LoginRegister

മരണക്കെണിയാവുന്ന ഡിജിറ്റല്‍ ആസക്തി

വി കെ ജാബിര്‍

Feed Back


മൊബൈല്‍ ഫോണ്‍-ഇന്റര്‍നെറ്റ് ഉപയോഗവും ബന്ധപ്പെട്ട പ്രശ്നങ്ങളും മൂലം സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 25 കുട്ടികള്‍. 2019-22 കാലത്താണ് 25 കേസുകളും റിപോര്‍ട്ട് ചെയ്തതെന്ന് സര്‍ക്കാര്‍ കണക്കുകള്‍. മൊബൈല്‍ ഗെയിമുകളും സമൂഹമാധ്യമങ്ങളുടെ അമിത ഉപയോഗം മുതല്‍ ഡാറ്റ റീചാര്‍ജ് ചെയ്യാന്‍ വൈകിയത് ഉള്‍പ്പെടെ മരണകാരണങ്ങള്‍ വിചിത്രമാണ്.
ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുന്നൊരു സാമൂഹിക പ്രശ്നമാണ് ക്രമം തെറ്റിയ കമ്പ്യൂട്ടര്‍ ഉപയോഗം. ഇന്റര്‍നെറ്റ് അഡിക്ഷന്‍ ഡിസോര്‍ഡര്‍ (ഐഎഡി) എന്ന പേരില്‍ ലോകത്തെ വികസിത രാഷ്ട്രങ്ങള്‍ പ്രശ്നത്തെ അഭിസംബോധന ചെയ്തുതുടങ്ങിയിട്ടുണ്ട്. ഐ എ ഡി നാഡീസംബന്ധമായ സങ്കീര്‍ണതകള്‍, മാനസിക അസ്വസ്ഥതകള്‍, സാമൂഹിക പ്രശ്നങ്ങള്‍ എന്നിവ സൃഷ്ടിച്ച് ജീവിതത്തെ വഴിതിരിച്ചുവിടുന്നുവെന്ന് പഠനങ്ങള്‍ വന്നുകഴിഞ്ഞു. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ സര്‍വേകള്‍ വ്യാപന നിരക്ക് 1.5 മുതല്‍ 8.2% വരെ അപകടകരമായ തോതിലായെന്ന് സൂചിപ്പിക്കുന്നു.
ലോകാരോഗ്യ സംഘടന ‘ഗെയിമിങ് ഡിസോര്‍ഡര്‍’ (ഗെയിമുകള്‍ക്ക് അടിമപ്പെടുക, ഗെയിമിലേര്‍പ്പെടുന്നത് നിര്‍ത്താന്‍ കഴിയാതിരിക്കുക) എന്നത് രോഗങ്ങളുടെ അന്താരാഷ്ട്ര പട്ടികയില്‍ ഉള്‍പ്പെടുത്താനൊരുങ്ങുകയാണ്. ഡിജിറ്റല്‍ ആസക്തിയുടെ ഗുരുതരവും അതിവേഗം വളരുന്നതുമായ പ്രശ്നം ലോകാരോഗ്യ സംഘടന തിരിച്ചറിയുകയാണ്. ഉപയോക്താക്കളുടെ ഡിജിറ്റല്‍ ക്ഷേമത്തില്‍ (ഡിജിറ്റല്‍ വെല്‍ബീയിങ്) ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അടുത്തിടെ ഗൂഗിളും പ്രഖ്യാപിച്ചിട്ടുണ്ട്.
ആസക്തിയുണ്ടാക്കുന്ന
രൂപകല്‍പന

വര്‍ധിച്ചുവരുന്ന അംഗീകാരവും സ്വീകാര്യതയും ഉണ്ടാകുമ്പോഴും ഉപയോക്താക്കളുടെ ആസക്തി വര്‍ധിപ്പിക്കും വിധം ഡിജിറ്റല്‍ സാങ്കേതികവിദ്യ എങ്ങനെ രൂപകല്‍പന ചെയ്തിരിക്കുന്നുവെന്ന് ഉപയോക്താക്കള്‍ക്ക് അറിയില്ലെന്ന് പഠനങ്ങള്‍ പറയുന്നു.
സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍, ഓണ്‍ലൈന്‍ ഷോപ്പിങ് സംവിധാനം, ആപ്ലിക്കേഷനുകള്‍, ഗെയിമുകള്‍ തുടങ്ങിയ ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍, ഉപയോക്താക്കളെ തിരികെയെത്തിക്കാന്‍ പ്രേരിപ്പിക്കുന്നതും പ്രചോദനാത്മകവുമായ ഒരുകൂട്ടം സാങ്കേതികവിദ്യകളാണ് ഉപയോഗിക്കുന്നത്. ഇവയില്‍ ‘ദൗര്‍ലഭ്യത’ (ഒരു ഓഫര്‍ നിശ്ചിത സമയത്തേക്കു മാത്രമേ ലഭ്യമാകൂ, അതുകൊണ്ട് വേഗത്തില്‍ ഉപയോഗപ്പെടുത്തൂ എന്ന വിളി), സോഷ്യല്‍ പ്രൂഫിങ് (ഇത്ര ആയിരം പേര്‍ ഒരു ആര്‍ട്ടിക്ക്ള്‍ റീ ട്വീറ്റ് ചെയ്തു, സോഷ്യല്‍ മീഡിയയില്‍ അത് വൈറലാവുകയാണ്, അതിനാല്‍ അത് മിസ്സാക്കരുത് എന്ന ബോധം), പേഴ്സനലൈസേഷന്‍ (വ്യക്തിഗതമാക്കല്‍ അഥവാ നിങ്ങളുടെ വാര്‍ത്താ ഫീഡ് നിങ്ങളുടെ താല്‍പര്യത്തെ അടിസ്ഥാനമാക്കി വാര്‍ത്തകള്‍ ഫില്‍റ്റര്‍ ചെയ്യാനും പ്രദര്‍ശിപ്പിക്കാനും രൂപകല്‍പന ചെയ്തിട്ടുള്ളത്), പരസ്പര വിനിമയം (അധിക പോയിന്റ് അല്ലെങ്കില്‍ സമ്മാനം ലഭിക്കാന്‍ കൂടുതല്‍ സുഹൃത്തുക്കളെ ക്ഷണിക്കുക) തുടങ്ങി മനുഷ്യരുടെ ആഗ്രഹങ്ങളെയും താല്‍പര്യങ്ങളെയും ചോദനകളെയും പ്രചോദിപ്പിക്കും വിധത്തിലാണ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലെ സാങ്കേതികവിദ്യകളുടെ ഡിസൈന്‍.
സാങ്കേതികവിദ്യ രൂപകല്‍പന ചെയ്തിരിക്കുന്നത് മറ്റുള്ളവരുമായുള്ള ബന്ധവും സ്വന്തമെന്ന വികാരവും അനുഭവിക്കാനുള്ള മനുഷ്യന്റെ അടിസ്ഥാന താല്‍പര്യത്തെ ഉപയോഗപ്പെടുത്തുന്നതിനാണ്. അതിനാല്‍, നഷ്ടപ്പെടുമോ എന്ന ഭയം സോഷ്യല്‍ മീഡിയ ഡിസൈനിന്റെ പല സവിശേഷതകളുടെയും ഹൃദയമാണ് എന്ന് എന്ന് പ്രഫ. റയാന്‍ അലി, എമിലി ആര്‍ഡെന്‍, ജോണ്‍ മകലാനെ എന്നിവരുടെ പഠനത്തില്‍ വ്യക്തമാക്കുന്നു (ദ കോണ്‍വര്‍സേഷന്‍, 12-06-2018).
