LoginRegister

മക്കളെ നശിപ്പിക്കുന്ന ഹെലികോപ്റ്റര്‍ പാരന്റിംഗ്‌

മന്‍സൂര്‍ ഒതായി

Feed Back


മകന്റെ സ്വഭാവ ദൂഷ്യങ്ങള്‍ മാറ്റാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് സാദിഖ് മാഷും ഭാര്യയും വന്നത്. പ്രശ്നക്കാരനായ മകന്‍ എന്ന് കേട്ടപ്പോള്‍ ഹൈസ്‌കൂള്‍ ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥിയായിരിക്കുമെന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി ജോലിക്കാരനായ യുവാവിനെയും കൊണ്ടാണ്ട് ആ അധ്യാപക ദമ്പതിമാര്‍ എത്തിയത്. എന്താണ് ഇവന്റെ കുഴപ്പമെന്ന് ചോദിച്ചപ്പോള്‍ മകന്റെ നിരവധി പ്രശ്നങ്ങള്‍ അവതരിപ്പിച്ചു. രാവിലെ നേരത്തെ ഏഴുന്നേല്‍ക്കാത്തത് മുതല്‍ ദീര്‍ഘനേരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വരെയുള്ള പരാതികള്‍.
സാറെ, ഇത് ഞങ്ങളുടെ മകന്‍ ജാസിര്‍, ആണും പെണ്ണുമായി ഞങ്ങള്‍ക്ക് ഇവന്‍ മാത്രമാണുള്ളത്. ഇവനിപ്പോള്‍ ഇരുപത്തഞ്ച് വയസ്സായി. എന്നിട്ടും ഒരു കാര്യത്തിനും വേണ്ട ഉത്തരാവാദിത്തം ഇവനില്ല. അവനെ ഒരു അധ്യാപകനാക്കണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. കമ്പ്യൂട്ടര്‍ എഞ്ചിനീയറാവണമെന്ന് വാശി പിടിച്ചപ്പോള്‍ ഞങ്ങള്‍ സമ്മതിച്ചു. ഫീസിനു പുറമെ നല്ല സംഖ്യ ഡൊണേഷനും നല്‍കിയാണ് അവനെ ബി.ടെക് പഠിപ്പിച്ചത്. പഠിച്ചിറങ്ങിയപ്പോള്‍ തന്നെ ഒരു സുഹൃത്തിന്റെ കമ്പനിയില്‍ ജോലി ശരിയാക്കിക്കൊടുത്തു. എന്നാല്‍ അവന്‍ കൃത്യസമയത്ത് ഓഫീസില്‍ പോവില്ല. ഏല്‍പിച്ച ജോലികള്‍ മര്യാദക്ക് ചെയ്യില്ല. സഹപ്രവര്‍ത്തകരുമായി ബന്ധമില്ല. അവന്റെ ഉഴപ്പു കാരണം ഈ ജോലി നഷ്ടപ്പെടുന്ന അവസ്ഥയാണ്. ഇവന്റെ വിവാഹം നടത്തണമെന്ന ആഗ്രഹമുണ്ട്. പക്ഷെ ഇവന്റെ ഈ സ്വഭാവം വെച്ച് എങ്ങനെ കല്യാണം നടത്തും?
സംസാരത്തിനിടയിലാണ് അദ്ദേഹത്തിന്റെ കൈയിലെ പേപ്പര്‍ എന്റെ ശ്രദ്ധില്‍ പെട്ടത്. പേപ്പറിലെന്താ എന്ന് ചോദിച്ചപ്പോള്‍ അതെനിക്ക് നേരെ നീട്ടി. അത്ഭുതം! ഒരു എ ഫോര്‍ പേജ് മുഴുവന്‍ മകന്റെ കുറ്റങ്ങള്‍. ഒന്നു പോലും വിടാതെ അവതരിപ്പിക്കാനാണത്രേ എഴുതി കൊണ്ടു വന്നത്.
