LoginRegister

യഥാര്‍ഥ വിശ്വാസികള്‍

ഡോ. പി അബ്ദു സലഫി

Feed Back



”അല്ലാഹുവിനെപ്പറ്റി പറയപ്പെട്ടാല്‍ ഹൃദയം നടുങ്ങുന്നവരും അവന്റെ വചനങ്ങള്‍ വായിച്ച് കേള്‍പ്പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ധിക്കുന്നവരും തങ്ങളുടെ രക്ഷിതാവില്‍ എല്ലാം ഭരമേല്‍പ്പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍”
(വി. ഖുര്‍ആന്‍: 8:2).

യഥാര്‍ഥ സത്യവിശ്വാസികളുടെ ലക്ഷണങ്ങള്‍ അല്ലാഹു ഈ വചനത്തിലൂടെ വിശദീകരിക്കുന്നുണ്ട്.
അല്ലാഹുവിനെയും റസൂലിനെയും അനുസരിച്ച് ജീവിക്കുന്നവരാണ് സത്യവിശ്വാസികള്‍. എന്നാല്‍ തെറ്റായ വല്ല കാര്യത്തിലേക്ക് അവര്‍ കടന്ന് ചെല്ലുകയാണെങ്കില്‍ അല്ലാഹുവിനെകുറിച്ചുള്ള ഓര്‍മ അവരുടെ മനസ്സിലേക്ക് കടന്നുവന്നാല്‍ അവരുടെ മനസ്സിന് ഭയവും നടുക്കവും അനുഭവപ്പെടും. ഉടന്‍ തന്നെ ആ തെറ്റില്‍ നിന്ന് അവന്‍ പിന്മാറും.
”വല്ല നീച വൃത്തിയും ചെയ്യുകയോ തങ്ങളോട് തന്നെ അതിക്രമം കാണിക്കുകയോ ചെയ്താല്‍, അവന്‍ അല്ലാഹുവിനെ ഓര്‍മിക്കുകയും അങ്ങനെ തങ്ങളുടെ പാപങ്ങള്‍ക്ക് വേണ്ടി പാപ മോചനം തേടുകയും ചെയ്യുന്നവര്‍” (3:135) എന്ന് അല്ലാഹു സത്യവിശ്വാസികളെ പരിചയപ്പെടുത്തുന്നുണ്ട്.
അല്ലാഹുവിന്റെ വചനങ്ങള്‍ കേള്‍ക്കുമ്പോഴും ദൃഷ്ടാന്തങ്ങള്‍ പലതും കാണുമ്പോഴും വിശ്വാസികളുടെ വിശ്വാസം വര്‍ധിക്കും. ഈമാന്‍ കൂടുകയും കുറയുകയും ചെയ്യുന്നതാണെന്ന് നബി(സ) പറയുന്നു. സല്‍കര്‍മങ്ങള്‍ ചെയ്യുന്നതിലൂടെ വിശ്വാസം വര്‍ധിക്കുമെന്നും ചീത്ത കര്‍മങ്ങള്‍ ചെയ്യുന്നത് വിശ്വാസത്തെ കുറക്കുമെന്നും അനുഭവ യാഥാര്‍ഥ്യമാണ്.
തങ്ങളുടെ രക്ഷിതാവായ നാഥനില്‍ എല്ലാം അര്‍പ്പിക്കുന്നവും ഭരമേല്‍പ്പിക്കുവാനും കഴിയുന്ന ഉയര്‍ന്ന ഈമാനിന്റെ ഉടമകളായിരിക്കും യാഥാര്‍ഥ സത്യവിശ്വാസികള്‍. അല്ലാഹുവിന്റെ തീരുമാനങ്ങള്‍ക്കനുസരിച്ച് മാത്രമേ എന്തും സംഭവിക്കൂ എന്ന് ഉറപ്പുള്ളവര്‍ തങ്ങളുടെ എല്ലാ കാര്യങ്ങളിലും ആ രക്ഷിതാവിനെ പൂര്‍ണമായും അത്താണിയായി കാണുന്നവരായിരിക്കും.
നമസ്‌കാരം മുറപോലെ നിര്‍വഹിക്കുന്നവരും നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവഴിക്കുന്നവരുമായിരിക്കും അവര്‍ എന്നും അവരാണ് യഥാര്‍ഥ വിശ്വാസികളെന്നും അവര്‍ക്ക് അവരുടെ രക്ഷിതാവിന്റെ പക്കല്‍ പല പദവികളുമുണ്ടെന്നും പാപമോചനവും ഉദാരമായ ഉപജീവനവുമുണ്ടെന്നും അല്ലാഹു വിവരിക്കുന്നുണ്ട്.
ചുരുക്കത്തില്‍ യഥാര്‍ഥ സത്യവിശ്വാസികള്‍ എന്ന വിഭാഗത്തില്‍ നാം ഉള്‍പ്പെടണമെങ്കില്‍ റബ്ബിനെക്കുറിച്ചുള്ള ഭയം മനസ്സിലുണ്ടാവുകയും അവനെക്കുറിച്ച് കേള്‍ക്കുമ്പോള്‍ വിശ്വാസം വര്‍ധിക്കുകയുമാണ് വേണ്ടതുണ്ട്. സല്‍കര്‍മങ്ങളില്‍ മുഴുകിയും അവനില്‍ എല്ലാം സമര്‍പിച്ചും ജീവിക്കുമ്പോഴാണ് നാം യഥാര്‍ഥ വിശ്വാസിയാകുന്നത്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top