LoginRegister

മാറിയോ പെണ്‍കുട്ടികളുടെ വിവാഹ സങ്കല്‍പങ്ങള്‍?

ബഷീര്‍ കൊടിയത്തൂര്‍

Feed Back


വിവാഹമോ? അത് പിന്നെ മതി… ഇപ്പോഴത്തെ പെണ്‍കുട്ടികളുടെ പ്രതികരണമാണ് ഇത്. എന്തേ ഇങ്ങനെയാവാന്‍ എന്ന അന്വേഷണം ചില മാറ്റങ്ങളുടെ ലോകത്തേക്കാണ് നമ്മെ എത്തിക്കുക. വിദ്യാഭ്യാസവും സ്വാതന്ത്ര്യവും കൊണ്ട് മുഖ്യധാരയിലേക്ക് ഉയര്‍ന്ന പെണ്‍കൊടികള്‍ക്ക് മറ്റു മേഖലയില്‍ എന്ന പോലെ വിവാഹത്തിലും സ്വന്തമായ കാഴ്ചപ്പാടുണ്ട്. നേരത്തിനും സമയത്തിനും കെട്ടിച്ചുവിട്ടിട്ടില്ലെങ്കില്‍ എന്ന ആശങ്ക ഇപ്പോള്‍ അസ്ഥാനത്താണ്. ജീവിതം ജീവിക്കാനുള്ളതാണെന്ന പുതുതലമുറ വാദം മാറ്റിമറിക്കുന്നത് ചില പാരമ്പര്യ രീതികളെ കൂടിയാണ്.
‘പഠനം പൂര്‍ത്തിയാക്കണം. എന്നിട്ട് ഒരു ജോലി. രക്ഷിതാക്കളോടൊപ്പം കുറച്ച് കാലം സന്തോഷത്തോടെ താമസം. എന്നിട്ടു മതി കല്യാണം.’ വിവാഹത്തെ കുറിച്ച് പുതുതലമുറ പെണ്‍കുട്ടികളുടെ കാഴ്ചപ്പാടാണിത്. പെണ്‍കുട്ടികളെ കെട്ടിച്ചയക്കാന്‍ പ്ലസ്ടു കഴിഞ്ഞുകിട്ടാന്‍ കാത്തിരുന്ന രക്ഷിതാക്കളുടെ നാട്ടിലാണ് പുതിയ തീരുമാനവുമായി അഭ്യസ്തവിദ്യരായ പെണ്‍കുട്ടികളുടെ പ്രതികരണം. വൈവാഹിക മേഖലയില്‍ വലിയ പ്രതിഫലനമുണ്ടാക്കുന്ന ഈ നിലപാട് പുരുഷന്‍മാരുടെ നെഞ്ചിടിപ്പ് ഏറ്റുന്നതുകൂടിയാണ്.
വിവാഹത്തെ കുറിച്ച് പരമ്പരാഗതമായ സങ്കല്‍പങ്ങളെ ചവിട്ടിത്താഴ്ത്തിയാണ് പുതു നൂറ്റാണ്ടിലെ സ്ത്രീകള്‍ തങ്ങളുടെ കാഴ്ചപ്പാട് അവതരിപ്പിക്കുന്നത്. കുടുംബ സംവിധാനത്തില്‍ രക്ഷിതാക്കള്‍ക്കു പ്രധാന റോള്‍ ഉണ്ടായിരുന്ന കല്യാണം ഇന്ന് പെണ്‍കുട്ടികളുടെ ചോയ്‌സായി മാറിയിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസം നേടുന്നതും ജോലി സ്വന്തമാക്കുന്നതും അതിനായി വര്‍ഷങ്ങള്‍ ചെലവഴിക്കുന്നതും പരമ്പരാഗത വിവാഹരീതികളെ റദ്ദാക്കുന്നു. വിവാഹത്തോടുള്ള വിമുഖത, ലക്ഷ്യം നേടാനുള്ള താല്‍പര്യം, കുടുംബ ഉത്തരവാദിത്തം ഒറ്റയ്ക്ക് ഏറ്റെടുക്കാനുള്ള മടി, ഗര്‍ഭം ധരിക്കാനുള്ള താല്‍പര്യക്കുറവ് തുടങ്ങിയവ പെണ്‍കുട്ടികളില്‍ വ്യാപകമായി കണ്ടുവരുന്നുവെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു.
