കുന്തിരിക്കത്തിന്റെ പട്ടണം എന്ന പേരിലറിയപ്പെടുന്ന സലാലയിലേക്കുള്ള യാത്ര സ്വപ്‌നം കണ്ടുണരുന്ന നൈമിഷികതയുടെ വേഗതയില്‍ ഉടലെടുത്ത ഒന്നായിരുന്നു. അതുകൊണ്ട് തന്നെ ഒരു ദൂരയാത്രക്കുള്ള ഒരുക്കങ്ങളുടെ സമയം പാഴാക്കല്‍ ഉണ്ടായതുമില്ല. ഖത്തറില്‍ നിന്ന് റോഡ് വഴി തൊള്ളായിരത്തി മുപ്പത് കോലിമീറ്ററോളം ഓടിയാലാണ് ഒമാന്റെ ബോര്‍ഡറിലേക്കെത്തുക. ഇത്രയും ദൈര്‍ഘ്യമുള്ള യാത്രയില്‍ ഡിവിറ്റി പേഷ്യന്റും നട്ടെല്ലിന് ചെറിയ പ്രശ്നവുമൊക്കെയുള്ള എന്റെ അവസ്ഥ എന്താകുമെന്ന ഭീതി എന്നെക്കാളധികം മക്കളേയും നല്ലപാതിയെയുമാണ് അലട്ടിയത്. വീല്‍ചെയറും നെക് പില്ലോയും കാലു നീട്ടി വെച്ചിരിക്കാനുള്ള സംവിധാനങ്ങളുമൊക്കെയായി വണ്ടിയില്‍ കയറിയ എന്നെക്കണ്ടാല്‍ ഒരു ബഹിരാകാശ യാത്രക്ക് ഇറങ്ങിയിരിക്കുകയാണെന്നു തോന്നിപ്പോകും. യാത്രയുടെ ഔദ്യോഗികമായ കാര്യങ്ങള്‍ക്കും ഭക്ഷണം, നമസ്‌കാരം എന്നതിനുമൊക്കെയായി വണ്ടി നിര്‍ത്തി റിലാക്സായി പോകുന്നതിനാല്‍ എന്റെ ആരോഗ്യാവസ്ഥ ഒട്ടും തന്നെ മോശമാകാതെ യാത്ര തുടരാനായി…
ഒരുന്മാദിനിയുടെ ഭാവഭേദങ്ങളാല്‍ ഉടലഴിച്ചിട്ട മണല്‍മലകളുടെ വന്യമായ സൗന്ദര്യം ആസ്വദിച്ചും ഒരു ദാക്ഷീണ്യവുമില്ലാത്ത മണല്‍ക്കാറ്റുകളുടെ താന്തോന്നിത്തരങ്ങളില്‍ ആടിയുലഞ്ഞുമുള്ള സുഊദി റോഡിലൂടെയുള്ള യാത്ര ജൂലായ് മാസത്തിലെ അമ്പത് ഡിഗ്രിയില്‍ തിളയ്ക്കുന്ന ഗള്‍ഫിന്റെ ഊഷരതയെപ്പോലും ആവേശത്തോടെ പുല്കാനുള്ളൊരു ത്വരയുണ്ടാക്കുന്നതായിരുന്നു. ഉയര്‍ന്ന മണല്‍മലകളുടെ സുഊദി കാഴ്ചകളില്‍ നിന്ന് എത്ര പെട്ടെന്നാണ് പച്ചവിരിച്ച പാടങ്ങള്‍ പോലെയുള്ള ഒമാന്‍ കാഴ്ചകളിലേക്ക് യാത്രക്കാര്‍ ഊര്‍ന്നു വീഴുന്നത്. ഓരോ രാജ്യങ്ങളുടെയും അതിരുകളെ ഇത്ര കൃത്യമായ സ്‌കെച്ചില്‍ വരച്ചുവെച്ചിരിക്കുന്ന കാഴ്ച റോഡ് യാത്രകളിലൂടെ മാത്രമേ അനുഭവിച്ചറിയാനാവൂ.
