LoginRegister

മനസ്സ് കടുത്തുപോവാതിരിക്കാന്‍

ഡോ. പി അബ്ദു സലഫി

Feed Back


”വിശ്വാസികള്‍ക്ക് ദൈവ സ്മരണയാല്‍ ഹൃദയം ഭക്തിനിര്‍ഭരമാകുന്നതിനും അല്ലാഹു അവതരിപ്പിച്ച സത്യം അനുസരിക്കുന്നതിനും നേരത്തെ വേദം ലഭിച്ചവരെപ്പോലെ അവര്‍ ആയിപ്പോകാതിരിക്കുന്നതിനും ഇനിയും സമയമായിട്ടില്ലയോ? അക്കൂട്ടരാവട്ടെ, കാലമേറെ കടന്നുപോയപ്പോള്‍ അവരുടെ മനസ്സ് കടുത്തുപോയി. ഇന്ന് അവരിലേറെപ്പേരും പാപികളായിത്തീര്‍ന്നിരിക്കുന്നു.”
(വി.ഖുര്‍ആന്‍ 57:16)

വിശ്വാസവും തഖ്വയും കൂടിയും കുറഞ്ഞും കൊണ്ടിരിക്കും. ഉദ്ബോധനങ്ങളുടെ അഭാവത്തില്‍ ഇവ കുറയുക സ്വാഭാവികമാണ്. അതിനാല്‍ വിശ്വാസികള്‍ സദാ ജാഗരൂകരായിരിക്കേണ്ട കാര്യമാണിത്. ഇബ്നു മസ്ഊദ് (റ) പറയുന്നു: ”നബി(സ)യുടെ സഹാബികള്‍ മദീനയില്‍ വന്നപ്പോള്‍ അവര്‍ക്ക് ജീവിതത്തില്‍ കുറച്ചൊക്കെ സൗഖ്യം ലഭ്യമായി. അവരില്‍ ചിലരുടെ വിശ്വാസത്തില്‍ അല്‍പം അയവ് വന്ന പ്രതീതിയുണ്ടായി. ഈ വചനം മുഖേന, അതിനാല്‍ അവര്‍ ശക്തമായി താക്കീത് ചെയ്യപ്പെടുകയുണ്ടായി.”
അതിനാല്‍ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയും ബോധനവും നിലനിര്‍ത്തുന്നതിലും ഖുര്‍ആനിക സന്ദേശങ്ങളും ഉദ്ബോധനങ്ങളും ഉള്‍ക്കൊള്ളുന്നതിലും ഒട്ടും ആലസ്യം കാണിക്കാതെ വിശ്വാസികളുടെ ഹൃദയം വിനയവും ഭക്തിയും നിലനില്‍ക്കുന്നതാവേണ്ടതുണ്ട്.
കാലം ഏറെ പിന്നിടുമ്പോള്‍ വിശ്വാസവും സൂക്ഷ്മതയും കുറഞ്ഞുപോകുന്ന അനുഭവങ്ങളുണ്ട്. റമദാന്‍ കഴിഞ്ഞ ഉടനെ ഉണ്ടാവുന്ന തഖ്വ മാസങ്ങള്‍ പിന്നിട്ടാല്‍ കുറഞ്ഞുവരുന്നത് കാണാം. വേദക്കാര്‍ അവരുടെ ആദ്യകാലത്ത് നേര്‍മാര്‍ഗത്തിലും ഭക്തിയിലും കഴിഞ്ഞിരുന്നുവെങ്കിലും കാലക്രമേണ അവരുടെ ഹൃദയത്തില്‍ നിന്ന് ഭക്തി നീങ്ങിപ്പോയി. അത് മരവിച്ച് ദുര്‍മാര്‍ഗികളും ദുഷ്‌കര്‍മികളുമായി അവര്‍ മാറി. ഈ സ്ഥിതിവിശേഷം സത്യവിശ്വാസികളില്‍ ഉണ്ടായിക്കൂടാ. അതിനാല്‍ നന്മയിലും ഭക്തിയിലും ശരിയായ വഴിയിലും ഇടറാതെയും പതറാതെയും നിലനിന്ന് ജീവിതാവസാനം വരെ പ്രവര്‍ത്തിക്കുകയാണ് വിശ്വാസികളുടെ ബാധ്യത. ബനൂ ഇസ്രാഈല്യരില്‍ ഉണ്ടായ വിശ്വാസ ചോര്‍ച്ചയും ദുര്‍പ്രവര്‍ത്തനങ്ങളുടെ ആധിക്യവും ഈ സമുദായത്തിലും വരുമെന്ന് നബി(സ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചാണിന് ചാണായും മുഴത്തിന് മുഴമായും ഒപ്പത്തിനൊപ്പം അവരെ പിന്തുടരുന്ന സാഹചര്യം ഉണ്ടാവാം. അതിനാല്‍ വിശ്വാസി സമൂഹം, സത്യത്തിലും ദൈവ സ്മരണയിലും സ്ഥിരമായി നിലകൊള്ളാന്‍ ശ്രമിക്കണം. അല്ലാഹുവിനെ നിരന്തരം ഓര്‍മിക്കുന്ന പ്രാര്‍ഥനകളും ദിക്റുകളും അവര്‍ നിലനിര്‍ത്തണം. ”നാഥാ, നിന്റെ ദീനില്‍ നീ ഞങ്ങളെ ഉറപ്പിച്ച് നിര്‍ത്തേണമേ” എന്ന് അവര്‍ നിരന്തരം പ്രാര്‍ഥിക്കണം.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top