അസുഖം ബാധിച്ചാല്‍ ഉടനെ ഡോക്ടറുടെ അടുത്തേക്കാണ് ഓട്ടം. പലതരം ഗുളികകള്‍. പല രീതിയിലാണ് കഴിക്കേണ്ടത്. ആദ്യ ഡോസില്‍ അസുഖം കുറഞ്ഞാല്‍ പിന്നെ രീതികളൊക്കെ മാറും. ഇതാണ് മരുന്നു ഉപയോഗത്തിന്റെ കഥ. എന്നാല്‍ മരുന്നുപയോഗത്തില്‍ ചില കൃത്യതകള്‍ പാലിക്കേണ്ടതുണ്ട് എന്ന കാര്യം പലര്‍ക്കും അറിയില്ല. രോഗം പൂര്‍ണായി ഭേദമാകാന്‍ മാത്രമല്ല ആരോഗ്യ സംരക്ഷണത്തിനും ഇത് അത്യാവശ്യമാണ്.
ഒന്നുവീതം രണ്ടുനേരം എന്നത് 12 മണിക്കൂര്‍ ഇടവിട്ടും, മൂന്നുനേരം എന്നത് 8 മണിക്കൂര്‍ ഇടവിട്ടും, നാല് നേരം എന്നത് 6 മണിക്കൂര്‍ ഇടവിട്ടും കഴിക്കുക എന്നതാണ്. ഇങ്ങനെ നിശ്ചിത സമയക്രമത്തില്‍ കഴിച്ചാൽ മാത്രമേ മരുന്ന് ഫലപ്രദമാവുകയുള്ളു. ചായ, കാപ്പി, പുളിരസമുള്ള ജ്യൂസ്, ചൂടുവെള്ളം തുടങ്ങിയവയോടൊപ്പം ഗുളികകള്‍ കഴിക്കരുത്. തിളപ്പിച്ചാറിയ 200 മില്ലിയെങ്കിലും വെള്ളത്തോടൊപ്പം ഗുളികകള്‍ കഴിക്കുന്നതാണ് ശരിയായ രീതി. ഭക്ഷണത്തിന് മുമ്പുള്ളത് അങ്ങനെ തന്നെ കഴിക്കണം. മാത്രമല്ല എത്ര മണിക്കൂര്‍ മുമ്പ് എന്നതും പ്രധാനമാണ്. ഭക്ഷണശേഷം കഴിക്കേണ്ടത് ഭക്ഷണം കഴിച്ച ഉടനെ അല്ല. അല്‍പം കഴിഞ്ഞിട്ടാണ്. ആഴ്ചയില്‍ ഒന്ന് എന്ന രീതിയില്‍ കഴിക്കേണ്ട ചില വിറ്റാമിന്‍ മരുന്നുകളുണ്ട്. ഇവ ഇടവേള തെറ്റാതെ കഴിക്കാന്‍ ശ്രമിക്കണം. അതിനായി മരുന്ന് പാക്കറ്റില്‍ തിയ്യതി എഴുതി വെക്കണം.
പഴയതും കേടുവന്നതുമായ ഗുളികയോ മരുന്നോ കഴിക്കരുത്. സംശയമുണ്ടേല്‍ അത് ഒഴിവാക്കണം. കാരണം മരുന്നിലെ രാസവസ്തുക്കള്‍ പെട്ടെന്ന് പ്രതിപ്രവര്‍ത്തിച്ച് ശരീരത്തില്‍ മാറ്റമുണ്ടാക്കും. അത് മരണത്തില്‍ വരെ കലാശിക്കാം.
ഇംഗ്ലീഷ് മരുന്നിനു മാത്രമല്ല സമയവും കാലവും ഉള്ളത്. ആയുര്‍വേദ മരുന്നുകള്‍ തുടര്‍ച്ചയായും അമിതമായും കഴിച്ചാല്‍ വൃക്ക, കരള്‍ എന്നിവയെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്. ഹോമിയോ മരുന്ന് ദീര്‍ഘകാലം സൂക്ഷിക്കാന്‍ കഴിയില്ല. മരുന്നുകള്‍ പറഞ്ഞ കാലാവസ്ഥയില്‍ തന്നെ സൂക്ഷിക്കണം. ഇംഗ്ലീഷ് മരുന്നുകള്‍ പലതും നേരിട്ട് വെയില്‍ ഏല്‍ക്കാന്‍ പാടില്ലാത്തതാണ്. ഇന്‍സുലിന്‍ പോലുള്ള ഇന്‍ജക്ഷനുകള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കണം. ദീര്‍ഘനേരം കറന്റ് പോവുകയാണെങ്കില്‍ തണുപ്പ് ഉണ്ടെന്ന് ഉറപ്പാക്കണം.