നേരം സന്ധ്യയായതോടെ ഞങ്ങള്‍ ഒമാനിലെ ഇബ്രിയെന്ന സ്ഥലത്തെത്തി. ഇബ്രിയില്‍ ബുക് ചെയ്തിരുന്ന ഹോട്ടലിന്റെ റിസപ്ഷനിലേക്ക് കടന്നു ചെല്ലുമ്പോള്‍ യാത്രക്കാരെ വരവേല്‍ക്കുന്നത് ഒമാന്‍ ജനതയുടെ പേരുകേട്ട ആതിഥ്യമര്യാദയുടെയും സാഹോദര്യത്തിന്റെയും നിഷ്‌കളങ്കതയുടെയുമൊക്കെ ചൂടും മധുരവും നിറഞ്ഞു നില്‍ക്കുന്ന ചായയും ഖഹ്‌വയും ഈത്തപ്പഴവും നിറഞ്ഞ ചിരികളും വര്‍ത്തമാനങ്ങളും ഒക്കെയാണ്.
അബുദാബിയില്‍ നിന്ന് വന്ന മോളും മരുമകനും ഇത്രദൂരം റോഡ് യാത്ര ചെയ്തു വന്ന എന്റെ പരിതാപകരമായ അവസ്ഥ പ്രതീക്ഷിച്ചാണ് അടുത്തേക്ക് വന്നത്. അധികസമയം കളയാതെ സലാലയിലേക്കുള്ള യാത്ര തുടങ്ങാമെന്ന എന്റെ സംസാരത്തില്‍ അവരാകെ അത്ഭുതപരതന്ത്രരായി. ഒന്ന് കുളിച്ചു ഫ്രഷായി എല്ലാവരും കൂടി ഭക്ഷണത്തിനായി അടുത്തുള്ളൊരു ഹോട്ടലില്‍ കയറിയപ്പോഴാണ് അവിടെയൊരു സര്‍പ്രൈസ് ഞങ്ങളെ കാത്ത് മേശക്ക് ചുറ്റും വട്ടമിട്ടിരിക്കുന്നത് കാണുന്നത്. ഖത്തര്‍ ബോർഡർ കഴിഞ്ഞിട്ടുള്ള ഒരു പെട്രോള്‍ പമ്പില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ അവിടെയുള്ള പാക്കിസ്‌താനി ഹോട്ടലില്‍ ഭക്ഷണം കഴിക്കാനായി കയറുമ്പോഴുണ്ട് ഖത്തര്‍ നമ്പര്‍ പ്ലേറ്റുള്ള ഒരു പ്രാഡോ വണ്ടി. അതില്‍ നിന്നിറങ്ങിയ ജോജിയും ഭാര്യയും മക്കളും ഞങ്ങളെപ്പോലെ ഒമാന്‍ യാത്രയിലാണെന്നറിഞ്ഞപ്പോള്‍ എന്തോ ഒരു സുരക്ഷിതാവസ്ഥയുടെ സന്തോഷം മനസ്സില്‍ മുളയെടുത്തു. യാത്രയിലെ ഔദ്യോഗിക സ്ഥലങ്ങളിലെല്ലാം കണ്ടുമുട്ടിയിരുന്നെങ്കിലും റോഡിലൊരിക്കലും ഞങ്ങള്‍ ഒന്നിച്ചായിരുന്നില്ല യാത്ര. ഒമാന്‍ ബോര്‍ഡറില്‍ നിന്ന് പിന്നെക്കാണാം എന്ന് പറഞ്ഞു പിരിഞ്ഞവര്‍ ഒരേ ഹോട്ടലില്‍ ഡിന്നറിനെത്തിയത് ഏറെ സന്തോഷത്തിനു വക നല്‍കി.
ഡിന്നര്‍ കഴിഞ്ഞു ചെറുതായൊന്നു റെസ്റ്റെടുത്ത് സലാലയിലേക്കുള്ള യാത്ര തുടര്‍ന്നു. തൊള്ളായിരത്തി നാല്പതോളം കിലോമീറ്റര്‍ ഓടാനുണ്ട്.. നാഗരികതയുടെ ഒച്ചപ്പാടുകളോ പരസ്പരം തിരിച്ചറിയാത്ത ഓട്ടപ്പാച്ചിലുകളോ ഇല്ലാത്ത ശാന്തസുന്ദരമായ തെരുവിലൂടെ അറബി നഷീദിന്റെ സാന്ദ്രതയിലലിഞ്ഞു കൊണ്ടുള്ള ഓട്ടത്തിനിടയില്‍ സുല്‍ത്താന്‍ ഖാബൂസ് പള്ളിയില്‍ പ്രഭാത നമസ്‌കാരത്തിനായി കയറി.
ഇമാം അഹ്‌മദ് ബിന്‍ ഹമ്പലിനെ പിന്തുടരുന്ന ഒമാനികളില്‍ അധികവും ഇബാദികള്‍ എന്നറിയപ്പെടുന്നു. ഇബാദികളുടെ കർമങ്ങള്‍ ഏറെ വ്യത്യസ്തമാണ്. ഒരു താഴ്വാരത്തിന്റെ ശാന്തതയും കുളിരും പകരുന്ന പള്ളിയിലെ നമസ്‌കാരവും സന്ദര്‍ശനവും ഏറെ ഹൃദ്യവും ഉള്ളിലുറഞ്ഞു പോയ ചിലതൊക്കെ മായ്ക്കാനും പുതിയതെഴുതി ചേര്‍ക്കാനുമുള്ള നിമിത്തമായി.
സലാലയിലേക്ക് പുറപ്പെട്ടത് അവിടെയാകെ മഞ്ഞാണ്, തണുപ്പാണ്, കാറ്റാണ് എന്നൊക്കെ പറഞ്ഞു കൊതിപ്പിച്ചാണ്. എന്നാല്‍ പാതിരാവില്‍ പോലും ചൂട് തിളയ്ക്കുന്ന ഒമാനിലെ നീണ്ടുമെലിഞ്ഞ റോഡില്‍ വണ്ടിപോലും ക്ഷീണിതനായി പഞ്ചറായി. ആറു ഡ്രൈവര്‍മാര്‍ ശ്രമിച്ചിട്ടും ചങ്ങലയില്‍ കുടുങ്ങിപ്പോയ സ്റ്റെപ്പിനി ടയര്‍ മാറ്റിയിടാനായില്ല. ആ വഴി പോയിരുന്ന രണ്ടു പൊലീസുകാര്‍ ഏറെ പരിശ്രമിച്ചു ടയര്‍ മാറ്റിത്തന്നു. സലാം പറഞ്ഞു പിരിയുമ്പോള്‍ യൂണിഫോമിനകത്ത് സ്‌നേഹാര്‍ദ്രമായ ഹൃദയം പേറുന്ന ഒമാനികളുടെ മനുഷ്യത്വം മരുഭൂമിയിലെ കുളിര്‍ത്തെന്നലായി ഞങ്ങളെ പൊതിഞ്ഞു കൊണ്ടിരുന്നു.
തൊള്ളായിരത്തി നാല്പതോളം കിലോമീറ്റര്‍ താണ്ടി ചൂടും സഹിച്ചു സലാലയിലേക്കുള്ള കവാടത്തിലെത്തിയപ്പോള്‍ നിറഞ്ഞ ചിരിയോടെ സെക്യൂരിറ്റിക്കാരൻ ഫോഗ് ലൈറ്റിട്ട് പോകാന്‍ ഓർമിപ്പിച്ചു. ഈ ചൂടില്‍ ഫോഗ് ലൈറ്റിട്ടിട്ട് എന്തിനാ എന്ന് ഞാൻ ആത്മഗതം ചെയ്തു. എന്നാൽ മുന്നോട്ട് നീങ്ങിയ വണ്ടി നിമിഷങ്ങള്‍ക്കുള്ളില്‍ ആകാശഭൂമികളുടെ അതിരുകളെ തിരിച്ചറിയാനാവാത്ത വിധമുള്ള മൂടല്‍മഞ്ഞിലേക്ക് പുതഞ്ഞു പോയി. ജൂലൈ, ആഗസ്ത് മാസങ്ങളുടെ ഗള്‍ഫിന്റെ ഊഷരതയില്‍ സലാലയിലേക്ക് പ്രവേശിക്കുകയെന്നാല്‍ സ്വർഗഭൂമികയിലേക്ക് എത്തിപ്പെടുകയെന്നതാണ്.
