LoginRegister

മഡഗാസ്‌കറിലെ മലനിരകൾ

ജയപ്രകാശ് നിലമ്പൂർ

Feed Back


പൊതുവെ ചെറിയ പക്ഷികളെയാണ് ഇവിടെ കൂടുതല്‍ കാണുന്നത്. നാലാം ദിവസം പുലര്‍ച്ചെ മുതല്‍ പക്ഷികളെ തേടിയാണ് നടന്നത്. ഒരു ഡ്രോങ്കോ വ്യത്യസ്തമായ പാട്ടുകളുമായി ഞങ്ങളെ ആകര്‍ഷിച്ച് പുതിയ ചില കാഴ്ചകളിലേക്ക് നടന്നെത്തിച്ചു. ഹോട്ടല്‍ വളപ്പിലെ പല മരങ്ങളിലൂടെ ചാടിത്തുള്ളി അതു പറന്നകന്നു. ജലപക്ഷികളെ ഇവിടെ വളരെ കുറച്ച് മാത്രമേ കാണുന്നുള്ളുവെന്നത് അതിശയകരമായി തോന്നി.
പ്രഭാതഭക്ഷണം കഴിഞ്ഞ് യാത്ര തുടങ്ങി. കാര്‍ഷിക മേഖലകളിലൂടെയും ഗോത്ര താവളങ്ങളിലൂടെയും യാത്ര ചെയ്ത് വൈകീട്ട് തലസ്ഥാനത്ത് എത്താനാണ് പ്ലാന്‍. അതിനിടയില്‍ ഒരു വിദ്യാലയവും സന്ദര്‍ശിക്കണം. വൈകീട്ട് അനന്റനാനാരിവോയിലെ തീവണ്ടി സ്റ്റേഷന്‍ സന്ദര്‍ശിക്കണം. തുടര്‍ന്ന് തെരുവിലൂടെ നടക്കണം- ഇത്രയുമാണ് ഇന്നത്തെ പ്ലാന്‍.
ഡ്രൈവറും പ്രാദേശിക ഗൈഡും ഏഴു മണിക്കു തന്നെ റെഡിയാണ്. കൃഷി അടിസ്ഥാന ഉപജീവന മാര്‍ഗമായ ഇവിടെ ഏതാണ്ട് എല്ലാവരും കര്‍ഷകരാണ്. തലസ്ഥാന നഗരത്തിൽ അടക്കം കൃഷി തന്നെയാണ് മുഖ്യ തൊഴില്‍. കൃഷി എന്നാല്‍ നെല്‍കൃഷി തന്നെ. നാണ്യവിളകളൊന്നും ഇവിടെ വ്യാപകമല്ലാത്തതിനാല്‍ കരകൃഷി ഞങ്ങള്‍ സഞ്ചരിച്ച മേഖലകളിലൊന്നും കണ്ടില്ല. വിശാലമായ നെൽപ്പാടങ്ങളും അരുവികളും പുഴകളും മലനിരകളും…
കേരളത്തിലെ അറുപതുകളിലെ അതേ സ്ഥിതിയിലാണ് കാര്‍ഷിക മേഖല. മിക്ക നെൽപ്പാടങ്ങളിലും കൊയ്ത്ത് കഴിഞ്ഞ് വൈക്കോല്‍ ഉണക്കല്‍ കാലമാണ്. പലയിടത്തും അടുത്ത വിളയ്‌ക്കുള്ള ഞാറ് തയ്യാറായി വരുന്നു. നിലമൊരുക്കല്‍ പ്രവര്‍ത്തനങ്ങള്‍ പല പാടങ്ങളിലും തകൃതിയായി നടക്കുന്നു. ഇന്ന് നല്ല മഴക്കാറുള്ള ദിനമാണ്. നൂല്‍മഴ പൊഴിഞ്ഞുകൊണ്ടിരിക്കുന്നു.
വഴിയില്‍ ചില കര്‍ഷക ഭവനങ്ങളും സന്ദര്‍ശിച്ചു. മിക്ക വീടുകളിലും കറന്റില്ല. സോളാ ർ വിളക്കുകളാണ് പകരമുള്ളത്. ചെറിയ ഫോണ്‍ അപൂര്‍വം ചിലരുടെ കൈയില്‍ കണ്ടു. TESLA, AIRTEL എന്നിവയാണ് മുഖ്യ ടെലിഫോണ്‍ സേവന ദാതാക്കള്‍. 4G നഗരത്തില്‍ മാത്രം.