ഡിജിറ്റലിലേക്ക് വഴുതിവീണ കാലം
കോവിഡ് കാലത്ത് പഠനം മൊബൈലിലേക്ക് മാറുകയും നിയന്ത്രണം ഒഴിവാകുകയും ചെയ്തത് ഒരു വിഭാഗം വിദ്യാര്‍ഥികളെ ഡിജിറ്റല്‍ ലഹരിയിലേക്കു നയിക്കുകയായിരുന്നു. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടങ്ങിയ ശേഷം കുട്ടികളുടെ ജീവിതത്തില്‍ നിരവധി വ്യത്യാസങ്ങളാണ് ഉണ്ടായത്. സഞ്ചാരസ്വാതന്ത്ര്യം തടയപ്പെട്ടു, കായിക വിനോദങ്ങള്‍ ഇല്ലാതായി, കൂട്ടുകാരോടൊത്തുകൂടി ജൈവികമായ ആശയവിനിമയത്തിനുള്ള സൗകര്യം നഷ്ടപ്പെട്ടു, ജൈവികാനുഭവങ്ങള്‍ക്കുള്ള അവസരം നഷ്ടപ്പെട്ടു എന്നിവയാണ് പ്രധാന മാറ്റങ്ങള്‍. അങ്ങനെയാണ് കുട്ടികളുടെയും കൗമാരക്കാരുടെയും ഏക വിനോദ ഉപാധിയായി ഡിജിറ്റല്‍ ഉപകരണങ്ങള്‍ മാറിയത്.

വീണുപോകാനുള്ള
കാരണങ്ങള്‍

ഓണ്‍ലൈന്‍ ഗെയിമുകളിലും സോഷ്യല്‍ മീഡിയ വലയിലും പെട്ടുപോകാനുള്ള കാരണങ്ങളെ കുറിച്ച് തിരുവനന്തപുരം മെഡി. കോളജിലെ സൈക്യാട്രിസ്റ്റ് ഡോ. അരുണ്‍ ബി നായര്‍ പറയുന്നതിങ്ങനെ:
”ഓണ്‍ലൈന്‍ ഗെയിമുകളുടെ ചടുലമായ ദൃശ്യങ്ങളുമായി നമ്മുടെ ഇന്ദ്രിയങ്ങള്‍ വളരെ വേഗം പൊരുത്തപ്പെടുകയും ആസ്വദിക്കുകയും ചെയ്യും. അക്ഷരം വായിക്കുക പോലുള്ള ഇഴയുന്നതും വേഗം കുറഞ്ഞതുമായ സംവേദനങ്ങളുമായി ഒത്തുപോകാന്‍ ഇന്ദ്രിയങ്ങള്‍ക്കു പിന്നെപ്പിന്നെ കഴിയാതെ വരും.
ഗെയിമുകള്‍ അവസാന നിമിഷം വരെ ത്രസിപ്പിച്ച ശേഷമാണ് ജയിപ്പിക്കുകയോ തോല്‍പിക്കുകയോ ചെയ്യുന്നത്. വിജയിക്കുന്ന ആളുകള്‍ക്ക് വീണ്ടും കളിക്കാന്‍ താല്‍പര്യം തോന്നും. തോല്‍ക്കുന്നയാള്‍ക്ക് അടുത്ത തവണ ജയിക്കാമെന്ന ആത്മവിശ്വാസം വര്‍ധിക്കും. അങ്ങനെയാണ് ഗെയിമുകള്‍ക്ക് അടിപ്പെടുന്നത്.
തലച്ചോറില്‍ ഡോപമിന്റെ അളവ് കൂടുമ്പോഴാണ് വ്യക്തികളില്‍ സന്തോഷമുണ്ടാകുന്നത്. തലച്ചോറില്‍ നിര്‍മിക്കപ്പെടുന്ന ന്യൂറോ ട്രാന്‍സ്മിറ്ററാണ് ഡോപമിന്‍. കായിക വ്യായാമങ്ങളിലും സൗഹൃദങ്ങളിലും ഏര്‍പ്പെടുമ്പോള്‍ ഡോപമിന്റെ അളവ് പതുക്കെ കൂടിയതിനു ശേഷം ക്രമേണ കുറയുകയാണ് ചെയ്യുക. എന്നാല്‍ ഡിജിറ്റല്‍ ഗെയിമുകളുടെ ഉപയോഗസമയത്ത് ഡോപമിന്‍ അളവ് കുത്തനെ കൂടുകയും പെട്ടെന്ന് സന്തോഷം കിട്ടുകയും ചെയ്യും. ഡോപമിന്‍ വേഗത്തില്‍ കുറയുന്നതോടെ സന്തോഷം നഷ്ടപ്പെടുകയും നിരാശ ബാധിക്കുകയും ക്രമേണ ആത്മഹത്യാ പ്രവണത വരെ പ്രകടിപ്പിക്കുകയും ചെയ്യാം.”