മക്കളെ നന്നാക്കാനുള്ള വെപ്രാളത്തില്‍ പല രക്ഷിതാക്കള്‍ക്കും വലിയ വീഴ്ചകള്‍ സംഭവിക്കാറുണ്ട്. കുട്ടികളുടെ നല്ല ഭാവിയാണ് ലക്ഷ്യമാക്കുന്നതെങ്കിലും അവരുടെ പ്രവര്‍ത്തനങ്ങള്‍ മിക്കപ്പോവും വിപരീത ഫലങ്ങള്‍ ഉണ്ടാക്കുന്നു. കുട്ടികളുടെ കഴിവും മികവും പ്രത്യേകതകളും തിരിച്ചറിഞ്ഞ് അവ വികസിക്കാനുള്ള സ്വാഭാവികമായ സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്. അവരുടെ പ്രകൃതവും സവിശേഷതകളും മനസ്സിലാക്കി പെരുമാറണം. ന്യായമായ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ച് നല്‍കുകയും വേണം. ഉദാഹരണത്തിന് കളിപ്പാട്ടങ്ങള്‍ കാണുമ്പോള്‍ അത് വാങ്ങാന്‍ കൊച്ചുകുട്ടികള്‍ ആവശ്യപ്പെടാറുണ്ട്. അങ്ങാടിയില്‍വെച്ച് ആളുകളുടെ മുമ്പില്‍ വെച്ച് കളിപ്പാട്ടത്തിനായി വാശിപിടിക്കുന്ന കുട്ടികളുണ്ട്. അവര്‍ ചൂണ്ടിക്കാണിക്കുന്ന കളിപ്പാട്ടങ്ങള്‍ ഒരു പക്ഷേ വീട്ടില്‍ ഉള്ളവയാവാം. ചിലപ്പോള്‍ അവര്‍ക്ക് അത് ഒട്ടും ആവശ്യമില്ലാത്തതുമാവാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുട്ടിയെ സന്തോഷിപ്പിക്കാനും സ്‌നേഹം പ്രകടിപ്പിക്കാനുമായി ചോദിക്കുന്നതെന്തും വാങ്ങിക്കൊടുക്കുന്നവരുണ്ട്. മറ്റുള്ളവരുടെ മുമ്പില്‍ അഭിമാനം സംരക്ഷിക്കാനായി വാങ്ങിക്കൊടുക്കും ചിലര്‍. കുട്ടിയുടെ വ്യക്തിത്വത്തിന് ഒട്ടും വിലകല്‍പിക്കാതെ ആളുകളുടെ മുമ്പില്‍ വെച്ച് തന്നെ കുട്ടിയെ ശിക്ഷിക്കുന്നവരും ഭീഷണിപ്പെടുത്തുന്നവരുമുണ്ട്. മക്കളുടെ ഏത് ആവശ്യവും നിറവേറ്റിക്കൊടുക്കുന്ന എല്ലാ വാശിയും അംഗീകരിക്കുന്ന ശൈലിയാണ് ദുര്‍ബലമായ പാരന്റിങ് (permissive parenting) , കുട്ടികളെ അഹങ്കാരികളും ദുര്‍വാശിക്കാരുമാക്കി മാറ്റുന്ന രീതിയാണിത്. കുട്ടിയുടെ ആഗ്രഹങ്ങള്‍ക്ക് ഒട്ടും വില കല്‍പിക്കാതിരിക്കുകയും അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും പരിഗണിക്കാതിരിക്കുകയും ചെയ്യുന്ന രീതിയാണ് അവഗണനാ ശൈലി (neglecting parenting). കുട്ടിയുടെ മനസ്സിന് മുറിവേല്‍ക്കാനും അവരുടെ വ്യക്തിത്വം വികലമാക്കാനും ഈ ശൈലി കാരണമാകും. വളര്‍ന്ന് വലുതാവുമ്പോള്‍ സ്വയം മതിപ്പില്ലാത്തവരും ആത്മവിശ്വാസം കുറഞ്ഞവരുമായി മാറും ഇവര്‍. താന്‍ ഒന്നിനും കൊള്ളാത്തവനാണ് എന്ന ചിന്തയായിരിക്കും അവരുടെ മനസ്സില്‍ ശക്തമാവുക.
മക്കളുടെ നന്മയും സുരക്ഷിതത്വവും മാത്രം ചിന്തിച്ച് എപ്പോഴും അവരെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ശൈലിയാണ് ഹെലികോപ്റ്റര്‍ പാരന്റിംഗ് (Helicopter paranting). കുട്ടികള്‍ സദാസമയവും തങ്ങളുടെ നിരീക്ഷണത്തിലാവണമെന്ന് ഇക്കൂട്ടര്‍ ആഗ്രഹിക്കും. എപ്പോഴം കുട്ടികള്‍ക്ക് ചുറ്റും വട്ടമിട്ട് പറന്ന് അവരുടെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കാനാണ് അവര്‍ക്ക് താല്‍പര്യം. കുട്ടികള്‍ പ്രയാസപ്പെടുന്ന ഒന്നും സഹിക്കാനാവാത്തവരാണിവര്‍. കുട്ടികള്‍ മുതിര്‍ന്നാല്‍ പോലും ഭക്ഷണം വാരിക്കൊടുത്തും വസ്ത്രം ധരിപ്പിച്ചും സ്നേഹം കൊണ്ട് മൂടും. മക്കളുടെ കളികള്‍, വിനോദം, കൂട്ടുകാര്‍, വേഷം, അഭിരുചികള്‍ എന്നിവയിലെല്ലാം കയറി ഇടപെടും.