കൃത്യമായ ആവശ്യത്തിനും അളവിലും സമയത്തും രീതിയിലും മരുന്നു കഴിച്ചാൽ മാത്രമേ രോഗം നിയന്ത്രിക്കാനും മാറ്റാനും സാധിക്കുകയുള്ളു. സുരക്ഷിതവും ഫലപ്രദവുമായ മരുന്നുപയോഗത്തിന് കൃത്യത പാലിക്കുകയാണ് പരമപ്രധാനം. ഓരോ മരുന്നുകളും രോഗിയുടെ ശരീരത്തിനുള്ളില്‍ എങ്ങനെ കടക്കണമെന്നും ഏതു ഘട്ടത്തിലാണ് വിഘടിക്കേണ്ടതെന്നും അവയവങ്ങളില്‍ എപ്പോഴാണ് പ്രവേശിക്കേണ്ടതെന്നെല്ലാമുള്ള രൂപകൽപന ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന് വൈറല്‍ ബാധകൊണ്ടുണ്ടാകുന്ന ജലദോഷത്തിന് ആന്റിബയോട്ടിക് കഴിക്കുന്നത് അനാവശ്യമാണ്. പാരസെറ്റമോള്‍ 500 മില്ലി ഗ്രാം ഗുളിക കഴിച്ച് അരമണിക്കൂര്‍കൊണ്ട് വേദനമാറിയില്ലെങ്കില്‍ ഉടനെതന്നെ മറ്റൊരണ്ണംകൂടി കഴിക്കുന്നത് അളവുതെറ്റി ഓവര്‍ഡോസായി മാറും.
കൃത്യമായ അളവിലും സമയത്തും ആന്റിബയോട്ടിക്കുകള്‍ കഴിച്ചാല്‍ മാത്രമേ രോഗാണുക്കളെ നശിപ്പിക്കാന്‍ കഴിയുകയുള്ളൂ. മരുന്നുകള്‍ കഴിക്കേണ്ട രീതികളെക്കുറിച്ചും അശാസ്ത്രീയമായി ഉപയോഗിച്ചാലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കണം. മരുന്നു മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് ശാസ്ത്രീയവും ഫലപ്രദവുമായ രീതി അവലംബിക്കണം, മരുന്നുകള്‍ അലക്ഷ്യമായി ഉപേക്ഷിക്കുന്നത് തടയാനും പൊതുജനങ്ങളെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കാനും കഴിയണം. മൃഗ, ക്ഷീര കര്‍ഷക മേഖലകളിലെ കര്‍ഷകര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിയണം. മരുന്ന് വാങ്ങുമ്പോള്‍ എല്ലാ സംശയങ്ങളും ഫാര്‍മസിസ്റ്റുമാരില്‍നിന്ന് ചോദിച്ചു മനസ്സിലാക്കണം.
