ആമിനയും ദൈവവിളിക്ക് ഉത്തരം നല്‍കിയതോടെ മുഹമ്മദ് എന്ന ആറു വയസ്സുകാരന് പൂര്‍ണ അനാഥനായി. ധനികരും ദരിദ്രരുമായി മക്കള്‍ ഏറെയുണ്ടായിരുന്നെങ്കിലും അനാഥനായിത്തീര്‍ന്ന പൗത്രന്റെ സംരക്ഷണം അബ്ദുല്‍ മുത്തലിബ് തന്നെ ഏറ്റെടുത്തു. അവന് പിതൃവാല്‍സല്യം ചൊരിഞ്ഞുകൊടുക്കുകയായിരുന്നു ആ വയോധികന്റെ ലക്ഷ്യം. മക്കക്കാരുടെയും പ്രത്യേകിച്ച് ഖുറൈശികളുടെയും ആദരപാത്രമായിരുന്നു അബ്ദുല്‍ മുത്തലിബ്. കഅ്ബയുടെ സമീപം ഹിജ്ര് ഇസ്മാഈലിനോട് ചാരി സദാ ഒരു വിരിപ്പ് കാണാമായിരുന്നു. അബ്ദുല്‍ മുത്തലിബിന്റെ വിശ്രമസ്ഥാനമായിരുന്നു അത്. അദ്ദേഹമില്ലെങ്കിലും ആ വിരിപ്പ് അവിടെയുണ്ടാകും. അദ്ദേഹത്തോടുള്ള ബഹുമാനം കാരണം ആ വിരിപ്പിനടുത്തു പോലും ആരും ഇരിക്കാറില്ല. എന്നാല്‍ ബാലനായ മുഹമ്മദ് വിരിപ്പില്‍ തന്നെ ഇരിക്കും, കിടക്കും, ചിലപ്പോള്‍ അതെടുത്ത് കളിക്കുകയും ചെയ്യും. ഇത് കാണുമ്പോള്‍ അവനെ ചിലര്‍ ഗുണദോഷിക്കുമായിരുന്നു. പക്ഷേ അബ്ദുല്‍ മുത്തലിബ് അവരോട് പറയും: ”അവനെ വിട്ടേക്കൂ, അവന് കളിക്കട്ടെ.”
ഇതു കേള്‍ക്കുമ്പോള്‍ മുഹമ്മദ് ഓടിവന്ന് പിതാമഹന്റെ താടിയില്‍ പിടിച്ച് ആ കവിളില്‍ ഉമ്മവെക്കും. കുസൃതി കൂടുമ്പോള്‍ അദ്ദേഹം അവനെ എടുത്ത് മടിയില്‍ വെക്കും. എന്നിട്ട് പറയും: ”എന്റെ മകന് മഹാനാകും.”
എന്നാല്‍ മുഹമ്മദിന്റെ ഈ പരിലാളനക്കാലം അധികകാലം നീണ്ടുനിന്നില്ല. അബ്ദുല്‍ മുത്തലിബും മരണക്കിടക്കയിലായി.
പൗത്രന്റെ കാര്യം അവസാന ശ്വാസത്തിലും അബ്ദുല്‍ മുത്തലിബിനെ അസ്വസ്ഥനാക്കിയിരുന്നു. മകനും മുഹമ്മദിന്റെ പിതാവ് അബ്ദുല്ലയുടെ നേര്സഹോദരനുമായ അബൂത്വാലിബിനെ അടുത്തു വിളിച്ച് അദ്ദേഹം പറഞ്ഞു: ”മുഹമ്മദിന്റെ സംരക്ഷണം നീ ഏറ്റെടുക്കുക, അവനെ മകനെപ്പോലെ വളര്‍ത്തുക.”
പിതാവിന്റെ വസിയ്യത്ത് അബൂത്വാലിബ് നിറമനസ്സോടെ അംഗീകരിച്ചു. അങ്ങനെയാണ് മുഹമ്മദ് അബൂത്വാലിബിന്റെ വീട്ടിലെ അംഗമായത്. അവിടെ അവനെ സ്വീകരിച്ചത് അബൂത്വാലിബിന്റെ ഭാര്യ ഫാത്തിമയാണ്.
മാതാവിന്റെയും പിതാമഹന്റെയും വേര്‍പാട് ഒട്ടും അറിയിക്കാതെ പിതൃവ്യന് അവനെ ചേര്‍ത്തുപിടിച്ചു. ഫാത്തിമ അവനെ മാതൃതുല്യം സ്നേഹിച്ചു. സ്വന്തം മക്കളെപ്പോലെയല്ല, അതിലുമുപരി കളങ്കമില്ലാതെ ആ അനാഥബാലനെ അവര്‍ പരിചരിച്ചു. ഫാത്തിമയെന്ന ഈ ഉമ്മ മുഹമ്മദിന്റെ ജീവിതത്തെ ശരിക്കും സ്വാധീനിക്കുകയും ചെയ്തു.
ഖുറൈശി കുലത്തിലാണ് ഫാത്തിമയുടെയും ജനനം. ഹാശിമിന്റെ മകന് അസദിന്റെ മകളായിരുന്നു ഫാത്തിമ. അസദ് അബ്ദുല്‍ മുത്തലിബിന്റെ ഉമ്മയൊത്ത സഹോദരനുമായിരുന്നു. അബ്ദുല്‍ മുത്തലിബ് തന്നെയാണ് മകനു വേണ്ടി ഫാത്തിമയെ വിവാഹാലോചനയും നടത്തിയത്.
