വിഗ്രഹങ്ങളോടും അവയുടെ ഉപാസകരോടും ചെറുപ്പം മുതലേ വെറുപ്പാണ് മുആദുബ്‌നു ജബലിന്. അങ്ങനെയിരിക്കെയാണ് മക്കയില്‍ ഉദയംകൊണ്ട പുതിയ വിശ്വാസത്തിന്റെ പ്രബോധന ദൗത്യവുമായി മുസ്അബ് മദീനയിലെത്തുന്നത്. ഏകദൈവത്തെ മാത്രം ആരാധിക്കണമെന്ന മുസ്അബിന്റെ സന്ദേശം മുആദിനെ വല്ലാതെ ആകര്‍ഷിച്ചു. മുസ്അബുമായി അദ്ദേഹം കൂട്ടുകൂടി ഇസ്‌ലാമിനെക്കുറിച്ച് കൂടുതല്‍ പഠിച്ചു. തിരുനബിയെ നേരില്‍ കാണണമെന്ന മോഹമുദിച്ചത് അന്നു മുതലാണ്. അധികനാള്‍ കഴിയും മുമ്പുതന്നെ അടുത്ത കൂട്ടുകാരെയും കൂട്ടി മുആദ് മക്കയിലെത്തി. തിരുനബിയെ കണ്ടു, പ്രതിജ്ഞയുമെടുത്തു. മുആദ് മുസ്‌ലിമായി. മദീനയില്‍ തിരിച്ചെത്തിയ മുആദിനെ കാണാന്‍ പലരും സ്വകാര്യമായി വീട്ടില്‍ വരാന്‍ തുടങ്ങി. അവരില്‍ ഒരു യുവതിയുമുണ്ടായിരുന്നു. മുആദിന്റെ പിതൃവ്യന്‍ യസീദിന്റെ മകള്‍ അസ്മാഅ്. തിരുനബിയെ കുറിച്ചും ഇസ്‌ലാമിനെപ്പറ്റിയും ചോദിച്ച പെങ്ങളോട് വിശദമായി മുആദ് സംസാരിച്ചു.
ദൂതരെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച അവളോട് മുആദ് പറഞ്ഞു: ”കാത്തിരിക്കുക, നബിയും ഇസ്‌ലാമും വൈകാതെ മദീനയിലെത്തും.”
ഹൃദയത്തില്‍ ഇസ്‌ലാമിനെയും ദൂതരെയും താലോലിച്ച് അസ്മാഅ് കാത്തിരിപ്പ് തുടങ്ങി. അത് ഒരു വര്‍ഷത്തിലേറെ നീണ്ടു.
ആയിടക്കാണ് ഈത്തപ്പനകളാല്‍ സമൃദ്ധമായ യസ്‌രിബിനെ ആവേശക്കടലാക്കി ഖസ്‌വായുടെ ആഗമനമുണ്ടായത്. ആഹ്‌ളാദം അടങ്ങും മുമ്പുതന്നെ അസ്മാഅ് ദൂതരെ കാണാന്‍ ചെന്നു. കൂടെ സഹോദരി ഹവ്വാഉം ഔസുകാരുടെ നേതാവ് സഅ്ദുബ്‌നു മുആദിന്റെ മാതാവ് കബ്ശ ബിന്‍ത് റാഫിഉം ഉണ്ടായിരുന്നു. ശഹാദത്ത് ചൊല്ലിയ അസ്മാഅ് ചരിത്രത്തിന്റെ ഭാഗം കൂടിയായി: മദീനയില്‍ വെച്ച് ആദ്യം ബൈഅത്ത് ചെയ്ത വനിത.