സൂക്ഷിക്കേണ്ട ലക്ഷണങ്ങള്‍
സദാ ഡിജിറ്റല്‍ ഉപകരണങ്ങളെ കുറിച്ച് ചിന്തിക്കുകയും അതിനു വേണ്ട മാര്‍ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യുക.
ഉപയോഗിക്കുന്ന സമയം നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ വരുക. (പത്തു മിനിറ്റില്‍ നിര്‍ത്താമെന്നു പറയുകയും മണിക്കൂറുകളോളം അതേ അവസ്ഥയില്‍ തുടരുകയും ചെയ്യുക).
ഉപയോഗിക്കുന്ന സമയം (സ്‌ക്രീന്‍ ടൈം) ക്രമേണ കൂടിവരുക. തുടക്കത്തില്‍ ദിവസം നിശ്ചിത സമയം ഉപയോഗിച്ചിരുന്നവര്‍ പിന്നീട് കൂടുതല്‍ സമയം ഡിജിറ്റല്‍ ഡിവൈസുകളില്‍ ചെലവഴിക്കുക.
ഡിജിറ്റല്‍ ഉപകരണം/ ഇന്റര്‍നെറ്റ് കിട്ടാതെ വരുമ്പോള്‍ അമിത ദേഷ്യം, ഉത്കണ്ഠ, വെപ്രാളം, നിരാശ, ആത്മഹത്യാ പ്രവണത തുടങ്ങിയവ കാണിക്കുക.
ഡിജിറ്റല്‍ ഉപയോഗമല്ലാതെ മറ്റൊന്നിലും സന്തോഷം കണ്ടെത്താനാവാതിരിക്കുക.
വര്‍ധിച്ച ഡിജിറ്റല്‍ ഉപയോഗം അപകടകരമാണെന്നു ബോധ്യമുണ്ടെങ്കിലും നിയന്ത്രിക്കാന്‍ പറ്റാതാവുക.
ഉറക്കക്കുറവ്, കണ്ണിന് അസ്വസ്ഥത, ഉത്കണ്ഠ, റേഡിയേഷന്‍ പ്രശ്നങ്ങള്‍ തുടങ്ങിയവ അമിത ഡിജിറ്റല്‍ ഉപയോഗം വഴി സ്വാഭാവികമാണ്.
വെട്ടിമാറ്റാനാകാത്ത
ഡിജിറ്റല്‍ ലോകം

ഡിജിറ്റല്‍ ലോകത്തു നിന്നു മാറിനടക്കാന്‍ വയ്യാത്ത കാലത്താണ് നാമുള്ളത്. പുതുതലമുറ ഡിജിറ്റല്‍ ലോകത്താണ് ജീവിക്കുന്നത്. പോയ തലമുറയ്ക്ക് ഇതു പക്ഷേ സമയം കൊല്ലുന്നതും ആരോഗ്യം നഷ്ടപ്പെടുത്തുന്നതും സ്വഭാവം കേടുവരുത്തുന്നതുമായ ഏര്‍പ്പാടാണ്. അതിവേഗത്തിന്റെ കാലത്ത് ഒപ്പം ഓടിയെത്താന്‍ കഴിയാത്തവരുടെ, പോയകാലത്തെ ജീവിതാനുഭവങ്ങളുടെ ‘തടവറ’യില്‍ കഴിയുന്നതിന്റെ ഒരു പ്രശ്നവും ഇവിടെയുണ്ട് എന്നത് കാണാതിരുന്നുകൂടാ.
കണ്ണടച്ച് എതിര്‍ക്കാനും ഇരുകൈയും നീട്ടി സ്വീകരിക്കാനും പറ്റാത്ത വല്ലാത്തൊരു കണ്ടുപിടിത്തമാണ് വിവരസാങ്കേതിക വിപ്ലവം. അതിനെ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിലാണ് കാര്യം.
