സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ ഭാര്യയാണ് അന്ന. മോസ്‌കോയില്‍ വെച്ച് അവള്‍ വ്രോന്‍സ്‌കി എന്നൊരു രസികന്റെ കാമുകിയായി മാറുന്നു. അവരുടെ അവിഹിതബന്ധം കുടുംബത്തിന്റെ താളം തെറ്റിച്ചു. സ്വന്തം ജീവിതം വരണ്ടതാണെന്നും കാമുകനോടൊപ്പം കിട്ടുന്നത് പച്ചപ്പുള്ള സൗഭാഗ്യങ്ങളാണെന്നും അന്ന കരുതി. പൊതുസ്ഥലങ്ങളിലും നാടകശാലകളിലും അവര്‍ കണ്ടുമുട്ടി. മാന്യമായി ജീവിക്കണമെന്ന ഭര്‍ത്താവിന്റെ മുന്നറിയിപ്പുകളെ അവള്‍ അവഗണിച്ചു. രഹസ്യമായി അവള്‍ കാമുകനുമായി സന്ധിച്ചുകൊണ്ടിരുന്നു. നാള്‍ക്കുനാള്‍ അവരുടെ പ്രണയം ആളിക്കത്തി. കാമുകനെ മറക്കാനാവാത്ത സ്ഥിതി വന്നു. മനസ്സിന്റെ സമനില തെറ്റി. ഒരു ദിവസം വ്രോന്‍സ്‌കിയോടൊപ്പം അവള്‍ ഇറങ്ങിപ്പോയി.
പിന്നീട് പ്രസവത്തോടെ അന്ന രോഗിയായി. കാമുകന്‍ അന്നയോട് അകന്നുതുടങ്ങി. രോഗിയായ കാമുകിയെ ആര്‍ക്ക് വേണം! ഒരു നാള്‍ ആ സത്യം അന്നയെ നടുക്കി. വ്രോന്‍സ്‌കി, തന്റെ എല്ലാമെല്ലാമായ കാമുകന്‍ മറ്റൊരു സുന്ദരിയുമായി പ്രണയത്തിലാണ്. വിവാഹേതര പ്രണയത്തിന്റെ ദുര്‍ബലമായ കെണിയില്‍ അകപ്പെട്ട അന്ന സ്വന്തം ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. വ്രോന്‍സ്‌കിയെ ആദ്യമായി കണ്ടുമുട്ടിയ അതേ റെയില്‍വേ സ്റ്റേഷനില്‍ പോയി ഒരു ടിക്കറ്റ് വാങ്ങി അവള്‍ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ദാരുണമായ അന്ത്യം.
വിവാഹബാഹ്യമായ പ്രണയം വരുത്തിവെക്കുന്ന വിനകളുടെ കഥയാണ് ലിയോ ടോള്‍സ്‌റ്റോയിയുടെ ‘അന്ന കരേനീന.’ യാഥാര്‍ഥ്യങ്ങളോടു പൊരുത്തപ്പെട്ടു പോകാനാവാതെ, ഭാവിയില്‍ മാത്രം ജീവിക്കുന്നവര്‍ക്കുള്ള സന്ദേശമാണ് ഈ കഥ. അന്ന അങ്ങനെയായിരുന്നു. മിക്ക കുടുംബപ്രശ്‌നങ്ങളുടെയും കാതല്‍ ഇതുതന്നെയാണ്. കിട്ടിയ ഇണയേക്കാള്‍ മികച്ചതാണ് മറ്റൊന്ന് എന്ന് അവര്‍ കരുതും. താല്‍ക്കാലിക ഭ്രമങ്ങളില്‍ അകപ്പെട്ട് തീയില്‍ ചാടും, പിന്നെ എരിഞ്ഞുതീരും. ഭര്‍ത്താവിന് തന്നോട് സ്‌നേഹമില്ല എന്നതല്ല, ഭര്‍ത്താവിനേക്കാള്‍ മറ്റൊരാള്‍ക്ക് തന്നെ സ്‌നേഹിക്കാനാവും എന്ന തെറ്റിദ്ധാരണയാണ് അന്നയെ പ്രലോഭിപ്പിച്ചത്. അവള്‍ക്കു വേണ്ടിയായിരുന്നു ഭര്‍ത്താവ് ജീവിച്ചിരുന്നത്. അവള്‍ വിവാഹമോചനം ആവശ്യപ്പെട്ടപ്പോഴൊന്നും അയാള്‍ അതിനു വഴങ്ങിയിരുന്നില്ല. അത്രത്തോളം അവളെ ഇഷ്ടമായിരുന്നു. എന്നാല്‍, അവള്‍ അപ്പോഴേക്കും മറ്റൊരാളെ ഹൃദയത്തില്‍ സ്വീകരിച്ചുകഴിഞ്ഞിരുന്നു.
