LoginRegister

മാനസികാരോഗ്യത്തിന്റെ പച്ചത്തുരുത്ത്‌

ടി റിയാസ് മോന്‍

Feed Back


മനോരോഗാശുപത്രിയെ കുറിച്ച് നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന ദൃശ്യം അത്ര മനോഹരമായിരിക്കില്ല. മനോരോഗാശുപത്രിയുടെ കെട്ടിടത്തിലേക്ക് ജീവിതത്തില്‍ ഒരിക്കലും കയറാന്‍ ഇടവരരുതേ എന്ന് ആഗ്രഹിക്കുന്നവരാണ് ഏറെ പേരും. മനോരോഗികളോട് അകല്‍ച്ച സൂക്ഷിക്കാനാണ് സമൂഹത്തിലെ ഭൂരിപക്ഷവും ശ്രമിക്കുന്നത്. ആ അകല്‍ച്ച മനോരോഗ ആശുപത്രികളോടും ചികിത്സകരോട് പോലും കാണിക്കുന്നവരുണ്ട്. മനോരോഗ ചികിത്സാ കേന്ദ്രങ്ങളെ കുറിച്ചുള്ള നമ്മുടെ മുന്‍വിധികളെ പൊളിച്ചെഴുതുകയാണ് പാലക്കാട് ജില്ലയിലെ ആനക്കര പഞ്ചായത്തിലെ കുമ്പിടിയില്‍ ഒരു കൂട്ടം സാമൂഹിക പ്രവര്‍ത്തകര്‍. സെന്റര്‍ ഫോര്‍ ഹാര്‍മോണിയസ് ലിവിങ് എന്ന സ്ഥാപനം ആധുനിക മനശ്ശാസ്ത്ര കാഴ്ചപ്പാടുകളോടെ സ്ഥാപിച്ചെടുത്ത ചികിത്സാകേന്ദ്രമാണ്.
ആതുരശുശ്രൂഷാ രംഗത്ത് മുതല്‍മുടക്കാന്‍ കൂടുതല്‍ പേര്‍ തയ്യാറാകുന്ന കാലമാണിത്. എന്നാല്‍ മാനസികാരോഗ്യ രംഗത്ത് ഇന്നും ചികിത്സാസൗകര്യങ്ങള്‍ കുറവാണ്. സര്‍ക്കാര്‍ തലത്തിലും സ്വകാര്യ മേഖലയിലും സ്ഥാപനങ്ങള്‍ നന്നേ കുറവ്. ഏറെ ശ്രമകരമായ പരിചരണവും ലാഭം ലഭിക്കാനുള്ള കുറഞ്ഞ സാധ്യതയുമാണ് ആരോഗ്യരംഗത്ത് മുതല്‍ മുടക്കാന്‍ താത്പര്യമുള്ളവരെ മനോരോഗ ചികിത്സയില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതില്‍ നിന്നു തടുത്തു നിര്‍ത്തുന്നത്. സാമൂഹികപ്രതിബദ്ധതയുള്ളവര്‍ക്കേ മാനസികാരോഗ്യ രംഗത്ത് സംരംഭങ്ങള്‍ തുടങ്ങാനും മുന്നോട്ട് പോകാനും സാധിക്കുകയുള്ളൂ.
വളാഞ്ചേരിയില്‍ താത്കാലികമായി ആരംഭിച്ച മെന്റല്‍ ഹെല്‍ത്ത് ക്ലിനിക്കില്‍ നിന്നു 2014ല്‍ ഭാരതപ്പുഴയോട് ചേര്‍ന്ന് കിടക്കുന്ന കുറ്റിപ്പുറത്തിന് അടുത്ത വിശാലമായ കാമ്പസിലേക്ക് സെന്റര്‍ ഫോര്‍ ഹാര്‍മോണിയസ് ലിവിങ് വികസിക്കുമ്പോള്‍ സാമൂഹിക പ്രവര്‍ത്തകനായ എന്‍ എ റഹീമിനും കൂടെ ചേര്‍ന്ന സുഹൃത്തുക്കള്‍ക്കും കൈമുതലായുണ്ടായിരുന്നത് സാമൂഹികപ്രതിബദ്ധത മാത്രമായിരുന്നു. 2001 ആഗസ്തിലാണ് തമിഴ്നാട്ടിലെ ഏര്‍വാടിയില്‍ തീപ്പിടുത്തമുണ്ടായി 28 മാനസിക രോഗികള്‍ വെന്തുമരിച്ചത്. ചങ്ങലകളില്‍ ബന്ധിതരായിരുന്ന ആ നിസ്സഹായരുടെ നിലവിളികളെ പലതരത്തിലാണ് നാം വിശകലനം ചെയ്തത്. അന്ധവിശ്വാസങ്ങളുടെ അപകടങ്ങളെ കുറിച്ചുള്ള ദീര്‍ഘമായ അഭിപ്രായങ്ങള്‍ ഉയര്‍ന്നു വന്നു. എന്നാല്‍ സ്വന്തം വീട്ടില്‍ ഉള്ള മാനസിക രോഗിയെ എങ്ങോട്ട് ചികിത്സക്ക് കൊണ്ടുപോകണമെന്ന ചോദ്യത്തിന് മുന്നില്‍ ഉത്തരം പറയാന്‍ ആര്‍ക്കുമായില്ല. മാനസികരോഗ ചികിത്സയിലുള്ള ആ വലിയ വിടവിന് എന്ത് ഉത്തരം നല്കാനാകുമെന്ന അന്വേഷണങ്ങളാണ് പില്‍ക്കാലത്ത് സെന്റര്‍ ഫോര്‍ ഹാര്‍മോണിയസ് ലിവിങ് യാഥാര്‍ഥ്യമാക്കിയതെന്ന് എന്‍ എ റഹീം പറയുന്നു.
സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍, സൈക്യാട്രിക് നഴ്സ് തുടങ്ങിയ വിവിധ തലത്തിലുള്ള പ്രഫഷനലുകള്‍ അടങ്ങിയ ടീമാണ് സെന്റര്‍ ഫോര്‍ ഹാര്‍മോണിയസ് ലിവിങിനെ (സി എച്ച് എല്‍) നയിക്കുന്നത്. ശാരീരിക രോഗങ്ങള്‍ പോലെ ലാബ് ടെസ്റ്റുകളിലൂടെ കണ്ടെത്താനാവുന്നതല്ല മാനസിക രോഗം. സൂക്ഷ്മമായ അപഗ്രഥനത്തിലൂടെയാണ് രോഗം തിരിച്ചറിയുന്നത്. രോഗം ഭേദമാകാന്‍ സൂക്ഷ്മതയോടെയുള്ള പരിചരണവും ക്ഷമയും ദീര്‍ഘകാലത്തെ കാത്തിരിപ്പും വേണം. പല രോഗികള്‍ക്കും കുറച്ച് ദിവസത്തേക്കെങ്കിലും ആശുപത്രിയില്‍ പാര്‍പ്പിച്ചുള്ള ചികിത്സ അനിവാര്യമായി വരും. അങ്ങനെ താമസിക്കേണ്ടവര്‍ക്ക് കൂടി സൗകര്യപ്രദമായ ഇടമാണ് സി എച്ച് എല്‍ എന്ന് സ്ഥാപനത്തിന്റെ മുഴുസമയ ഡയറക്ടറായ പൂക്കോട്ടൂര്‍ സ്വദേശി ബഷീര്‍ വ്യക്തമാക്കുന്നു.
പേരില്‍ തുടങ്ങുന്നതാണ് സെന്റര്‍ ഫോര്‍ ഹാര്‍മോണിയസ് ലിവിങിലെ ഡീ- ഇന്‍സ്റ്റിറ്റിയൂഷനലൈസേഷന്‍. സ്ഥാപനത്തെ കുറിച്ചുള്ള മുന്‍വിധികളെ ആദ്യം പൊളിക്കുന്നത് ആ പേര് തന്നെയാണ്. മനോരോഗാശുപത്രിയെന്നതിന് പകരം താളത്തോടെയുള്ള ജീവിതത്തിനുള്ള ഒരിടമെന്ന് അതിന് പേരിട്ടിരിക്കുന്നു. ഭാരതപ്പുഴയോരത്ത് നിന്ന് വയല്‍വക്കിലൂടെ കയറിച്ചെല്ലുന്നത് ഒരു റിസോര്‍ട്ടിലേക്കാണെന്ന് ആദ്യം തോന്നും. ചെന്നുകയറുന്നിടത്ത് പൂക്കളും പുല്‍ത്തകിടിയും ഇരിപ്പിടങ്ങളും കുളവും ചായക്കടയും ഒക്കെയുണ്ട്. ശാന്തതയും സ്വച്ഛതയും മനസംഘര്‍ഷങ്ങള്‍ കുറക്കാന്‍ അനിവാര്യമാണ്. ആ അനിവാര്യതയിലേക്കുള്ള ആദ്യപടിയാണ് നാം ചവിട്ടിക്കയറുന്നത്. ആശുപത്രി വരാന്തയിലെ മടുപ്പിക്കുന്ന കാത്തിരിപ്പിനപ്പുറം നടന്നും ഇരുന്നും കാഴ്ചകള്‍ ആസ്വദിക്കാനാവുന്ന തുടക്കം. കുളത്തില്‍ മീനുകളുണ്ട്, ഫാമില്‍ പശുക്കളുണ്ട്, ആടുകളുണ്ട്. കൂട്ടില്‍ കോഴികളുണ്ട്. കാഴ്ചയുടെ വൈവിധ്യങ്ങളാണ് സി എച്ച് എല്ലില്‍ ഒരുക്കിയിരിക്കുന്നത്. അവിടെ ചെറിയ കുന്നുണ്ട്, വയലുണ്ട്. തണലും മരങ്ങളുമുണ്ട്. കളിക്കാനും ഇരുന്നു വര്‍ത്തമാനം പറയാനും ഇടങ്ങളുണ്ട്.
