പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥിനിയാണ് ഞാന്‍. ഐഐഎസ്സി, ഐസര്‍, നൈസര്‍ എന്നീ സ്ഥാപനങ്ങളെ പരിചയപ്പെടുത്താമോ?
ഹിബ കരുവാരക്കുണ്ട്
ശാസ്ത്രമേഖലയിലെ മികവുറ്റ പഠനകേന്ദ്രങ്ങളാണ് ഐഐഎസ്സി, ഐസര്‍, നൈസര്‍ എന്നിവ.
ഐഐഎസ്സി (IISc)
ശാസ്ത്ര ഗവേഷണരംഗത്ത് ലോകോത്തര നിലവാരം പുലര്‍ത്തുന്ന സ്ഥാപനമാണ് ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് അഥവാ ഐഐഎസ്സി. ഗവേഷണരംഗത്ത് മികവും കുറഞ്ഞ ഫീസും മികച്ച പഠനസൗകര്യങ്ങളും ഐഐഎസ്സിയുടെ പ്രത്യേകതകളാണ്.
പ്ലസ്ടു സയന്‍സ് പൂര്‍ത്തിയാക്കിയവര്‍ക്ക് പ്രവേശനം നേടാവുന്ന മികവുറ്റ പ്രോഗ്രാമുകളാണ് നാലു വര്‍ഷം ദൈര്‍ഘ്യമുള്ള ബാച്ചിലര്‍ ഓഫ് സയന്‍സ് (റിസര്‍ച്ച്), ബാച്ചിലര്‍ ഓഫ് ടെക്നോളജി ഇന്‍ മാത്തമാറ്റിക്സ് ആന്റ് കമ്പ്യൂട്ടിങ് എന്നിവ.
ബാച്ചിലര്‍ ഓഫ്
സയന്‍സ് (റിസര്‍ച്ച്)
നാലുവര്‍ഷ (എട്ട് സെമസ്റ്റര്‍) പ്രോഗ്രാമില്‍ ആദ്യ ഒന്നര വര്‍ഷം (3 സെമസ്റ്ററുകള്‍) എല്ലാവര്ക്കും ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്, എന്‍ജിനീയറിങ്, മാനവിക വിഷയങ്ങള്‍ എന്നിവയിലെ അടിസ്ഥാന പഠനമാണ്. അടുത്ത ഒന്നര വര്‍ഷം ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി, മെറ്റീരിയല്‍സ്, എര്‍ത്ത് ആന്റ് എന്വയണ്മെന്റല് സയന്‍സ് എന്നീ സ്പെഷ്യലൈസേഷന് വിഷയങ്ങളിലൊന്നില്‍ ആഴത്തിലുള്ള പഠനം.
നാലാം വര്‍ഷം അഡ്വാന്‍സ്ഡ് ഇലക്ടീവ് കോഴ്സുകള്‍ക്കൊപ്പം ഗവേഷണ പ്രോജക്റ്റും പൂര്‍ത്തിയാക്കണം. താല്പര്യമുള്ളവര്ക്ക് ഒരു വര്‍ഷം കൂടി പഠിച്ച് മാസ്റ്റര്‍ ബിരുദം (എംഎസ്) നേടാം. പ്രതിവര്‍ഷം 10,000 രൂപയാണ് ട്യൂഷന് ഫീസ്. പട്ടികവിഭാഗങ്ങള്‍ക്ക് പഠനം സൗജന്യമാണ്.
പ്ലസ്ടു (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്) 60 ശതമാനം മാര്‍ക്കോടെ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പട്ടികവിഭാഗക്കാര്‍ പ്ലസ്ടു വിജയിച്ചാല്‍ മതി.
പ്രവേശന വഴികള്‍
പ്രത്യേക പ്രവേശന പരീക്ഷയില്ല. എന്നാല്‍ താഴെപ്പറയുന്ന അഞ്ച് പരീക്ഷകളില്‍ ഏതെങ്കിലുമൊന്ന് അഭിമുഖീകരിച്ച് നിശ്ചിത യോഗ്യത നേടിയവര്‍ക്കാണ് ഈ വര്‍ഷം പ്രവേശനാര്ഹതയുള്ളത്:
1. കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന (കെവിപിവൈ). ഈ പരീക്ഷ ഇപ്പോള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്.
2. ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് (ജെഇഇ) മെയിന്‍.
3. ജെഇഇ അഡ്വാന്‍സ്ഡ്
4. നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ് യുജി)
5. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് (ഐസര്‍) ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്.
യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ക്ക് ഒന്നിലധികം ചാനലുകളില്‍ അപേക്ഷ സമര്‍പ്പിക്കാം. വെബ്സൈറ്റ്: iisc.ac.in.
പ്രവേശന വഴികളനുസരിച്ച് കെവിപിവൈ /ഇന്‍സ്പെയര്‍/ ഐഐഎസ്സി പ്രമോഷന് സ്കീം (IIScP) എന്നിവ വഴിയുള്ള സ്കോളര്‍ഷിപ്പുകള്‍ ലഭിക്കും. അക്കാദമിക മികവ് പുലര്‍ത്തുന്നവര്‍ക്ക് ഇന്ത്യന്‍, മള്‍ട്ടിനാഷണല്‍ ഏജന്‍സികള്‍, ബിസിനസ് ഹൗസുകള്‍ എന്നിവ നല്കുന്ന വിവിധ സ്കോളര്‍ഷിപ്പുകളും ലഭിക്കാറുണ്ട്.
ബാച്ചിലര്‍ ഓഫ് ടെക്നോളജി ഇന്‍ മാത്തമാറ്റിക്സ് ആന്റ് കമ്പ്യൂട്ടിംഗ്
കഴിഞ്ഞ വര്‍ഷം ആരംഭിച്ച ബിരുദതല എന്‍ജിനീയറിങ് പ്രോഗ്രാമാണിത്. മാത്തമാറ്റിക്സ് ആന്റ് കമ്പ്യൂട്ടിംഗ് വിഷയങ്ങള്‍ക്കു പുറമേ സയന്‍സ്, ഹ്യൂമാനിറ്റീസ്, എന്‍ജിനീയറിങ് വിഷയങ്ങളും പഠിക്കണം. മാത്തമാറ്റിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് മെഷീന് ലേണിംഗ്, കമ്പ്യൂട്ടേഷണല്‍ സയന്‍സ്, തിയററ്റിക്കല്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, സിഗ്നല്‍ പ്രോസസിംഗ്, കമ്പ്യൂട്ടേഷണല്‍ ബയോളജി, മാത്തമാറ്റിക്കല്‍ ഫിനാന്‍സ് തുടങ്ങിയ സ്റ്റഡി ട്രാക്കുകളും പ്രോഗ്രാമിലുണ്ട്. താല്പര്യമനുസരിച്ച് തിരഞ്ഞെടുക്കാവുന്നതാണ്.
ജെഇഇ അഡ്വാന്‍സ്ഡ് റാങ്ക് പരിഗണിച്ചാണ് പ്രവേശനം. ഈ വര്‍ഷത്തെ പ്രവേശനത്തെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റായ iisc.ac.inല്‍ ഉടന്‍ ലഭ്യമാകും.
ഐസറുകള്‍ (IISER )
അടിസ്ഥാന ശാസ്ത്ര വിഷയങ്ങളില്‍ ഉന്നത പഠനത്തിനും ഗവേഷണത്തിനും അവസരമൊരുക്കുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രമാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് അഥവാ ഐസര്‍ (IISER). തിരുവനന്തപുരം, മൊഹാലി, കൊല്‍ക്കത്ത, പൂനെ, ഭോപാല്‍, തിരുപ്പതി, ബെര്‍ഹാംപൂര്‍ എന്നീ ഏഴ് കാമ്പസുകളുണ്ട്.
ശാസ്ത്രവിഷയങ്ങളില്‍ ബാച്ചിലര്‍, ഇന്റഗ്രേറ്റഡ് ബാച്ചിലര്‍-മാസ്റ്റേഴ്സ്, പിജി, പിഎച്ച്ഡി കോഴ്സുകള്‍ ലഭ്യമാണ്. പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്ന ബാച്ചിലര്‍, ഇന്റഗ്രേറ്റഡ് ബാച്ചിലര്‍-മാസ്റ്റേഴ്സ് കോഴ്സുകളുണ്ട്.
