മാലിന്യം സമ്പത്താണെന്നും അതില്‍ നിന്നു മൂല്യവര്‍ധിത ഉല്പന്നങ്ങള് ഉണ്ടാക്കാമെന്നും സംസ്ഥാനത്തിനു പരിചയപ്പെടുത്തിയ, ചെറുപ്പക്കാരുടെ നേതൃത്വത്തിലുള്ള കേരളത്തിന്റെ സ്വന്തം സംരംഭമാണ് ഗ്രീന്‍ വേംസ്. മാലിന്യ നിര്‍മാര്‍ജനരംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഗ്രീന്‍ വേംസ്, മാലിന്യങ്ങള്‍ സംഭരിച്ച് പ്രകൃതിക്കു ദോഷമാകാത്ത തരത്തില്‍ പുനരുപയോഗിക്കുന്ന രീതിയാണ് സ്വീകരിക്കുന്നത്.
പുതിയ ശുചിത്വ സംസ്കാരവും മാലിന്യ നിര്‍മാര്‍ജന സംസ്കാരവും പരിചയപ്പെടുത്താന്‍ മുന്നോട്ടുവന്ന, ഗ്രീന്‍ വേംസ് സ്ഥാപകനും സി ഇ ഒ യുമായ ജാബിര്‍ കാരാട്ട് സംസാരിക്കുന്നു:
മലയാളികളുടെ ശുചിത്വ കേരളം?
മലയാളികളുടെ ശുചിത്വ സംസ്കാരം അടിമുറി മാറേണ്ടതുണ്ട്. നമുക്ക് അറിയാവുന്നപോലെ വ്യക്തിശുചിത്വത്തില്‍ മലയാളികള്‍ വളരെ മുന്നിലാണ്. രാജ്യത്തെ പല സംസ്ഥാനങ്ങളേക്കാളും പല വിദേശ രാജ്യങ്ങളേക്കാളും മുമ്പിലാണ് പല കാര്യത്തിലും നാം. എന്നാല്‍, പരിസര ശുചിത്വത്തില്‍ നാം വളരെ പിന്നിലാണ്.
മാലിന്യം എന്നത് പൊതുജനങ്ങളുടെ മുന്‍ഗണനാവിഷയമായി വരുന്നില്ല. വികസന ചര്‍ച്ചകള്‍ നടക്കുമ്പോള്‍ പാലവും റോഡും സ്കൂളിനും അപ്പുറം മാലിന്യ നിര്‍മാര്‍ജനം ഒരു പ്രധാന വിഷയമായി വരുന്നേയില്ല. രാഷ്ട്രീയ-ഭരണ നേതൃത്വത്തിനു മുന്നില്‍ പൗരന്മാര് ഇതൊരു വിഷയമായി ഉന്നയിക്കുന്നുമില്ല.
വീടും പരിസരവുമാണ് മലയാളികളുടെ ആശങ്ക. അതിനപ്പുറമുള്ള മാലിന്യം തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലെന്ന സമീപനമാണ് പൊതുവേ ഉള്ളത്. മാലിന്യം വലിച്ചെറിയരുതെന്നും അതു സംസ്കരിക്കണമെന്നുമുള്ള പൗരബോധം സൃഷ്ടിക്കപ്പെടുന്നില്ല. അതുകൊണ്ടാണ് നമ്മുടെ ശ്രദ്ധേയമായ വിനോദകേന്ദ്രങ്ങളില്‍ പോലും മലയാളി മാലിന്യങ്ങള്‍ വലിച്ചെറിയുന്നത്.
മാലിന്യ സംസ്കരണത്തിന്റെ അനിവാര്യത, മാലിന്യം കൊണ്ടുണ്ടാകുന്ന ഭവിഷ്യത്ത് എന്നിവയില്‍ പൗരന്മാര്ക്ക് അവബോധം സൃഷ്ടിക്കപ്പെടണം. മാലിന്യമായി മാറുന്ന വസ്തുക്കളുടെ ഉല്പാദനം കുറക്കുക, ബദല്‍ മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുക, മാലിന്യങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ യഥാവിധി ശേഖരിക്കാനും സംസ്കരിക്കാനുമുള്ള അടിസ്ഥാന സൗകര്യങ്ങളും വിഭവങ്ങളും വര്‍ധിപ്പിക്കുക എന്നത് പ്രധാനമാണ്. ഒപ്പം, ആവശ്യമായ നിയമനിര്‍മാണം നടത്തുകയും അവ കണിശമായി പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുകയും വേണം.