ഔസ് ഗോത്രത്തിലെ അശ്അലീ കുടുംബാംഗമായ യസീദുബ്‌നു സകനിന്റെ മകളാണ് അസ്മാഅ്. ഉമ്മുസലമ, ഉമ്മുആമിര്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഒരു പെണ്ണിന് ജീവിതത്തില്‍ ഏതെല്ലാം രംഗങ്ങളില്‍ തിളങ്ങാം എന്നതിന്റെ മികച്ച മാതൃകയാണ് അസ്മാഇന്റെ ജീവിതം. ഹദീസ് നിവേദക, പ്രബോധക, പ്രഭാഷക, പോരാളി, പോരാളികളുടെ പരിചാരിക, വനിതാ വിമോചക, അധ്യാപിക അങ്ങനെ നീളുന്നു അവര്‍ കൈയൊപ്പ് ചാര്‍ത്തിയ മേഖലകള്‍.
അന്‍സാരികളിലെ ആദ്യകാല മുസ്‌ലിം വനിത എന്ന നിലയില്‍ അസ്മാഇന് നബിയുമായി കൂടുതല്‍ ഇടപഴകാന്‍ സാധിച്ചു. മതവിഷയങ്ങള്‍, പ്രത്യേകിച്ച് സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നബിയോട് നേരിട്ട് ചോദിക്കുന്ന പ്രകൃതക്കാരിയായിരുന്നു അവള്‍. പലതും പ്രവാചകന്‍ തന്നെ സംശയനിവാരണം നടത്തി. എന്നാല്‍ ചിലതെല്ലാം ഭാര്യ ആഇശയോട് ചോദിക്കാന്‍ പറയുകയും ചെയ്തു. തിരുനബിയെ അങ്ങേയറ്റം ആദരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തു അസ്മാഅ്.
ഉഹ്ദിലേക്ക് പുറപ്പെട്ട മുസ്ലിം സേനയില്‍ അസ്മാഇന്റെ പിതാവ് യസീദും സഹോദരന്‍ ആമിറുബ്‌നു യസീദും ഉണ്ടായിരുന്നു. കണക്കുകൂട്ടലുകള്‍ തെറ്റിയപ്പോള്‍ ഉഹ്ദില്‍ 60ഓളം മുസ്ലിംകള്‍ രക്തസാക്ഷികളായി. തിരുനബിക്ക് സാരമായി പരിക്കേറ്റു. ദൂതര്‍ വധിക്കപ്പെട്ടു എന്ന കിംവദന്തി വരെ പരന്നു. വിവരം മദീനയിലെത്തി.
അസ്മാഇന് വീട്ടില്‍ സ്വസ്ഥത നശിച്ചു. അവള്‍ പുറത്തിറങ്ങി. ഉഹ്ദില്‍ നിന്ന് മടങ്ങുന്നവരെ പരതി. വഴിയില്‍ വെച്ച് ആരോ പറഞ്ഞു, ”നിങ്ങളുടെ പിതാവ് യസീദ് രക്തസാക്ഷിയായിട്ടുണ്ട്.” സങ്കടം ഉള്ളിലമര്‍ത്തി അവള്‍ ആരാഞ്ഞു, ”തിരുനബിയുടെ വിവരങ്ങള്‍ പറയൂ.”
അപ്പോള്‍ മറ്റൊരാള്‍ പറയുന്നത് അവള്‍ കേട്ടു: ”നിങ്ങളുടെ സഹോദരന്‍ ആമിറും രക്തസാക്ഷിയായി.” അസ്മാഇന്റെ ഉള്ളം പിടഞ്ഞു. ശബ്ദമിടറി അവള്‍ വീണ്ടും ചോദിച്ചു: ”തിരുദൂതര്‍ക്ക് എന്തെങ്കിലും സംഭവിച്ചോ? ആരെങ്കിലുമൊന്ന് പറയൂ.”
ആശങ്കകളുടെ കാത്തിരിപ്പിനൊടുവില്‍ മുഖത്ത് മുറിവേറ്റ് ക്ഷീണിതനായി വരുന്ന പ്രിയ നബിയെ അസ്മാഅ് കണ്ടു. അവള്‍ ആശ്വാസത്തോടെ പറഞ്ഞു: ”നബിയേ, നിങ്ങള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ പിന്നെ മറ്റു ദുരന്തങ്ങളൊന്നും എന്നെ ഉലയ്ക്കില്ല.”
