പള്ളിമിനാരങ്ങളിലെ
ബാങ്കൊലിയൊച്ചകള്‍ക്ക് കാതോര്‍ത്ത്;
പള്ളിത്തൊടിയിലെ മീസാന്‍കല്ലുകള്‍.
അടക്കപ്പെട്ട സ്വപ്‌നങ്ങള്‍
മുറിക്കപ്പെട്ട ജീവിതങ്ങള്‍.
പാതിയിലറ്റ സ്‌നേഹബന്ധങ്ങള്‍.
നനഞ്ഞ മണ്ണില്‍ പറ്റിച്ചേര്‍ന്നുകിടക്കുന്ന
യൗവനത്തിന്റെ പച്ചശരീരങ്ങള്‍ പ്രതീക്ഷകള്‍.
നിലയും വിലയുമുള്ളവനും
നാട്ടുകാര്‍ വിലയിട്ടവനും വിലയിടിഞ്ഞവനും
നടനും നാടനും പണ്ഡിതനും
അടക്കപ്പെട്ടതിന്റെ സാക്ഷി;
മീസാന്‍ കല്ലുകളിലെ പേര്.
കണ്ണു നിറഞ്ഞു യാത്രയാക്കിയവന്റെ
കാലൊച്ച കാതോര്‍ക്കുന്ന ആശയറ്റവര്‍.
തിന്നും കുടിച്ചും രമിച്ചും രതിച്ചും
തിണ്ണമിടുക്ക് കാട്ടുന്നവര്‍ക്ക്
അടയാളം കാണിക്കാന്‍ മീസാന്‍-
കല്ലുകള്‍ക്കിടയില്‍ നിന്ന്
തഴുകിയെത്തുന്ന കാറ്റിന്റെ മര്‍മരം.
പകപേറിയവരോട്
ഇടക്കിടക്ക് കൊടുങ്കാറ്റിന്റെ താക്കീത്.
പോമാരിയുടെ മുന്നറിയിപ്പ്.
അഹങ്കാരത്തെ തകര്‍ത്തടുക്കാന്‍ ഭൂകമ്പങ്ങള്‍.
എന്നിട്ടും തിരുത്താനാവാത്തവരോട്
മീസാന്‍ കല്ലുകളില്‍ തൊട്ടുരുമ്മി നില്ക്കുന്ന
കള്ളിച്ചെടികളുടെ അന്ത്യശാസനം
നിന്നെക്കാള്‍ അഹങ്കാരിയായിരുന്നല്ലോ അവന്‍
അവന്റെ തലയോട്ടികള്‍ക്കുള്ളറയും
എന്റെ വേരുകള്‍ കീഴടക്കിയിട്ടുണ്ട്.