ഹേമന്തക്കുളിര്‍ക്കാറ്റ് തൊട്ടുതലോടിയകലുന്ന ഒരു പ്രഭാതത്തിലാണ് കൂട്ടുകാരുമൊത്ത് മാങ്കുളത്തേക്ക് പുറപ്പെട്ടത്. ഋതുഭേദങ്ങളില്ലാതെ, ഏതുകാലത്തും സഞ്ചാരികള്‍ തിക്കിത്തിരക്കുന്ന വാഗമണും മൂന്നാറും കുമിളിയും തേക്കടിയുമെല്ലാം ഒഴിവാക്കി കാടകങ്ങളിലെ നിശ്ശബ്ദതയും മലയോര ഗ്രാമസൗന്ദര്യവും നുകര്‍ന്നുള്ള ഒരു യാത്രയാണ് മനസ്സിലുണ്ടായിരുന്നത്. വന്യപ്രകൃതിയില്‍ അലിഞ്ഞുചേരാനുള്ള വല്ലാത്ത വെമ്പല്‍. പ്രശാന്തിയെയും സ്വച്ഛതയെയും പുല്‍കാന്‍ കൊതിച്ചുകൊണ്ടുള്ള പ്രയാണം.
കോതമംഗലത്തുനിന്ന് തട്ടേക്കാട്, മാമലക്കണ്ടം, മാങ്കുളം വഴിയേ പോവുകയാണെങ്കില്‍ 72 കിലോമീറ്റര്‍ ദൂരമുണ്ട് ആനക്കുളം എന്ന കൊച്ചുഗ്രാമത്തിലെത്താന്‍. മൂന്നാറില്‍ നിന്നൊലിച്ചുവരുന്ന നല്ല തണ്ണിയാറും ആനക്കുളത്തിനടുത്തുള്ള കാട്ടിലൂടെ ഒഴുകിയെത്തുന്ന അരുവികള്‍ ചേര്‍ന്നുണ്ടായ ഈറ്റച്ചോലയാറും സംഗമിക്കുന്നിടമാണ് ആനക്കുളമെന്ന കുഗ്രാമം. ഈ രണ്ടു പുഴകളും കരിന്തിരിയാറായിമാറി പൂയംകുട്ടിയില്‍ ചേരുന്നു. പിന്നെ കുട്ടമ്പുഴയായി ഒഴുകി പെരിയാറില്‍ വിലയം പ്രാപിക്കുകയായി.
ഗ്രാമവീഥി തീരുന്നിടത്ത്, പാതയോരത്തുനിന്നു 50 മീറ്റര്‍ മാത്രം അകലെക്കൂടിയാണ് ഈറ്റച്ചോലയാര്‍ ഒഴുകുന്നത്. പുഴയോട് ചേര്‍ന്ന് ഒന്നര കിലോമീറ്റര്‍ നീളത്തില്‍ ഒരു സുരക്ഷാവേലി കെട്ടിയിട്ടുണ്ട്. ഇപ്പുറമുള്ള പുല്‍ത്തകിടി കുട്ടികളുടെ കളിസ്ഥലമാണ്. അവര്‍ ആമോദത്തോടെ കളികളവസാനിപ്പിച്ചു കേറിക്കഴിയുമ്പോഴേക്കും കാട്ടുകൊമ്പന്മാരുടെ വരവായി. ആറ്റുവക്കിലെ പുല്‍ത്തകിടിയിലേക്കിറങ്ങാന്‍ ആര്‍ക്കും അനുവാദമില്ല. ടോര്‍ച്ചുകള്‍ മിന്നിച്ചും ബഹളംവെച്ചും ആനകളെ പ്രകോപിപ്പിക്കാന്‍ പാടില്ല. നാട്ടുകാര്‍ തന്നെയാണ് ഇവിടെ കാവല്‍ക്കാരും നിയമപാലകരും.
കുറഞ്ഞത് നൂറുവര്‍ഷങ്ങളെങ്കിലും ആയിക്കാണുമത്രെ, ആനക്കുളത്തേക്കുള്ള കാട്ടാനകളുടെ ഈ സഞ്ചാരം തുടങ്ങിയിട്ട്. പുഴകടന്ന് ആനകള്‍ ജനവാസ മേഖലകളിലേക്ക് കേറിവരാറില്ല. വിരുന്നുവരുന്ന സഞ്ചാരികള്‍ പുഴയോരത്തേക്ക് നടന്നുപോവാതിരിക്കാന്‍ ദേശവാസികളുടെ പ്രത്യേക ശ്രദ്ധയുമുണ്ട്.