വായന പോലുള്ള, അറിവും സര്‍ഗാത്മകതയും ജ്വലിപ്പിക്കുന്ന കാലവും ഡിജിറ്റല്‍ കാലവുമായി ഒരിക്കലും താരതമ്യം ചെയ്യാനാവില്ലെന്ന് പഴയ തലമുറയ്ക്ക് തോന്നും. മനസ്സിലാക്കേണ്ട ഒരു കാര്യം, പുതിയ തലമുറ ഡിജിറ്റല്‍ വായന ചെറുപ്പത്തിലേ തുടങ്ങിയതാണ്, അതവരുടെ ശീലമാണ്, ജീവിതത്തിന്റെ ഭാഗമാണ്. പുസ്തക വായനയായാലും ഡിജിറ്റല്‍ വായനയായാലും വായന എന്ന ശീലത്തിനാണ് പ്രാധാന്യം. എങ്ങനെ വായിക്കുന്നുവെന്നതല്ല, വായിക്കുന്നു എന്നതിലാണ് കാര്യം എന്നു തിരിച്ചറിഞ്ഞാല്‍ ജനറേഷന്‍ പ്രശ്നം പരിഹരിക്കാനാകും.
വേഗത്തിന്റെ പുതിയ കാലം ഒരു മിനിറ്റ് വീഡിയോയിലും സെക്കന്‍ഡുകള്‍ നീളുന്ന ഷോര്‍ട്സുകളിലും കാര്യം പറയുന്നവരുടേതാണ്. മിനിറ്റുകള്‍ ഇവര്‍ക്ക് മണിക്കൂറുകളുടെ ദൈര്‍ഘ്യം നല്‍കുമ്പോള്‍ പഴയ കഥ പറച്ചിലുകള്‍ വിരസത സമ്മാനിക്കും. പുതുതലമുറയോടു സംവദിക്കണമെങ്കില്‍ വേഗത്തിനൊപ്പം സഞ്ചരിക്കണം. അപ്പോള്‍ തപ്പിത്തടഞ്ഞു വീഴാതിരിക്കാന്‍ കൂടി നാലക്ഷരം പഠിക്കുന്നത് നല്ലതാണ്. 2ജിയും 3ജിയും 4ജിയും അപ്രസക്തമായി 5ജി നാടുവാഴുന്ന കാലമാണിത്. ഇനിയും പുതിയ വേഗങ്ങള്‍ക്കു കാലം സാക്ഷിയാകും. വേഗത്തിലോടുമ്പോഴും മൂല്യബോധം പകര്‍ന്നുകൊടുക്കുകയാണ് വേണ്ടത്, ശ്രമകരമായ ദൗത്യമാണെങ്കിലും.
ഡിജിറ്റല്‍ ലഹരി മുക്തമാകാന്‍
ഡോ. സി കെ റാഷിദ്

ടെക്നോളജി യുഗത്തിലാണ് നാം ജീവിക്കുന്നത്. ആപ്പുകളുടെ പ്രളയകാലമാണിത്. ചെറിയ കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതോ അടിമപ്പെടുന്നതോ ഇപ്പോള്‍ ഒരു പ്രശ്നമോ കുറ്റമോ അല്ല. കുട്ടികള്‍ ഡിജിറ്റല്‍ അടിമകളാകുന്നതിനു പറ്റിയ സാഹചര്യമാണ് പുതുതായി വീടുകളില്‍ രൂപപ്പെട്ടുവരുന്നത്. മുതിര്‍ന്നവര്‍ തങ്ങളുടെ ജോലിയുടെയോ മറ്റോ സൗകര്യത്തിനു വേണ്ടി അവരുടെ കൈയില്‍ കൊടുത്ത മൊബൈല്‍ പിന്നെപ്പിന്നെ അവരുടെ അവയവമായി മാറുന്നു.
പരിഹാരങ്ങള്‍
ചെറിയ കുട്ടികളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സമയം കണ്ടെത്തുക എന്നതാണ് ഏറ്റവും ആദ്യത്തേതും പ്രധാനമായതുമായ പരിഹാര മാര്‍ഗം. കൊച്ചു വര്‍ത്തമാനം പറയുക, ഇണങ്ങുക, പിണങ്ങുക അങ്ങനെ അവരെ കഴിയും വിധം പരിഗണിക്കുക. മിണ്ടുന്നില്ല, കൂട്ടുകൂടുന്നില്ല തുടങ്ങിയ പരിഭവത്താല്‍ ഡിജിറ്റല്‍ ഡിവൈസുകളിലേക്ക് കുട്ടികള്‍ പതിയെ വഴുതിവീഴും.
