ഇളം പ്രായത്തിലെ വിധവയായ ഒരു പെണ്‍കുട്ടി. നാലും ആറും വയസുള്ള കുട്ടികളുടെ ഉമ്മ. വടകരക്കടുത്ത തോടന്നൂര്‍ ഗ്രാമത്തിനകത്ത് ഒതുങ്ങിക്കഴിഞ്ഞിരുന്നവള്. എന്നാല്‍ ഇന്ന് അവളൊരു എഴുത്തുകാരിയായിരിക്കുന്നു. ‘ഒറ്റയ്ക്ക് മരിച്ച പുഴ’ എന്ന പുസ്തകത്തിലൂടെ.
ഷമീന ശിഹാബിന്റെ പുസ്തകം പ്രകാശന ദിവസം തന്നെ മുഴുവന്‍ കോപ്പികളും വിറ്റഴിഞ്ഞു. രണ്ടാം പതിപ്പും വേഗത്തിലാണ് തീര്‍ന്നത്. ഇപ്പോഴിതാ മൂന്നാം പതിപ്പും എത്തിയിരിക്കുന്നു. ഓര്‍മക്കുറിപ്പുകളും കവിതകളും അടങ്ങിയതാണ് ‘പേരക്ക ബുക്സ്’ പുറത്തിറക്കിയ പുസ്തകം. കോവിഡ് മഹാമാരിക്കാലം അവളും കുടുംബവും അഭിമുഖീകരിച്ച ജീവിതാനുഭവങ്ങളുടെയും സഹനത്തിന്റെയും നേര്‍ക്കാഴ്ചകള്‍ ആണ് പുസ്തകം പറയുന്നത്.
ഒരു സ്ത്രീമനസ്സിന്റെ അതിജീവനത്തിന്റെ കഥയാണ് ഈ പുസ്തകം. പുസ്തകത്തിലെ വാചകങ്ങള്‍ ഇന്ന് പലര്‍ക്കും പ്രചോദനത്തിന്റെ വാക്കുകളാകുന്നു. സമാനമനസ്കരായ സ്ത്രീകള്‍ അവളെ നിരന്തരം വിളിക്കുന്നു. അവര്‍ക്ക് സൗഹൃദത്തിന്റെയും സമാശ്വാസത്തിന്റെയും ഇടത്താവളമാകുന്നു ഷമീന. അവരെ ഒരുമിച്ചുകൂട്ടി ചില കൂട്ടായ്മകള്‍ തുടങ്ങുന്നു. ഒറ്റപ്പെട്ടു കഴിയുന്ന സ്ത്രീകള്‍ക്ക് കരുത്തും ഊര്‍ജവും പകരുന്നു. കൂട്ടായ്മയുടെ നേതൃത്വത്തില്‍ അനാഥ പെണ്‍കുട്ടികളുടെ വിവാഹത്തിനു സഹായിക്കുന്നു.
ഷമീന ഹൈസ്കൂള്‍ പഠനകാലത്ത് കഥകളും കവിതകളും എഴുതിയിരുന്നു. വിവാഹത്തോടെ അതൊക്കെ നിലച്ചുപോയി. കാന്‍സര്‍ രോഗത്തില്‍ നിന്ന് ഭര്‍ത്താവിനെ മുക്തനാക്കാന്‍ ആശുപത്രികളില്‍ കയറി ഇറങ്ങുകയായിരുന്നു കോവിഡുകാലം ഭീതിപരത്തിയ ആദ്യനാളുകളില്‍. പിന്നീട് ഭര്‍ത്താവിന്റെ വിയോഗത്തോടെയാണ് എഴുത്തിലേക്കും വായനയിലേക്കും തിരിഞ്ഞത്. എല്ലാ സങ്കടങ്ങളും കടലാസിലേക്കു പകര്‍ത്തി. ഈ പുസ്തകത്തിലൂടെ ഒരു പുതിയ തുടക്കം കുറിക്കുകയായിരുന്നു. രണ്ടാം പുസ്തകത്തിന്റെ പണിപ്പുരയിലാണവള്. ആദ്യത്തെ എഴുത്ത് സ്വന്തം ജീവിതമായിരുന്നുവെങ്കില്‍ ബാലസാഹിത്യ നോവലാണ് രണ്ടാമതായെഴുതുന്നത്.
ഇരുപത്തിയഞ്ചാം വയസ്സില്‍ അവള് വിധവയായി. എല്ലാം പെട്ടെന്നായിരുന്നു. ഇദ്ദാ കാലം ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കാലഘട്ടമാണെന്നു കൂടി അവള് തിരിച്ചറിഞ്ഞു. പണ്ടെപ്പോഴോ മാഞ്ഞുപോയ എഴുത്തിന്റെ വഴിയില്‍ അങ്ങനെയാണ് വീണ്ടും തിരിച്ചെത്തിയത്. ഡ്രൈവിംഗ് പഠിച്ചു. പഠനം തുടര്‍ന്നു. കെ ഇ സിയുടെ കീഴില്‍ അധ്യാപിക പരിശീലനവും പൂര്‍ത്തിയാക്കി.
മരണത്തോടു കൂടി ആര്‍ക്കും ആരെയും നഷ്ടപ്പെടുന്നില്ല, നല്ല ഓര്‍മകളിലൂടെ അവരെന്നും നമ്മില്‍ ജീവിക്കും. ‘ഒരു പെണ്ണും ഇവിടെ ഒറ്റയ്ക്കാവില്ല, നമ്മള് പൊരുതാന്‍ തയാറാവുന്നതുവരെ’ എന്ന് ഒരു ലാഞ്ചനയുമില്ലാതെ അവള് പ്രസ്താവിക്കുന്നു. ‘ഷമീന ഹൃദയം തുറന്നെഴുതുകയാണ്. ഓരോ വാക്കുകളുടെ ഞരമ്പുകളിലും അവളുടെ രക്തമുണ്ട്, ഹൃദയമുണ്ട്’ എന്ന് മുനീര്‍ അഗ്രഗാമി അവതാരികയില്‍ കുറിക്കുന്നതും അതുകൊണ്ടുതന്നെയാണ്. .