മൂന്നാറിനോട് ചേര്‍ന്നുകിടപ്പാണ്, ദേവികുളം ബ്ലോക്കില്‍ ഉള്‍പ്പെടുന്ന മാങ്കുളം എന്ന ഹരിതഭൂമിക. എന്നാലോ, മൂന്നാറിലെപ്പോലെ വാഹനങ്ങളുടെ നീണ്ടനിരകളില്ല. ഉല്ലാസയാത്രികരുടെ ശബ്ദകോലാഹലങ്ങളില്ല. സഞ്ചാരികളുടെ കീശകാലിയാക്കുന്ന റിസോര്‍ട്ടുകളോ ആഡംബര ഹോട്ടലുകളോ ഇല്ലാത്ത പ്രശാന്തസുന്ദരമായ ഇടം.
മലകളും കുന്നുകളും പുഴകളും അരുവികളും ചോലകളും നീര്‍ച്ചാട്ടങ്ങളും നിറഞ്ഞ മനോഹരതീരം. പാര്‍വതി മല, കിളിക്കല്ല് മല, വിരിഞ്ഞപാറ മല, പള്ളിക്കുന്ന്, 96 കുന്ന്, മുനിപാറക്കുന്ന് എന്നിങ്ങനെ പോകുന്നു മലകളുടെയും കുന്നുകളുടെയും പേരുകള്‍. പെരുമ്പന്‍കുത്ത്, നക്ഷത്രക്കുത്ത് (പാമ്പുംകയം), ചിന്നാര്‍കുത്ത്, കിളിക്കല്ല്കുത്ത്, കോഴിവാലന്‍കുത്ത്, വിരിപാറ, എന്നിവിടങ്ങളില്‍ ചെറുതും വലുതുമായ ജലപാതങ്ങളുണ്ട്. മാങ്കുളം ആറ്, നല്ലതണ്ണിയാറ്, ഈറ്റച്ചോലയാറ് എന്നിവയാണ് മാങ്കുളത്തെ പ്രധാന നദികള്‍.
സ്വന്തമായി വിദ്യുച്ഛക്തി ഉല്‍പാദിപ്പിച്ച് ഇലക്ട്രിസിറ്റി വകുപ്പിന് വില്‍പ്പന നടത്തുന്ന കേരളത്തിലെ ആദ്യത്തെ സ്ഥലമാണ്, ഈ ഗ്രാമം. നക്ഷത്രക്കുത്തിലെ പാമ്പുംകയം വെള്ളച്ചാട്ടത്തില്‍ നിന്നാണ് ഇവിടെ കറണ്ടുണ്ടാക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ വ്യാവസായിക വികസന സംഘടനയുടെ സഹായത്തോടെയാണ് 55 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുതകുന്ന രണ്ടു ടര്‍ബൈനുകള്‍ ഗ്രാമപ്പഞ്ചായത്ത് സ്വന്തമാക്കിയത്. മാങ്കുളം പഞ്ചായത്തിലെ ചുരുങ്ങിയത് ആറു വെള്ളച്ചാട്ടങ്ങളില്‍നിന്നെങ്കിലും ഇതുപോലെ വൈദ്യുതി ഉണ്ടാക്കാല്‍ കഴിയുമെന്നാണ് കരുതപ്പെടുന്നത്. മുവായിരം കൊല്ലം പഴക്കമുള്ളതെന്നു കരുതപ്പെടുന്ന എഴുത്തളങ്ങളും ചരിത്രമുറങ്ങുന്ന മുനിയറകളും ഇവിടെ കാണാം.
ഞങ്ങള്‍ വസിക്കുന്ന ഹോം സ്റ്റേയുടെ പിന്നിലൂടെ, കമ്പിവേലിയുടെ തൊട്ടപ്പുറത്തായി, ഈറ്റച്ചോലയാര്‍ ഒഴുകുന്നുണ്ട്. വെള്ളം കുറവാണ്. അതിന്റെ ഓരംചേര്‍ന്ന് അല്‍പദൂരം നടന്നാല്‍ നല്ലതണ്ണിയാറിന്റെ തീരത്തണയാം.
ജലനിരപ്പ് താഴ്ന്നതിനാല്‍ രണ്ടു നദികളിലേയും പാറക്കെട്ടുകള്‍ ഉയര്‍ന്നു കാണാം. ഒഴുക്കു കുറഞ്ഞ, വഴുക്കലില്ലാത്ത സ്ഥലത്ത് നീരാട്ടിനിറങ്ങാം.
മാങ്കുളത്തുനിന്ന് ആനക്കുളത്തേക്ക് നേരത്തേയുണ്ടായിരുന്ന ബസ് സര്‍വീസ് 2020ലെ ലോക്ഡൗണിനു ശേഷം നിലച്ചിട്ടുണ്ട്. നാട്ടുകാര്‍ ആശ്രയിക്കുന്ന പ്രധാന വാഹനം ജീപ്പാണ്. രമണീയമായ ഗ്രാമക്കാഴ്ചകള്‍ കണ്ടുകണ്ടാണ് ജീപ്പ് യാത്ര. ‘കുവൈറ്റ് സിറ്റി’യിലെത്തുന്നതിനു മുന്നേയാണ് കോഴിവിളക്കുത്ത് വെള്ളച്ചാട്ടം.