മൊബൈലില്‍ കിഡ്സ് മോഡ് ഉപയോഗിക്കുകയും കിഡ്സ് മോഡ് ആക്ടീവാക്കി കുട്ടികള്‍ക്കു നല്‍കുകയും ചെയ്താല്‍ അവര്‍ക്കു വേണ്ടാത്ത ആപ്പുകളിലേക്കു പോകുന്നത് ഒഴിവാക്കാനാകും.
കൂടുതല്‍ ആക്ടിവിറ്റികള്‍ക്ക് അവസരമൊരുക്കുകയും പഠനം കൂടുതല്‍ ആക്ടിവിറ്റി അധിഷ്ഠിതമാക്കുകയും ചെയ്യാം. കൂടെ യാത്ര ചെയ്തും പ്രവൃത്തികള്‍ ചെയ്യിപ്പിച്ചും പങ്കാളിത്തം വഹിപ്പിച്ചും കുട്ടികള്‍ക്ക് സക്രിയമാകാനും ജീവിത ഇടപാടുകളില്‍ ഇടപെടാനും അവസരമൊരുക്കുക.
സമയത്തെ കുറിച്ചും ഡിവൈസിന്റെ പ്രശ്നങ്ങളെ കുറിച്ചും ബോധവാന്മാരല്ലാത്ത കുട്ടികള്‍ക്ക് വിശിഷ്ട സമ്മാനമായി ഫോണ്‍ നല്‍കുന്നത് ഒഴിവാക്കാം.
കായിക വിനോദങ്ങളില്‍ പങ്കാളികളാക്കുക. വീടിനുള്ളില്‍ തളച്ചിടാതെ പുറത്തേക്ക് ഇറക്കിവിടുക. പലരുമായും ഇടപഴകുകയും സംസാരിക്കുകയും വഴി മത്സരബുദ്ധി സൃഷ്ടിക്കപ്പെടും. ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കപ്പെടും. ദൂരെ പോകുന്നത് ഒഴിവാക്കി വീടിനു ചുറ്റുവട്ടത്ത് ഇത്തരം അവസരങ്ങളൊരുക്കുക.
മൊബൈലിനെ കുറിച്ച് രക്ഷിതാക്കള്‍ക്ക് സാമാന്യം ധാരണയുണ്ടാവുക. ഡിജിറ്റല്‍ ഉപകരണങ്ങളെ കുറിച്ചും സോഷ്യല്‍ മീഡിയയെ കുറിച്ചും തനിക്കു ധാരണയില്ലെന്നു പറഞ്ഞ് മാറിനില്‍ക്കുന്നതിനു പകരം അതേക്കുറിച്ചു പഠിക്കാന്‍ ശ്രമിക്കുക.
വീട്ടിലെ ഓരോരുത്തരും നിരന്തരം ഫോണ്‍ ഉപയോഗിക്കുന്നതു കാണുന്ന ചെറിയ കുട്ടിയെ നിയന്ത്രിക്കുക പ്രയാസമാണെന്നത് മറക്കരുത്.

ഡിജിറ്റല്‍ ലോകത്തെ
പോസിറ്റീവായി ഉപയോഗിക്കാം

ഇ ഷിനോദ്
(എഡിറ്റര്‍, ടൈംസ് ഇന്റര്‍നെറ്റ് ലിമിറ്റഡ്)

ഡിജിറ്റല്‍ ഡിവൈസുകള്‍ ഇന്നത്തെ കാലത്ത് മാറ്റിവെക്കാന്‍ കഴിയാത്ത ഒന്നാണ്. മാറി നടക്കുകയെന്നത് അത്ര എളുപ്പമല്ല. എല്ലാറ്റിനും പോസിറ്റീവും നെഗറ്റീവുമുണ്ട്. നിര്‍ഭാഗ്യവശാല്‍ അത് തിരിച്ചറിയാന്‍ കഴിയാത്തതാണ് ഡിജിറ്റല്‍ ലഹരിയിലേക്ക് നയിക്കുന്നത്.