ഒട്ടും സ്വാതന്ത്ര്യം നല്‍കാതെ വരിഞ്ഞു മുറുക്കുന്ന സ്നേഹം കുട്ടികളെ നശിപ്പിക്കുകയാണ് ചെയ്യുക. ചഞ്ചല വ്യക്തിത്വത്തിന്റെ ഉടമകളായി മാറും ഈ രീതിയില്‍ വളര്‍ത്തപ്പെടുന്നവര്‍. ജാസിറിന്റെ സ്വഭാവ വൈകല്യങ്ങളുടെ കാരണം അവനെ വളര്‍ത്തിയ രീതിയായിരുന്നു. രക്ഷിതാക്കള്‍ പറഞ്ഞ ചില പോരായ്മകള്‍ തനിക്കുണ്ടെന്ന് അവന്‍ സമ്മതിച്ചു. എന്നാല്‍ അതിന്റെ ഉത്തരവാദികള്‍ അവര്‍ തന്നെയാണെന്നും അവന്‍ പറഞ്ഞു.
ചെറുപ്പം മുതല്‍ ഒരു കാര്യവും ഒറ്റക്ക് ചെയ്യാന്‍ സമ്മതിക്കാറില്ല. എല്ലാറ്റിനും നിയന്ത്രണങ്ങള്‍, ഒരു ഡ്രസ് വാങ്ങുന്നത് പോയിട്ട് ഇഷ്ടപ്പെട്ട ബേക്കറി സാധനം വാങ്ങാന്‍ പോലും ഈ പ്രായത്തിലും എനിക്ക് സ്വാതന്ത്ര്യമില്ല. പന്തു കളിക്കാനും കൂട്ടുകാരോടൊപ്പം കളിച്ചു രസിക്കാനും ഏറെ ഇഷ്ടമായിരുന്നു. എന്നാല്‍ കൂട്ടുകാര്‍ക്കൊപ്പം പോയാല്‍ വഴിതെറ്റുമെന്നു പറഞ്ഞു മാതാപിതാക്കള്‍ അതെല്ലാം വിലക്കി. സ്വന്തമായ ഇഷ്ടങ്ങള്‍ ഒഴിവാക്കേണ്ടി വന്നതിലുള്ള അസംതൃപ്തിയും നിരാശയും (Frustration) കാരണമാണ് അവനിങ്ങനെയൊക്കെ പെരുമാറുന്നതെന്ന് ജാസിര്‍ പറയുന്നു. ആദ്യം കൗണ്‍സലിങ് നല്‍കേണ്ടത് രക്ഷിതാക്കള്‍ക്കാണെന്നും അവന്‍ ഓര്‍മപ്പെടുത്തി.
കുട്ടികളുടെ വ്യക്തിത്വം വികലമാക്കുന്നതില്‍ രക്ഷിതാക്കളുടെ ശിക്ഷണ ശൈലിക്ക് വലിയ പ്രധാന്യമുണ്ടെന്നാണ് ഈ അനുഭവം നമ്മെ ബോധ്യപ്പെടുത്തുന്നത്. മക്കളെ വളര്‍ത്തുന്നതില്‍ മഹിതമായ മാതൃകയാണ് മുഹമ്മദ് നബി(സ) കാണിച്ചു തന്നത്. കുട്ടികളോട് വളരെയേറെ സ്നേഹവും കരുണയും കാണിച്ചിരുന്നു പ്രവാചകന്‍(സ). കുട്ടികളോടൊപ്പം കേവലം ഒരു കുട്ടിയായി മാറി കളിക്കുകയും രസിക്കുകയും ചെയ്തു. ആരാധനാ വേളയില്‍ മുതുകില്‍ കയറിയ പേരക്കിടാവിന്റെ ഇഷ്ടം തീരുവോളം സുജൂദില്‍ കിടന്നു സ്‌നേഹ റസൂല്‍. കുട്ടിയുടെ സ്വഭാവവും വ്യക്തിത്വവും രൂപപ്പെടുന്നതില്‍ മാതാപിതാക്കളുടെ ശിക്ഷണ രീതിക്കും സ്വഭാവ പെരുമാറ്റത്തിനും ഏറെ സ്വാധീനമുണ്ടെന്ന് അവിടുന്ന് ശിഷ്യരെ പഠിപ്പിച്ചു.
”എല്ലാ കുട്ടിയും ജനിക്കുന്നത് ശുദ്ധ പ്രകൃതിയോടെയാണ്. പിന്നീട് അവന്റെ മാതാപിതാക്കളാണ് അവനെ ജൂതനോ, ക്രിസ്ത്യാനിയോ, മജൂസിയോ ആക്കി മാറ്റുന്നത്” (ബുഖാരി). .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top