം പ്രാര്‍ഥിച്ചിരുന്നു.
മരണചിന്തയും ഖുര്‍ആന്‍ പാരായണവും മനസില്‍ അല്ലാഹുവിനെ കുറിച്ചുള്ള ഓര്‍മ നിലനിര്‍ത്താന്‍ ഏറ്റവും കൂടുതല്‍ സഹായിക്കുന്നതാണ്. അല്ലാഹുവിനെ സ്വയം ഓര്‍ക്കുന്നതോടൊപ്പം മറ്റുള്ളവരെ ഓര്‍മിപ്പിക്കുക കൂടി ചെയ്യുക എന്നതാണ് വിശ്വാസികളുടെ രീതി. ഏതു പ്രതിസന്ധികളിലും തന്റെ കൂടെയുള്ളതും എന്തു വലിയ ഭാരം ഇറക്കിവെക്കാനും ഏല്‍പിക്കാനും സാധ്യമാകുന്നതുമായ ശക്തിയാണ് തന്റെ സ്രഷ്ടാവ് എന്നുറപ്പുള്ള ഒരു വിശ്വാസിക്ക് ഏത് പ്രതിസന്ധികളെയും നിഷ്പ്രയാസം നേരിടാനാവും.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top