മാസ്കും മലയാളിയും
മുഖമാണ് മനുഷ്യന് മറ്റൊരു മനുഷ്യനെ തിരിച്ചറിയാനുള്ള ഐഡന്റിറ്റി. മുഖങ്ങള്‍ നഷ്ടപ്പെട്ടുപോയ ഒരു കാലത്താണ് നമ്മള് ജീവിക്കുന്നത്. പരിചിതനോ അപരിചിതനോ ആയ ഏതൊരു മനുഷ്യനും കാണുമ്പോള്‍ നമുക്ക് നല്കാന് കഴിയുന്ന ഏറ്റവും വിലപിടിപ്പുള്ള സമ്മാനം ഒരു പുഞ്ചിരിയാണ്. ഒരുപാട് ഇരുട്ടുകള്‍ ഉള്ള കാലത്ത് പുഞ്ചിരിയില്ലാത്തതിന്റെ ഇരുട്ടുഭാരം കൂടി.
വേറൊരു മനുഷ്യനെ അവഗണിക്കാനും അവമതിക്കാനും മിടുക്കു കാട്ടുന്നവരാണ് മലയാളികള്‍. ഒരു പുഞ്ചിരി പോലും നല്കാന് നമ്മള് മടിക്കുന്നു. മാസ്ക് ഏറ്റവും അഭികാമ്യം നമ്മള് മലയാളികള്‍ക്ക് തന്നെയാണ്.
വിശപ്പ്
ലോകത്ത് ഒരു തെരുവു പട്ടി പോലും വിശന്നിരിക്കാന്‍ പാടില്ല എന്നു കരുതുന്നവനാണ് ഞാന്‍. ഏറ്റവും വലിയ സത്യം വിശപ്പാണ്. ഓരോ മനുഷ്യന്റെയും ഓരോ ഭരണാധികാരികളുടെയും പ്രാഥമികമായ കര്‍ത്തവ്യം ദാരിദ്ര്യം ഇല്ലാതാക്കാനുള്ള പോംവഴികള്‍ ആലോചിക്കുകയാണ്. പട്ടിണി മൂലം ആളുകള്‍ വിശന്നു മരിക്കുന്നതിന്റെ വാര്‍ത്ത ഇന്നും നമ്മുടെ മുന്നിലെത്തുന്നുണ്ട്. നമ്മള് തെരുവിലൂടെ നടക്കുമ്പോള്‍ ഒരു നേരത്തെ ആഹാരത്തിനു വേണ്ടി വിശന്ന കൈകള്‍ നമുക്കു നേരെ നീണ്ടു വരുന്നുണ്ട്. വിശപ്പിന്റെ വിളിയാണ് ആളുകളെ എങ്ങോട്ടെക്കെല്ലാമോ പായിക്കുന്നത്. നമ്മുടെ ഏറ്റവും വലിയ സ്വപ്നം ദാരിദ്ര്യ നിര്‍മാര്‍ജനം തന്നെയാവട്ടെ.
വായന
വായിക്കാത്ത ഒരാളും മനുഷ്യന് എന്ന പദത്തെ പൂര്‍ണമാക്കുന്നില്ല. തിരിച്ചറിവ് നല്കുന്ന രാസപദാര്ഥത്തിലാണ് ഏറ്റവും ശക്തിയേറിയ വിറ്റാമിനുള്ളത്. അത് അടങ്ങിയിരിക്കുന്നത് അക്ഷരങ്ങളിലാണ്. പുസ്തകം കൈയിലെടുക്കൂ. കാരണം നിങ്ങളുടെ ആത്മാവിന്റെ നാലിലൊരു ഭാഗമേ നിങ്ങളുടെ ഉള്ളിലുള്ളൂ. ശേഷിക്കുന്നത് മുഴുവനും പുസ്തകങ്ങളിലാണ്. അക്ഷരങ്ങള്‍ ഏതു ദുര്‍ബലനേയും അപാരമായ കരുത്തുള്ളവനാക്കുന്നു. മഹത്തായ കണ്ടുപിടിത്തം ഭാഷയുടേതാണ്. ലിപികളുടേതാണ്. അതിനെ മറികടക്കാന്‍ ഒരു ടെക്നോളജിക്കും സാധ്യമല്ല.