LoginRegister

ലഹരി വ്യാപനം പരിഭ്രാന്തിയല്ല പരിഹാരമാണ് വേണ്ടത്‌

നൂര്‍ജഹാന്‍ കെ

Feed Back


ലഹരിയെ കുറിച്ചാണല്ലോ നാടെങ്ങും ചര്‍ച്ച. കൗമാരക്കാരിലെയും യുവതീയുവാക്കളിലെയും ലഹരി ആസക്തി നാടിനെയും കുടുംബങ്ങളെയും ഞെട്ടിക്കുക മാത്രമല്ല, ഒരുതരം പരിഭ്രാന്തിയിലാക്കുകയും ചെയ്യുന്നുണ്ട്. ലഹരിയുമായി ബന്ധപ്പെട്ട ഇടപെടലുകളില്‍ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമായി ഈ പരിഭാന്ത്രി മാറിയിട്ടുണ്ട്. ലഹരിയുടെ ഒരു സാന്നിധ്യവും കാണാതെത്തന്നെ കുട്ടികളും കൗമാരക്കാരും യുവാക്കളുമുള്ള വീടുകളില്‍ വല്ലാത്ത പരിഭ്രാന്തിയും കുട്ടികളുടെ മേല്‍ അനാരോഗ്യകരമായ സംശയവും ഉണ്ടാവുന്നുണ്ട്. ഇത്തരം ഘടകങ്ങള്‍ കുടുംബങ്ങളിലെ മുതിര്‍ന്നവരുടെയും ഇളംതലമുറയുടെയും ഇടയിലെ ബന്ധം വല്ലാതെ വഷളാക്കാന്‍ ഇടയാക്കുന്നുമുണ്ട്.
ക്ലിനിക്കില്‍ വന്ന ഒരുമ്മയെയും 21 വയസ്സായ മകനെയും ഓര്‍ക്കുന്നു. ക്ലിനിക്കിലേക്ക് വരാന്‍ ഒരു നിലക്കും കൂട്ടാക്കാത്ത മകനെ പ്രായമായ, കൂലിപ്പണിയെടുക്കുന്ന ഉമ്മ വളരെ കഷ്ടപ്പെട്ടാണ് കൊണ്ടുവന്നത്. അതിന്റെ പ്രതിഷേധം അവന്‍ ഉടനീളം കാണിക്കുന്നുണ്ടായിരുന്നു. മകന്‍ ലഹരി ഉപയോഗിക്കുകയോ ലഹരി വില്‍ക്കുകയോ ചെയ്യുന്നുണ്ട് എന്നാണ് ഉമ്മയുടെ പരാതി. എന്നാല്‍ ലഹരി ഉപയോഗിക്കുന്നതായോ വില്‍ക്കുന്നതായോ ഉള്ള ഒരു സൂചനയും അവനോടുള്ള സംസാരത്തില്‍ നിന്ന് ലഭിച്ചതുമില്ല. കഴിഞ്ഞ കുറേ ദിവസമായി വീട്ടില്‍ പോവാത്തതിന്റെ കാരണം ആരാഞ്ഞപ്പോള്‍ അവന്‍ പറഞ്ഞത്, അവന്‍ കഞ്ചാവടിക്കുന്നുണ്ട് എന്നു നാട്ടുകാരോടും ബന്ധുക്കളോടുമെല്ലാം ഉമ്മ പറഞ്ഞു പരത്തിയിട്ടുണ്ട് എന്നാണ്. ഇപ്പോള്‍ അവന് പുറത്തിറങ്ങി നടക്കാന്‍ വയ്യ. അവനെത്ര പറഞ്ഞിട്ടും ഉമ്മക്ക് ബോധ്യപ്പെടുന്നുമില്ല. ഏതാണ്ട് കഞ്ചാവടിക്കുന്ന ആളെപ്പോലെയാണ് ഇപ്പോള്‍ വീട്ടില്‍ നിന്ന് ഉണ്ടാവുന്ന പെരുമാറ്റം. അതുകൊണ്ടുതന്നെ വീട്ടില്‍ പോകാനും അയല്‍വാസികളോടോ നാട്ടുകാരോടോ കുടുംബക്കാരോടു പോലും മുഖം കാണിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്നാണ് അവന്‍ പറയുന്നത്.