തന്റേടിയും കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കഴിവുള്ളവളുമായിരുന്നു യസീദിന്റെ പുത്രി. അതുകൊണ്ടാവാം സഹാബി വനിതകള്‍ അവരുടെ സംശയങ്ങള്‍ അസ്മാഇനോട് ചോദിക്കും. അസ്മാഅ് നേരെ തിരുനബിയോടും ഉന്നയിക്കും.
ഒരിക്കല്‍ നബിയും സഹാബിമാരും ഇരിക്കുന്ന സദസ്സിലേക്ക് അസ്മാഅ് കയറിവന്നു:
”നബിയേ, എനിക്ക് താങ്കളോട് ചില കാര്യങ്ങള്‍ ചോദിക്കണമെന്നുണ്ട്.”
”എന്താണ് നിനക്ക് അറിയാനുള്ളത്?” ദൂതര്‍ ആരാഞ്ഞു.
”നബിയേ, ഞാന്‍ സ്ത്രീകളുടെ പ്രതിനിധിയായി വന്നതാണ്. അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നത്.”
”അസ്മാഅ് പറയൂ.”
”ദൂതരേ, അങ്ങ് പുരുഷന്‍മാരുടേതുപോലെ തന്നെ ഞങ്ങളുടെയും റസൂലാണല്ലോ. എന്നാല്‍ ഇസ്‌ലാം സ്ത്രീകള്‍ക്ക് പലതിലും പരിധിയും പരിമിതിയും വെച്ചിരിക്കുകയാണ്. ഞങ്ങളാണല്ലോ നിങ്ങള്‍ പുരുഷന്മാരുടെ വീട് സംരക്ഷിക്കുന്നത്. നിങ്ങളുടെ വികാരം ശമിപ്പിക്കുന്നതും ഗര്‍ഭം ധരിക്കുന്നതും ഞങ്ങളാണ്. മക്കളെ പരിചരിച്ചും വസ്ത്രങ്ങള്‍ അലക്കിയും സമ്പത്തിന് കാവലായും ഞങ്ങള്‍ വീട്ടിലിരിക്കുന്നു. എന്നാല്‍ പുരുഷന്‍മാരോ?”
അസ്മാഇന്റെ സംസാരം സഹാബിമാരെ അമ്പരപ്പിച്ചു. പക്ഷേ തിരുനബി ചെറുചിരിയോടെ അതിലേക്ക് തന്നെ ശ്രദ്ധിച്ചിരുന്നു.
”പറയൂ സഹോദരീ…” ഇടയ്ക്ക് നിര്‍ത്തിയ അസ്മാഇനെ നബി പ്രോല്‍സാഹിപ്പിച്ചു.
”എന്നാല്‍ പുരുഷന്‍മാര്‍ പലതിലൂടെയും ശ്രേഷ്ഠത നേടുന്നു. പള്ളികളിലെ ജമാഅത്ത് നമസ്‌കാരങ്ങളില്‍ പങ്കെടുക്കുന്നു. ധര്‍മയുദ്ധങ്ങളില്‍ അണിനിരക്കുന്നു. കൂടുതല്‍ ഹജ്ജ് ചെയ്യുന്നു. രോഗികളെ സന്ദര്‍ശിച്ചും മയ്യിത്ത് സംസ്‌കരണങ്ങളില്‍ പങ്കാളികളായും അവര്‍ പ്രതിഫലം വാരുന്നു. എന്നാല്‍ നിങ്ങള്‍ക്ക് വേണ്ടി വീട്ടിലിരിക്കുന്ന ഞങ്ങള്‍ക്ക് ഇതൊന്നും ലഭിക്കുന്നുമില്ല”- അസ്മാഅ് നിര്‍ത്തി.
”ഒരു സ്ത്രീ തന്റെ മതകാര്യങ്ങളിലുള്ള ആവലാതി ഇത്ര ഭംഗിയായി അവതരിപ്പിക്കുന്നത് ഇതിനു മുമ്പ് നിങ്ങള്‍ കേട്ടിട്ടുണ്ടോ?”