ഉഷ്ണക്കാട് താണ്ടിയെത്തുന്ന യാത്രികരെ അതിശയിപ്പിക്കുന്നിടങ്ങളാണ് സലാലയിലെ ബീച്ചുകള്‍. കടല്‍ ഗുഹകള്‍ കൊണ്ടും പാറക്കെട്ടുകള്‍ കൊണ്ടും മനോഹരമായ ഫസായ ബീച്ച്, പ്രകൃതിദത്തമായ ബ്ലോഹോളുകളാലും പാറക്കെട്ടുകളാലും കൗതുകങ്ങള്‍ നിറച്ചു വെച്ചിരിക്കുന്ന മുഗ്സെയില്‍ ബീച്ച്, സമൃദ്ധിയാര്‍ന്ന തെങ്ങിന്‍ തോപ്പുകള്‍ക്കിടയിലൂടെ കടന്നു ചെല്ലുന്ന ചാവക്കാട് കടല്‍ത്തീരത്തെ പതിച്ചു വെച്ചിരിക്കുന്ന ഹഫ്ഫ ബീച്ച്. ഓരോ കടല്‍ക്കരയും വൈവിധ്യമാര്‍ന്ന കാഴ്ചാനുഭൂതികളാല്‍ അലംകൃതമാണ്.
ചേരമാന്‍ പെരുമാളിന്റെ ഖബറിടവും ഇമ്രാന്‍ എന്ന പേരിലുള്ള നാല്പത്തിയൊന്നടി നീളമുള്ള ഖബറും അയ്യൂബ് നബിയുടേതെന്ന് പറയപ്പെടുന്ന ഖബറുമൊക്കെ കണ്ടു മടങ്ങുമ്പോള്‍ മനസ്സിലേറെ ജിജ്ഞാസയും സന്ദേഹവും ബാക്കിയായിട്ടുണ്ടായിരുന്നു.
സലാലയിലെ സന്ദര്‍ശകരെ കാത്തിരിക്കുന്ന പറുദീസയാണ് വാദി ദര്‍ബാത്ത്. മനം കുളിര്‍പ്പിക്കുന്ന വെള്ളച്ചാട്ടങ്ങളും പ്രകൃതിയുടെ വരദാനമായ കുളങ്ങളും മരങ്ങളും പക്ഷികളും വന്യജീവികളുമൊക്കെയുള്ള കാട്. അതിന്റെ താഴ്വാരത്തെ തടാകത്തിലൂടെയുള്ള ബോട്ട് യാത്രയും തടാകക്കരയില്‍ ഇടതൂര്‍ന്ന ഈന്തപ്പനതോട്ടത്തിലൂടെയുള്ള അലസമായ നടത്തവും കഴിഞ്ഞു തടാകക്കരയിലെ വിശ്രമസ്ഥലങ്ങളിലൊന്നില്‍ ഞങ്ങള്‍ സ്റ്റവ് കത്തിച്ചു നൂഡില്‍സ് ഉണ്ടാക്കി കഴിച്ചു. മടങ്ങുമ്പോള്‍ മതിവരാത്തൊരുന്മാദം വാദിയിലേക്ക് മടക്കി വിളിക്കുന്നത് കേട്ടില്ലെന്നു നടിക്കാനേ കഴിഞ്ഞുള്ളു.