സത്യം എന്തുമാകട്ടെ, അവന്‍ ലഹരി ഉപയോഗിക്കുന്നുണ്ടാവാം, അതീവ രഹസ്യമായി അതിനെ മറച്ചുവെക്കുന്നുണ്ടാവാം, അല്ലെങ്കില്‍ അവന്‍ പറയുന്നപോലെ ലഹരി ഉപയോഗിക്കുന്നുണ്ടാവില്ല. ഇവിടെ പ്രശ്‌നം, അകാരണമായി ഒരു വ്യക്തിയെ ലഹരി ഉപയോഗിക്കുന്നു എന്നു സംശയിക്കുന്നതിലെ പ്രശ്‌നം എന്താണ് എന്നാണ്. മേല്‍പറഞ്ഞ വ്യക്തിയെ പോലെ ലഹരി ഉപയോഗിക്കുന്നതായി യാതൊരു സൂചനയും ലഭിക്കാതെയും എന്നാല്‍ ലഹരി ഉപയോഗിക്കാനുള്ള ഉയര്‍ന്ന സാധ്യതാപട്ടികയില്‍ നിലകൊള്ളുകയും ചെയ്യുന്ന വ്യക്തികളുടെ കാര്യത്തില്‍ വീട്ടുകാര്‍ എന്തു നിലപാടെടുക്കണമെന്നും എങ്ങനെയാണ് അവരോടു പെരുമാറേണ്ടതെന്നും ഒട്ടും വ്യക്തതയില്ലാത്ത എന്നാല്‍ നിര്‍ണായകമായ കാര്യമാണ്.
ഈ കുറിപ്പ് ഈ വിഷയത്തെ ആസ്പദമാക്കിയാണ്. പ്രധാനമായും മൂന്ന് ഉപവിഷയങ്ങളാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്:
ഒന്ന്: രക്ഷിതാക്കള്‍ പരിഭ്രാന്തരാവാനുള്ള സാഹചര്യങ്ങള്‍ എന്തെല്ലാം?
രണ്ട്: പരിഭ്രാന്തരാവുമ്പോള്‍ സംഭവിക്കുന്നത് എന്താണ്?
മൂന്ന്: നിര്‍മാണാത്മകമായയും പോസിറ്റീവ് ആയതുമായ ഇടപെടലിന്റെയും മനോഭാവത്തിന്റെയും ആവശ്യമെന്താണ്? എങ്ങനെ ഉണ്ടാക്കാം?
എങ്ങോട്ടു തിരിഞ്ഞാലും ലഹരിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംസാരിക്കപ്പെടുന്നത്. പത്രത്തിലും വാര്‍ത്തകളിലും യുട്യൂബ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലും നിറഞ്ഞുനില്‍ക്കുന്നതും അതിലൂടെ പ്രചരിക്കുന്നതും ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിവരങ്ങളുമാണ്. ഇതെല്ലാം തന്നെ രക്ഷിതാക്കളെ ജാഗ്രരൂകരാവാന്‍ സഹായിക്കുന്നതോടൊപ്പം, പരിഭ്രാന്തരാക്കുകയും കൂടി ചെയ്യുമെന്നത് യാഥാര്‍ഥ്യമാണ്. ഓരോ വാര്‍ത്തയും കാണുമ്പോള്‍ വീട്ടില്‍ കൗമാരക്കാരും യുവാക്കളുമുള്ള രക്ഷിതാവിന്റെ മനസ്സിലൂടെ കടന്നുപോവുക, ‘റബ്ബേ, എന്റെ കുട്ടിയും ഉപയോഗിക്കുന്നുണ്ടോ’ എന്ന സംശയമാണ്. ഈ സംശയം, ഓരോ ബോധവത്കരണ പ്രക്രിയക്ക് ശേഷവും കൂടാനും സാധ്യതയുണ്ട്. ലഹരി ഉപയോഗിക്കുന്ന കുട്ടികളുടെ ലക്ഷണങ്ങളും പെരുമാറ്റങ്ങളിലെ മാറ്റങ്ങളും കേട്ടോ വായിച്ചോ അറിയുമ്പോള്‍, ആ ഓരോ ലക്ഷണങ്ങളും തന്റെ കുട്ടിക്കുമുണ്ടെന്നു തോന്നുന്ന അവസ്ഥയിലേക്ക് എത്തുന്ന രക്ഷിതാക്കളുണ്ട്. ലഹരി ഉപയോഗിക്കാനുള്ള ഉയര്‍ന്ന സാധ്യതാപട്ടികയെ കുറിച്ച് അറിയുമ്പോള്‍, അത്തരം സാഹചര്യങ്ങളിലുള്ള കുടുംബങ്ങളിലെ രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ നേര്‍ക്കുള്ള സംശയം ഉണ്ടാവാന്‍ സാധ്യത ധാരാളമാണ്. മുകളില്‍ പരാമര്‍ശിച്ച കേസില്‍ ഇതൊരു പ്രധാന പ്രശ്‌നം തന്നെയായിരുന്നു. വളരെ താഴ്ന്ന സാമൂഹിക-സാമ്പത്തിക ചുറ്റുപാടിലുള്ള കുടുംബവും ചെറുപ്പത്തില്‍ തന്നെ സംഭവിച്ച പിതാവിന്റെ മരണവും അതിനു ശേഷം പിതൃസ്ഥാനം ഏറ്റെടുക്കാന്‍ ആളില്ലാത്ത അവസ്ഥയും, കൃത്യമായി വഴികാണിക്കാന്‍ ആളില്ലാത്ത സാഹചര്യവുമുണ്ടായിരുന്നു. ലഹരി ഉപയോഗിക്കുന്ന കൂട്ടുകാരുണ്ടാവുകയും ചെയ്യുന്നു. ഇതെല്ലാംകൂടി ഒത്തുവരുമ്പോള്‍, ലഹരി ഉപയോഗിക്കുന്നു എന്ന അനുമാനം തെളിവുകളൊന്നും ഇല്ലാതെ ഉറപ്പിക്കപ്പെടുകയാണുണ്ടായത്. അവിടെ രക്ഷിതാവിന്റെ കരുതല്‍, അനാരോഗ്യകരമായ സംശയവും പിന്നീട് ഒരുതരം ദേഷ്യവുമൊക്കെയായി മാറിത്തുടങ്ങിയിരുന്നു. കൗമാരത്തിലേക്ക് കടക്കുന്ന ഒരു കുട്ടിക്ക് പെരുമാറ്റത്തിലും കൂട്ടുകെട്ടിലും തുടങ്ങി ഉറക്കത്തിലും ഭക്ഷണത്തിലുമെല്ലാം പ്രവചനാതീതമായ മാറ്റങ്ങള്‍ ഉണ്ടാവുക പ്രകൃതിദത്തമാണ്. എന്നാല്‍ ഇതേ മാറ്റങ്ങള്‍ ലഹരി ഉപയോഗത്തിന്റെ ലക്ഷണങ്ങളുമാണ്. അങ്ങനെയിരിക്കെ സാധാരണ സംഭവിക്കുന്ന മാറ്റത്തെ പോലും ലഹരി ഉപയോഗം കൊണ്ടുള്ളതായി തെറ്റിദ്ധരിക്കാനും സംശയിക്കാനും ഇടവരുത്താം.
ബോധവത്കരണ ക്ലാസുകള്‍ പോലും ഈ പ്രവണതക്ക് ഒരു പരിധിയെങ്കിലും ആക്കം കൂട്ടുന്നുണ്ട്. വളരെ ശ്രദ്ധിച്ച്, ശാസ്ത്രീയമായി നടത്തപ്പെട്ടില്ലെങ്കില്‍ ബോധവത്കരണ ക്ലാസുകള്‍ ഗുണത്തിലേറെ ദോഷം ചെയ്യും. നാട്ടിലെ എല്ലാ കുട്ടികളും ലഹരി ഉപയോഗിക്കുന്നവരാണെന്ന സാമാന്യവത്കരണം ഇതിലൂടെയെല്ലാം പെട്ടെന്ന് വ്യാപകമാവുന്നുണ്ട്. അത് അങ്ങേയറ്റം അപകടകരം തന്നെയാണ്.