പുകവലിക്കുന്നതും മദ്യപിക്കുന്നതും തെറ്റാണ് എന്ന സാമാന്യബോധം നമുക്കുണ്ട്. ഡിജിറ്റല്‍ ജീവിതത്തില്‍ ഇത്തരമൊരു വിധി രൂപപ്പെട്ടുവരുന്നേയുള്ളൂ.
നിലവില്‍ മുന്നിലെ സ്‌ക്രീനിലെത്തുന്ന എന്തിനെയും ആവേശത്തോടെയും ആര്‍ത്തിയോടെയും വിഴുങ്ങുകയാണ്. ഈ പഴം കഴിക്കാന്‍ പറ്റുന്നതാണോ, കഴിച്ചാല്‍ എന്താണ് കുഴപ്പം തുടങ്ങിയവ തിരിച്ചറിയാന്‍ പോലും പറ്റുന്നില്ല. ചൂണ്ടിക്കാണിച്ചു കൊടുക്കേണ്ടവരും അതേ പാതയിലാണെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.
ഡിജിറ്റല്‍ ലോകത്തെ പോസിറ്റീവായി ഉപയോഗപ്പെടുത്താന്‍ സാധിക്കാതെ വരുന്നത് മാത്രമാണ് നിലവിലെ പ്രശ്‌നം. ഇത് കാലക്രമേണ ശരിയാകും. എങ്ങനെയാണ് പോസിറ്റീവായി ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കുകയെന്ന് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുക. എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് കാണിച്ചുകൊടുക്കുക.
സദാ മൊബൈലില്‍ തട്ടിക്കൊണ്ടിരിക്കുന്ന മാതാവിനും പിതാവിനും മൊബൈലില്‍ ബ്രൗസ് ചെയ്തു കൊണ്ടിരിക്കുന്ന, ഗെയിം കളിക്കുന്ന കുട്ടിയോട് എന്ത് പറയാനാകും?
ഇന്ന് എല്ലാം ട്രാക്ക് ചെയ്യാന്‍ സാധിക്കും. ബൈക്ക് എടുക്കുമ്പോള്‍ ഹെല്‍മറ്റ് വെക്കാന്‍ ചിലരെ പ്രേരിപ്പിക്കുന്നത് വഴിയില്‍ പോലിസ് കൈ കാണിക്കുമെന്ന പേടിയാണ്. ഹെല്‍മറ്റ് എന്റെ തലയുടെ സുരക്ഷയ്ക്ക് അത്യാവശ്യമാണെന്ന തിരിച്ചറിവാണ് മറ്റു ചിലരെ അതുപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നത്. രണ്ടാമത് പറഞ്ഞതാണ് പോസിറ്റിവിറ്റിയെ ഉപയോഗപ്പെടുത്തല്‍. ആദ്യം പറഞ്ഞതാണ് മോണിറ്ററിങ് അഥവാ ട്രാക്കിങ് സംവിധാനം.
വരാനിരിക്കുന്നത് ഷോര്‍ട്സുകളുടെയും റീലുകളുടെയും കാലമാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ മുഴുവന്‍ ഈ രീതിയിലേക്ക് അവരുടെ അല്‍ഗൊരിതത്തെ മാറ്റിക്കൊണ്ടിരിക്കുകയാണ്. 2025ഓടെ 75 ശതമാനം ഇന്റര്‍നെറ്റ് ട്രാഫിക്കും വീഡിയോ കേന്ദ്രീകൃതമായിരിക്കുമെന്നാണ് പഠനങ്ങള്‍. വീഡിയോ കമന്റുകളുടെ കാലമാണ് വരാനിരിക്കുന്നത്.
നേരത്തെ പറഞ്ഞ സെല്‍ഫ് ഡിസിപ്ലിന്‍ പുതുതലമുറയില്‍ സൃഷ്ടിക്കുന്നതില്‍ വിജയിച്ചാല്‍ ഈ വേഗതയേറിയ കാലത്തെ നമുക്ക് വളരെ പോസിറ്റീവായി തന്നെ ഉപയോഗിക്കാം.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top