LoginRegister

യാഥാര്‍ഥ്യലോകത്തെ കൂട്ടുകാരുണ്ടോ?

Feed Back


കഴിഞ്ഞ ദിവസമാണ് ഒരു മോട്ടിവേറ്റര്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഒരു വീഡിയോയുമായെത്തിയത്. എല്ലാ മനുഷ്യര്‍ക്കുമുണ്ടാകാറുള്ളതുപോലെ ഒരു മെന്റല്‍ ബ്രേക്ക്ഡൗണ്‍ അദ്ദേഹത്തിനും സംഭവിച്ചുവത്രെ. ആരെങ്കിലും എന്തെങ്കിലുമൊക്കെ ചോദിക്കൂ, നമുക്ക് സംസാരിക്കാം എന്ന് അദ്ദേഹം പറയുകയും ചെയ്തു. ഒരു കൂട്ടിരിപ്പ് ഏറെ ആഗ്രഹിച്ച സമയത്ത് ആരെയും കൂട്ടു കിട്ടിയില്ല എന്ന യാഥാര്‍ഥ്യം വലിയ ഞെട്ടലോടെയാണ് അദ്ദേഹം പങ്കുവെച്ചത്. താന്‍ മറ്റു വല്ലതും സംസാരിക്കുമ്പോള്‍ ഇന്‍ബോക്‌സിലേക്കൊഴുകിയെത്താറുള്ള ആരെയും തന്റെ മെന്റല്‍ ട്രോമയുടെ സമയത്ത് കണ്ടില്ലെന്നത് അദ്ദേഹത്തെ ശരിക്കും ഞെട്ടിച്ചു.
നമ്മുടെ ബന്ധങ്ങളെക്കുറിച്ച് ആലോചിച്ചു നോക്കൂ. നമുക്ക് ആരെങ്കിലും അടുത്ത് നമ്മെ കേള്‍ക്കാന്‍ വേണമെന്നു തോന്നുമ്പോള്‍ ആരാണ് കൂടെയുണ്ടാവുക? ഇലക്ട്രോണിക് സൗഹൃദങ്ങള്‍ക്കപ്പുറത്ത് മിണ്ടിയും പറഞ്ഞുമിരിക്കാനും തോളില്‍ തട്ടി ആശ്വസിപ്പിക്കാനും നാം അടുത്തില്ലാതിരിക്കെ പോലും നമ്മെക്കുറിച്ച് ചിന്തിക്കാന്‍ പോന്ന സൗഹൃദങ്ങളോ ബന്ധങ്ങളോ നമുക്കുണ്ടോ?
ആളുകള്‍ അവനവനിലേക്കു ചുരുങ്ങി സാങ്കല്പികോണ്മയിലേക്ക് പരന്നു തുടങ്ങിയതിന്റെ സ്വാഭാവികമായ പരിണാമ ചിത്രം മാത്രമാണ് നിമിഷ നേരം മാത്രം നീണ്ടു നില്ക്കുന്ന എണ്ണക്കൂടുതലുള്ള സൗഹൃദങ്ങള്‍.
യാഥാര്‍ഥ്യലോകത്തു നിന്ന് സാങ്കല്പികോണ്മയിലേക്ക് പരന്നപ്പോള്‍ നമുക്ക് കൂടുതല്‍ ബന്ധങ്ങളുള്ളതായി തോന്നിയേക്കാമെങ്കിലും യാഥാര്‍ഥ്യം നേരെ തിരിച്ചാണ്. അവരവരുടെ സൗകര്യത്തിനനുസരിച്ച് മാത്രമേ ഏതൊരാളും ലഭ്യമാകാന്‍ പോകുന്നുള്ളൂ. എല്ലാവരും ‘നഫ്‌സീ നഫ്‌സീ’യിലാണ് എന്നതാണ് യാഥാര്‍ഥ്യം. സ്വന്തം അവസ്ഥകളെ മൂടി വെച്ച് മറ്റൊരു മുഖംമൂടിയണിഞ്ഞാണ് ഓണ്‍ലൈനില്‍ ഓരോരുത്തരും പ്രത്യക്ഷപ്പെടുന്നത്. ആ മുഖംമൂടി ഭേദിച്ച് യാഥാര്‍ഥ്യത്തെ തൊടുക അല്പം പ്രയാസകരമായിരിക്കും.
മിഥ്യാലോകത്ത് ബന്ധങ്ങളുണ്ടാക്കുമ്പോഴും യാഥാര്‍ഥ്യങ്ങളെതൊടുന്ന സൗഹൃദങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കലാണ് നമുക്ക് മുന്‍പിലുള്ള പോംവഴി. നേരില്‍ കാണുന്നവരുമായുള്ള ബന്ധങ്ങളില്‍ വിള്ളല്‍ വീഴാതെ നോക്കണം. അവര്‍ അണിഞ്ഞിരിക്കുന്ന മുഖംമൂടികള്‍ക്കിടയിലൂടെ യാഥാര്‍ഥ്യത്തെ വായിക്കാനാവണം. പറയാതെ അറിയാനാവലാണ് ബന്ധങ്ങള്‍ക്കുള്ള മികച്ച വളം. വരണ്ടു മരുഭൂവായിരിക്കുന്ന മനസ്സകങ്ങളിലേക്ക് വറ്റാത്ത കരുണയും സ്‌നേഹവും പകരുകയാണ് സാമൂഹ്യജീവിയായി മനുഷ്യര്‍ക്ക് ജീവിക്കാനുള്ള മാര്‍ഗം. അതിനുള്ള തേട്ടം നാഥനിലേക്ക് അര്‍പ്പിച്ചുകൊണ്ടേയിരിക്കാം നമുക്ക്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top