സി എച്ച് എല്ലിന് മികവിനുള്ള അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. അവയെല്ലാം തന്നെ അതിന്റെ ആര്‍ക്കിടെക്കിനാണ്. എന്‍ ഡി ടി വിയുടെ ഇന്‍സ്റ്റിറ്റിയൂഷന്‍ ആര്‍കിടെക്ചര്‍ 2017 പ്രത്യേക ജൂറി പരാമര്‍ശം, മനോരമ വീട് യംങ് ആര്‍കിടെക് അവാര്‍ഡ് എന്നിവ സി എച്ച് എല്‍ നിര്‍മാണത്തിന് ലഭിച്ചു. കുളങ്ങളും ലാന്‍ഡ്സ്‌കേപ്പിങും കെട്ടിടത്തിന് അനുയോജ്യമായ വിധത്തില്‍ നിര്‍മിച്ചതാണ്. തുറന്നു കിടക്കുന്ന കോര്‍ട്ട് യാര്‍ഡുകളും ചെടികളോട് കിന്നാരം പറയുന്ന ചുമരുകളും മനസ്സിന് ശാന്തതയേകുന്നു. ഔപചാരികത തോന്നാത്തതും ആശുപത്രിയുടെ ഫീലിങ് അനുഭവിക്കാത്തതുമായ ഒരിടമായി സി എച്ച് എല്‍ മാറുന്നത് അതിലെ ആര്‍ക്കിടെക് കൊണ്ടാണ്. അതാകട്ടെ, സാമൂഹികശാസ്ത്രപരമായി മാനസിക ചികിത്സയെ ഉള്‍ക്കൊണ്ട് രൂപപ്പെടുത്തിയതാണ്.
സെന്റര്‍ ഫോര്‍ ഹാര്‍മോണിയസ് ലിവിങ് നല്കുന്നത് മാനസികരോഗ ചികിത്സയാണ്. മനോരോഗ ചികിത്സയിലെ പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മോഡേണ്‍ മെഡിസിന്‍ ഉപയോഗിച്ചാണ് ചികിത്സ. രോഗചികിത്സക്ക് ആവശ്യമായ മരുന്നുകള്‍ മാത്രമാണ് രോഗിക്ക് നല്കുന്നത്. രോഗിയെയും കുടുംബത്തെയും ചൂഷണം ചെയ്യാതിരിക്കുകയും കിടത്തി ചികിത്സ അവസാനിപ്പിക്കാനായ തൊട്ടടുത്ത നിമിഷം തന്നെ രോഗിയെ വീട്ടിലേക്ക് അയക്കുകയും ചെയ്യുന്നു എന്നതാണ് ചികിത്സയിലെ ധാര്‍മികത. ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് ബൈസ്റ്റാന്‍ഡര്‍ ഇല്ലാതെ വാര്‍ഡുകളില്‍ ചികിത്സ തേടാം. കുടുംബമായി വന്ന് താമസിച്ച് ചികിത്സ തേടണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ശാന്തമായി താമസിച്ച് ചികിത്സ നേടുവാന്‍ ഏതാനും ഹട്ടുകള്‍ കുന്നിന്‍ ചെരുവില്‍ ഒരുക്കിയിരിക്കുന്നു. പ്രകൃതിയുടെ പ്രശാന്തതയും ചികിത്സയുടെ ശമനവും ഒന്നിച്ച് അനുഭവിക്കാം. ഓപ്പണ്‍ എയര്‍ സ്റ്റേജ്, കലാപരിപാടികള്‍, ഫാമിങ് എന്നിവയും സി എച്ച് എല്ലിന്റെ ഭാഗമാണ്. ഇരുളടഞ്ഞ ചികിത്സാ മുറികളില്‍ നിന്ന് പരിസ്ഥിതിയിലേക്ക് തുറന്ന് കിടക്കുന്ന ചികിത്സാ ഇടങ്ങള്‍ മനസ്സിന് പുതിയ തുറവികള്‍ നല്കും.