19ാം നൂറ്റാണ്ടിലെ റഷ്യന്‍ കുടുംബങ്ങളുടെ ജീവിതത്തെ വരച്ചുകാട്ടിയ കഥയായിരുന്നു ‘അന്ന കരേനീന.’ നൈമിഷികമായ സുഖങ്ങള്‍ തേടിപ്പോകുന്ന ആണുങ്ങളും പെണ്ണുങ്ങളും എത്രയെത്ര സന്തുഷ്ട കുടുംബങ്ങളെയാണ് നശിപ്പിക്കുന്നതെന്ന് ഈ കഥ പറഞ്ഞുതരുന്നു. തകര്‍ന്നുപോയ പതിനായിരക്കണക്കിന് കുടുംബങ്ങളുടെ കഥയായതുകൊണ്ടാവാം, ഈ നോവല്‍ ലോകത്തെ വിവിധ ഭാഷകളില്‍ പ്രചരിക്കുകയും വലിയ പ്രശസ്തി കൈവരിക്കുകയും ചെയ്തത്.
ഭര്‍ത്താവിനെ സംശയിക്കുന്ന ഭാര്യ, ഭാര്യയെ സംശയിക്കുന്ന ഭര്‍ത്താവ്, ഈ ജീവിതത്തേക്കാള്‍ നല്ലത് മറ്റൊരുത്തന്റെ/ ഒരുത്തിയുടെ കൂടെ പോവുകയാണെന്ന് കരുതുന്ന ദമ്പതികള്‍, പരസ്പര വിശ്വാസമില്ലായ്മയില്‍ നിന്നുള്ള കലഹം, ചെറിയ കുറ്റങ്ങള്‍ കണ്ടെത്തി പെരുപ്പിക്കല്‍, നല്ലത് കാണാതിരിക്കല്‍… ഇങ്ങനെ പല കാരണങ്ങളാല്‍ തകര്‍ന്നു തരിപ്പണമാകുന്ന ദാമ്പത്യങ്ങള്‍ നിരവധിയാണ്. മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണ് സമാധാനപരമായ കുടുംബജീവിതം. എന്നാല്‍, രണ്ടു പേര്‍ സ്വസ്ഥ ജീവിതം നയിക്കുന്ന സ്വര്‍ഗത്തിലേക്ക് അവരുടെ കുട്ടികളല്ലാതെ, ബന്ധുക്കളല്ലാതെ മൂന്നാമതൊരാളുടെ സാന്നിധ്യമുണ്ടാകുമ്പോള്‍ എന്താണ് സംഭവിക്കുന്നത്? വിവാഹമോചനം, കൊലപാതകം, അഡ്ജസ്റ്റ്‌മെന്റ്- മൂന്നാമതൊരാള്‍ വരുമ്പോള്‍ ഈ മൂന്നിലൊന്ന് നടന്നിരിക്കും. ഗൃഹനാഥനും ഗൃഹനാഥയുമാണ് ഒന്നും രണ്ടും കഥാപാത്രങ്ങള്‍ അഥവാ യാഥാര്‍ഥ്യം. ഈ സത്യത്തെ തകര്‍ത്താണ് മൂന്നാമന്‍ വരുന്നത്. ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരപ്പച്ച എന്ന മനുഷ്യസഹജമായ തോന്നലിന്റെ ബാക്കിപത്രമാണ് തകര്‍ന്നടിയുന്ന കുടുംബങ്ങള്‍. ജീവിതത്തെ അതിന്റെ യാഥാര്‍ഥ്യബോധത്തോടെ സമീപിക്കുകയും കിട്ടിയ ജീവിതത്തെ സ്വര്‍ഗമാക്കാന്‍ യത്‌നിക്കലുമാണ് ഈ അസുഖത്തിനുള്ള മരുന്ന്.