മൂന്നു നേരവും ചോറു കഴിക്കുന്ന മലഗാസി ജനത നെല്‍കൃഷിയില്‍ തന്നെയാണ് ജീവിക്കുന്നത്. ചാക്കരി എന്നൊരു ഇനം ഇവിടെയില്ല. പരമ്പരാഗത വിത്തിനങ്ങളാണ് മിക്ക കര്‍ഷകരും കൃഷി ചെയ്യുന്നത്. സര്‍ക്കാര്‍ സഹായങ്ങളൊന്നും ലഭിക്കുന്നില്ല എന്നാണ് 80 വയസ്സു തോന്നിക്കുന്ന ഒരപ്പൂപ്പന്‍ ഗൈഡിന്റെ സഹായത്തോടെ നടത്തിയ ആശയവിനിമയത്തില്‍ പറഞ്ഞത്. പച്ചക്കറികള്‍, പഴങ്ങള്‍ (റോബസ്റ്റ, Grant 9 ആണ് കാര്യമായി കണ്ടത്. ചാരപൂവനുമുണ്ട്), കിഴങ്ങുകള്‍ (കപ്പ, ചേമ്പ്, മഞ്ഞള്‍) എന്നിവയാണ് മുഖ്യ കൃഷി. വാനില, കാപ്പി, തേയില, മള്‍ബറി എന്നിവയുമുണ്ട്. കന്നുകാലി വളര്‍ത്തലും മത്സ്യകൃഷിയും എല്ലാ ഗ്രാമങ്ങളിലുമുണ്ട്. വലിയ കൊമ്പുള്ള പശുക്കള്‍ എല്ലായിടത്തുമുണ്ട്.
മികച്ച മണ്‍/മരവീടുകളാണ് ഗോത്രസമൂഹങ്ങളുടേതെല്ലാം. ആശയവിനിമയ പ്രശ്‌നങ്ങളാല്‍ ഇവരുടെ വിവിധ വിഭാഗങ്ങളുടെ പേരുകള്‍ കിട്ടിയില്ലെങ്കിലും പലതരം ഗോത്രവര്‍ഗങ്ങള്‍ മലഗാസികള്‍ക്കിടയിലുണ്ട് എന്നറിഞ്ഞു. കൃഷിയും കാലി വളര്‍ത്തലും വേട്ടയാടലും കിഴങ്ങുശേഖരണവുമാണ് ഇവരുടെയും മുഖ്യ ജീവിതമാര്‍ഗങ്ങള്‍. പ്രാക്തന ഗോത്രങ്ങള്‍ പൊതുവെ ഇല്ല എന്നാണ് അറിഞ്ഞത്. മറ്റ് മേഖലകളിലുണ്ടോ എന്ന ചോദ്യത്തിന് ഇവര്‍ക്ക് ഉത്തരമില്ല.
ഉച്ചക്ക് ഞങ്ങള്‍ മോറമാന്‍ങ്ക എന്ന പട്ടണത്തിലെത്തി. തിരക്കുള്ള പട്ടണം. ബോര്‍ഡുകളല്ലാം ഫ്രഞ്ചിലാണ്. വായിച്ചെടുക്കാന്‍ കഴിയാത്തവ.
കടയില്‍ ഇലയട കണ്ട് വാങ്ങി കഴിച്ചു. ഒന്നിന് 200 അരിയാര്‍ (4 രൂപ). നല്ല സ്വാദ് ! വാഴയിലയിലാണ് നിര്‍മിതി.
1432 കുട്ടികള്‍ പഠിക്കുന്ന വിദ്യാലയം സന്ദര്‍ശിച്ചു. 82 അധ്യാപകരുണ്ട് അവിടെ!
ഫ്രഞ്ച് ആണ് അടിസ്ഥാന ഭാഷ. ഇംഗ്ലീഷ് പഠിപ്പിക്കുന്നുണ്ടെങ്കിലും അധ്യാപകര്‍ക്കടക്കം ഇംഗ്ലീഷ് നല്ല വശമില്ല. ദ്വിഭാഷിയായി ഗൈഡ് രംഗത്തെത്തി. പ്രധാനാധ്യാപകനുമായി ആശയവിനിമയം നടത്തി. അനുമതിയോടെ ഒന്‍പതാം ക്ലാസില്‍ കയറി സബീല ടീച്ചര്‍ പാട്ടു പാടി. പുതിയ ഇന്ത്യന്‍ ടീച്ചര്‍, കുട്ടികള്‍ക്കും ബഹുരസം. ചിരി കൂട്ടച്ചിരിയായി.
12.30ന് സ്‌കൂള്‍ വിട്ടു. യാത്ര തുടര്‍ന്നു. ഇടയ്‌ക്ക് വാഹനം നിര്‍ത്തി ചോറും മീനും കഴിച്ചു. വറ്റിച്ച നാട്ടുചോറും തക്കാളി സാലഡും വളര്‍ത്തുമീനും. ബില്‍ രണ്ടു ലക്ഷത്തിനടുത്ത്.
തലസ്ഥാനത്തേക്കുള്ള പാതയുടെ ഇരുവശത്തും നിറയെ നെൽപ്പാടങ്ങളാണ്. രണ്ടും മൂന്നും തവണ വര്‍ഷത്തില്‍ കൃഷിയിറക്കുന്ന സുന്ദരമായ വയലേലകള്‍. ഇടയ്‌ക്ക് കാര്‍ഷിക ഭവനങ്ങള്‍, ആലകള്‍, ദൂരെ മാമലകള്‍, മേഘങ്ങള്‍ക്കിടയില്‍ കടുംനീല ആകാശം, നാല്‍പതാം നമ്പര്‍ നൂല്‍മഴ, നനുത്ത തണുപ്പ്, മലയാള ഗാന അകമ്പടിയോടെ ആസ്വാദ്യ യാത്ര.
നാലു മണിയോടെ തലസ്ഥാനത്തിന്റെ തിരക്കിലെത്തി. ആദ്യം പോയത് റെയില്‍വേ സ്റ്റേഷനിലാണ്. ഫ്രഞ്ച് അധിനിവേശകാലത്ത് മരങ്ങള്‍ കൊണ്ടുപോകാന്‍ നിര്‍മിച്ച മീറ്റര്‍ഗേജ് റെയില്‍വേ പാത യാത്രാ ആവശ്യങ്ങള്‍ക്കും ചരക്കുനീക്കത്തിനും ഉപയോഗിക്കുന്നു. ഫ്രഞ്ച് പ്രൗഢിയില്‍ നിര്‍മിച്ച പഴയ സ്റ്റേഷന്‍ ഏറെ മനോഹരമാണ്. എന്നാല്‍ ഇപ്പോള്‍ തൊട്ടടുത്ത് നിര്‍മിച്ച പുതിയ സ്റ്റേഷനിലാണ് കയറ്റിറക്കം.
മൂന്ന് ഫ്രഞ്ച് െട്രയിനുകള്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്നു. 400 കി.മീ ദൂരം വരെ പ്രതിദിന സര്‍വീസുകളുണ്ട്. പുലര്‍ച്ചെ അന്റാസിബയില്‍ നിന്ന് രാത്രിയെത്തിയ െട്രയിന്‍ രാവിലെ പുറപ്പെടുന്ന ഹോണ്‍ കേട്ടിരുന്നു. റോഡിന് സമാന്തരമായാണ് മീറ്റര്‍ഗേജ് റെയില്‍വേ പാതയുമുള്ളത്.
തിരക്കേറിയ തലസ്ഥാന നഗരസഞ്ചാര ശേഷം ഹോട്ടലിലെത്തി. വിറക്കുന്ന തണുപ്പായിരിക്കുന്നു. റൂമില്‍ പോയി ബാഗ് വെച്ച് ഉടനെ പുറത്തിറങ്ങി നഗരം കാണാൻ നടന്നു. തെരുവുവിളക്കുകള്‍ അധികമില്ലാത്തതിനാല്‍ ഒരു മാളില്‍ കയറി വിശദമായി നടന്നു കണ്ടു. ആശ്ചര്യമാന വിലകളാണ്.