കേളത്തില്‍ വിവാഹത്തിന് പെണ്‍കുട്ടികളെ ലഭിക്കാതെ യുവാക്കള്‍ പ്രതിസന്ധിയിലായതിനെ കുറിച്ചുള്ള ഗവേഷണ റിപ്പോര്‍ട്ട് അടുത്തിടെയാണ് പുറത്തുവന്നത്.
അഭ്യസ്തവിദ്യരായ പെണ്‍കുട്ടികളിലാണ് വിവാഹത്തോടുള്ള വിമുഖത കൂടുതലെന്ന് പഠനം ചുണ്ടിക്കാട്ടുന്നു. വിവാഹം കഴിക്കാനുള്ള പ്രായം ഇരുപതില്‍ താഴെയെന്നത് ഇന്ന് ഇരുപതിനു മുകളിലായി മാറി. ഇത് എല്ലാ സമുദായങ്ങളിലും പ്രകടമാണ്. ഉന്നത വിദ്യാഭ്യാസം നേടാനുള്ള സാഹചര്യവും അതിനുള്ള സ്വാതന്ത്ര്യവും ലഭിക്കുന്നതിനാലാണ് വിവാഹം മാറ്റിവെച്ച് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കാരണമാവുന്നത്. പഠനത്തിന് അനുസരിച്ച് ജോലി നേടാനും ജീവിതം സുരക്ഷിതമാക്കാനുമുള്ള ത്വര മറ്റൊരു കാരണമാകുന്നു. നിലവിലെ കുടുംബജീവിതങ്ങളിലെ ദുരന്ത സാഹചര്യങ്ങളും വിവാഹത്തോടെ എല്ലാ ആഗ്രഹങ്ങളും അവസാനിക്കുന്നുവെന്ന തോന്നലും നേരത്തേ വിവാഹം കഴിക്കുന്നതില്‍ നിന്ന് ഇവരെ പിന്നോട്ടു വലിക്കുന്നു.
മാറിയ സാഹചര്യവും
മാറുന്ന ചിന്തയും

പരമ്പരാഗതമായി പുരുഷകേന്ദ്രിത കുടുംബവ്യവസ്ഥയാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. വിവാഹത്തിലും ജോലിയിലും കുടുംബജീവിതത്തിലും പുരുഷന് മേല്‍ക്കൈ നേടുന്ന തരത്തിലാണ് പൊതുബോധം വളര്‍ന്നത്. അതിനാല്‍ തന്നെ മറ്റു പല കാര്യത്തിലുമെന്നപോലെ പഠനത്തിലും വിവാഹത്തിലും സ്ത്രീക്ക് രണ്ടാം സ്ഥാനമാണ് ലഭിച്ചിരുന്നത്.
നവോത്ഥാനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ഫലമായി ഇക്കാര്യങ്ങളില്‍ പ്രകടമായ മാറ്റങ്ങള്‍ ഇന്ന് ദൃശ്യമാണ്. പഠനത്തില്‍ ആണ്‍കുട്ടികളോടൊപ്പമോ അതിലും മുകളിലോ പെണ്‍കുട്ടികള്‍ സ്ഥാനം നേടി. ഇഷ്ടമുള്ള വിഷയങ്ങള്‍ പഠിക്കാനും അതില്‍ തുടര്‍പഠനം നടത്താനുമുള്ള സാഹചര്യം വിദ്യാസമ്പന്നരായ രക്ഷിതാക്കള്‍ ഒരുക്കി. ആണ്‍കുട്ടികളെ പോലെ ആത്മാഭിമാനത്തോടെ അവരുടെ സ്വപ്‌നങ്ങളും സങ്കല്‍പങ്ങളും യാഥാര്‍ഥ്യമാക്കാന്‍ അവസരമൊരുക്കി. എത്തിപ്പെടാവുന്ന മേഖലകളില്‍ പെണ്‍കുട്ടികള്‍ ചരിത്രം സൃഷ്ടിച്ചു.