ഇഷ്ടമില്ലാത്ത ഇണയോടൊപ്പം ജീവിതം ഹോമിക്കേണ്ടതുണ്ടോ എന്നായിരിക്കും ഒരു ചോദ്യം. അതിന്റെ ആവശ്യമില്ല എന്നാണ് ഉത്തരം. ഒരിക്കലും സഹകരിച്ചു പോകാന്‍ കഴിയില്ല എന്ന് ഉറപ്പുള്ള ഘട്ടത്തില്‍ പരസ്പരം കത്തിക്കുത്ത് നടത്തുന്നതിനേക്കാള്‍ നല്ലത് പരസ്പര ധാരണയോടെ പിരിയുന്നതു തന്നെയാണ്. ആ പിരിയല്‍ ഒരു ദുരന്തമല്ല, മറിച്ച്, വലിയൊരു ദുരന്തത്തില്‍ നിന്നുള്ള രക്ഷപ്പെടലാണ്. നാട്ടുകാര്‍ക്കെന്ത് തോന്നും, നാട്ടുകാരോട് എന്ത് മറുപടി പറയും എന്നൊക്കെയുള്ള മാന്യതാ വിചാരങ്ങള്‍ മാറ്റിവെച്ചാല്‍ മാത്രമേ സ്വന്തം ജീവിതത്തില്‍ ഇങ്ങനെ ശക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കൂ.
ഭര്‍ത്താവിന് പഴയപോലെ തന്നെ സ്‌നേഹിക്കാനാവുന്നില്ല എന്നത് ഭാര്യമാരുടെ സ്ഥിരം പരാതിയാണ്. വിവാഹം കഴിഞ്ഞ നാളുകളില്‍ ഭര്‍ത്താവില്‍ നിന്ന് കിട്ടിയ സ്‌നേഹം ഇപ്പോള്‍ കിട്ടാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ച് അവള്‍ കാടുകയറും. കുടുംബം പോറ്റാനുള്ള തിരക്കുകളിലായിരിക്കും ഭര്‍ത്താവ്. അതല്ലെങ്കില്‍ ബിസിനസിലെ, ജോലിസ്ഥലത്തെ പ്രശ്‌നങ്ങളില്‍ തലപുണ്ണാക്കുകയാവും. ഇതൊക്കെ തനിക്കും കുടുംബത്തിനും വേണ്ടിയാണെന്ന് അവള്‍ ചിന്തിക്കില്ല. സ്‌നേഹം പ്രകടിപ്പിക്കാതെ പിന്നെയെന്തിനാണ് ഇതൊക്കെ ഉണ്ടാക്കുന്നതെന്ന് അവള്‍ ചോദിക്കും. അപ്പോഴാണ് മൂന്നാമന്‍ പതുക്കെ കടന്നുവരിക. അവന്‍ ബന്ധുവായിരിക്കാം, അതല്ലെങ്കില്‍ അയല്‍വാസി. അതുമല്ലെങ്കില്‍ പണ്ട് പ്രേമലേഖനം കൊടുക്കുകയോ കൊടുക്കാന്‍ ആഗ്രഹിക്കുകയോ ചെയ്ത സഹപാഠി. ആരായാലും അവന്‍ അവളോട് ചോദിക്കും, ‘ജീവിതം സുഖമാണോ’ എന്ന്. ‘ആ, അങ്ങനെയൊക്കെയങ്ങ് പോകുന്നു’ എന്ന് അവള്‍ ഒഴുക്കന്‍മട്ടില്‍ പറയും. അതു മതി അവന് പാലം കെട്ടാന്‍. അവന്‍ ആ പാലത്തിലൂടെ പിടിച്ചുകയറും. ആ പറച്ചിലില്‍ എന്തോ പ്രശ്‌നമുണ്ടല്ലോ എന്നു ചോദിക്കും.
‘അതിയാന് ഇപ്പോള്‍ പഴയ സ്‌നേഹമില്ലെടാ’ എന്നു പറഞ്ഞ് അവള്‍ ഭര്‍ത്താവിനെ കുറ്റപ്പെടുത്തല്‍ ആരംഭിക്കും. അതോടെ അവന്റെ വരവ് എളുപ്പമായി. അവള്‍ക്ക് വേണ്ടത് സ്‌നേഹപൂര്‍ണമായ സാമീപ്യമാണെന്ന് അവന്‍ മനസ്സിലാക്കും. ‘തലവേദന കാരണം വിളിക്കാന്‍ പറ്റിയില്ല’ എന്ന് അവള്‍ പറഞ്ഞാല്‍ ‘തലവേദന മാറിയോ’ എന്നു ചോദിച്ച് നൂറു തവണ കാമുകന്‍ വിളിക്കും. ഭര്‍ത്താവ് ഒരിക്കല്‍ പോലും വിളിച്ചിട്ടുമുണ്ടാകില്ല. അവള്‍ ആഗ്രഹിക്കുന്നത് കിട്ടിത്തുടങ്ങുന്നതോടെ അവന്റെ വിളി കൊതിയായി മാറും. പതുക്കെപ്പതുക്കെ അവള്‍ അവനിലേക്ക് ചായും. ഭര്‍ത്താവിന് തന്നോടും കുട്ടികളോടും സ്‌നേഹമുണ്ട് എന്നറിഞ്ഞിട്ടും അവള്‍ അറിയാതെ വ്യാജമായ, അസത്യമായ, അയഥാര്‍ഥമായ സ്വപ്‌നത്തിനു പിറകെ പോകും, അന്നയെപ്പോലെ.