വെബ്സൈറ്റ്: www.iiseradmission.in.
പ്രോഗ്രാമുകള്‍
ബിഎസ്-എംഎസ് ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാമുകള്‍
വിവിധ ഐസറുകളിലായി ബയോളജിക്കല്‍ സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, എര്‍ത്ത് ആന്റ്് ക്ലൈമറ്റ് സയന്‍സസ് / എര്‍ത്ത് ആന്റ് എന്വയണ്മെന്റല് സയന്‍സസ്, ജിയോളജിക്കല്‍ സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ്, ഇന്റഗ്രേറ്റഡ് ആന്റ് ഇന്റര്‍ ഡിസിപ്ലിനറി സയന്‍സസ് (ബയോളജിക്കല്‍ സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ്) തുടങ്ങിയ വിഷയങ്ങളില്‍ അഞ്ചുവര്‍ഷത്തെ ബിഎസ്-എംഎസ് ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാമുകളുണ്ട്.
ആദ്യ രണ്ട് വര്‍ഷം എല്ലാ വിദ്യാര്‍ഥികള്‍ക്കും പൊതുവായുള്ള ഫൗണ്ടേഷന് കോഴ്സുകളാണ്. പിന്നീടുള്ള രണ്ടു വര്‍ഷം സ്പെഷ്യലൈസേഷന് കോഴ്സുകളും അവസാന വര്‍ഷം മുഖ്യമായും ഗവേഷണവുമാണ്. ആകെ 1718 സീറ്റുകളാണുള്ളത്.
ബിഎസ് പ്രോഗ്രാമുകള്‍
ഐസര്‍ ഭോപാലില്‍ മാത്രമാണ് നാല് വര്‍ഷ ബാച്ചിലര്‍ ഓഫ് സയന്‍സ് (ബിഎസ്) പ്രോഗ്രാമുകളുള്ളത്. ഇകണോമിക് സയന്‍സസ്, എന്‍ജിനീയറിങ് സയന്‍സസ് (കെമിക്കല്‍ എന്‍ജിനീയറിങ്, ഡാറ്റാ സയന്‍സ് ആന്റ് എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ആന്റ് കമ്പ്യൂട്ടര്‍ സയന്‍സ്) എന്നീ വിഷയങ്ങളിലായി 90 സീറ്റുകളുണ്ട്. പ്ലസ്ടു സയന്‍സ് സ്ട്രീമില്‍ 60% മാര്‍ക്ക് (പട്ടിക-ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 55%) ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. രണ്ടാം വര്‍ഷ മാര്‍ക്കാണ് പരിഗണിക്കുക.
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി എന്നിവയില്‍ മൂന്നു വിഷയങ്ങളെങ്കിലും പഠിച്ചിരിക്കണം. എന്നാല്‍ നാല് വര്‍ഷ ബിഎസ് പ്രോഗ്രാം പ്രവേശനത്തിന് പ്ലസ്ടുവില്‍ മാത്തമാറ്റിക്സ് നിര്‍ബന്ധമായും പഠിച്ചിരിക്കണം.
പ്രവേശന വഴികള്‍
ഈ വര്‍ഷം ഐസര്‍ പ്രവേശനം നടത്തുന്നത് മൂന്ന് ചാനലുകള്‍ വഴിയാണ്.
1. കെവിപിവൈ (കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന). കെവിപിവൈ പരീക്ഷ ഇപ്പോള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്.
2. ജെഇഇ അഡ്വാന്‍സ്ഡ്.
3. ഐസര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (ഐഎടി)
ഏകദേശം 75 ശതമാനം സീറ്റുകളിലേക്കുള്ള പ്രവേശനം ഐസര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് വഴിയാണ്. മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളില്‍ 15 വീതം മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളുണ്ടാകും.
ശരിയുത്തരത്തിന് നാല് മാര്‍ക്ക്. ഉത്തരം തെറ്റിയാല്‍ ഒരു മാര്‍ക്ക് നഷ്ടപ്പെടും. ഏഴ് കാമ്പസുകളിലേക്കും പൊതുവായി ഒരു അപേക്ഷ മതി. വെബ്സൈറ്റ്: www.iiseradmission.in.
