രംഗം ഒന്ന്, സൂപ്പര്‍മാര്‍ക്കറ്റ്.
ഉപ്പയും ഉമ്മയുമൊത്ത് ഞാന്‍ വീട്ടുസാധനങ്ങള്‍ വാങ്ങാനായി നില്‍ക്കുന്നു. അത്യാവശ്യ സാധനങ്ങളെല്ലാം വാങ്ങി ഞാനും ഉമ്മയും കാഷ് കൗണ്ടറില്‍ നില്‍ക്കുമ്പോള്‍, ഉപ്പ കൈയില്‍ ഒരു ‘ഷുഗര്‍ ഫ്രീ’ പെപ്‌സിയുമായി വന്ന്, അല്‍പം അകലെ മാറിനിന്ന് എന്റെ നേരെ നീട്ടി, ഇത് വാങ്ങാമോ എന്ന ഭാവം അല്‍പം ദയനീയമായിരുന്നു!
കാര്യം ഷുഗര്‍ ഉള്ളതുകൊണ്ടും അത് നിര്‍ബന്ധമായും വരുതിയിലാക്കണമെന്ന ഡോക്ടറുടെ നിര്‍ദേശമുള്ളതുകൊണ്ടും ഈ ഇടയ്ക്കിടെയുള്ള ഷുഗര്‍ ഫ്രീ പെപ്‌സി കുടിയെ ഞാന്‍ ശക്തിയായി തന്നെ എതിര്‍ക്കാറുണ്ട്. തലേ ദിവസം കൂടി ഇതേച്ചൊല്ലി ഞാന്‍ അല്‍പം അപ്‌സെറ്റായി സംസാരിച്ചതായിരുന്നു.
അതേയാളാണ് പിറ്റേന്ന് ഷോപ്പില്‍ വെച്ചു പെപ്‌സി ബോട്ടിലുമായി വന്ന് എന്നെ നോക്കുന്നത്. എനിക്ക് അപ്പോള്‍ ഒരു കുഞ്ഞിന്റെ മുഖമാണ് ഓര്‍മ വന്നത്. എത്ര വേണ്ടെന്നു വിലക്കിയാലും വീണ്ടും വീണ്ടും വേണമെന്ന് വാശി പിടിക്കുന്ന കുഞ്ഞ്.
വാട്ടര്‍ ബോട്ടില്‍ എത്രയെണ്ണം ഉണ്ടെങ്കിലും പുതിയ ഒരെണ്ണം കടയില്‍ തൂക്കിയിട്ടത് കണ്ടാല്‍ അതിനായി വാശി പിടിച്ചു കരയുന്ന എന്റെ കുട്ടിക്കാലം ഒരു മിന്നായം പോലെ മുമ്പില്‍ വന്നു. ഞാന്‍ ഒരു വാശിക്കാരി കുട്ടിയായിരുന്നത്രേ. ആഗ്രഹിക്കുന്നത് കൈയില്‍ കിട്ടുന്നതുവരെ കരയുന്ന, ഉമ്മയെ ഇടംവലം തിരിയാന്‍ സമ്മതിക്കാതിരുന്നവള്‍.
വേണ്ടെന്നു പറയുന്നത് എന്തിനെന്നു കുട്ടികള്‍ക്ക് പലപ്പോഴും ഉള്‍ക്കൊള്ളാനാവില്ല. എത്ര തവണ പറഞ്ഞാലും വീണ്ടും അപേക്ഷയുമായി അവര്‍ മാതാപിതാക്കളോട് ചിണുങ്ങും, കെറുവിക്കും, കരയും, നിലത്തു കിടന്നുരുളും.