വശ്യമായ ഭൂപ്രകൃതി, പ്രകൃതിസൗന്ദര്യം, പൊതുജനാരോഗ്യം എന്നിവയാണ് കേരളത്തിന്റെ സവിശേഷത. മണ്ണും ആകാശവും ജലാശയങ്ങളും മലിനമാകുന്നു എന്നതാണ് മാലിന്യത്തിന്റെ വലിയ പ്രശ്നം.
കടലിനെയും കടല്‍വിഭവങ്ങളെയും ഏറെ ആശ്രയിക്കുന്നവരാണ് നാം. 2050 ആകുമ്പോഴേക്ക് കടലില്‍ മീനിനേക്കാള് കൂടുതല്‍ പ്ലാസ്റ്റിക് വേസ്റ്റ് (മറൈന്‍ പ്ലാസ്റ്റിക്) ആകുമെന്നാണ് പഠനങ്ങള്‍.
മൈക്രോ പ്ലാസ്റ്റിക്കുകള്‍ മീനുകള്‍ കഴിക്കുകയും മീന്‍ കഴിക്കുന്ന മനുഷ്യന് അത് ദീര്‍ഘകാല ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.
മാലിന്യ നിര്‍മാര്‍ജനം എത്രമാത്രം ഫലപ്രദമാണ്?
21-ാം നൂറ്റാണ്ടിലെ ജീവിത ചുറ്റുപാടില്‍ പാക്കേജിംഗുകള് ഇല്ലാത്തൊരു അവസ്ഥ നമുക്ക് ആലോചിക്കാനാവില്ല. അത്തരമൊരു മാര്‍ക്കറ്റ് സാധ്യമല്ല. പ്ലാസ്റ്റിക്കുകള്‍ക്കു പകരം പേപ്പര്‍ ഒരു പ്രായോഗിക ബദലല്ല. അപ്പോള്‍ ഉപയോഗം കുറയ്ക്കുക എന്നതാണ് ഏറ്റവും പ്രധാനമായ പരിഹാരം. ബദല്‍ മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും വേണം.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ യഥാവിധം ശേഖരിച്ച് പുനരുപയോഗവും പുനഃചംക്രമണവും സാധ്യമാക്കുക എന്നതാണ് പ്രായോഗികമായ പരിഹാരം.
ശുചിത്വം: കേരളം എവിടെയെത്തും?
പ്ലാസ്റ്റിക് കത്തിക്കുമ്പോള്‍ പുറത്തുവരുന്ന ഡയോക്സിന്‍ ഫ്യുറാന്‍ കാന്‍സറിനു കാരണമാകുന്ന വിഷവാതകമാണ്. മാലിന്യം ആരോഗ്യത്തെ ഗുരുതരമായും ഹാനികരമായും ബാധിക്കും.
സെപ്റ്റിക് ടാങ്കുകള്‍, മറ്റു മാലിന്യങ്ങള്‍ തുടങ്ങിയവ ജലസ്രോതസ്സുകള്‍ മലിനമാക്കുന്നു. സെപ്റ്റിക് ടാങ്കുകളും കിണറും തമ്മില്‍ മതിയായ അകലം പാലിക്കാതിരിക്കുക പോലുള്ള കാരണങ്ങള്‍ മലിനമുക്ത ജലത്തിന്റെ ലഭ്യത കുറക്കുകയാണ്. അതേപോലെ വിഷപൂരിതമായ മണ്ണില്‍ നിന്നുല്പാദിപ്പിക്കുന്ന വസ്തുക്കള്‍ മനുഷ്യരുടെയും ജീവജാലങ്ങളുടെയും ആരോഗ്യത്തിനു ഭീഷണിയാകുന്നു.