രണ്ടാമതായി, ഇത്തരം പരിഭ്രാന്തിയുടെ പ്രത്യാഘാതമെന്താണ് എന്ന് ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ലഹരി ഉപയോഗിക്കാത്ത ഒരു കുട്ടിയുടെ രക്ഷിതാക്കള്‍ പരിഭ്രാന്തരാവുന്നതോടെ ചില കാര്യങ്ങള്‍ അബോധമായി തന്നെ സംഭവിക്കാന്‍ ഇടയുണ്ട്:

ഒന്ന്: പരിഭ്രാന്തി എപ്പോഴും നമ്മുടെ വികാരത്തെ ബാധിക്കുകയും പെരുമാറ്റത്തില്‍ കാണുകയും ചെയ്യും. ഉയര്‍ന്ന സാധ്യതാപട്ടികയോ, കുട്ടികളുടെ പെരുമാറ്റത്തിലെ മാറ്റങ്ങളുടെയോ അടിസ്ഥാനത്തില്‍ പരിഭ്രാന്തരാവുന്ന രക്ഷിതാക്കള്‍ പൊതുവേ ഉല്‍കണ്ഠാകുലരാവുകയും അവരുടെ കുട്ടിയോടുള്ള സംസാരത്തിലും പെരുമാറ്റത്തിലുമെല്ലാം അത് പ്രകടമാവുകയും ചെയ്യും. ഇത് രക്ഷിതാക്കളെയും കുട്ടികളെയും അവരുടെ ഇടയിലുള്ള ബന്ധത്തെയും ആശയവിനിമയത്തെയും ബാധിക്കും.
രണ്ട്: ഉല്‍കണ്ഠ, സംശയമാവാന്‍ സാധ്യത കൂടുതലാണ്. സംശയമാവുന്നതോടെ കൂടുതല്‍ പ്രത്യക്ഷമായി തന്നെ അത് ബന്ധത്തെയും ആശയവിനിമയത്തെയും ബാധിക്കും. അവരുടെ സ്വകാര്യ ഇടങ്ങളില്‍ കയറി തിരയുക മുതല്‍, അവരുടെ ഓരോ ചലനങ്ങളും ഈ സംശയവുമായി ബന്ധപ്പെടുത്തി നിരീക്ഷിക്കുക വരെ ചെയ്യാം. മുകളില്‍ പരാമര്‍ശിച്ച സംഭവം പോലെ സംശയം പിന്നീട് സാഹചര്യങ്ങളെയും അനുമാനങ്ങളെയും അടിസ്ഥാനപ്പെടുത്തി ഉറപ്പിക്കലാവുകയും അതുകൊണ്ടുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ കൂടുകയും ചെയ്യാം.
മൂന്ന്: ഇങ്ങനെ സംഭവിച്ചാല്‍ കുട്ടികളും രക്ഷിതാക്കളും തമ്മിലുള്ള ബന്ധത്തെ അപകടകരമായ വിധത്തില്‍ അത് ബാധിക്കും. വിശ്വാസ്യത പരസ്പരം കുറക്കുകയും കുട്ടികളുടെ മനസ്സില്‍ അരക്ഷിതാവസ്ഥ കൂട്ടുകയും ചെയ്യും. പിന്നീട് ഏതെങ്കിലും തരത്തിലുള്ള ഇടപെടലിന് സാധ്യമാവാത്ത വിധം രക്ഷിതാക്കള്‍ കുട്ടികളുടെ വൃത്തത്തില്‍ നിന്ന് പുറത്താക്കപ്പെടും.
നാല്: തെളിവുകളുടെ അഭാവത്തിലുള്ള അമിതമായ സംശയം കുറ്റവാളിവത്കരണത്തിലേക്ക് നയിക്കുന്നതും ഇപ്പോള്‍ സാധാരണയായിട്ടുണ്ട്. എല്ലാ കൗമാരക്കാരും ലഹരി ഉപയോഗിക്കുന്നവരാണെന്നും അതുകൊണ്ട് കുറ്റവാളികളാണ് എന്നുമുള്ള ഒരു മനോഭാവം സമൂഹത്തില്‍, മുതിര്‍ന്ന തലമുറയില്‍ പെട്ട ആളുകളുടെ ഇടയില്‍ കൂടുന്നുണ്ട്. ‘ഇപ്പോഴത്തെ കുട്ടികള്‍ എല്ലാവരും’ എന്ന് തുടങ്ങുന്ന സംഭാഷണങ്ങളാണ് പൊതുവെ കേള്‍ക്കുന്നത്. ഈ മനോഭാവം കുട്ടികളും മുതിര്‍ന്ന സമൂഹവും തമ്മിലുള്ള അന്തരം വര്‍ധിപ്പിക്കുകയും കുട്ടികള്‍ ധാര്‍ഷ്ട്യമുള്ളവരായി മാറാനുള്ള സാധ്യത കൂട്ടുകയും ചെയ്യും.