നബി സഹാബിമാരോടായി ചോദിച്ചു.
”ഇല്ല നബിയേ”-അവര്‍ ഏകസ്വരത്തില്‍ പറഞ്ഞു.
തുടര്‍ന്ന് നബി അവരെ ഉപദേശിച്ചു: ”സഹോദരീ, നിങ്ങള്‍ സ്ത്രീകള്‍ പുരുഷന്മാരുടെ ഉത്തമ പങ്കാളികളാവുക. അവരെ പിന്തുടര്‍ന്ന് അവരുടെ തൃപ്തി നേടുക. എല്ലാ കാര്യത്തിലും അത് നിങ്ങള്‍ക്ക് തുല്യത നല്‍കും. മടങ്ങിച്ചെന്ന് ഇക്കാര്യം നീ സഹോദരിമാരെ അറിയിക്കുക.” അസ്മാഅ് നിറഞ്ഞ തൃപ്തിയോടെയാണ് തിരിച്ചുപോയത്.
മറ്റൊരിക്കല്‍ ആര്‍ത്തവശുദ്ധിയുമായി ബന്ധപ്പെട്ട സംശയവുമായും അസ്മാഅ് ദൂതരെ സമീപിച്ചു. ഉടനെ തിരുനബി അവളെ പത്‌നി ആഇശയുടെ അടുത്തേക്ക് അയക്കുകയാണുണ്ടായത്.
ഒരിക്കല്‍ മഹതി ആഇശ പറഞ്ഞു: ”അന്‍സാരീ വനിതകള്‍ എത്ര അനുഗൃഹീതകളാണ്. മതവിഷയങ്ങള്‍ പഠിക്കുന്നതില്‍ അവര്‍ക്ക് ലജ്ജ തടസ്സമേയല്ല!” അസ്മാഇനെ പോലുള്ളവരെ ഉദ്ദേശിച്ചായിരുന്നു ഈ വാക്കുകള്‍.
യുദ്ധവേളകളിലും കഥാവനിത സാന്നിധ്യമറിയിച്ചു. ഖൈബറിലും ഖന്‍ദഖിലും യര്‍മൂക്കിലും അസ്മാഇന്റെ പോരാട്ടവീര്യവും പരിചരണപാടവവും മുസ്ലിം സേനക്ക് ഏറെ ആശ്വാസമേകി. യര്‍മൂക്കില്‍ നിരവധി റോമന്‍ പടയാളികളെ കീഴ്‌പ്പെടുത്താനും ഇവര്‍ക്ക് സാധിച്ചു. ഹുദൈബിയ, റിദ്‌വാന്‍ ഉടമ്പടി വേളകളിലും അസ്മാഅ് ഉണ്ടായിരുന്നു.
ആമിറുബ്‌നു നാബിആയിരുന്നു അസ്മാഇന്റെ പങ്കാളി. എന്നാല്‍ ഈ ബന്ധം പിന്നീട് പിരിയേണ്ടിവന്നു. ഇസ്‌ലാമിലെ ആദ്യ വിവാഹമോചിതയാണ് അസ്മാഅ്. അതുകൊണ്ടാവാം വിവാഹമോചിതയുടെ ഇദ്ദ കാലം സംബന്ധിച്ച ഖുര്‍ആനിക വിധി (അല്‍ബഖറ 228) വന്നത് അസ്മാഇന്റെ പേരിലാണ്.
ഇസ്‌ലാമിലെ സുപ്രധാന വിധികളടങ്ങുന്ന 81 ഹദീസുകള്‍ ഈ മഹതിയില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. നബിയുടെ വേര്‍പാടിന് ശേഷം ദമസ്‌കസിലേക്ക് കുടിയേറിയ ഇവര്‍ അബ്ദുല്‍ മലികുബ്‌നു മര്‍വാന്റെ ഭരണകാലത്ത്, ഹിജ്‌റ 70ലാണ് മരണമടഞ്ഞത്.