വിഷ്വല്‍ പൊല്യൂഷന്‍ എന്ന പ്രതിഭാസം കേരളത്തിനു വലിയ തിരിച്ചടി തന്നെയാകും. വശ്യമായ കാഴ്ചകള്ക്കിപ്പുറം അലസമായി കൂട്ടിയിട്ട, വലിച്ചെറിയുന്ന മാലിന്യങ്ങള്‍ പാതയോരങ്ങളില്‍ നിന്ന് സന്ദര്‍ശകരെ അകറ്റും. കാഴ്ചയിലുള്ള അഭംഗി കേരളത്തിന്റെ ടൂറിസം മേഖലയെ ഗുരുതരമായി ബാധിക്കും.
പ്രകൃതിവിഭവങ്ങള്‍ ഉപയോഗശൂന്യമായി മാറുമെന്നതാണ് ഈ രംഗത്തെ വലിയ പ്രശ്നം. പൊല്യൂഷന്‍ ഇന്‍ഡെക്സ് പ്രകാരം ലോകത്തെ ഏറ്റവും കൂടുതല്‍ വായു മലിനീകരണം ഉള്ള പത്തു നഗരങ്ങളില്‍ നാല് നഗരങ്ങള്‍ ഇന്ത്യയിലാണ്.
ഗ്രീന്‍ വേംസ് എന്തു ചെയ്യുന്നു?
വീടുകളിലും വാണിജ്യ സ്ഥാപനങ്ങളിലും ഉല്പാദിപ്പിക്കപ്പെടുന്ന, ജനങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്ന അജൈവ മാലിന്യങ്ങള്‍ നിശ്ചിത ഇടവേളകളില്‍ ശേഖരിച്ച് സംസ്കരിക്കുകയാണ് ഗ്രീന്‍ വേംസ്. വീടുകളില്‍ നിന്നും വാണിജ്യ സ്ഥാപനങ്ങളില്‍ നിന്നും മാലിന്യം ശേഖരിക്കും.
3.2 ലക്ഷം വീടുകളില്‍ നിന്ന് മാലിന്യം ശേഖരിക്കുന്നുണ്ട് ഗ്രീന്‍ വേംസ് എന്ന സംരംഭം. കൂടാതെ അമ്പതിനായിരം വാണിജ്യ സ്ഥാപനങ്ങളിലും ഖരമാലിന്യങ്ങള്‍ സംഭരിച്ച് പുനഃചംക്രമണം നടത്തിക്കൊണ്ടിരിക്കുന്നു. മാലിന്യങ്ങള്‍ സുരക്ഷിതമായി പുനരുപയോഗിക്കുകയും പുനഃചംക്രമണം നടത്തുകയും ചെയ്തു.
27 ഗ്രാമപഞ്ചായത്തുകളിലും അഞ്ച് മുനിസിപ്പാലിറ്റികളിലും ഗ്രീന്‍ വേംസ് മാലിന്യ നിര്‍മാര്‍ജനത്തിനു വഴിയൊരുക്കുന്നു. കുടുംബശ്രീയുടെ ഹരിത കര്‍മസേനയെ ഉപയോഗിച്ചാണ് മാലിന്യശേഖരണം നടത്തുന്നത്. ഇതുവഴി നേരിട്ട് 710 ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട്. ശേഖരണ-സംസ്കരണ മേഖലയില്‍ 90 ശതമാനവും സ്ത്രീകളാണ്.
ഇതിനിടെ മറൈന്‍ പ്ലാസ്റ്റിക്കുമായി ബന്ധപ്പെട്ട് നിരവധി ബോധവത്കരണ പരിപാടികള്‍ ഗ്രീന്‍ വേംസ് സംഘടിപ്പിച്ചു. മാലിന്യശേഖരണം, സംസ്കരണം, പുനഃചംക്രമണം എന്നിവയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളും സംരംഭം ഒരുക്കിയിട്ടുണ്ട്.