കേരളത്തില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം പത്താം ക്ലാസ് പൂര്‍ത്തിയാവുന്നതോടെ ആരംഭിക്കുന്നതായിരുന്നു. 18 വയസ്സ് എന്ന പ്രായനിബന്ധന സര്‍ക്കാര്‍ കൊണ്ടുവന്നതോടെ അതിലേക്ക് ഉന്തിനീക്കി. 21 ആക്കാനുള്ള ശ്രമമുണ്ടായപ്പോള്‍ ആശങ്കകള്‍ ഉയര്‍ന്നു. അപ്പോഴും അതിലൊക്കെ ആശ്വസിക്കുന്ന ഒരു വിഭാഗം നമ്മുടെ പെണ്‍കുട്ടികളില്‍ ഉണ്ടായിരുന്നു എന്നുവേണം കരുതാന്‍. മെഡിക്കല്‍, എന്‍ജിനീയറിങ് പോലുള്ള പ്രൊഫഷണല്‍ മേഖലകളില്‍ പഠിക്കുന്ന കുട്ടികള്‍ ഇന്ന് നിലവിലെ വിവാഹപ്രായവും കടന്നാണ് പഠനം പൂര്‍ത്തിയാക്കുന്നത്. ഇത്തരക്കാര്‍ 20 വയസ്സും കടന്ന് പഠിക്കുമ്പോള്‍ ജോലിയൊക്കെയായി ജീവിതം തുടങ്ങുമ്പോള്‍ 25നടുത്താവും. അതിനു ശേഷമാണ് വിവാഹം പരിഗണിക്കുന്നത്.
മറ്റൊന്ന് സ്വന്തം കാലില്‍ നില്‍ക്കാനുള്ള ആഗ്രഹമാണ്. പഠനവും ജോലിയും വഴി ലഭിച്ച മാനസിക സ്വാതന്ത്ര്യം വിവാഹത്തോടെ അടിമജീവിതത്തിന് ഹോമിക്കാനുള്ളതല്ലെന്ന ബോധമാണ് വിവാഹത്തെ സെലക്ടീവ് ആക്കുന്നത്. നേരത്തെ സൗന്ദര്യവും സ്വത്തും മുഖ്യ മാനദണ്ഡമായ സ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസവും ജീവിത സാഹചര്യവുമാണ് മാനദണ്ഡം. പുരുഷന്റെ ജോലി, വീട്, ജീവിത സാഹചര്യങ്ങള്‍ എന്നിവ പെണ്‍കുട്ടികള്‍ മുന്‍കൈയെടുത്ത് അന്വേഷിക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

ദുരന്തജീവിതങ്ങളുടെ
സാക്ഷികള്‍

കുടുംബജീവിതത്തില്‍ സ്ത്രീകള്‍ക്കുള്ള സ്ഥാനവും മാനവും പ്രസംഗങ്ങളില്‍ കേള്‍ക്കുമ്പോഴുള്ള സുഖമല്ല യഥാര്‍ഥ ജീവിതത്തില്‍ എന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് സമൂഹത്തില്‍ നിന്ന് കാണാനാവുക. സ്വന്തം മാതാവോ സഹോദരങ്ങളോ അയല്‍വാസികളോ കുടുംബക്കാരോ അകപ്പെട്ട ദുരന്തജീവിതങ്ങളുടെ സാക്ഷികളാവുന്ന പെണ്‍കുട്ടികളാണ് വിവാഹത്തോട് വിമുഖത കാട്ടുന്നതില്‍ അധികവും. പുരുഷന്‍മാരുടെ മദ്യപാനം, സംശയം, സാമ്പത്തികക്കുറവ്, മിഥ്യാധാരണകള്‍, ഈഗോ തുടങ്ങിയ കാരണങ്ങളാല്‍ പങ്കാളിയെ മര്‍ദിക്കുകയും അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന പ്രവണത കുടുംബങ്ങളില്‍ വര്‍ധിച്ചുവരുകയാണ്. ഈ ദുരന്തചിത്രങ്ങളില്‍ പങ്കാളിയാകാന്‍ മാനസികമായി മടിക്കുന്നവരാണ് വിവാഹത്തോട് നോ പറയുന്നത് എന്നു പഠനം പറയുന്നു. ഏതോ പുരുഷനു മുന്നില്‍ ഹോമിക്കേണ്ടതല്ല തന്റെ ജീവിതമെന്നും സ്വന്തം കാലില്‍ നില്‍ക്കാല്‍ കെല്‍പുണ്ടെന്ന ആത്മവിശ്വാസവും പെണ്‍കുട്ടികളെ മുന്നോട്ട് ചിന്തിക്കാന്‍ പര്യാപ്തമാക്കുന്നു.