ടീഷര്‍ട്ടിന് 89000 അരിയര്‍, റോബസ്റ്റ പഴം 2000, ചെറുപയര്‍ 8250, വന്‍പയര്‍ 8600, തിലാപിയ മീന്‍ 27000, വലിയ ചെമ്മീന്‍ 57900 അങ്ങനെയങ്ങനെ!
7.30ന് അത്താഴം പറഞ്ഞിരുന്നതിനാല്‍ ഞങ്ങള്‍ ഉടന്‍ മടങ്ങി. യുവത്വം തെരുവില്‍ ആഘോഷിക്കുന്നു. എട്ടു മണിക്കു ശേഷം പുറത്തിറങ്ങരുതെന്ന നിര്‍ദേശം പാലിച്ച് ഭക്ഷണശേഷം റൂമുകളിലേക്ക്.
അഞ്ചാം ദിനം. രാവിലെ 5.30നു തന്നെ തലസ്ഥാന നഗരപ്രാന്തത്തിലെ അറ്റ്‌മോ ഹോട്ടലിലെ 305-ാം നമ്പർ റൂമില്‍ ഉറക്കമുണര്‍ന്ന് കുളിച്ചൊരുങ്ങി. നഗരവീഥിയിലൂടെ ഒരു പ്രഭാതയാത്ര.
ദരിദ്രരാജ്യ പട്ടികയിലാണെങ്കിലും മികച്ച നഗരം തന്നെയാണ് മഡഗാസ്‌കര്‍ തലസ്ഥാനം. യുവത തെരുവില്‍ തന്നെയാണ് എപ്പോഴും. തെരുവുഭക്ഷണശാലകളില്‍ ഭക്ഷണത്തോടൊപ്പം സിഗരറ്റും പുകച്ചിരിക്കുന്ന യുവതികള്‍. ചെറിയ കുട്ടികള്‍ കാല്‍പന്തുകളി തിരക്കിലാണ്.
പ്രഭാതഭക്ഷണത്തിന് ഹോട്ടലില്‍ തിരിച്ചെത്തി. അഞ്ചാം നിലയിലെ റസ്റ്റോറന്റില്‍ എല്ലായിടത്തെയും പോലെ മലഗാസി, കോണ്ടിനെന്റല്‍ വിഭവങ്ങളാണുള്ളത്. രണ്ടിനും പതിനായിരം അരിയാര്‍ വീതമാണ് വില. പലതരം കിഴങ്ങുകള്‍, പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവയെല്ലാം ഇവരുടെ ആരോഗ്യ കാരണമാവാം.
പൊതുവെ പട്ടിണിമുഖങ്ങള്‍ എങ്ങും കണ്ടില്ല. എന്നാല്‍ അന്താരാഷ്ട്ര മാനദണ്ഡപ്രകാരം ഭൂമിയിലെ നാലാമത് ദരിദ്ര രാജ്യമാണിത്. ഒരാള്‍ക്ക് പ്രതിദിനം ഒരു ഡോളറില്‍ താഴെ വരുമാന കണക്കു വെച്ചാവണമിത്.
മലഗാസി ഭക്ഷണം പരമ്പരാഗത ചീരകഞ്ഞിയും ബീഫും ബ്രഡുമാണ്. കോണ്ടിനെന്റല്‍ പ്രഭാതഭക്ഷണം മൊരിച്ച ബ്രഡ്, ശംഖാകൃതി ബ്രഡ് (ക്രോയി സെന്റ്), ബട്ടര്‍, ജ്യൂസ് എന്നിവയാണ്.
രാവിലെ മുതല്‍ നഗരം കാണലും പുരാതന മറീന രാജവംശത്തിന്റെ മലമുകളിലെ കോട്ട സന്ദര്‍ശനവും ഏഷ്യൻ-ആഫ്രിക്കന്‍ ഇക്കോ സമ്മിറ്റ് വേദിയിലെത്തി പേപ്പര്‍ അവതരണവുമാണ് പരിപാടി. ഒരു മണിക്ക് എയര്‍ പോര്‍ട്ടിലെത്തി നാലു മണിക്കുള്ള ഫ്‌ളൈറ്റില്‍ നെയ്‌റോബിയിലേക്ക് പറക്കണം. യാത്ര അവസാനിക്കുകയാണ്.
