എസ്എസ്എല്‍സി പരീക്ഷയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്‌കൂളില്‍ ചില ടെസ്റ്റ് പേപ്പറുകള്‍ നടന്നിരുന്നു. പരീക്ഷ എന്ന് കേള്‍ക്കുമ്പോഴേക്ക് റിന്‍ഷയ്ക്ക് ഇപ്പോള്‍ വല്ലാത്ത ആധിയാണ്. മനസ്സിന് ആവുംവിധം ധൈര്യം നല്‍കി ഏതാനും പരീക്ഷകള്‍ അവള്‍ എഴുതി. പിന്നീടുള്ള പരീക്ഷകള്‍ വേണ്ട വിധം എഴുതാനായില്ല. പരീക്ഷാ ഹാളിലെത്തി അല്‍പം കഴിയുമ്പോഴേക്ക് എന്തോ ഉള്‍ഭയം അവളെ അസ്വസ്ഥപ്പെടുത്തുന്നു. നന്നായി പഠിച്ചിരുന്ന അവള്‍ക്ക് എളുപ്പമുള്ള പരീക്ഷകള്‍ പോലും എഴുതാന്‍ കഴിയാത്ത അവസ്ഥ. പൊതുപരീക്ഷയില്‍ മാര്‍ക്ക് കുറയുമോ, പരീക്ഷ തന്നെ എഴുതാന്‍ കഴിയാതെ തോറ്റുപോകുമോ എന്ന ചിന്ത വല്ലാതെ പേടിപ്പെടുത്തുന്നു. പരീക്ഷ അടുക്കുംതോറും ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ നേരിടുന്നു. തലവേദന, വയറുവേദന, ഛര്‍ദിക്കാനുണ്ടെന്ന തോന്നല്‍, ശ്വാസതടസ്സം പോലുള്ളവ അനുഭവപ്പെടുന്നു. ഡോക്ടറെ കാണിച്ചപ്പോള്‍ ശാരീരികമായ പ്രശ്നമൊന്നുമല്ലെന്നും പരീക്ഷാ ടെന്‍ഷന്‍ കാരണമാണെന്നും പറഞ്ഞു. എല്ലാ കാര്യങ്ങള്‍ക്കും ഉത്സാഹിയായിരുന്ന റിന്‍ഷയുടെ അവസ്ഥയില്‍ സങ്കടപ്പെടുകയാണ് കുടുംബങ്ങള്‍.
പരീക്ഷയെ അല്‍പം ഭയത്തോടെ തന്നെയാണ് വിദ്യാര്‍ഥികള്‍ സമീപിക്കാറുള്ളത്. പരീക്ഷ അടുക്കുന്ന സന്ദര്‍ഭത്തില്‍ നേരിയ സമ്മര്‍ദം ഉണ്ടാവുക സ്വാഭാവികമാണ്. പോസിറ്റീവ് സ്ട്രെസ് എന്നാണ് ഇതിന് പറയുക. വായനയും പഠനവും സജീവമാകാന്‍ ഇത് ആവശ്യവുമാണ്. എന്നാല്‍ പരീക്ഷയോട് അമിതമായ ഭയം ഉണ്ടാവുക, അക്കാരണത്താല്‍ ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ ഉണ്ടാവുക, നിത്യജീവിതത്തിലെ സാധാരണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുക എന്നിങ്ങനെ സംഭവിക്കുമ്പോള്‍ അത് നിസ്സാരമായി കാണരുത്. കുട്ടികള്‍ക്ക് മുമ്പത്തെപ്പോലെ പരീക്ഷാപ്പേടിയില്ലെങ്കിലും പല കാരണങ്ങളാലും സമ്മര്‍ദം അനുഭവിക്കുന്നവര്‍ ധാരാളമുണ്ട്.