താല്പര്യമനുസരിച്ച് വിവിധ ചാനലുകളിലേക്ക് അപേക്ഷ നല്‍കാം. ഓരോ ചാനലിലും പ്രത്യേകം അപേക്ഷയും ഫീസും നല്‍കേണ്ടതുണ്ട്. കെവിപിവൈ ചാനല്‍ വഴി പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് കെവിപിവൈ ഫെലോഷിപ്പ് ലഭിക്കും.
ജെഇഇ അഡ്വാന്‍സ്ഡ്, ഐഎടി ചാനലുകളില്‍ പ്രവേശനം നേടുന്ന ഏതാനും വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ മാനദണ്ഡപ്രകാരം ഇന്‍സ്പെയര്‍ സ്കോളര്‍ഷിപ്പ് ലഭിക്കും.
നൈസര്‍ (NISER)
കേന്ദ്ര ആറ്റമിക് എനര്‍ജി വകുപ്പിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഭുവനേശ്വറിലെ നൈസറില്‍ (National Institute of Science Education & Research) അടിസ്ഥാന ശാസ്ത്ര വിഷയങ്ങളില്‍ സ്കോളര്‍ഷിപ്പോടു കൂടി അഞ്ചു വര്‍ഷ ഇന്റഗ്രേറ്റഡ് എംഎസ്സി പഠനത്തിന് അവസരമുണ്ട്. ‘നെസ്റ്റ്’ (NEST- National Entrance Screening Test) പരീക്ഷ വഴിയാണ് പ്രവേശനം.
ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളിലാണ് പഠനം.
വെബ്സൈറ്റ്: www.nestexam.in.
യു എം- ഡി എ ഇ- സിഇബി എസ് (University of Mumbai- Department of Atomic Energy Centre of Excellence in Basic Sciences) എന്ന സ്ഥാപനത്തിലും ‘നെസ്റ്റ്’ വഴി പ്രവേശനം ലഭിക്കും.
പ്ലസ്ടു സയന്‍സ് സ്ട്രീമില്‍ 60% (ഭിന്നശേഷിക്കാര്‍ക്ക് 50%) നേടി വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പട്ടിക-ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചു വര്‍ഷത്തെ ഇളവുണ്ട്.
ഒബ്ജക്ടീവ് രീതിയിലുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ്. ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ നാല് ഭാഗങ്ങള്‍. ഓരോ ഭാഗത്തിലും 50 മാര്‍ക്കിന്റെ ചോദ്യങ്ങള്‍. ഒരുത്തരം മാത്രം ശരിയായ 12 ചോദ്യങ്ങളും ഒന്നിലധികം ഉത്തരങ്ങള്‍ ശരിയായ 5 ചോദ്യങ്ങളുമാണുണ്ടാവുക. ചില ചോദ്യങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കുണ്ട്.
നാല് ഭാഗങ്ങളും എഴുതാമെങ്കിലും ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിക്കുന്ന മൂന്ന് ഭാഗങ്ങളാണ് റാങ്കിംഗിനായി പരിഗണിക്കുക.
നൈസറിലും യുഎം-ഡിഎഇ- സിഇബിഎസിലും പ്രവേശനം നേടുന്നവര്‍ക്ക് ഡിഎസ്ടി ഇന്‍സ്പെയര്‍- ഷീ/ഡിഎഇ ദിശ പദ്ധതികളുടെ ഭാഗമായി 60,000 രൂപ വാര്‍ഷിക സ്കോളര്‍ഷിപ്പ്, 20,000 രൂപ സമ്മര്‍ ഇന്റേണ്‍ഷിപ്പ് ഗ്രാന്‍ഡ് എന്നിവ ലഭിക്കും. പഠനത്തില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഭാഭാ ആറ്റമിക് റിസര്‍ച്ച് സെന്റര്‍ (BARC) ട്രെയിനിങ് സ്കൂള്‍ പ്രവേശനത്തിനുള്ള അഭിമുഖത്തില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.