ഇന്ന് ചെറുപ്രായത്തില്‍ വിവാഹത്തിന് പെണ്‍കുട്ടികള്‍ തയ്യാറല്ല. സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനും അത് കേള്‍ക്കാന്‍ ആളുണ്ടായതുമാണ് ഇതിനു കാരണം. ഒന്നോ രണ്ടോ കുട്ടികള്‍ ഉള്ള കുടുംബങ്ങളില്‍ കുട്ടികളുടെ അഭിപ്രായത്തിന് വിലയുണ്ട്. അവരുടെ താല്‍പര്യങ്ങള്‍ രക്ഷിതാക്കള്‍ മുഖവിലയ്‌ക്കെടുക്കുന്നു. ആണ്‍കുട്ടികള്‍ ജോലി ചെയ്ത് കുടുംബം പോറ്റുമെന്ന അതേ ചിന്തയാണ് പെണ്‍കുട്ടി മാത്രമുള്ള കുടുംബത്തിലും ഉള്ളത്.
വിവാഹമെന്നാല്‍ വിലാപമോ?
സമൂഹത്തില്‍ വിവാഹത്തിനും കുടുംബജീവിതത്തിനുമുള്ള സ്ഥാനം മഹത്തരമാണ്. പ്രായപൂര്‍ത്തിയാവുന്നതോടെ പെണ്‍മക്കളെ വിവാഹം നടത്താന്‍ രക്ഷിതാക്കളുടെ നേതൃത്വത്തില്‍ ശ്രമം തുടങ്ങും. കുടുംബത്തിന് യോജിച്ചവരും കുടുംബത്തെ പോറ്റാന്‍ കെല്‍പുള്ളവരുമായ പുരുഷനെ കണ്ടെത്തിയായിരുന്നു വിവാഹം നടത്തിയിരുന്നത്. ചുരുക്കത്തില്‍, കൂട്ടായ ഒരു ദൗത്യം. എന്നാല്‍ ഇന്ന് അതിന്റെ സ്വഭാവം മാറി. പെണ്‍കുട്ടി പറയുന്ന അഭിപ്രായങ്ങള്‍ കൂടി പരിഗണിക്കപ്പെടുന്നു. അതിനനുസരിച്ചുള്ള ഇണയെ തിരയുന്നത് ശ്രമകരമാകുന്നു. യോഗ്യതയും ജോലിയും മാനദണ്ഡമാകുന്നു. ഇങ്ങനെ സെലക്ടീവായി മാറുന്ന വിവാഹാലോചനയും തീരുമാനവും കൂടുതല്‍ സങ്കീര്‍ണതയിലേക്ക് നയിക്കുന്നു. ചില ബന്ധങ്ങളില്‍ അസ്വാരസ്യങ്ങള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ ആ ബന്ധം ശിഥിലമാകുന്നു.
മറ്റൊന്ന് കുടുംബത്തിലെ ഇന്‍വോള്‍വ്‌മെന്റാണ്. ജോലിയുള്ളവരില്‍ കുടുംബവുമായി കൂടിച്ചേരാന്‍ കിട്ടുന്ന സമയം പരിമിതമാകുന്നു. അതിനാല്‍ ദമ്പതിമാര്‍ക്കും കുട്ടികള്‍ക്കും കാര്യങ്ങള്‍ വിചാരിച്ച പോലെ പോകുന്നില്ലെന്ന ചിന്ത കൂടുതലാകുന്നു. അണുകുടുംബങ്ങളില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അവസരവും ഇല്ലാതാകുന്നു.
കുടുംബനാഥന്റെ ഈഗോ ആണ് മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. രണ്ടു പേര്‍ ജോലിക്കു പോകുന്നവരാണെങ്കിലും പുരുഷന് മാത്രം ചില പ്രത്യേക ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതില്‍ ജോലിക്കാരായ സ്ത്രീകള്‍ക്ക് ഇന്ന് പ്രയാസമുള്ള കാര്യമാണ്. ധൃതിപ്പെട്ട് വീട്ടുപണികള്‍ ചെയ്ത് ഓഫീസിലേക്ക് ഓടുമ്പോള്‍ തന്റെ കാര്യങ്ങള്‍ നോക്കുന്നില്ലെന്ന ഭര്‍ത്താവിന്റെ പരിഭവം പലപ്പോഴും അവഗണിക്കേണ്ടിവരുന്നതും ഏറ്റുമുട്ടലിനു കാരണമാകുന്നു.