‘എന്തായാലും എന്നെക്കുറിച്ച് വളരെ മോശം അഭിപ്രായമാണല്ലോ, എന്നാല്‍ പിന്നെ ഞാന്‍ എനിക്ക് തോന്നിയ പോലെ ചെയ്‌തേക്കാം’ എന്ന മനോഭാവമുള്ള കുട്ടികളെ കണ്ടിട്ടില്ലേ. കള്ളത്തരം ചെയ്യാതെ കള്ളനാണെന്ന് മുദ്രയടിക്കപ്പെടുന്ന ഒരാള്‍ക്ക് എന്ത് ചിന്തയായിരിക്കും സ്വന്തത്തോടും ചുറ്റുപാടിനോടും ഉണ്ടാവുക, അതേ ചിന്തയാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ കൗമാരക്കാരില്‍ രൂപപ്പെടുക. അവരുടെ സെല്‍ഫ് ഇമേജിനുണ്ടാകുന്ന കോട്ടം ചില്ലറയൊന്നുമല്ല.
ഈ കുറ്റവാളിവത്കരണം ഇപ്പോള്‍ നമ്മുടെ സമൂഹത്തില്‍ വളരെയധികം കൂടുന്നുണ്ട് എന്നത് സത്യമാണ്. അത് കുടുംബങ്ങളിലും സ്‌കൂളുകളിലും പൊതുഇടങ്ങളിലും നിയമ സംവിധാനങ്ങളിലും മത സ്ഥാപനങ്ങളിലും എന്നു തുടങ്ങി സാമൂഹികവത്കരണം സാധ്യമാക്കുന്ന ഓരോ ഇടങ്ങളിലും വ്യാപകമാണ്.
ഇനി ഏറ്റവും പ്രധാനമായ കാര്യം: ഈ അവസ്ഥയില്‍ നിര്‍മാണാത്മകമായി ഇടപെടേണ്ട ആവശ്യമെന്താണ്? എങ്ങനെയാണ് അത് ചെയ്യേണ്ടത്? അതിനു നമ്മള്‍ പ്രാപ്തരാണോ?
ഈ ചോദ്യങ്ങള്‍ വളരെ പ്രസക്തവും പ്രാധാന്യത്തോടെ നോക്കിക്കാണേണ്ടതുമാണ്. ലഹരി ‘ഉപയോഗിക്കുന്നവര്‍’, ‘അല്ലാത്തവര്‍’ എന്ന രണ്ടു ബൈനറി ഉണ്ടാവുകയും എന്നാല്‍ ഇത് രണ്ടും അത്ര വ്യക്തമായി വേര്‍തിരിക്കാന്‍ കഴിയാതെ വരികയും ചെയ്യുമ്പോള്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നവരുടെ എണ്ണം കൂടുന്നു. സംശയിക്കുക, വിശ്വസിക്കുക എന്നീ രണ്ടു സമീപനത്തിനിടയില്‍ ഒരു സമീപനം ഉണ്ടാവേണ്ടതും അത് പരിശീലിക്കേണ്ടതും അത്യാവശ്യമാവുന്നുണ്ട്. അതല്ലെങ്കില്‍ കുടുംബബന്ധങ്ങളില്‍ കുട്ടികളുടെ നിലനില്‍പ്, കുടുംബങ്ങളോടുള്ള വിശ്വാസ്യത, ബന്ധം എന്നിവയെയെല്ലാം അതു ബാധിക്കും.