ഡ്രൈവര്‍ മാരിയോ സുസ്‌മേരവദനനായി ഹോട്ടല്‍ ഗേറ്റില്‍ കാത്തുനിൽപുണ്ട്. ഗൈഡ് ആന്റോ ഗ്രിഗറി മറ്റൊരു ടീമിനൊപ്പം ചേരാനായി കഴിഞ്ഞ ദിവസം തന്നെ പിരിഞ്ഞിരുന്നു.
നഗരത്തിന്റെ തിരക്കില്‍ നിന്ന് നഗരപ്രാന്തത്തില്‍ മലമുകളിലെ പഴയ കൊട്ടാരം തേടിയായിരുന്നു യാത്ര. മുപ്പതിലേറെ കി.മീ വ്യാപ്തിയില്‍ പടര്‍ന്നുകിടക്കുകയാണ് അന്റാനാനാരിവോ നഗരം. നഗരത്തിനു നടുവിലും കൃഷിയിടങ്ങള്‍ വ്യാപകമായുണ്ട്. സ്വര്‍ണപ്രഭയില്‍ തിളങ്ങുന്ന മികച്ച മിനാരമുള്ള ഒരു മുസ്‌ലിം പള്ളിയും ഫ്രഞ്ച് ശൈലിയിലുള്ള ക്രിസ്ത്യൻ ചർച്ചുകളും വഴിയില്‍ കണ്ടു. പ്രധാന റോഡുകളിലെല്ലാം ഇരുവശത്തും യൂറോപ്യന്‍ രീതിയിലുള്ള സൈക്കിള്‍ പാതയുണ്ട്.
വഴിയില്‍ പ്രാദേശിക നെല്‍വിത്ത് തേടി രണ്ടുമൂന്ന് സ്ഥലങ്ങളില്‍ നിര്‍ത്തിയെങ്കിലും ചെറിയ അളവില്‍ കിട്ടാത്തതിനാല്‍ ആ ശ്രമം ഉപേക്ഷിക്കേണ്ടിവന്നു. ഡ്രൈവര്‍ വണ്ടി മറ്റൊരു വഴിക്കു തിരിച്ച് ഒരു വലിയ ചന്തയിലെത്തി. അവിടെ ശ്രദ്ധയാകര്‍ഷിച്ചത് ഒരു മരമുട്ടി പോലെ റോഡരികില്‍ നിരത്തിവെച്ച് വില്‍ക്കുന്ന അരിയും കടലയും ശര്‍ക്കര ചേര്‍ത്ത് ഇല പൊതിഞ്ഞ് ആവിയില്‍ വേവിച്ച് തയ്യാറാക്കിയ കൂബ എന്ന പരമ്പരാഗത പലഹാരമായിരുന്നു.
പുരാതനകാലത്ത് തദ്ദേശവാസികളെ ആട്ടിയോടിച്ച് ദൂരെ നിന്നെത്തിയ മറീന വംശം സ്ഥാപിച്ച കുന്നിൻമുകളിലെ കോട്ട നടന്നു കണ്ടു. ഇവിടെ നിന്നുള്ള നഗരത്തിന്റെ വിശാല സുന്ദര വീക്ഷണം ആകര്‍ഷകമാണ്. വിദൂര ഗ്രാമദൃശ്യങ്ങളും കാര്‍ഷിക പ്രദേശങ്ങളും ഇവിടെ നിന്ന് കാണാം. അവരുടെ പൈതൃക കാഴ്ചകള്‍ ഇവിടെ പലതുമുണ്ട്.
