LoginRegister

മാറുന്ന ലോകവും വായനയുടെ സാധ്യതകളും

മുനീബ നജീബ്‌

Feed Back


ഭൂമിയില്‍ ഓരോ ജീവജാലങ്ങളുടെയും നിലനില്‍പ്പ് അവയുടെ അറിവുമായി ഏറെ ബന്ധപെട്ടു കിടക്കുന്നു. ഇതര ജീവജാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യന്റെ അറിവ് സ്ഥിരസ്വഭാവം പ്രകടിപ്പിക്കാത്ത, ആര്‍ജിക്കാനും വിനിമയം ചെയ്യാനും കഴിയുന്നതാണ്. അറിവിന്റെ വാതായനമാണ് വായന. ഡിജിറ്റല്‍ യുഗത്തിന്റെ വളര്‍ച്ച ഇ ബുക്കുകളിലേക്കും ഓണ്‍ലൈന്‍ മാധ്യമങ്ങളിലേക്കും എത്തിച്ചത് വായനയെ എളുപ്പമാക്കുകയും വിവരങ്ങളെ കാലികമായി സൂക്ഷിക്കാനുമൊക്കെ സഹായകമായിട്ടുണ്ട്. എങ്കിലും സാങ്കേതികമായ വളര്‍ച്ച വായനയോട് വിമുഖത പുലര്‍ത്താന്‍ പുതിയ തലമുറയെ പ്രേരിപ്പിക്കുന്നുണ്ടോ എന്നതും വിലയിരുത്തപ്പെടേണ്ടതുണ്ട്. ഈ പശ്ചാത്തലത്തിലാണ് 42ാമത് ഷാര്‍ജ പുസ്തകമേളയോടനുബന്ധിച്ചു ‘മാറുന്ന ലോകവും വായനയുടെ സാധ്യതകളും’ എന്ന വിഷയത്തില്‍ ഷാര്‍ജ എം ജി എം സ്നേഹവീട് കൂട്ടായ്മ സെമിനാര്‍ സംഘടിപ്പിച്ചത്.
കാല്‍നൂറ്റാണ്ടിലേറെയായി ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ ‘യുവത’ ഉണ്ടാക്കിയ സ്വാധീനവും ഇടപെടലുകളും ഏറെ പ്രശംസനീയമാണെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് അഡ്വ. വൈ എ റഹീം പറഞ്ഞു. സ്ത്രീശാക്തീകരണത്തെ കുറിച്ച് ഏറെ ചര്‍ച്ചചെയ്യപ്പെടുകയും തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്ന നവകാലഘട്ടത്തില്‍ ‘യുവത’ യഥാര്‍ഥ സ്ത്രീ ശാക്തീകരണത്തിന്റെ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജെനിയ ബാസിമിന്റെ സ്വാഗത ഭാഷണത്തോടെ സെമിനാര്‍ ആരംഭിച്ചു.
വായന വാട്‌സ്ആപ്പില്‍ വരുന്ന ചെറിയ ചെറിയ കുറിപ്പുകളല്ലെന്നും വാട്‌സ് ആപ്പ് സന്ദേശങ്ങളെല്ലാം സത്യമാണെന്ന് ധരിച്ച് ഷെയര്‍ ചെയ്യരുതെന്നും സദസ്സിനെ ഉണര്‍ത്തിയാണ് എഴുത്തുകാരന്‍ ഷാബു കിളിത്തട്ടില്‍ സംഭാഷണം ആരംഭിച്ചത്. നമുക്കറിയാത്ത ഒരു കാര്യത്തെ അതാണ് സത്യമെന്നു കരുതി ഒരു നന്മ ചെയുന്നു എന്ന വിചാരത്തോടെ ഫോര്‍വേഡ് ചെയ്യുന്നത് യഥാര്‍ഥത്തില്‍ ഏറ്റവും വലിയ തിന്മയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓണ്‍ലൈന്‍ മീഡിയകളില്‍ തെറ്റായ പല വിവരങ്ങളും ഫീഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അത് തിരിച്ചറിയാന്‍ വായനയാണ് മാര്‍ഗമെന്നും ചര്‍ച്ചയുടെ മോഡറേറ്റര്‍ ആയ യുവത സിഇഒ ഹാറൂന്‍ കക്കാട് അഭിപ്രായപ്പെട്ടു. വായന മരിക്കുന്നില്ലെന്നും മക്കളുടെ വായനയുടെ ആധിക്യത്തെകുറിച്ച് ഭയപ്പെടുന്ന രക്ഷിതാക്കളെയും കാണാനിടയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ വായിക്കുന്നത് അപകടമല്ല, അത്തരം കുട്ടികള്‍ കുടുംബത്തിലും സമൂഹത്തിലും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജീവിതത്തില്‍ വായുവും വെള്ളവും എത്രമാത്രം അത്യന്താപേക്ഷിതമാണോ അതുപോലെ മനുഷ്യ മനസ്സിന്റെ പൂര്‍ണമായ വളര്‍ച്ചക്കും വികാസത്തിനും വായന ഒഴിച്ച് കൂടാനാവാത്തതാണെന്ന് എഴുത്തുകാരന്‍ സലീം അയ്യനത്ത് പറഞ്ഞു. വിശക്കുന്ന മനുഷ്യനോട് ഒരായുധമായി പുസ്തകം കയ്യിലെടുക്കാന്‍ പറയുന്നത് വായനയിലൂടെ ഈ ഭൂമിയില്‍ നിലനില്‍ക്കാനാവശ്യമായ അറിവ് സമ്പാദിക്കാനാണ്. ഏകാഗ്രത നമുക്ക് വായനയിലൂടെ നേടിയെടുക്കാനാവും. ഒരു പുസ്തകം വായിക്കുമ്പോള്‍ കിട്ടുന്ന ആനന്ദം ഡിജിറ്റല്‍ വായനകളിലൂടെ ലഭ്യമാവുകയില്ല. വായന ഒരു മനുഷ്യന്റെ മനസ്സിനെ വിശാലമാക്കുമ്പോള്‍ വാട്‌സ്ആപ്പ് വായനകള്‍ മനസ്സിന്റെ വികാസം നഷ്ടപ്പെടുത്തുന്ന അവസ്ഥയാണുള്ളത്. ഡിജിറ്റല്‍ വായന മൂലം ഉണ്ടാവുന്ന കണ്ണിന്റെ പ്രശ്‌നങ്ങളെ മറികടക്കാന്‍ പുസ്തക വായന പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്. ഇന്ന് ലൈബ്രറികള്‍ സര്‍വസാധാരണമാണ് എന്നത് വായനയെ ചെലവ് കുറഞ്ഞതാക്കാന്‍ സഹായിക്കുന്നു. കുട്ടികളെ ലൈബ്രറിയില്‍ നിന്നു പുസ്തകങ്ങള്‍ എടുത്തു വായിക്കാന്‍ അധ്യാപകരും രക്ഷിതാക്കളും പ്രേരിപ്പിക്കേണ്ടതുണ്ടെന്നും സലീം അയ്യനത്ത് അഭിപ്രായപ്പെട്ടു.
കഥാകൃത്തും ചിത്രകാരനുമായ മുഖ്താര്‍ ഉദരംപൊയില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഒരു മനുഷ്യന്‍’ എന്ന കഥയെ ഉദാഹരിച്ചാണ് വായനയുടെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞുതുടങ്ങിയത്. ഒരു മനുഷ്യനില്‍ മാനവിക മൂല്യങ്ങള്‍ വളര്‍ത്തുന്നതില്‍ വായന ഏറെ പങ്കുവഹിക്കുന്നുണ്ട്. ഒരു കഥ വായിച്ചു കഴിഞ്ഞാല്‍ അതിനു മുമ്പുള്ള വ്യക്തിയില്‍ നിന്ന് നമുക്കെന്തെങ്കിലും മാറ്റം ഉണ്ടാവുന്നു എങ്കില്‍ ആ കഥ വിജയിച്ചു എന്നദ്ദേഹം വിലയിരുത്തി. മാതാപിതാക്കള്‍ വായനയില്‍ കുട്ടികളുടെ മാതൃകകളാവേണ്ടതുണ്ട്. കുട്ടികള്‍ക്ക് വായിച്ചു കൊടുക്കാനും നല്ല കഥകള്‍ പറഞ്ഞു കൊടുക്കാനും മാതാപിതാക്കള്‍ തയ്യാറാവണം. കാലത്തിനനുസരിച്ചു വായനയുടെ രൂപഭാവങ്ങളും മാറുന്നുണ്ട്. വായനയുടെ പുതിയ രീതികളും സാധ്യതകളൂം പരിചയപ്പെടുത്തി വായനയെ നിലനിര്‍ത്താന്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും മുഖ്താര്‍ പറഞ്ഞു.