ഏറ്റവും പ്രധാനപ്പെട്ടത്, ലഹരി ഉപയോഗിക്കുന്നു എന്നു തെളിയാത്തിടത്തോളം കാലം കുട്ടികളെ കുറ്റവാളിവത്കരിക്കുകയോ ആരോപണവിധേയരാക്കുകയോ ചെയ്യാതിരിക്കുക എന്നതാണ്. ചിലപ്പോള്‍ ലഹരി ഉപയോഗിക്കുന്നുണ്ടാവാം, ഉപയോഗിക്കാന്‍ ഉയര്‍ന്ന സാധ്യതയും നിങ്ങള്‍ക്ക് തോന്നുന്നുണ്ടാവാം. ഈ രണ്ടു സാഹചര്യത്തിലും ഇടപെടേണ്ട രീതികള്‍ വ്യത്യസ്തമാണ്.
എന്നാല്‍ ഉയര്‍ന്ന ലഭ്യതയുള്ള ഒരവസ്ഥയില്‍ സാധ്യതകള്‍ തീരെ തള്ളിക്കളയുകയും, തന്റെ കുട്ടി ഒന്നും ചെയ്യില്ല എന്ന അമിതമായ ആത്മവിശ്വാസവും, എന്തെങ്കിലും കണ്ടാല്‍ പോലും അമിതമായ ലളിതവത്കരണവും അമിതമായ പ്രതിരോധവും ഗുണം ചെയ്യില്ല.
ഇതിനു നടുവില്‍ കൗമാരക്കാരില്‍ ലഹരി ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന കാര്യത്തെ അംഗീകരിച്ചുകൊണ്ടുതന്നെ കുട്ടികളുമായി ഇടപഴകുക എന്നതാണ് വേണ്ടത്. ഇതിനാദ്യം, തന്റെ തെറ്റുകള്‍ മനസ്സിലാക്കാന്‍ തന്റെ കുടുംബം പ്രാപ്തരാണ്, അല്ലെങ്കില്‍ തയ്യാറാണ് എന്ന് കുട്ടികള്‍ക്ക് തോന്നുന്ന തരത്തിലുള്ള സമീപനം രക്ഷിതാക്കളില്‍ നിന്നുമുണ്ടാവണം. അങ്ങനെ വന്നാലേ കുട്ടികളില്‍ നിന്ന് തെറ്റ് പറ്റിയാലും, അഥവാ സാഹചര്യങ്ങള്‍ കൊണ്ട് അവര്‍ ലഹരി ഉപയോഗിച്ചു തുടങ്ങിയാലും തുറന്നു പറയാനോ, ഏതെങ്കിലും സാഹചര്യത്തില്‍ പുറത്തു വന്നാല്‍ അവര്‍ തെറ്റ് അംഗീകരിക്കാനോ തയ്യാറാവൂ. തുറന്നു പറഞ്ഞാല്‍ നിങ്ങളുടെ സമീപനം ക്രിയാത്മകമായിരിക്കും എന്ന് അവര്‍ക്ക് തോന്നേണ്ടത് അത്യാവശ്യവുമാണ്.

മറ്റൊരു പ്രധാന കാര്യം ആശയവിനിമയമാണ്. ലഹരി ഉപയോഗത്തെക്കുറിച്ചുള്ള സംസാരങ്ങള്‍ വീട്ടില്‍ തന്നെ ഉണ്ടാവേണ്ടതുണ്ട്. ഏതെങ്കിലും തരത്തിലുള്ള ലഹരി ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് തുറന്നു പറയാനുള്ള സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുക എന്നത് അനിവാര്യമാണ്. കുറ്റപ്പെടുത്താതെയും ഭീകരാന്തരീക്ഷം ഉണ്ടാക്കാതെയും തന്നെ ഇതുണ്ടാവേണ്ടതുണ്ട്.
കുട്ടികളോട് ലഹരി ഉപയോഗത്തിന്റെ വ്യത്യസ്ത ഘട്ടങ്ങള്‍ പറഞ്ഞുകൊടുക്കുകയും, ഏതെങ്കിലും വിധേന പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും അത് നിര്‍ത്താന്‍ സാധ്യതയും മാര്‍ഗങ്ങളും ഉണ്ടെന്നും അതിനവരെ സഹായിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമെന്നും അവരോടു പോസിറ്റീവായിത്തന്നെ പറയുക എന്നതാണ്. ഏതു വിധേനയാണെങ്കിലും നിങ്ങള്‍ അവരുടെ കൂടെയുണ്ടെന്ന് ഉറപ്പു കൊടുക്കാന്‍ കൂടിയാണിത്.