പിന്നീട് പോയത് ഇക്കോ സമ്മിറ്റ് വേദിയിലേക്കാണ്. സര്‍ക്കാര്‍ വക കെട്ടിടത്തില്‍ ആഫ്രിക്കന്‍ ബാങ്കിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നടക്കുന്ന സമ്മിറ്റില്‍ മുന്നൂറിലേറെ പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. മുഴുസമയം പങ്കെടുക്കാത്തതിനാല്‍ ഞങ്ങള്‍ക്ക് അവരുടെ വക താമസവും ഭക്ഷണവുമില്ല. മൂന്നാം ദിനമാണ് കാലാവസ്ഥാദിന വിഷയാവതരണവും നയരൂപീകരണവും എന്നതിനാലാണ് ഞങ്ങള്‍ അന്നെത്തിയത്. എന്നാല്‍ സംഘാടകര്‍ പരിപാടിയുടെ ഷെഡ്യൂള്‍, മഡഗാസ്‌കര്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം കാരണം വെട്ടിക്കുറച്ചിരിക്കുന്നു. പേപ്പറും സിഡിയും കൗണ്ടറില്‍ സമര്‍പ്പിച്ച്, സമ്മേളന നഗരിയും പോസ്റ്റര്‍ പ്രദര്‍ശനവും കണ്ട് ഞങ്ങള്‍ എയർപോര്‍ട്ടിലേക്ക് തിരിച്ചു.
ഇന്ത്യയില്‍ നിന്നുള്ള 12 പ്രതിനിധികള്‍ നഗരം കാണാന്‍ പോയതായി വിവരം ലഭിച്ചു. വില്‍സൺ ബാബു എന്നയാളാണ് മഡഗാസ്‌കറിലെ ഇപ്പോഴത്തെ ഇന്ത്യന്‍ അംബാസഡര്‍. ആദ്യദിനം അദ്ദേഹവും സമ്മിറ്റിൽ ഉണ്ടായിരുന്നു.
വിമാനത്താവള വഴിയില്‍ ഞങ്ങള്‍ പാതയോരത്തെ ഒരു കൊച്ചു ഹോട്ടലില്‍ കയറി ഉച്ചഭക്ഷണം കഴിച്ചു. തനത് ഇനം ചോറും മീനും. പക്ഷേ, ഒരു മസാലയും ചേര്‍ക്കാത്ത മീന്‍തീറ്റ ഓക്കാനം വരുത്തുന്ന പരിപാടിയായതിനാല്‍ എവരും മീന്‍ തിരിച്ചുനല്‍കി ഓംലറ്റ് വാങ്ങി. ഉച്ചഭക്ഷണ വില ഒരാള്‍ക്ക് 20000 അരിയാറാണ് (400 രൂപ).
അടപ്പുള്ള ചെറിയ കിണറുകളാണ് ഇവിടെയെല്ലാം. തെരുവുവിളക്കുകള്‍ വളരെ കുറവാണ്. ഡീസല്‍ നിലയങ്ങളില്‍ നിന്നുള്ള വിലയേറിയ വൈദ്യുതിക്ക് പകരം വീടുകളിലും കടകളിലും സോളാര്‍ വിളക്കുകളാണ് വ്യാപകം.
ഖനനപ്രവര്‍ത്തനങ്ങളുമായി ഇന്ത്യക്കാർ അടക്കം വളരെയധികം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെ ജോലിയെടുക്കുന്നുണ്ട്. സ്വര്‍ണം, രത്‌നം എന്നിവ കുഴിച്ചെടുക്കുന്ന ചളിക്കുണ്ടുകളില്‍ കഠിനജോലി ചെയ്യുന്ന വിദൂര മേഖലകളിലേക്ക് യാത്രാനുമതിയില്ല. സ്വകാര്യ ഭടന്‍മാരുടെ ആയുധമേന്തിയ അകമ്പടിയോടെയാണ് അങ്ങോട്ടുള്ള യാത്രകള്‍.
ഒരു കാക്കയെ പോലും അവിടെ കാണാനായില്ല. ജലപക്ഷികളും വളരെ കുറവാണ്. മലഗാസി ജനതയിലെ പല വിഭാഗങ്ങള്‍ വേട്ടയാടി വേട്ടയാടി സസ്തനി വര്‍ഗ ജീവികളെല്ലാം ഏതാണ്ട് അന്യം നില്‍ക്കാറായിരിക്കുന്നു. പാമ്പുകളെയും ഇവര്‍ ഭക്ഷിക്കുമെന്നതിനാല്‍ പാമ്പുവര്‍ഗങ്ങളും നിബിഡവനത്തിനുള്ളില്‍ മാത്രമേ ബാക്കിയുള്ളൂ.