ഒമാനിലെ പേരുകേട്ട ഫ്രാങ്കിന്‍സണ്‍ മ്യുസിയവും അതിനോടു ചേര്‍ന്ന് നില്‍ക്കുന്ന പുരാതന പട്ടണത്തിന്റെ അവശിഷ്ടങ്ങള്‍ക്കുമിടയിലൂടെ നടക്കുമ്പോള്‍ അവിടെ ചുറ്റിക്കറങ്ങുന്ന കാറ്റ് ഒമാന്‍ ജനതയുടെ ഹൃദയസുഗന്ധത്തിന്റെ ഒരായിരം കഥകള്‍ പറഞ്ഞു തന്നുകൊണ്ടിരുന്നു. ഒമാന്റെ ആഢ്യത്വവും സംസ്‌കാരവും ചരിത്രവും വിളിച്ചോതുന്ന ഹെറിറ്റേജ് വില്ലേജിലെ സന്ദർശനത്തിനിടക്ക് അനുഭവങ്ങള്‍ തേടുന്ന എന്റെ മനസ്സിന്റെ ദാഹമറിഞ്ഞെന്ന പോലെ ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില്‍ അഞ്ചു കൊല്ലത്തോളം ആര്‍മിയില്‍ സേവനമനുഷ്ഠിച്ച ഒമാന്റെ ഒരു കാവല്‍ഭടന്‍ ഞങ്ങളുടെ മുന്നിലെത്തി. കാല്‍മുട്ടിലേറ്റ വെടിയുണ്ടകളുടെ പാടുകള്‍ കാണിച്ചു കൊണ്ട് അദ്ദേഹം അനുഭവങ്ങള്‍ വിവരിക്കാന്‍ തുടങ്ങിയപ്പോള്‍ അത്യന്തം അത്ഭുതാകാംക്ഷകളോടെ അതിലേറെ ആനന്ദാതിരേകത്തോടെ ഞങ്ങളദേഹത്തെ ശ്രവിച്ചു കൊണ്ടിരുന്നു.
ഒമാനിലെത്തിയിട്ട് അവിടുത്തെ മനുഷ്യരുമായൊന്നിടപഴകാതെ അവരുടെ ആതിഥ്യമറിയാതെ തിരിച്ചു പോരുന്നത് ശരിയല്ലെന്ന് കരുതിയാണ് ജബല്‍ സംഹാനും സിങ്ക്‌ഹോളും കണ്ടു മടങ്ങുമ്പോള്‍ നാടന്‍പ്രദേശമായൊരിടത്തെ വീടിന്റെ അടുത്തേക്ക് കയറിച്ചെന്നത്. വീടിന്റെ തിണ്ണയിലിരിക്കുന്ന ആണ്‍കുട്ടി നിങ്ങളെന്തിനാ വന്നതെന്ന ചോദ്യത്തിന് വീടിനകത്ത് ഉമ്മയുണ്ടോ എന്ന് തിരിച്ചു ചോദിച്ചതേ ഓർമയുള്ളൂ. ഏതോ കൊള്ളക്കാരെ കണ്ട പോലെയായി അവന്റെ പെരുമാറ്റം. കുറച്ചു കഴിഞ്ഞു വന്ന ഉമ്മയും ഏതോ ശത്രുവിനോടെന്ന പോലെ ഞങ്ങളോട് സംസാരിച്ചപ്പോള്‍ അവിടെയുണ്ടായിരുന്നൊരു ഹിന്ദിക്കാരന്‍ ഞങ്ങളുടെ സഹായത്തിനെത്തി. നാട്ടിന്‍ പുറത്തുകാരായ അവര്‍ക്ക് പുറത്ത് നിന്ന് വരുന്ന മനുഷ്യരെയൊക്കെ ഭയമാണ് എന്ന് അയാളുടെ സംസാരത്തില്‍ നിന്ന് മനസ്സിലായി. എന്തായാലും നാടന്‍ മനുഷ്യരെ പരിചയപ്പെടാന്‍ പോയ ക്ഷീണം ഹഫ സൂഖിലെ ഇളനീരിന്റെ കുളിരില്‍ കുടിച്ചിറക്കി.