അതുമല്ലെങ്കില്‍ വളരെ പോസിറ്റീവായി, ചില സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ (സാഹചര്യങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട്) മോന്‍/മോള്‍ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന് ഒരു സംശയമുണ്ടെന്നും ആ സംശയം തീര്‍ക്കാന്‍ ആഗ്രഹിക്കുന്നു എന്നും അവരോടു തുറന്നു പറയാം. എന്നാല്‍ ഈ സംസാരം വളരെ ആലോചിച്ചും സൂക്ഷിച്ചും ക്രിയാത്മകമായ ശൈലിയിലും ആവേണ്ടതുണ്ട്. പെട്ടെന്നുതന്നെ നെഗറ്റീവായിപ്പോകാന്‍ സാധ്യതയുള്ളതുകൊണ്ടുതന്നെ ഓരോ വാചകങ്ങളും സൂക്ഷിച്ചും ക്രിയാത്മകമായും ഉപയോഗിക്കേണ്ടതുണ്ട്. ഇതൊരു ചോദ്യം ചെയ്യലായി മാറാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
മറ്റൊരു പ്രധാന കാര്യം, ഈ സംഭാഷണങ്ങളൊക്കെ ഏറ്റവും സ്വകാര്യമായി സൂക്ഷിക്കുക എന്നതാണ്. നിങ്ങളുടെ സംശയങ്ങളോ അതല്ലെങ്കില്‍ നിങ്ങളോട് അവര്‍ സംസാരിച്ച കാര്യങ്ങളോ വേണ്ടപ്പെട്ടവരല്ലാതെ ഒരാള്‍ പോലും അറിയേണ്ടതില്ല. അവരുടെ പ്രതിച്ഛായക്ക് കോട്ടം തട്ടുന്ന രീതിയിലുള്ള സംസാരങ്ങളും അനുമാനങ്ങളും, വീട്ടിലും കുടുംബത്തിലും നാട്ടിലും ഉണ്ടാക്കാതിരിക്കുക.
അവരുടെ കൂട്ടുകാരുമായും സാമൂഹിക ഇടങ്ങളുമായും ക്രിയാത്മകമായ ബന്ധം ഉണ്ടാക്കിവെക്കുക. കാര്യമറിയാതെ ആവശ്യത്തില്‍ കൂടുതല്‍ ജഡ്ജ് ചെയ്യാതിരിക്കുക.
എല്ലാറ്റിനുമുപരി ആത്മസംയമനം പാലിക്കുകയും കുട്ടിയെ വിശ്വസിക്കുകയും സ്‌നേഹിക്കുകയും നിങ്ങള്‍ അവനെ/ അവളെ/ അവരെ സ്‌നേഹിക്കുന്നു എന്നും വ്യക്തമാക്കുകയും ചെയ്യുക. അവരെ അവരായിത്തന്നെ അംഗീകരിക്കുക.
അങ്ങേയറ്റം പ്രതിസന്ധി നിലനില്‍ക്കുന്ന ഘട്ടങ്ങളിലൂടെ കടന്നുപോവുന്ന രക്ഷിതാക്കള്‍ക്ക്, ഇത്തരം സമീപനം കൈക്കൊള്ളുക എന്നത് ഒട്ടും എളുപ്പമാവില്ല. ഓരോ സമയത്തും ആത്മസംയമനം നേടിയെടുക്കാന്‍ അങ്ങേയറ്റം ബുദ്ധിമുട്ടാണ്. പരിഭ്രാന്തി പെട്ടെന്നുണ്ടാവാനും അതിനെ തുടര്‍ന്ന് അങ്ങേയറ്റം നിരാശയും നിസ്സഹായാവസ്ഥയും ഒരുപാട് ആശയക്കുഴപ്പങ്ങള്‍ ഉണ്ടാവാനുമിടയുണ്ട്. എന്നാല്‍ ഇത് മനസ്സിലാക്കിത്തന്നെ പുതിയ രീതികള്‍ പരിശീലിക്കാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കേണ്ടതുണ്ട്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top