എല്ലാവരും പാസാവുന്ന തരത്തിലേക്ക് സ്‌കൂള്‍ പരീക്ഷകള്‍ മാറിയപ്പോള്‍ കുട്ടികള്‍ക്ക് സ്വന്തമായി സമ്മര്‍ദങ്ങളില്ല എന്നത് ശരിയാണ്. എന്നാല്‍ പുറത്തു നിന്നുള്ള പല ഘടകങ്ങളുമാണ് അവര്‍ക്ക് ടെന്‍ഷനുണ്ടാക്കുന്നത്. അധ്യാപകരും രക്ഷിതാക്കളും സമൂഹവും സാഹചര്യവുമൊക്കെ വിദ്യാര്‍ഥികള്‍ക്ക് ടെന്‍ഷന്‍ ഉണ്ടാക്കുന്ന ഘടകങ്ങളാവാറുണ്ട്. മാര്‍ക്കും ഗ്രേഡും നൂറു ശതമാനം റിസള്‍ട്ടുമൊക്കെ ആവര്‍ത്തിച്ച് കേള്‍ക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് സമ്മര്‍ദമുണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ.
റിന്‍ഷയുടെ പരീക്ഷാപ്പേടിയെക്കുറിച്ച് വിശകലനം നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന ആ സംഭവം വ്യക്തമായത്. എല്‍ പി, യു പി ക്ലാസുകളില്‍ ചിട്ടയോടെ പഠിക്കുകയും നല്ല മാര്‍ക്ക് വാങ്ങുകയും ചെയ്തിരുന്ന കുട്ടിയാണവള്‍. അധ്യാപകര്‍ക്ക് പ്രിയങ്കരി. നാട്ടിലെ യു പി സ്‌കൂള്‍ പഠനം കഴിഞ്ഞപ്പോള്‍ തൊട്ടടുത്ത നഗരത്തിലെ പ്രശസ്തമായ ഹൈസ്‌കൂളില്‍ ചേര്‍ന്ന് പഠിക്കാന്‍ തുടങ്ങി. എട്ടാം ക്ലാസിലെ അര്‍ധവാര്‍ഷിക പരീക്ഷ. ഒരു ദിവസം പരീക്ഷാ ഡ്യൂട്ടിക്ക് എത്തിയത് ശൈലജ ടീച്ചറായിരുന്നു. ശൈലജ ടീച്ചര്‍ നന്നായി പഠിപ്പിക്കുന്ന ടീച്ചറാണെങ്കിലും വളരെ കര്‍ക്കശക്കാരിയായിരുന്നു. ടീച്ചറെ കാണുന്നത് തന്നെ കുട്ടികള്‍ക്ക് ഭയമായിരുന്നു. പരീക്ഷ തുടങ്ങി അല്‍പം കഴിഞ്ഞപ്പോള്‍ ടീച്ചര്‍ റിന്‍ഷയുടെ അടുത്തെത്തി. അവള്‍ പരീക്ഷയെഴുതുന്ന റൈറ്റിങ് ബോഡ് പിടിച്ചുവാങ്ങി, ”നീ കോപ്പിയടിക്കുകയാണോടീ” എന്ന് ഉച്ചത്തില്‍ ചോദിച്ചു. ദേഷ്യപ്പെട്ട് റൈറ്റിങ് പാഡ് പരീക്ഷാ ഹാളില്‍ വലിച്ചെറിഞ്ഞു.
റൈറ്റിങ് പാഡില്‍ റിന്‍ഷ ഭംഗിയായി അവളുടെ പേരും സ്‌കൂളുമെല്ലാം എഴുതിവെച്ചിരുന്നു. ടീച്ചര്‍ ബോര്‍ഡില്‍ എഴുത്തുണ്ടെന്ന് മാത്രമാണ് ചിന്തിച്ചത്. എഴുതിയത് എന്താണെന്ന് നോക്കിയില്ല. നിരപരാധിയും നല്ല കുട്ടിയുമായ റിന്‍ഷ കുട്ടികളുടെ മുമ്പില്‍ വെച്ച് അപമാനിതയായി. വല്ലാതെ പേടിച്ചു വിറച്ചു. ഭയം കാരണം ഒന്നും തുറന്നു പറയാന്‍ പോലും അവള്‍ക്കായില്ല. ഈ സംഭവം അവളുടെ മനസ്സില്‍ വലിയ മുറിവുണ്ടാക്കി. പിന്നീട് പരീക്ഷാ ഹാളില്‍ കയറുമ്പോഴെല്ലാം വേദനിപ്പിക്കുന്ന ആ സംഭവം അവളെ വേട്ടയാടി. റിന്‍ഷക്ക് പരീക്ഷയെക്കുറിച്ചും അധ്യാപികയെക്കുറിച്ചും മനസ്സില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വിവിധങ്ങളായ ഉള്‍ക്കാഴ്ചകളിലൂടെ ഘട്ടംഘട്ടമായി മാറ്റിയെടുക്കാനായി.