ഞങ്ങള്‍ കണ്ട പക്ഷികളെല്ലാം ചെറിയ ഇനത്തില്‍പെട്ടതായിരുന്നു. ഒന്നുരണ്ടു തവണ മാത്രം വനമേഖലയില്‍ വെച്ച് പരുന്തുകളെ കണ്ടു. ഇന്ദ്രി ഇന്ദ്രി അടക്കമുള്ള വിവിധ ഇനം ലെമുറുകളെ വിശ്വാസപരമായ കാരണങ്ങളാലാണ് സംരക്ഷിച്ചുവരുന്നത്.
വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും നിറഞ്ഞതാണ് മലഗാസി ഗോത്രജീവിതം. ഒരു മാസത്തിലേറെ കാലം യാത്ര ചെയ്തു മാത്രമേ മഡഗാസ്‌കറിന്റെ വിവിധ കാലാവസ്ഥാ മേഖലകള്‍ കണ്ടുതീര്‍ക്കാനാവൂ.
ഉച്ചയോടെ വിമാനത്താവളത്തിലെത്തി ചെക്ക് ഇന്‍ ചെയ്തു. സമീപത്തു കണ്ട നിര്‍മിത ബവബോബ് മരത്തിനടുത്തു പോയി ഫോട്ടോയെടുത്തു. യാത്രാപരിപാടിയില്‍ നടക്കാതെപോയ ഏക കാര്യം പ്രശസ്തമായ ബവബോബ് മരത്തിനരികില്‍ പോകാനായില്ല എന്നതാണ്. തലസ്ഥാനത്തു നിന്ന് 750 കി.മീ അകലെയാണ് സ്വാഭാവിക ബവബോബ് മരങ്ങള്‍ വളരുന്നതെന്ന കാര്യം ഇവിടെയെത്തിയ ശേഷമാണ് അറിഞ്ഞത്.
ജൈവവൈവിധ്യവും കൃഷിയും ഗോത്ര ഗ്രാമീണ ലളിത ജീവിതവും വിശാലമായ നെൽപ്പാടങ്ങളും അരുവികളും മലനിരകളുമാണ് മഡഗാസ്‌കറില്‍ ശ്രദ്ധിക്കപ്പെട്ട കാര്യം. അറുപതുകളിലെ കേരള ജീവിതം അതേപടി നിലനില്‍ക്കുന്നയിടം എന്ന നിലയില്‍ വരുംവര്‍ഷങ്ങളില്‍ സഞ്ചാരികളുടെ ഒഴുക്ക് ഇതുവഴിയാവും എന്നുറപ്പാണ്. എന്നാല്‍ ഭാഷ പ്രശ്‌നം തന്നെയാണ്. ടൂറിസം വികസനത്തിന് ഇവിടത്തെ സര്‍ക്കാര്‍ മുന്തിയ പരിഗണന നൽകുന്നില്ലെന്നത് ഒരു പോരായ്‌മയാണ്. മികച്ച ഗൈഡുമാരുടെ അഭാവവുമുണ്ട്. പലയിടങ്ങളും വിദൂര മേഖലകളാണ്. മികച്ച റോഡുകള്‍, താമസകേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍ എന്നിവ ഉണ്ടായി വരുന്നേയുള്ളൂ. കൊച്ചിയില്‍ നിന്ന് അധികം വൈകാതെ ഫ്‌ളൈറ്റുകളുണ്ടാവും. തീര്‍ച്ചയായും പ്രകൃതിതല്‍പര-അന്വേഷണ യാത്രികര്‍ വന്നെത്തി രണ്ടാഴ്ചയെങ്കിലും തങ്ങി കാണേണ്ട നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്.
വൈകുന്നേരത്തോടെ കെനിയ എയര്‍വെയ്‌സിന്റെ വിമാനത്തില്‍ നെയ്‌റോബി ലക്ഷ്യമാക്കി മടക്കയാത്ര തുടങ്ങി, മനസ്സു നിറഞ്ഞ മഡഗാസ്‌കര്‍ കാര്‍ഷിക-ജൈവവൈവിധ്യ-ഗ്രാമീണ ജീവിത കാഴ്ചകളില്‍ നിന്ന്. .
(നിലമ്പൂര്‍ പ്രകൃതിപഠന കേന്ദ്രം ഡയറക്ടറാണ് ലേഖകന്‍.)

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top