അബൂത്വാലിബ് ദരിദ്രനായിരുന്നു. ഫാത്തിമയെ കൂടാതെ വേറെയും ഭാര്യമാരുണ്ടായിരുന്ന അദ്ദേഹത്തിന് അവരില്‍ കുറേ മക്കളും ജനിച്ചു. മക്കയില്‍ ക്ഷാമം വരുമ്പോഴൊക്കെയും ആ വീട്ടില്‍ പട്ടിണിയുമെത്തി. എന്നാല്‍ എട്ടാം വയസ്സില്‍ ആ വീട്ടിലെത്തിയ മുഹമ്മദിനെ പട്ടിണിയെന്താണെന്ന് ഫാത്തിമ അറിയിച്ചില്ല; മാതാവില്ലാത്ത ആ ബാലനെ അത്രയേറെ സ്നേഹിച്ചു അവര്‍.
മറ്റു മക്കളായ ആഖില്‍, ത്വാലിബ്, മുഹമ്മദ് വീട്ടിലെത്തിയതിനു ശേഷം ജനിച്ച ജഅ്ഫര്‍, അലി, മറ്റു പെണ്മക്കള് എന്നിവരെപ്പോലെ തന്നെ ഫാത്തിമ അവനെയും വളര്‍ത്തി. കുളിപ്പിച്ചു, വസ്ത്രമുടുപ്പിച്ചു, ഭക്ഷണമൂട്ടി. ചിലപ്പോള്‍ അവര്‍ പട്ടിണിയറിഞ്ഞുകൊണ്ടാണ് അവനെ അന്നമൂട്ടിയത്.
ഖദീജയെ വിവാഹം ചെയ്യുന്നതുവരെയുള്ള 17 വര്‍ഷക്കാലവും ഫാത്തിമ തന്നെയായിരുന്നു അല്‍അമീന്റെ ഉമ്മ. വിവാഹശേഷവും വളര്ത്തമ്മയുമായുള്ള ബന്ധം ഊഷ്മളമായി തുടര്‍ന്നു. കച്ചവടം ചെയ്ത് അല്പം ധന്യത വന്നപ്പോള്‍ മകന് അലിയുടെ സംരക്ഷണബാധ്യത ഏറ്റെടുത്ത് പിതൃവ്യനും ഫാത്തിമക്കും മുഹമ്മദ് ആശ്വാസവും നല്കി. അവരിരുവരും തന്നെ ഓമനിച്ചതുപോലെ അലിയെ മുഹമ്മദും ഓമനിച്ചു.
വര്‍ഷങ്ങള്‍ കഴിഞ്ഞു. പ്രവാചകനായി പ്രബോധനം തുടങ്ങിയ തിരുനബിയെ കുടുംബം തള്ളിപ്പറഞ്ഞു. പിതൃവ്യര്‍ പോലും അകന്നു. അബൂത്വാലിബ് ഇസ്ലാം ഉള്‍ക്കൊള്ളാതെ അനുഭാവം മാത്രം പ്രകടിപ്പിച്ചു. എന്നാല്‍ തന്റെ കൈകളിലൂടെ വളര്‍ന്ന അല്‍അമീനെ ഫാത്തിമ കൈവിട്ടില്ല. അവര്‍ വിശ്വാസിയായി. വളര്‍ത്തമ്മയുടെ ഇസ്ലാം സ്വീകരണം എന്തെന്നില്ലാത്ത ആശ്വാസമാണ് നബിക്ക് നല്‍കിയത്.
തിരുനബിയെ സങ്കടത്തിലാക്കി അബൂത്വാലിബ് വിടപറഞ്ഞു. തൊട്ടുപിന്നാലെ നബിയും സ്വഹാബിമാരും മദീനയിലേക്ക് ഹിജ്റ പോയി. ഫാത്തിമയും ഹിജ്റയില്‍ പങ്കെടുത്തു. മദീനയില്‍ അവര്‍ക്ക് സൗകര്യവും സംരക്ഷണവുമൊരുക്കുന്നതില് നബി പ്രത്യേകം താല്പര്യം കാണിച്ചിരുന്നു. അധികം വൈകാതെ മകള്‍ ഫാത്തിമയെ നബി അലിക്ക് ഇണയായി നല്കി. മരുമകളായി വീട്ടിലെത്തിയ ഫാത്തിമയെ അവര്‍ സ്വന്തം മകളെപ്പോലെ സ്നേഹിച്ചു. പിതാവിനെയും മകളെയും മക്കളെപ്പോലെ വളര്‍ത്താനുള്ള അപൂര്‍വ ഭാഗ്യമാണ് ഇതുവഴി ഫാത്തിമക്ക് കൈവന്നത്.
മദീനയിലെത്തിയ ശേഷമുണ്ടായ നബിയുടെ സങ്കടങ്ങളിലൊന്നായിരുന്നു വളര്‍ത്തമ്മയുടെ വിയോഗം. കദനഭാരത്തോടെ അവരുടെ ജനാസയുടെ അടുത്തിരുന്ന തിരുനബിയുടെ കണ്ണുകള്‍ നനഞ്ഞു:
”അല്ലാഹുവേ, എന്റെ ഉമ്മയില്‍ നീ കാരുണ്യം ചൊരിയണേ. വിശന്നപ്പോള്‍ എന്റെ വയറു നിറച്ച, നഗ്നനായപ്പോള്‍ എന്നെ വസ്ത്രമുടുപ്പിച്ച, എനിക്കായി ഉറക്കമൊഴിച്ച എന്റെ ഉമ്മയെ നീ അനുഗ്രഹിക്കേണമേ”- ദൂതര്‍ പ്രാര്‍ഥനാനിരതനായി. നമസ്കാരത്തിന് നേതൃത്വം നല്കിയ നബി തന്നെയാണ് തന്റെ പ്രിയ ഉമ്മയുടെ മയ്യിത്ത് ഖബ്റിലേക്ക് ഇറക്കിവെച്ചതും.