ലോകത്ത് ഏറ്റവും മഹത്തരമായ പ്രവൃത്തിയാണ് അധ്യാപനം. അധ്യാപനത്തിലെ മികവുകള്‍ ജീവിതത്തില്‍ ഉടനീളം വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടും. അതുപോലെ വിദ്യാര്‍ഥികളോടുള്ള സമീപനത്തില്‍ ഉണ്ടാവുന്ന പിഴവുകള്‍ ജീവിതകാലം മുഴുവന്‍ വിസ്മരിക്കാനാവാത്ത നോവായി മനസ്സില്‍ കിടക്കുകയും ചെയ്യും. ക്ലാസ്മുറികള്‍ ചെറിയ ലോകമല്ല, വലിയ ലോകമാണ്. അധ്യാപകന്റെ വാക്കും നോക്കും സമീപനവുമെല്ലാം കുട്ടികളില്‍ ഉണ്ടാക്കുന്ന സ്വാധീനം ചെറുതല്ല. ഓരോ വിദ്യാര്‍ഥിയെയും നിരീക്ഷിച്ച് കൃത്യമായ ഇടപെടല്‍ നടത്തുന്ന അധ്യാപിക വിലമതിക്കപ്പെടും.
ടീച്ചേഴ്സിന്റെ ആത്മാര്‍ഥത കാരണം പലതരത്തിലുള്ള ശിക്ഷണ നടപടികള്‍ എടുക്കുന്നവരുണ്ട്. എങ്ങനെയെങ്കിലും കുട്ടികള്‍ നന്നാവണം എന്നാണ് ഇവരുടെ ലക്ഷ്യം. വളരെ കൃത്യതയോടെ പാഠഭാഗങ്ങള്‍ പഠിപ്പിക്കുകയും നോട്ട്് നല്‍കുകയും ചെയ്യും. വിദ്യാര്‍ഥികള്‍ നൂറു ശതമാനം അനുസരണയോടെ പഠനപ്രവര്‍ത്തനങ്ങള്‍ ചെയ്യണമെന്ന് ഇവര്‍ വാശി പിടിക്കും. അതുകൊണ്ടുതന്നെ ക്ലാസ്‌റൂമിലെ ചെറിയ ചലനങ്ങള്‍ പോലും ഇവര്‍ക്ക് അസഹിഷ്ണുതയുണ്ടാക്കും. കുട്ടിത്തപരമായ കൊച്ചുകുസൃതികള്‍ പോലും ക്ഷമിക്കാന്‍ ഇവര്‍ക്ക് പറ്റിക്കൊള്ളണമെന്നില്ല. എന്നാല്‍ അധ്യാപകര്‍ തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്. വിദ്യാര്‍ഥികളുടെ നന്മക്കാണ് എന്നു പറഞ്ഞ് സദാസമയവും അവരെ ഉപദേശിക്കുകയും കുറ്റങ്ങള്‍ മാത്രം നോക്കിനടക്കുകയും ചെയ്യുന്നവരെ കുട്ടികള്‍ വെറുക്കും. അവരെ മാത്രമല്ല, അവര്‍ പഠിപ്പിക്കുന്ന വിഷയവും കുട്ടികള്‍ക്ക് മടുപ്പായിരിക്കും.
