വൈകിയുണര്‍ന്നൊരു
പുലരിയില്‍
തൊണ്ടയില്‍ കുടുങ്ങി
പുളിച്ചുതികട്ടലായി
പുറത്തേക്കൊഴുകിയ
മഞ്ഞയായിരുന്നു
ഉദരത്തിലിവന്റെ
വരവറിയിച്ചത്.
കുടംപുളിയിട്ട
മീന്‍കറിയുടെ
കൊതിയൂറും മണം
അവനായി ഉപേക്ഷിച്ച
ആദ്യത്തെ ഇഷ്ടം…
പിന്നീടങ്ങനെ
ഒരുപാടിഷ്ടങ്ങളെ
അവനായി മറന്നുവെച്ചു.
അടിവയറ്റിലൊരു നോവ്
ഭൂകമ്പത്തിന് തിരി കൊളുത്തി
മറ്റൊരു പൂമ്പുലരിയില്‍,
ഉയിരുപൊള്ളിക്കുന്ന
വേദനയെനിക്കേകി
അവന് പിറവിയായി
അമ്മവേഷമെനിക്ക്
സമ്മാനിതമായി.
രാപകലുകളിന്നെത്രയോ
പോയ്മറഞ്ഞു.
ഹൃദയത്തില്‍
നന്മ നിറച്ചു നീളെ
നേര്‍വഴിയില്‍
നീ നടന്നിടുക.
ഉള്ളു വിങ്ങുമൊരമ്മക്കിനാവിന്റെ പ്രാര്‍ഥനയൊന്നു മാത്രം.