LoginRegister

മുറിച്ചുകളഞ്ഞ കമ്പ്‌

സി കെ റജീഷ്‌

Feed Back


കൊട്ടാരത്തില്‍ നിന്ന് സ്വര്‍ണം മോഷ്ടിക്കപ്പെട്ടു. മോഷ്ടിച്ചയാളെ കണ്ടെത്താന്‍ രാജാവ് ബീര്‍ബലിന്റെ സഹായം തേടി. അദ്ദേഹം സേവകരെ എല്ലാം വിളിച്ചുവരുത്തി ചോദ്യം ചെയ്‌തെങ്കിലും എല്ലാവരും കുറ്റം നിഷേധിച്ചു.
കുറ്റവാളിയെ കണ്ടെത്താന്‍ ബീര്‍ബല്‍ ഒരുപായം സ്വീകരിച്ചു. എല്ലാവര്‍ക്കും തുല്യനീളമുള്ള ഓരോ കമ്പു നല്‍കി. എന്നിട്ട് പറഞ്ഞു: ”ഇത് കള്ളം തെളിയിക്കാന്‍ ഉപയോഗിക്കുന്ന വടിയാണ്. മോഷ്ടിച്ചയാളുടെ കമ്പിന് നാളെ രണ്ട് ഇഞ്ച് നീളം കൂടും. നാളെ എല്ലാവരും ഇതേ സമയത്ത് ഇവിടെ എത്തുക.”
പിറ്റേന്ന് എല്ലാവരും അവിടെയെത്തി. കമ്പിന്റെ നീളം നോക്കിയപ്പോള്‍ ഒരാളുടെ കമ്പ് മാത്രം രണ്ടിഞ്ച് നീളം കുറവായിരുന്നു. ബീര്‍ബല്‍ പറഞ്ഞു: ”ഇയാളാണ് കുറ്റവാളി.”
അതെങ്ങനെ തിരിച്ചറിഞ്ഞു എന്ന് രാജാവ് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെയായിരുന്നു. ”വടിയുടെ നീളം കൂടുമെന്ന് പേടിച്ച് ഇയാള്‍ ഇന്നലെ തന്നെ വടിയുടെ രണ്ടിഞ്ച് മുറിച്ചു കളഞ്ഞു.”
തെറ്റിനെ ഒളിപ്പിക്കാന്‍ ഉള്ള ശ്രമങ്ങള്‍ ആയിരിക്കും കുറ്റവാളി എപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നത്. ഒരുപക്ഷേ തെറ്റ് ചെയ്യുന്നതിനേക്കാള്‍ ശ്രമകരമാണ് അത് ഒളിപ്പിക്കുക എന്നത്. ആരും അറിയാതെ, ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെ തെറ്റ് ചെയ്യാനാണ് കുറ്റവാളി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഏതൊരു പ്രവൃത്തിയുടെ പിന്നിലും നേരിട്ടോ അല്ലാതെയോ ഒരു തെളിവ് ബാക്കിയാവും. അതുകൊണ്ട് ഒരു പ്രവൃത്തി ചെയ്യുമ്പോള്‍ മറ്റാരെങ്കിലും കാണുമോ എന്ന ഉള്‍ഭയം നമ്മെ പിടികൂടുന്നുണ്ടെങ്കില്‍ ആ പ്രവൃത്തിയുടെ നൈതികത എത്രത്തോളം ഉണ്ടെന്ന് നാം ആത്മപരിശോധന നടത്തണം. എന്നാല്‍ ഏതൊരു പ്രവൃത്തിയുടെ പിന്നിലും നമ്മുടെ മനസ്സാക്ഷിയെ തൃപ്തിപ്പെടുത്തിക്കൊണ്ട് നാം മുന്നോട്ടുപോയാല്‍ അതില്‍ ശരിയുടെ നാമ്പുകളുണ്ടാവും. മറ്റുള്ളവര്‍ സ്ഥാപിക്കുന്ന നിരീക്ഷണ ക്യാമറകളെ ഭയന്നിട്ടല്ല, അവനവന്റെ മനസ്സാക്ഷിയെ മുഖവിലക്കെടുത്തുകൊണ്ടായിരിക്കണം ഓരോരുത്തരും മുന്നോട്ടു പോകേണ്ടത്. എങ്കില്‍ ശരിയുടെ പക്ഷത്ത് നമുക്ക് നില്‍ക്കാനാവും. സമാധാനവും സ്വാതന്ത്ര്യവും അനുഭവിക്കാന്‍ ആവുന്നതും അപ്പോഴാണ്. അവ ജീവവായു പോലെ നമുക്ക് പ്രധാനമാണ്.
കുറ്റവാളി എപ്പോഴും ജീവിക്കുന്നത് ഭയത്തിന്റെ തടവറയിലാണ്. കുറ്റം ചെയ്തവര്‍ സ്വന്തം മനസ്സാക്ഷിയുടെ കോടതിയില്‍ വിചാരണത്തടവുകാരായി തീരും. ഓരോരുത്തരുടെയും ജീവിത വഴിയില്‍ ആത്മാഭിമാനവും സ്വാതന്ത്ര്യവും അനുഭവിക്കുന്നത് സ്വന്തം കര്‍മങ്ങളുടെ അടിത്തറയിലാണ്. ആ കര്‍മങ്ങള്‍ക്ക് സത്യസന്ധതയുടെ നിറം പകരാന്‍ നമുക്ക് സാധിച്ചാല്‍ ജീവിതം സമാധാനപൂര്‍ണമാകും.
പ്രവാചകന്‍ (സ) പറഞ്ഞു: ”നന്മ സത്‌സ്വഭാവമാണ്. നിന്റെ മനസ്സ് അതുകൊണ്ട് സമാധാനമടയുകയും ചെയ്യുന്നു. തിന്മ നിന്റെ മനസ്സില്‍ അസ്വസ്ഥതയുണ്ടാക്കുന്നു. ജനങ്ങള്‍ അതറിയുന്നതിനെ നീ വെറുക്കുന്നു.” (ജാമിഉ സ്വഹീഹ് 2889)

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top