കുട്ടികള്‍ക്കുള്ള മനോരോഗ ചികിത്സ, പ്രായമായവര്‍ക്കുള്ള മനോരോഗ ചികിത്സ തുടങ്ങി പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ട മേഖലകളില്‍ സി എച്ച് എല്‍ അതിന്റെ മുദ്ര പതിപ്പിച്ചിട്ടുണ്ട്. കുടുംബബന്ധങ്ങളിലെ മാറ്റം, ജീവിതശൈലി, സങ്കീര്‍ണമായ സാമൂഹിക ബന്ധങ്ങള്‍ എന്നിവ മനോരോഗികളുടെ എണ്ണം സമൂഹത്തില്‍ വര്‍ധിപ്പിക്കുന്നുണ്ട്. വ്യാപകമായ ലഹരി ഉപയോഗവും മനോരോഗികളുടെ എണ്ണം വര്‍ധിപ്പിക്കുന്നുണ്ട്. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. വിദ്യാര്‍ഥികളും യുവാക്കളും ലഹരിയില്‍ വീണുപോകുന്നു. മനസംഘര്‍ഷങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ലഹരിയില്‍ അഭയം തേടി മനോരോഗികളാകുന്നവരെ തിരിച്ചുപിടിക്കേണ്ടത് കുടുംബത്തിന്റെയും ചുറ്റുപാടുള്ളവരുടെയും കര്‍ത്തവ്യമാണ്. ലഹരിക്കടിപ്പെട്ടവര്‍ക്കായുള്ള ഡീ- അഡിക്ഷന്‍ സെന്റര്‍ കൂടിയാണ് സി എച്ച് എല്‍. കിടത്തിചികിത്സക്കു പുറമെ സൈക്യാട്രിക് ഒ പികള്‍, സൈക്കോളജിസ്റ്റിന്റെ സേവനം, കൗണ്‍സലിങ് എന്നിവയും സി എച്ച് എല്ലില്‍ ലഭ്യമാണ്.
രോഗികള്‍ക്കും രോഗിയുടെ കൂടെ വരുന്നവര്‍ക്കും മാത്രമായല്ല, അന്വേഷികള്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും ചേര്‍ന്നിരിക്കാനുള്ള താളാത്മകമായ അന്തരാളമാണത്. ഇതൊരു ചാരിറ്റി സ്ഥാപനമല്ല, സാമൂഹ്യ പ്രതിബദ്ധതാ സ്ഥാപനമാണ്. അതിനാല്‍ ചികിത്സക്കെത്തുന്നവരുടെ ചെലവ് വഹിക്കേണ്ടത് രോഗിയെ കൊണ്ട് വരുന്നവര്‍ തന്നെയാണ്. ചൂഷണമുക്തവും ഗുണമേന്മയുമുള്ള ചികിത്സ ഉറപ്പ് വരുത്തുകയാണ് തങ്ങളുടെ ധാര്‍മികത എന്നാണ് സംഘാടകരുടെ നിലപാട്. ചികിത്സയിലൂടെ രോഗം ഭേദമായവര്‍ക്ക് റിഹാബിലിറ്റേഷന്‍ നല്കാനുള്ള സംവിധാനം സെന്റര്‍ ഫോര്‍ ഹാര്‍മോണിയസ് ലിവിങില്‍ ഇല്ല. പുനരധിവാസം സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. ചികിത്സാലയത്തിന്റെ പരിമിതികളെ മറികടക്കാനുള്ള കൂട്ടായ്മകള്‍ സാമൂഹ്യാധിഷ്ഠിതമായി രൂപപ്പെടേണ്ടതാണ്. മനോരോഗങ്ങളെ കുറിച്ച് ഇന്നും സമൂഹത്തില്‍ പഴഞ്ചന്‍ ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. അത് മാറ്റിയെടുക്കേണ്ടത് ചികിത്സാ കേന്ദ്രങ്ങളല്ല, ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യരാണ്. ഒരു സമൂഹത്തിന്റെ മാനസികാരോഗ്യം നിലനിര്‍ത്തേണ്ടത് ചികിത്സകളിലൂടെ മാത്രമല്ല, ആരോഗ്യപൂര്‍ണമായ ജീവിതാന്തരീക്ഷം സൃഷ്ടിച്ചു കൂടിയാണ്. അത്തരം വിശാലമായ ഇടങ്ങളില്‍ സമൂഹത്തോടൊപ്പം ചേര്‍ന്നു നില്‍ക്കാനും പിന്തുണയേകാനും, തങ്ങളുടെ അറിവും അനുഭവവും പങ്കു വെക്കാന്‍ സന്നദ്ധമാണ് സെന്റര്‍ ഫോര്‍ ഹാര്‍മോണിയസ് ലിവിങ്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top