ചില പുരുഷന്മാര്‍ സ്ത്രീകളിലേക്കും ഇങ്ങനെ ആകര്‍ഷിക്കപ്പെടാറുണ്ട്. ജോലിസ്ഥലത്തുവെച്ചോ ട്രെയിന്‍ യാത്രയ്ക്കിടയിലോ സ്ഥിരമായി കണ്ടുമുട്ടുന്ന ഒരുവള്‍, അതല്ലെങ്കില്‍ പഴയ കൂട്ടുകാരി, ഫേസ്ബുക്ക് ഫ്രണ്ട്, പത്താം ക്ലാസിലോ കോളജിലോ കൂടെ പഠിച്ചവള്‍, അവളുടെ തികഞ്ഞ സൗന്ദര്യം- ഇതെല്ലാം അവനെ ഭാര്യ അത്ര പോരാ എന്നു തോന്നിക്കും. ഭാര്യക്ക് പഴയ പോലെ സുഗന്ധങ്ങള്‍ പൂശി അവനെ സമീപിക്കാന്‍ സമയമുണ്ടാകില്ല. അവള്‍ കുട്ടിയെ നോക്കുന്ന തിരക്കിലാകും. അതല്ലെങ്കില്‍ അടുക്കളയില്‍ ഉണക്കമീന്‍ വറുത്തതിന്റെ നാറ്റം അവളുടെ ശരീരത്തിലുണ്ടാകും. അതിനിടെ ഭര്‍ത്താവിന്റെ കാര്യങ്ങള്‍ നോക്കാന്‍ സമയം ലഭിച്ചെന്നു വരില്ല. അവനാണെങ്കില്‍ മൂന്നാമത്തവളെ കാണുമ്പോള്‍ ഭാര്യ തനിക്കു ചേര്‍ന്നവളല്ല എന്നു തീര്‍ച്ചപ്പെടുത്തും. പിന്നെ അവളുടെ പിറകെ പോയി ജീവിതം തുലയ്ക്കും.
ലിയോ ടോള്‍സ്‌റ്റോയിയുടെ ഒരു വാചകം ഇങ്ങനെയാണ്: ”സന്തുഷ്ട കുടുംബങ്ങളെല്ലാം ആഹ്ലാദിക്കുന്നത് ഒരേ മട്ടിലാണ്. എന്നാല്‍, ദുഃഖിത കുടുംബങ്ങള്‍ ഓരോന്നും അവരുടെ സ്വന്തം രീതിയിലാണ് ദുഃഖിക്കുന്നത്.”
ഒരേയൊരു ജീവിതത്തിലെ ഒരേയൊരു ഇണയുടെ ഓരോരോ നിമിഷങ്ങളും ഒരേ മട്ടില്‍ ആഹ്ലാദിക്കാനുള്ള അവസരങ്ങളാക്കി മാറ്റുക. ദുഃഖിക്കാനുള്ള കാരണങ്ങള്‍ സൃഷ്ടിക്കുന്നതിനേക്കാള്‍ സന്തോഷിക്കാനുള്ള കാരണങ്ങള്‍ കണ്ടെത്തുക. അതിനായി ഓരോ നിമിഷവും ശ്രമിച്ചുകൊണ്ടിരിക്കുക. ഭാര്യയെ/ ഭര്‍ത്താവിനെ പ്രണയിക്കുമ്പോള്‍ ജീവിതം മനോഹരമാകുന്നു. അതിനേക്കാള്‍ സന്തോഷമുള്ള മറ്റൊരു ലോകമില്ലെന്ന് തിരിച്ചറിയുന്നു.