സാമൂഹിക സംരംഭമെന്ന നിലയിലാണ് കമ്പനി പ്രവര്‍ത്തിച്ചുവരുന്നത്. 2021-22 കാലത്ത് 8100 മെട്രിക് ടണ്‍ മാലിന്യം ശേഖരിച്ച് സംസ്കരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഗ്രീന്‍ കേരള കമ്പനി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മാലിന്യം ശേഖരിച്ച് സംസ്കരിക്കുന്ന സംരംഭമാണ് ഗ്രീന്‍ വേംസ്. ഇത്രയും പ്ലാസ്റ്റിക് ശേഖരിച്ച സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ സ്ഥാപനമാണ് ഗ്രീന്‍ വേംസ്. കേരളത്തിന്റെ 30 ശതമാനം പ്രദേശം മാലിന്യമുക്തമാക്കുക എന്നതാണ് ലക്ഷ്യം.
വേസ്റ്റ് വേസ്റ്റാക്കരുത്
മാലിന്യം എന്റെ ഉത്തരവാദിത്വം എന്നതാണ് ഗ്രീന്‍ വേംസ് ഉയര്‍ത്തിപ്പിടിക്കുന്ന ലൈന്‍. വേസ്റ്റിന് ഒരു പരിഹാരം കാണുക എന്ന നിലയിലാണ് ഗ്രീന്‍ വേംസ് സംരംഭം രംഗത്തുവരുന്നത്. 98 ശതമാനവും ആളുകള്‍ വലിച്ചെറിയുന്ന, കുഴിച്ചിടുന്ന വസ്തുക്കളാണ് ഏറ്റെടുക്കുന്നത്. അഥവാ നെഗറ്റീവ് വാല്യൂ കൂടുതലുള്ള വസ്തുക്കളാണ് ഇവ. പ്ലാസ്റ്റിക് പുനഃചംക്രമണം സാധ്യമാണ് എന്നു തെളിയിക്കുകയായിരുന്നു ഞങ്ങള്‍. വേസ്റ്റിനെ റിസോഴ്സും റോ മെറ്റീരിയലുമായി കാണുകയെന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്. വേസ്റ്റ് ഒരു വിഭവമാണ്. മറ്റൊരു ഉല്പന്നത്തിന്റെ റോ മെറ്റീരിയലായി ഉപയോഗിക്കാവുന്ന വസ്തുവാണ് മാലിന്യം.
മാലിന്യസംസ്കരണം നാളേക്കുള്ള നിക്ഷേപം
ശുചിത്വമാണ് ഏതൊരു നാടിന്റെയും സുപ്രധാന വികസന സൂചിക. നല്ല ജലാശയങ്ങളും വിഷമില്ലാത്ത മണ്ണും നല്ല വായുവും ഭാവിതലമുറയ്ക്കുകൂടി വേണ്ടിയുള്ളതാണ്. അല്ലാത്തപക്ഷം വരുംതലമുറയെ അതു ബാധിക്കും. വിഷമയമായ പ്രകൃതിയെ അടുത്ത തലമുറക്കു കൈമാറുകയാണ് നാം ചെയ്തുകൊണ്ടിരിക്കുന്നത്. മനുഷ്യനെ മാത്രമല്ല മൃഗങ്ങളെയും ജീവജാലങ്ങളെയും ഉപേക്ഷിക്കുന്ന മാലിന്യം പ്രതികൂലമായി ബാധിക്കുന്നു. ധനികര്‍ കൂടുതല്‍ വേസ്റ്റ് ഉല്പാദിപ്പിക്കുന്നു എന്നാണ് വെപ്പ്. കേരളത്തില്‍ ഗ്രാമങ്ങളില്‍ ഒരു വ്യക്തി ശരാശരി 400 ഗ്രാം വേസ്റ്റ് ഉണ്ടാക്കുമ്പോള്‍ നഗരങ്ങളില്‍ അത് 600 ഗ്രാം ആണ്. ദുബൈയിലിത് 2 കിലോയും അമേരിക്കയില്‍ 6 കിലോയും വരും. വര്‍ഷവും 10 ശതമാനം മാലിന്യങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ മാലിന്യ സംസ്കരണം നമ്മുടെ വലിയ ഉത്തരവാദിത്വമാണ്.