ഓരോ കുട്ടികളും വ്യത്യസ്ത പേഴ്‌സണാലിറ്റി ആണ് എന്നത് കൊണ്ട് തന്നെ അവരുടെ രീതിക്കനുസരിച്ചുള്ള വായനകളാണ് സ്വീകരിക്കേണ്ടതെന്ന് കൗണ്‍സലിങ് സൈക്കോളജിസ്റ്റ് സ്വയ നാസര്‍ അഭിപ്രായപ്പെട്ടു. ചെറുപ്പം തൊട്ടേ വായിക്കുന്ന ശീലമുള്ളവരില്‍ മറവി രോഗം വരാനുള്ള സാധ്യത കുറവാണ്. വിഷാദരോഗം ഉള്ളവരില്‍ വായിച്ച കാര്യങ്ങള്‍ അവരോടു ദൃശ്യവല്‍ക്കരിക്കാന്‍ പറയുന്നതിലൂടെ രോഗത്തെ മറികടക്കാനുള്ള ഹോര്‍മോണുകള്‍ ഉല്പാദിപ്പിക്കപ്പെടുന്നു. സൈക്കോതെറാപ്പിയിലും ബിഹേവിയറല്‍ തെറാപ്പിയിലുമൊക്കെ വായനയെ ഫലപ്രദമായി ഉപയോഗിക്കാറുണ്ട്. കുട്ടികള്‍ക്ക് വായിക്കാന്‍ തോന്നുന്ന സമയത്ത് അവരെ അതിനനുവദിക്കുകയാണ് വേണ്ടത്. മനുഷ്യന്റെ മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തെ വര്‍ധിപ്പിക്കാനും രോഗത്തെ മറികടക്കാനും ഉള്ള ഒരു നല്ല ടൂളാണ് വായനയെന്നും സ്വയ നാസര്‍ പറഞ്ഞു.
സമകാലിക ജീവിതത്തോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ നമുക്ക് മുമ്പേ കടന്നു പോയവരെ കുറിച്ചുള്ള അറിവുകള്‍ നമ്മെ പ്രാപ്തരാക്കുമെന്ന് കവിയും അധ്യാപികയുമായ കെ പി റസീന പറഞ്ഞു. വര്‍ത്തമാനത്തെ ഭൂതവും ഭാവിയുമായി ബന്ധപ്പെടുത്തുന്നതാണ് വായന. മുമ്പൊക്കെ വായനക്കായി ആളുകള്‍ ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്നത് വായനശാലകളെ ആണെങ്കില്‍ ഇന്നത് കുറഞ്ഞു വന്നിരിക്കുന്നു. ഡിജിറ്റല്‍ മീഡിയ പുസ്തകങ്ങളെ എളുപ്പത്തില്‍ ലഭ്യമാക്കുന്നുവെങ്കിലും അത് ഉപയോഗപ്പെടുത്താന്‍ കുട്ടികള്‍ മടിക്കുന്നു എന്നും ഹാബിറ്റാറ് സ്‌കൂളിലെ അധ്യാപിക കെ പി റസീന കൂട്ടിച്ചേര്‍ത്തു.
പുരാതന കാലം മുതല്‍ക്കേ മൂല്യവത്തായ സംസ്‌കാരത്തിനായി തെരെഞ്ഞെടുത്ത മാര്‍ഗമായിരുന്നു വായനയെന്ന് എഴുത്തുകാരി എം എ മുംതാസ് പറഞ്ഞു. അക്ഷരത്തിന്റെ വെളിച്ചതിലൂടെയാണ് മാനവരാശി ഉയര്‍ച്ചയുടെ പടവുകള്‍ കയറിയത്. മനുഷ്യന്റെ കഴിവുകളും മാനവിക മൂല്യങ്ങളും അവന് ഉപകാരപ്പെടുന്ന തലത്തിലേക്ക് വായന പരിവര്‍ത്തിപ്പിക്കുന്നു. വായന മനുഷ്യമനസ്സുകളെ അന്ധകാരം അകറ്റി വെളിച്ചം നിറക്കുകയും ആ വെളിച്ചം മറ്റുള്ളവരിലേക്ക് പകര്‍ത്തുകയും ചെയ്യുന്നു എന്ന് മുംതാസ് അഭിപ്രായപ്പെട്ടു.
കാഴ്ചപരിമിതിയെ മറികടന്ന് മറ്റൊരാളുടെ സഹായത്തോടെ രണ്ടാമത്തെ നോവലും പൂര്‍ത്തിയാക്കിയ ഇന്ദുലേഖയെ ഷാര്‍ജ എംജിഎം -സ്നേഹവീട് ചടങ്ങില്‍ ആദരിച്ചു.
പുതുതലമുറ വായനയെ ഉപേക്ഷിച്ചിട്ടില്ലെന്നും എല്ലാത്തരത്തിലുമുള്ള വായനയും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടെന്നും ഹംന സലാം തറയില്‍ അഭിപ്രായപ്പെട്ടു.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top