ഒരു ചെറിയ ഓവുപാലത്തിനടുത്ത് ഡ്രൈവര്‍ വണ്ടി നിര്‍ത്തി. 200 അടി ഉയരത്തില്‍നിന്നാണ് ഈ ജലപാതം. രജതകാന്തിയെഴുന്ന മൂന്നു ജലധാരകള്‍ അവിടെ കാണാം. അതിനും മുകളിലാണ് ആദിവാസികള്‍ വസിക്കുന്ന കോഴിവിളക്കുടി. താഴെ ഓവുപാലത്തിന്റെ വലതുവശത്തായി ഒരു ചെറിയ ചെക്ക്ഡാമുണ്ട്.
മാങ്കുളം-ആനക്കുളം റൂട്ടിലാണ് പെരുമ്പന്‍കുത്ത്. ഇവിടെനിന്ന് വലതുവശത്തേക്കു തിരിഞ്ഞാല്‍ ആനക്കുളത്തേക്കുള്ള പാത നീളുന്നു. നേരെ പോയാല്‍ പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടത്തിനടുത്തെത്താം. വണ്ടിയിറങ്ങി ഒരു ചെറുവഴി താണ്ടിയാല്‍, വിരിപാറയിലൂടെ കടന്നുവരുന്ന നീരൊഴുക്കിനടുത്തെത്താം. കല്‍ച്ചിറപോലെ തോന്നിക്കുന്ന വലിയൊരു പാറയിലൂടെയുള്ള ജലപാതം വിശാലമായ പാറപ്പുറത്തേക്ക് ആരവത്തോടെ വന്നുവീഴുന്നു. പിന്നെ 250 അടി താഴ്ചയുള്ള വലിയ ഗര്‍ത്തത്തിലേക്ക് നിപതിക്കുന്നു.
യാതൊരു സുരക്ഷാവേലികളും ഇല്ലാത്തതിനാല്‍ സഞ്ചാരികളുടെ അശ്രദ്ധ അപകടം വിളിച്ചുവരുത്തുമെന്നുറപ്പാണ്. കുട്ടികളുമായി യാത്ര ചെയ്യുന്നവര്‍ ജാഗ്രത പുലര്‍ത്തണം.
മാങ്കുളത്തുനിന്ന് ആറുകിലോമീറ്റര്‍ പിന്നിട്ടാല്‍ നാമെത്തിച്ചേരുന്ന അമ്പതാം മൈലിലെ 33 വെള്ളച്ചാട്ടമാണ് വളരെയേറെ ആകര്‍ഷകം. അഞ്ചാറു തട്ടുകള്‍ കടന്നാണ് ഇവിടുത്തെ ജലപ്രവാഹം താഴേക്കെത്തുന്നത്.
ഊക്കോടെ തലയിലേക്കു പെയ്തിറങ്ങി, മേനിയെയൊന്നാകെ പുല്‍കിത്തഴുകിയുണര്‍ത്തി നീര്‍പ്പളുങ്കുമണികള്‍ ഒന്നൊന്നായി ഊര്‍ന്നുവീഴുമ്പോള്‍ ഒരു ജലചികിത്സയിലൂടെയുള്ള സൗഖ്യം നാമനുഭവിക്കുന്നു, കാനനയാത്രയുടെ സാഫല്യം നമ്മുടെയുള്ളില്‍ നിറയുന്നു.
മലകളാല്‍ ചുറ്റപ്പെട്ട്, പച്ചപ്പട്ടുടയാട ചാര്‍ത്തിനില്‍ക്കുന്ന മാങ്കുളമെന്ന സുന്ദരപ്രകൃതിയെ നമുക്ക് കൂടെക്കൂട്ടാതിരിക്കാനാവില്ല, തിരിച്ചു പോരുമ്പോള്‍.
അവള്‍ കാലിലണിഞ്ഞ, കാട്ടുചോലകളാകുന്ന ചിലങ്കയുടെ കിലുക്കങ്ങള്‍ നമ്മുടെ കാതില്‍ വന്നുനിറയാതിരിക്കില്ല. ഉന്നതശീര്‍ഷരായി നില്‍ക്കുന്ന മലമടക്കുകളെയൊന്നാകെ വെള്ളിയരഞ്ഞാണമണിയിക്കുന്ന നീര്‍ച്ചാലുകളുടെ അനുപമ മോഹനദൃശ്യങ്ങള്‍ കണ്ണില്‍ എന്നും ഒളിപകരാതിരിക്കില്ല. മധുരം നിറച്ചൊഴുകുന്ന തേനരുവികളുടെ സ്വാദാവട്ടെ, നാവിന്‍തുമ്പിലെന്നും തുളുമ്പി നില്‍ക്കും.