LoginRegister

ബി എ എസ് എല്‍ പി പഠനവും അവസരങ്ങളും

പി കെ അന്‍വര്‍ മുട്ടാഞ്ചേരി

Feed Back


ബി എ എസ് എല്‍ പി കോഴ്‌സിന് സാധ്യതയുണ്ടോ? പഠനാവസരങ്ങള്‍ വിശദീകരിക്കാമോ?
– ഹാനിയ കൂളിമാട്

ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കുന്ന പരിഗണനക്ക് ആനുപാതികമായി അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ് ബി എ എസ് എല്‍ പി അഥവാ ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി.
ആശയവിനിമയ പരാധീനതയുള്ളവര്‍ക്കിടയില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിന് കഴിവും വൈദഗ്ധ്യവുമുള്ളവരെ സൃഷ്ടിക്കുക എന്നതാണ് ബി എ എസ് എല്‍ പി കോഴ്‌സിന്റെ ലക്ഷ്യം. ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് അടക്കം നാലു വര്‍ഷമാണ് കോഴ്‌സ്. കോഴ്‌സ് പൂര്‍ത്തിയാക്കിയതിനു ശേഷം RCI (Rehabilitation Council of India) യില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.
ക്ഷമ, സഹാനുഭൂതി, അനുകമ്പ, സേവന മനഃസ്ഥിതി തുടങ്ങിയ സ്വഭാവഗുണമുള്ളവര്‍ക്ക് തീര്‍ച്ചയായും തിളങ്ങാന്‍ കഴിയുന്ന മേഖലയാണിത്. കേള്‍വിശക്തി പരിശോധിക്കുകയും ആവശ്യമായ ശ്രാവ്യ ഉപകരണങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുന്ന ഓഡിയോളജിസ്റ്റുകളായും സംസാര വൈകല്യങ്ങള്‍ പരിഹരിക്കുന്ന സ്പീച്ച് തെറാപ്പിസ്റ്റുകളായും ഈ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് പ്രവര്‍ത്തിക്കാം.
ആശുപത്രികള്‍, സ്‌പെഷ്യല്‍ സ്‌കൂളുകള്‍, സ്പീച്ച് ആന്റ് ഹിയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, ശ്രവണ ഉപകരണ നിര്‍മാണശാലകള്‍, വൈകല്യമുള്ളവരെ സഹായിക്കുന്ന സര്‍ക്കാര്‍-സര്‍ക്കാരിതര ഏജന്‍സികള്‍, റിസര്‍ച്ച് സെന്ററുകള്‍, ചൈല്‍ഡ് ഗൈഡന്‍സ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ തൊഴിലവസരങ്ങളുണ്ട്. ഓട്ടിസം പോലുള്ള സൈക്കോളജിയുമായി ബന്ധപ്പെട്ട മേഖലകളിലും ജോലിസാധ്യതയുണ്ട്. യു കെ, കാനഡ, സിംഗപ്പൂര്‍, ആസ്‌ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ നിരവധി വിദേശരാജ്യങ്ങളിലും മികച്ച തൊഴിലവസരങ്ങളുണ്ട്. സ്വയംതൊഴില്‍ സംരംഭം എന്ന നിലയില്‍ ഓഡിയോളജി ആന്റ് സ്പീച്ച് ക്ലിനിക്കുകള്‍ തുടങ്ങാനും അവസരമുണ്ട്.
തുടര്‍പഠനത്തിന് താല്‍പര്യമുള്ളവര്‍ക്ക് വിവിധ സ്ഥാപനങ്ങളില്‍ മാസ്റ്റര്‍ ഓഫ് ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി (MASLP), എം എസ് സി ഇന്‍ സ്പീച്ച് ആന്റ് ഹിയറിങ്, എം എസ് സി ഓഡിയോളജി, പി എച്ച് ഡി പ്രോഗ്രാമുകള്‍ തുടങ്ങിയവയും ലഭ്യമാണ്. കൂടാതെ ഫോറന്‍സിക് സയന്‍സ്, ലിംഗ്വിസ്റ്റിക്‌സ് തുടങ്ങിയ വിഷയങ്ങളില്‍ പി ജി ഡിപ്ലോമ കോഴ്‌സുകള്‍ക്കും അവസരമുണ്ട്.
പഠനാവസരങ്ങള്‍
ഇന്ത്യയില്‍ ബി എ എസ് എല്‍ പി പഠനത്തിന് പരിഗണിക്കാവുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. പ്ലസ്ടുവില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് അല്ലെങ്കില്‍ ബയോളജി പഠിച്ചവര്‍ക്കാണ് യോഗ്യത. അഖിലേന്ത്യാ സ്ഥാപനങ്ങളില്‍ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. കേരളത്തില്‍ പ്ലസ്ടു മാര്‍ക്ക് അടിസ്ഥാനത്തിലും.
ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ സ്ഥാപനമാണ് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് (AIISH) മൈസൂര്‍. ഈ വര്‍ഷത്തെ പ്രവേശനത്തിനായി മെയ് 31നകം അപേക്ഷിക്കേണ്ടതാണ് (www. aiishmysore.in). കൂടാതെ അലിയാവര്‍ജംഗ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് (മുംബൈ, സെക്കന്തരാബാദ്, കൊല്‍ക്കത്ത, നോയിഡ കേന്ദ്രങ്ങള്‍), പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്റ്് റിസര്‍ച്ച് (PGIMER) ചണ്ഡീഗഡ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എംപവര്‍മെന്റ് ഓഫ് പേഴ്‌സന്‍സ് വിത്ത് മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റീസ് (NIEPMD) തമിഴ്‌നാട്, ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് വെല്ലൂര്‍, കസ്തൂര്‍ബ മെഡിക്കല്‍ കോളജ് മണിപ്പാല്‍, ഡോ. എസ് ആര്‍ ചന്ദ്രശേഖര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് ബംഗളൂരു, മണിപ്പാല്‍ യൂണിവേഴ്‌സിറ്റി മണിപ്പാല്‍ തുടങ്ങിയ സ്ഥാപനങ്ങളിലും ബി എ എസ് എല്‍ പി കോഴ്‌സ് ലഭ്യമാണ്.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിങ് (NISH) തിരുവനന്തപുരം, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്മ്യൂണിക്കേറ്റീവ് ആന്റ് കോഗ്‌നിറ്റീവ് ന്യൂറോ സയന്‍സസ് (ICCONS) ഷൊര്‍ണൂര്‍, ബേബി മെമ്മോറിയല്‍ കോളജ് ഓഫ് അലൈഡ് മെഡിക്കല്‍ സയന്‍സസ് കോഴിക്കോട്, മാര്‍ത്തോമ്മ കോളജ് കാസര്‍കോഡ്, എ ഡബ്ല്യൂ എച്ച് സ്‌പെഷ്യല്‍ കോളജ് കോഴിക്കോട് എന്നിവയാണ് കേരളത്തിലെ കോളജുകള്‍. പ്രവേശനത്തിനായി നോട്ടിഫിക്കേഷന്‍ വരുമ്പോള്‍ എല്‍ ബി എസ് സെന്റര്‍ (lbscentre.in) വഴി അപേക്ഷിക്കണം. കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും എന്‍ട്രന്‍സ് പരീക്ഷ വഴി ബി എ എസ് എല്‍ പി കോഴ്‌സിന് പ്രവേശനം നല്‍കുന്നുണ്ട്..

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top