നല്ല ആത്മസംയമനവും വിവേകപൂര്‍വമായ പെരുമാറ്റവും ആവശ്യമുള്ള മേഖലയാണ് ടീച്ചിങ്. വിവിധ സാഹചര്യങ്ങളില്‍ നിന്നു വരുന്ന വ്യത്യസ്തരായ കുട്ടികളാണ് ക്ലാസ്മുറികളിലുള്ളത് എന്നത് വിസ്മരിക്കരുത്. കൗമാരക്കാരായ കുട്ടികളുടെ വൈകാരിക പ്രതികരണങ്ങള്‍ വിവേകപൂര്‍വം കൈകാര്യം ചെയ്യണം. ക്ലാസില്‍ സംസാരിച്ചതിന് വിദ്യാര്‍ഥിയെ ടീച്ചര്‍ പേന കൊണ്ടെറിഞ്ഞ് കാഴ്ച നഷ്ടപ്പെട്ട വാര്‍ത്ത ഏതാനും വര്‍ഷം മുമ്പ് പത്രത്തില്‍ വായിച്ചിട്ടുണ്ട്. ഹോം വര്‍ക്ക് ചെയ്യാത്തതിന് ദേഷ്യപ്പെട്ട് കുട്ടിയുടെ നോട്ട്ബുക്ക് വലിച്ചെറിയുകയും സ്‌കൂളിലെത്താന്‍ അഞ്ചു മിനിട്ട് വൈകിയതിനു കാരണം പോലും അന്വേഷിക്കാതെ മണിക്കൂറുകളോളം പുറത്തുനിര്‍ത്തുക, മാര്‍ക്ക് കുറഞ്ഞതിന് മറ്റ് കുട്ടികളുടെ മുമ്പില്‍ വെച്ച് പരിഹസിക്കുക എന്നിങ്ങനെയൊക്കെ ചെയ്യുന്ന അധ്യാപകരുണ്ട്. ഇത്തരം നിമിഷനേരത്തെ വികാര വിക്ഷോഭങ്ങള്‍ പിന്നീട് വലിയ ദുരന്തങ്ങളായി മാറുമെന്ന് മറന്നുകൂടാ. ഇവ മനസ്സിലുണ്ടാക്കുന്ന വൈകാരിക മുറിവുകള്‍ ഉണക്കാന്‍ കാലമേറെ വേണ്ടിവരും.
മുതിര്‍ന്നവരെ പോലെ വ്യക്തിത്വവും അഭിമാനവുമുള്ളവരാണ് കുട്ടികള്‍. വിദ്യാര്‍ഥികളുടെ വേറിട്ട കഴിവുകളും ഭിന്ന പെരുമാറ്റങ്ങളും അറിഞ്ഞ് പെരുമാറുന്നവനാണ് വിജയിക്കുന്ന അധ്യാപകന്‍/ അധ്യാപിക. പഠിപ്പിക്കുന്ന വിഷയത്തെ പോലെ പ്രധാനമാണ് തന്റെ വിദ്യാര്‍ഥിയെ അറിയുക എന്നത്.
മുഹമ്മദ് നബി(സ) മുഴുവന്‍ അധ്യാപകര്‍ക്കും മാതൃകയാണ്. കലര്‍പ്പില്ലാത്ത സ്നേഹം നല്‍കിയും സൗമ്യഭാവത്തോടെ പെരുമാറിയും ശിഷ്യരുമായി അടുപ്പം സ്ഥാപിച്ചു തിരുനബി. വിദ്യാര്‍ഥികളുടെ പ്രകൃതമനുസരിച്ചും നിലവാരമനുസരിച്ചും വിദ്യ പകര്‍ന്നു. തന്റെ ശിഷ്യന്മാരുടെ കൂടെ യാത്ര ചെയ്തു, ശിഷ്യന്മാര്‍ക്ക് മികച്ച സ്ഥാനങ്ങള്‍ നല്‍കി, മറ്റുള്ളവരുടെ മുന്നില്‍ വെച്ച് അഭിനന്ദിച്ചു, വേറിട്ട കഴിവുകളെ അംഗീകരിച്ചു, വീഴ്ചകള്‍ പരസ്യമായി പറയാതെ രഹസ്യമായി പരിഹരിച്ചു. ആധുനിക വിദ്യാഭ്യാസ മനഃശാസ്ത്രം വിഭാവനം ചെയ്യുന്ന അധ്യാപകന്റെ ഗുണങ്ങളെല്ലാം റസൂലി(സ)ന്റെ പെരുമാറ്റത്തിലുണ്ടായിരുന്നു. ശിഷ്യരുടെ പ്രയാസങ്ങള്‍ ദൂരീകരിക്കുന്ന, അവരെ വളര്‍ത്തുന്ന, കൂടെ നില്‍ക്കുന്ന മെന്ററാണല്ലോ ടീച്ചര്‍.
പ്രവാചകന്‍ പറഞ്ഞു: ”നിശ്ചയം, അല്ലാഹു എന്നെ കാര്‍ക്കശ്യക്കാരനായി അയച്ചിട്ടില്ല. ലളിതമായി പഠിപ്പിക്കുന്ന അധ്യാപകനായിട്ടാണ് നിയോഗിച്ചിട്ടുള്ളത്” (മുസ്ലിം).