ക്ഷമയോടെ അവരെ അനുനയിപ്പിക്കാന്‍ മാതാവോ പിതാവോ ശ്രമിച്ചുകൊണ്ടേയിരിക്കും. അവരാല്‍ സാധിക്കുന്നതെന്തും കുഞ്ഞുങ്ങള്‍ക്ക് അവര്‍ നല്‍കും. വളര്‍ന്നു വലുതാവുമ്പോള്‍ പ്രായമാകുന്ന മാതാപിതാക്കളെ പലപ്പോഴും അസഹിഷ്ണുതയോടെ കാണുന്നവരുണ്ട്. ഇവര്‍ക്ക് ഇനി അടങ്ങി ഇരുന്നൂടെ എന്ന് ഉള്ളില്‍ ചിന്തിക്കുകയോ ഉറക്കെ അരിശം പ്രകടിപ്പിക്കുകയോ ചെയ്യുന്നവരുമുണ്ട്.
കുഞ്ഞുങ്ങള്‍ക്കായി ജീവിതവസന്തം നല്ലപങ്കും പകുത്തുനല്‍കിയ മാതാപിതാക്കളെ അവരുടെ സായാഹ്നത്തില്‍ മക്കള്‍ അവഗണിക്കരുത്. നമ്മുടെ ഏതു ഭാവവും ഒരു നിമിഷാര്‍ധം കൊണ്ട് മനസ്സിലാകുന്നവരാണ് അവര്‍ എന്നറിയുക. അത് ഉള്ളില്‍ അവരെ മുറിവേല്‍പിക്കും. കളിയാക്കലുകള്‍, പരിഹാസവാക്കുകള്‍ എല്ലാം അവരുടെ ജീവിതത്തെ വിരസമാര്‍ന്നതാക്കും.
ഒച്ച ഉയര്‍ത്തി സംസാരിക്കുന്നത് അവരുടെ ഇടനെഞ്ചില്‍ തുളയുണ്ടാക്കും. കണ്ണ് കൊണ്ടോ ചുണ്ടു കൊണ്ടോ കാണിക്കുന്ന ഗോഷ്ടികള്‍ അവരെ തളര്‍ത്തും. അവര്‍ നമുക്കായി നല്‍കിയ പൂക്കാലത്തിന്റെ സുഗന്ധം മറന്നുപോകുന്നവര്‍, നാളെ തങ്ങളുടെ കുഞ്ഞുങ്ങളില്‍ നിന്ന് ഇതേ കഠിന വേദന അനുഭവിക്കേണ്ടതായിവരും.
നമ്മുടെ മാതാപിതാക്കള്‍ക്ക് പ്രായമാവുകയല്ല; മറിച്ച്, രണ്ടാം ബാല്യത്തിലേക്ക് അവര്‍ എത്തിയിരിക്കുകയാണ് എന്ന തിരിച്ചറിവ് നമ്മില്‍ ഉണ്ടാവണം. പ്രായം കൊണ്ട് അവര്‍ പല കാര്യങ്ങളും മറന്നുപോകാം. പറഞ്ഞ കാര്യങ്ങള്‍ തന്നെ ആവര്‍ത്തിക്കാം. ക്ഷമയോടെ അത് മനസ്സിലാക്കാന്‍ നാം വളരണം. അപ്പോഴെല്ലാം സ്‌നേഹം രൂപപരിണാമം സംഭവിച്ചു വാത്സല്യമാവണം. ഒരു കുഞ്ഞിനെ കാണുമ്പോള്‍, തലോടുമ്പോള്‍, ചേര്‍ന്നിരിക്കുമ്പോള്‍ നമ്മില്‍ ഉണ്ടാവുന്നത് സ്‌നേഹവും അനുകമ്പയും ചേരുംപടി ചേര്‍ന്ന ‘വാത്സല്യ’മാണ്.
നമ്മുടെ ഏത് ആവശ്യവും വാശിയും ആഗ്രഹവും കഴിവോളം നിവൃത്തിച്ചുതന്നവരുടെ രണ്ടാം ബാല്യത്തെ നാം വാത്സല്യത്തോടെ വരവേല്‍ക്കേണ്ടതുണ്ട്. നമ്മുടെ ഇന്നത്തെ സൗഭാഗ്യങ്ങള്‍ ഇന്നലത്തെ അവരുടെ കരുതലില്‍ നിന്നുണ്ടായതാണെന്ന് മറന്നുപോകാതിരിക്കുക.