ആന്റിബയോട്ടിക്
വില്ലന്‍മാര്‍
അശാസ്ത്രീയമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് വ്യാപകമാണ്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നു വാങ്ങി കഴിക്കുക, നിര്‍ദേശിച്ച കോഴ്സ് പൂര്‍ത്തീകരിക്കാതിരിക്കുക, മറ്റൊരാളുടെ കുറിപ്പടിയില്‍ അതേ അസുഖമെന്ന ധാരണയില്‍ മരുന്നുകള്‍ വാങ്ങി കഴിക്കുക, ഇതൊക്കെവഴി ബാക്ടീരിയകള്‍ മരുന്നിനെതിരെ പ്രതിരോധശേഷി കൈവരിക്കാന്‍ കാരണമാകുന്നുണ്ട്. ബാക്കി വരുന്നതും കാലാവധി കഴിഞ്ഞതുമായ മരുന്നുകള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ് മണ്ണിലും വെള്ളത്തിലും കലര്‍ന്ന് ആന്റിബയോട്ടിക്കുകള്‍ മനുഷ്യരില്‍ അറിയാതെ എത്തുന്നതിനും കാരണമാകും. കോഴികള്‍ക്കും കന്നുകാലികള്‍ക്കും, മത്സ്യക്കൃഷി, കാര്‍ഷിക മേഖലകളിലും ആന്റിബയോട്ടിക്കിന്റെ അമിതമായ ഉപയോഗം നടക്കുന്നുണ്ട്. ഇതുകാരണം പാല്‍, മുട്ട, മാംസം, കൃഷി ഉല്‍പ്പന്നങ്ങളിലൂടെയും ആന്റിബയോട്ടിക്കുകള്‍ മനുഷ്യശരീരത്തിലെത്തുന്നു.
ചില സൂക്ഷ്മജീവികളുടെ വളര്‍ച്ച തടയാനും നശിപ്പിക്കാനും ശേഷിയുള്ള രാസപദാര്‍ഥങ്ങള്‍ വേര്‍തിരിച്ചെടുത്താണ് രോഗകാരികളായ മറ്റു സൂക്ഷ്മാണുക്കള്‍ക്കെതിരെ ആന്റിബയോട്ടിക് മരുന്നായി ഉപയോഗിക്കുന്നത്. അശാസ്ത്രീയമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതിലൂടെ രോഗാണുക്കള്‍ മരുന്നിനെതിരെ പ്രതിരോധശേഷി കൈവരിക്കുന്നതാണ് ആന്റിബയോട്ടിക് റസിസ്റ്റന്റ്. ഇങ്ങനെയുള്ള രോഗാണുക്കളെ മരുന്നുകള്‍കൊണ്ട് നശിപ്പിക്കാന്‍ കഴിയാതെ വരുകയും രോഗം മാറാത്ത അവസ്ഥയിലേക്കും രോഗിയുടെ മരണത്തിനുപോലും കാരണമാകുന്നു.
ലഹരിക്ക് മരുന്നുകള്‍
ചില മരുന്നുകള്‍ മയക്കമുണ്ടാക്കും. അതിനാല്‍ അത്തരം മരുന്നുകള്‍ വാങ്ങി കഴിക്കുന്നവരുണ്ട്. ലഹരിയുടെ വഴിയെ പോകാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇത്തരം മരുന്നുകളെ തേടി പോകുന്നത്. മാനസിക വിഭ്രാന്തി ഉള്ളവര്‍, സഹിക്കാന്‍ പറ്റാത്ത വേദന അനുഭവിക്കുന്നവര്‍, ഉറക്കമില്ലാത്തവര്‍ തുടങ്ങിയവരെ ചികില്‍സിക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകളാണ് മയക്കുമരുന്നുകളായി ഉപയോഗിക്കപ്പെട്ടത്. ഒന്നോ അതിലധികമോ സൈക്കോ ആക്റ്റീവ് മരുന്നുകളുടെ ഉപയോഗമാണ് ബോധാവസ്ഥയില്‍ മാറ്റം വരുത്തുന്നത് , ഒന്നുകില്‍ ഉല്ലാസത്തിനോ മറ്റെന്തെങ്കിലും ഉദ്ദേശ്യത്തിനോ വിനോദത്തിനോ വേണ്ടിയാണ് ഇവ ഉപയോഗിക്കുന്നത്.
സൈക്കോ ആക്റ്റീവ് മരുന്ന് ഉപയോക്താവിന്റെ ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍, അത് ലഹരിയുടെ സ്വഭാവമുണ്ടാക്കുന്നു. അത്തരം മരുന്നുകൾ സാധാരണ നിലയില്‍ വില്‍ക്കാനോ കൈവശം വെക്കാനോ പാടില്ല. ഇവ ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കില്‍ മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ. ഷെഡ്യൂള്‍ മരുന്നുകളായ ഇവ കൃത്യമായ നിരീക്ഷണത്തിലും നിയന്ത്രണത്തിലും മാത്രമാണ് ഉപയോഗിക്കേണ്ടത്. .