പൊതുരംഗത്ത്
2020ലാണ് ആദ്യമായി കൗണ്‍സിലറാവുന്നത്. പ്രസവം കഴിഞ്ഞ് നാല്‍പ്പത്തൊന്നാം നാള്‍ പ്രചാരണത്തിനിറങ്ങേണ്ടി വന്നു. സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പ്രസവം കഴിഞ്ഞ് 90 ദിവസം പോലും ആയിരുന്നില്ല. പൊതുപ്രവര്‍ത്തനത്തിനിറങ്ങുന്ന സ്ത്രീകള്‍ക്ക് അങ്ങനെ പല പ്രതിസന്ധികളുമുണ്ടാവാം. എന്നാല്‍ അതും പറഞ്ഞ് മാറിനില്‍ക്കരുത്. സ്ത്രീകള്‍ക്ക് മാത്രം നിര്‍വഹിക്കാനാവുന്ന പല സാമൂഹിക ഉത്തരവാദിത്തങ്ങളുമുണ്ട്. അത് നിര്‍വഹിക്കാന്‍ സ്ത്രീകള്‍ തന്നെ രംഗത്തിറങ്ങേണ്ടതുണ്ട്.
തടസ്സമില്ല
വിവാഹജീവിതത്തിനു ശേഷം സ്ത്രീകള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല, സ്വാതന്ത്ര്യം നഷ്ടപ്പെടും, കഴിവുകള്‍ പുറത്തെടുക്കാനുള്ള അവസരമുണ്ടാവില്ല എന്നൊക്കെയാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാല്‍ അത് ശരിയല്ല. സ്വയം തയ്യാറായാല്‍ ആരും നമ്മെ തടഞ്ഞുവെക്കില്ല. 22ാം വയസ്സില്‍ ഞാന്‍ കൗണ്‍സിലറായി. 26ാം വയസ്സില്‍ ചെയര്‍പേഴ്‌സണായി. താൽപര്യവും ലക്ഷ്യബോധവുമുണ്ടെങ്കിൽ അതിൽ എത്തിപ്പെടാൻ കുടുംബം തടസ്സമാവില്ല. അവരുടെ പിന്തുണ കൂടി ഉണ്ടെങ്കിൽ ലക്ഷ്യം എളുപ്പമാവുകയാണ് ചെയ്യുക.
രാഷ്ട്രീയം
സോഷ്യല്‍ വര്‍ക്ക് ചെയ്യാന്‍ ചെറുപ്പം തൊട്ടേ താത്പര്യമുണ്ടായിരുന്നു. പാലിയേറ്റീവിലും പ്രവര്‍ത്തിച്ചു. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തെ കാണുന്നത്. അതുകൊണ്ടുതന്നെ കുടുംബജീവിതവും പൊതുപ്രവര്‍ത്തനവും ഒന്നിച്ച് കൊണ്ടുപോവാന്‍ കഴിയുന്നു.
പിന്തുണ
ഒരുപാട് കുറ്റവും കുറവും ബലഹീനതകളുമുള്ള ജീവിതത്തില്‍ തിരിച്ചറിവും ഊർജവും നല്‍കി നമ്മുടെ ഉയര്‍ച്ചയ്ക്കും നന്മയ്ക്കും വേണ്ടി പ്രവര്‍ത്തനങ്ങളും സമയവും ചെലവഴിക്കുന്ന ഏറ്റവും പ്രിയപ്പെട്ട ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമാണ് പ്രചോദനം. പലപ്പോഴും മധുരത്തേക്കാൾ കയ്‌പുള്ളതായിരിക്കും അവരുടെ വാക്കുകളും പ്രവൃത്തികളും.
അത്തരം വാക്കുകളും പ്രവൃത്തികളുമായിരിക്കും നമ്മെ മാറിചിന്തിപ്പിക്കുകയും കൂടുതൽ ക്രിയാത്മകമാക്കുകയും ചെയ്യുക. അങ്ങനെയാവാം പലപ്പോഴും നമുക്ക് ഉയർച്ചകളും സൗഭാഗ്യങ്ങളും എത്തിച്ചേരുക. അതുകൊണ്ട് ജീവിതത്തിൽ എല്ലാവരുടെയും വാക്കുകളും ഉപദേശങ്ങളും നന്മയും സ്നേഹവും മുഖവിലക്കെടുത്ത് മനസ്സിന് ഉചിതമെന്നു തോന്നുന്ന തീരുമാനങ്ങൾ എടുത്ത് മുൻപോട്ടു പോകുക. വിജയം നമ്മെ തേടി വരും. .