ഇളനീരും തേങ്ങയും മാങ്ങയും വാഴപ്പഴങ്ങളും നിറഞ്ഞ ഹഫ സൂക്കിലൂടെ നടക്കുമ്പോള്‍ സ്വപ്‌നത്തില്‍ നാട്ടിലെത്തിയതാണോ അതോ തൃശൂര്‍ ചന്തയിലൂടെ നടക്കുകയാണോ എന്ന് തോന്നിപ്പോകും.
എത്ര വർണിച്ചാലും പറഞ്ഞാലും തീരാത്തൊരു വശ്യ സൗന്ദര്യ താഴ്വാരമാണ് സലാല. ഗള്‍ഫ് നാടുകള്‍ ചൂട് കാലത്തിന്റെ തീക്ഷ്ണതയിലേക്ക് കൂപ്പ്കുത്തുന്ന സമയത്ത് ദേഹവും ദേഹിയും നനഞ്ഞൊട്ടുന്നൊരു കുളിരിലേക്ക് സലാല മാടി വിളിക്കും. പച്ചപുതച്ചു ലാസ്യ ഭാവത്തോടെ കിടക്കുന്ന മലനിരകള്‍, ആടുമാട് ഒട്ടകങ്ങള്‍ മേഞ്ഞു നടക്കുന്ന പുല്‍മേടുകളും അവയെ തെളിച്ചു നടക്കുന്ന ഇടയന്മാരും, അവരോട് കിന്നാരം പറയുന്ന കാട്ടാറുകളും അരുവികളും, തനിനാടന്‍ കോഴിക്കോടന്‍ കാക്കാമാരെപ്പോലെ കള്ളി ലുങ്കിമുണ്ടും അരപ്പട്ടയും, അരയില്‍ ഒരു നാടിന്റെ സംസ്‌കാരത്തിന്റെ ഭാഗമായ പിച്ചാത്തിയും കയ്യിലൊരു വടിയും ഒമാന്‍ ഹല്‍വയെക്കാള്‍ സുഗന്ധവും മാധുര്യമുള്ള ഖല്‍ബുമായി നടക്കുന്ന ജബലികള്‍.
എവിടെയൊരിത്തിരി സ്ഥലം കിട്ടിയോ മറ്റൊന്നുമാലോചിക്കാതെ അവിടെയൊക്കെ പായവിരിച്ചു ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്ന കുടുംബസ്‌നേഹങ്ങള്‍. പ്രത്യേകിച്ചൊരു പേരുകളുമില്ലാത്ത ഷോപ്പുകള്‍, ചായകൊണ്ടും ഖഹ്‌വ കൊണ്ടും മധുരപ്പലഹാരങ്ങള്‍ കൊണ്ടും റോഡരികില്‍ നിന്ന് കസ്റ്റമറെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ഹോട്ടലുകാര്‍. പുറത്ത് നിന്നെത്തുന്ന കച്ചവടക്കാരെ അത്രക്കൊന്നും വിളിച്ചു വരുത്താത്ത സ്വദേശികളുടെ കുത്തകയായ അങ്ങാടികള്‍, വാഴകളും പപ്പായമരങ്ങളും തെങ്ങുകളും ഇടതൂര്‍ന്നു നില്‍ക്കുന്ന വഴിയോരങ്ങള്‍..
കണ്ടും കൊണ്ടും അനുഭവിച്ചും കൊതി തീരാതെ മടങ്ങുമ്പോള്‍ ഹഫ ബീച്ചില്‍ നിന്നുമൊരു ഓടക്കുഴല്‍നാദം ഞങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു. വിരഹം പാടും ഇണക്കുയിലിനോടെന്ന പോലെ മറുമൊഴി പാടി.
ഓ… സലാലാ.. നിന്നെപ്പിരിയാനൊട്ടും ആഗ്രഹമില്ല.. തിരികെപ്പോവാതിരിക്കാനാവില്ലല്ലോ… നിന്റെ മാറിന്റെ കുളിരും സുഗന്ധവും അനുഭവിക്കാന്‍ ഇനിയീ വഴി വരുമോ എന്നറിയില്ല.. .