LoginRegister

മുന്നറിയിപ്പുകള്‍ അവഗണിക്കരുത്‌

ഡോ. പി അബ്ദു സലഫി

Feed Back


”നരകവാസികള്‍ പറയും: ഞങ്ങള്‍ക്ക് മുന്നറിയിപ്പുകാര്‍ വന്നിരുന്നു. അപ്പോള്‍ ഞങ്ങള്‍ നിഷേധിച്ചു തള്ളുകയും അല്ലാഹു യാതൊന്നും ഇറക്കിയിട്ടില്ല, നിങ്ങള്‍ വലിയ വഴികേടില്‍ തന്നെയാകുന്നു എന്നു പറയുകയുമാണ് ചെയ്തത്.”
(ഖുര്‍ആന്‍ 67:9)

സാമൂഹിക ജീവിയായ മനുഷ്യന് ഭൂമുഖത്ത് സമാധാനപൂര്‍വം ജീവിക്കണമെങ്കില്‍ ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. നിയമങ്ങള്‍ക്കെല്ലാം അതീതനാണ് താനെന്ന് കരുതി ഒരാള്‍ പ്രവര്‍ത്തിക്കാന്‍ തുനിഞ്ഞാല്‍ രാജ്യം തന്നെ കടുത്ത അരാജകത്വത്തില്‍ അകപ്പെടും.
നിയമങ്ങള്‍ പാലിച്ച് യാത്ര ചെയ്യുന്നവര്‍ വഴിയിലുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ ശ്രദ്ധിക്കണം. അത് മനസ്സിലാക്കി ശ്രദ്ധയോടെ യാത്ര ചെയ്താല്‍ മാത്രമേ ലക്ഷ്യസ്ഥാനത്ത് എത്താനാവൂ.
മനുഷ്യന്റെ പാരത്രിക ലോകത്തെ ശാശ്വത വിജയത്തിനായുള്ള നിയമങ്ങളാണ് സ്രഷ്ടാവ് മനുഷ്യന് വേദഗ്രന്ഥങ്ങളിലൂടെ നല്‍കിയിട്ടുള്ളത്. ആ യാത്രയില്‍ ആവശ്യമായ മുന്‍കരുതലുകള്‍ നാം എടുക്കുന്നതിന്നാണ് പ്രവാചകന്മാര്‍ നമുക്ക് ചില മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുള്ളത്. ‘നദീര്‍’ അഥവാ മുന്നറിയിപ്പ് നല്‍കുന്നവന്‍ എന്നത് മുഹമ്മദ് നബി(സ)യുടെ ഒരു വിശേഷണമായി ഖുര്‍ആന്‍ എടുത്തുപറയുന്നു. വരാനിരിക്കുന്ന പരലോകത്തെക്കുറിച്ചും വിചാരണയെക്കുറിച്ചും സ്വര്‍ഗ-നരകങ്ങളെക്കുറിച്ചും പ്രവാചകന്മാരിലൂടെ നമുക്ക് ലഭിക്കുന്ന മുന്നറിയിപ്പുകള്‍ നാം ഗൗരവത്തിലെടുക്കണം.
മുന്നറിയിപ്പ് നല്‍കുന്നവരെ കളിയാക്കുക, കേള്‍ക്കാന്‍ തന്നെ സന്നദ്ധമാവാതിരിക്കുക, കേട്ടാലും അവഗണിക്കുക, തിരിഞ്ഞുകളയുക, മറക്കുക തുടങ്ങിയ സമീപനങ്ങളാണ് പലരും സ്വീകരിക്കാറുള്ളത്. അത്തരക്കാര്‍ നരകത്തില്‍ അകപ്പെടുകയും, നരകത്തിന്റെ കാവല്‍ക്കാരായ മലക്കുകള്‍ അവരോട് ചോദിക്കുന്ന കാര്യങ്ങളുമാണ് അല്ലാഹു ഈ വചനത്തില്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്.
”നിങ്ങള്‍ക്ക് താക്കീതുകാരന്‍ വന്നിരുന്നില്ലേ? അവര്‍ പറയുന്നു: വന്നിരുന്നു. എന്നാല്‍ ഞങ്ങള്‍ അത് മുഖവിലയ്‌ക്കെടുത്തില്ല. ഞങ്ങള്‍ മുന്നറിയിപ്പുകള്‍ തള്ളിക്കളഞ്ഞു. മുന്നറിയിപ്പുകാരാണ് പിഴച്ചവര്‍ എന്നാണ് പറഞ്ഞത്.”
ഭൗതിക ജീവിതത്തില്‍ തന്നെ നിയമങ്ങളും മുന്നറിയിപ്പുകളും അവഗണിച്ച് പ്രവര്‍ത്തിക്കുന്നവര്‍ വലിയ ദുരന്തങ്ങളില്‍ പെട്ടുപോകാറുണ്ട്. എന്നാല്‍ ചില നഷ്ടങ്ങള്‍ നമുക്കിവിടെ വീണ്ടെടുക്കാനായേക്കാം. അതേസമയം പരലോകത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ മറന്ന് നാം ജീവിച്ചാല്‍ ഒരിക്കലും പരിഹരിക്കാനാവാത്ത തീരാനഷ്ടത്തിലാണ് അകപ്പെടുക എന്ന കാര്യം ഓരോ വിശ്വാസിയും എപ്പോഴും ഓര്‍ത്തിരിക്കേണ്ടതാണ്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top