ലക്ഷ്യം തന്നെ മുഖ്യം
പുതുതലമുറയിലെ പെണ്‍കുട്ടികള്‍ വിവാഹത്തേക്കാള്‍ പ്രാമുഖ്യം നല്‍കുന്നത് ജീവിതത്തിനാണ്. പഠിച്ച് ജോലി നേടി സ്വന്തം കാലില്‍ നില്‍ക്കാമെന്ന ഉപദേശം ജീവിതത്തില്‍ യാഥാര്‍ഥ്യമാക്കാനാണ് ഇന്ന് പെണ്‍കുട്ടികള്‍ ശ്രമിക്കുന്നത്. സാമ്പത്തിക സുരക്ഷിതത്വവും അത് നല്‍കുന്ന നിലയും സ്വാതന്ത്ര്യവുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിക്കുന്നത്. ഇതിനിടയില്‍ വിവാഹമെന്ന മറ്റൊരു ലോകത്തേക്ക് പറിച്ചുനടാന്‍ അവര്‍ തയ്യാറാവുന്നില്ല. തയ്യാറാവുന്നവരാകട്ടെ അവരുടെ ജീവിതത്തെ തകര്‍ക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ ഉണ്ടാവരുതെന്ന കാര്യം സൂചിപ്പിക്കുകയും പിന്നീട് അതിനു വേണ്ടി വാദിക്കുകയും ചെയ്യുന്നവരാണ്.
ആഗ്രഹിച്ച ജീവിതത്തിനു വേണ്ടി കാത്തിരിക്കാന്‍ അവര്‍ തയ്യാറാണ്. പങ്കുവെപ്പുകള്‍ ഇല്ലാത്ത, ബാധ്യതയാകുന്ന ദാമ്പത്യത്തേക്കാള്‍ നല്ലത് ഒറ്റയ്ക്ക് ഹാപ്പിയായി ജീവിക്കുന്നതാണ് എന്ന നിലയിലുള്ള ചിന്തയാണ് പുതുതലമുറയില്‍ കാണുന്നത്.
ലിംഗ നീതിക്കു വേണ്ടിയുള്ള ചിന്തകളില്‍ സ്ത്രീകള്‍ മുന്നില്‍ നിന്നതു കൊണ്ടു മാത്രമല്ല ഇപ്പോഴുള്ള മാറ്റത്തിന് കാരണം. തുല്യ അവസരവും അതിനുള്ള പിന്തുണയും ലഭിച്ചപ്പോള്‍ പഠനത്തില്‍ എന്നപോലെ തീരുമാനങ്ങളിലും മേല്‍ക്കൈ നേടാന്‍ പെണ്‍കുട്ടികള്‍ക്കായി. ഇനി അവരുടെ താല്‍പര്യങ്ങളെ സമൂഹമാണ് വിശകലനം ചെയ്യേണ്ടത്. വിവാഹപ്രായമെത്തുമ്പോള്‍ കുടുംബജീവിതത്തിന് പര്യാപ്തമാക്കുകയും പുതിയ കുടുംബമായി മാറാന്‍ സൗകര്യമൊരുക്കുകയും ചെയ്യുന്ന പരമ്പരാഗത രീതി അതിന്റെ നന്‍മ കൊണ്ട് മഹത്തരമാണ്. എന്നാല്‍ പുതിയ ആശയങ്ങള്‍ വഴിയുണ്ടാകുന്ന ഗുണപരമായ മാറ്റങ്ങളെ നിരാകരിക്കുന്നതിനു പകരം അത് ഫലപ്രദവും സമൂഹാനുകൂലവും ആക്കുകയുമാണ് ചെയ്യേണ്ടത്. പുതിയ തലമുറ എടുക്കുന്ന ഇത്തരം തീരുമാനം ആണുങ്ങളെയും കുടുംബത്തെയും സമൂഹത്തെയും എങ്ങനെ ബാധിക്കുന്നു എന്നതില്‍ സൂക്ഷ്മ പഠനം ആവശ്യമാണ്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top