LoginRegister

ബില്‍ഖീസ് ബാനുവിന് നീതി ഇനിയും അകലെയോ?

ഹാറൂന്‍ കക്കാട്‌

Feed Back


രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, 2002ല്‍ സംഭവിച്ച ഗുജറാത്ത് കലാപം റിപ്പോര്‍ട്ട് ചെയ്യുന്നതിന് വേണ്ടി കേരളത്തില്‍ നിന്ന് യാത്രയായ പത്രപ്രവര്‍ത്തകരായ ഞങ്ങളുടെ സംഘം അഹമദാബാദിലും മറ്റു കലാപ ബാധിത പ്രദേശങ്ങളിലും രണ്ട് ആഴ്ചകളോളം സഞ്ചരിച്ചിരുന്നു. അത്യന്തം ക്രൂരവും മനുഷ്യത്വരഹിതവുമായ അക്രമ പരമ്പരകള്‍ക്ക് വിധേയമായ നിരവധി സ്ഥലങ്ങളിലെ അവശിഷ്ടങ്ങളുടെ കാഴ്ചകള്‍ അതിഭീകരമായിരുന്നു. അഭയാര്‍ഥി ക്യാമ്പുകളില്‍ കരച്ചിലടക്കാനാവാതെ ഭീതിയോടെ ജീവിക്കുന്ന പിഞ്ചുകുട്ടികളടക്കം ഒട്ടേറെ പേരുടെ കരളലിയിക്കുന്ന രോദനങ്ങള്‍ എല്ലാ അര്‍ഥത്തിലും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. കൊടുംപീഡനങ്ങള്‍ക്ക് വിധേയരായ നിരവധി ഇരകളുമായി ആ സന്ദര്‍ശനവേളയില്‍ ഏറെനേരം ഞങ്ങള്‍ മുഖാമുഖം സംസാരിച്ചു. മനസ്സില്‍ നിന്ന് ഒരിക്കലും മായാത്ത ആ ദാരുണ കാഴ്ചകള്‍ വീണ്ടും ആളിക്കത്തിക്കുന്നതാണ് ഗുജറാത്ത് സര്‍ക്കാരില്‍ നിന്ന് ഇപ്പോഴുണ്ടായ അവിശ്വസനീയമായ നീക്കങ്ങള്‍.
2002 ഫെബ്രുവരി 27. ഗുജറാത്തിലെ ഗോദ്രയില്‍ സബര്‍മതി എക്‌സ്പ്രസിലെ എസ് 6 ബോഗിയില്‍ തീപടര്‍ന്ന് അയോധ്യയില്‍ നിന്നു തിരിച്ചുവരികയായിരുന്ന കര്‍സേവകരടക്കം 59 പേര്‍ കൊല്ലപ്പെടുന്നു. മുസ്ലിംകള്‍ ഹിന്ദുക്കളെ ചുട്ടുകൊല്ലുകയായിരുന്നുവെന്ന് വളരെ പെട്ടെന്ന് പ്രചരിപ്പിക്കപ്പട്ടു. ഉടനെത്തന്നെ സംഘപരിവാരത്തിന്റെ നേതൃത്വത്തില്‍ ബന്ദ് പ്രഖ്യാപിച്ചു. സംസ്ഥാനം ആസൂത്രിതമായ ഒരു വംശഹത്യയിലേക്ക് ആനയിക്കപ്പെട്ടു. പിന്നീടങ്ങോട്ട് നടന്നതെന്താണെന്ന് ലോകം വല്ലാത്ത ഞെട്ടലോടെയാണ് കണ്ടത്.
ഗുജറാത്ത് ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയുടെ ഫലമായി മുസ്‌ലിംകള്‍ക്കെതിരെ ആസൂത്രിതമായ ആക്രമണങ്ങള്‍ അരങ്ങേറി. അവരുടെ ജീവനും സ്വത്തുക്കളും ആക്രമിക്കപ്പെട്ടു. സ്ത്രീകളെ അതിക്രൂരമായി ബലാല്‍സംഗം ചെയ്തു. പിഞ്ചുകുട്ടികളോടുപോലും ദയ കാണിച്ചില്ല. അഹമദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ താമസിച്ചിരുന്ന കോണ്‍ഗ്രസ് എം പി ഇഹ്‌സാന്‍ ജിഫ്രി ഉള്‍പ്പടെ പലരും ക്രൂരമായി വധിക്കപ്പെട്ടു. പലരേയും വെട്ടിവീഴ്ത്തിയതിനു ശേഷം ശരീരം ചുട്ടുകരിച്ചു. തീയിട്ടു കൊല്ലും മുമ്പ് സ്ത്രീകളെ ബലാല്‍സംഗം ചെയ്തു. ശൂലത്തില്‍ കോര്‍ത്തെടുത്തും ജീവനോടെ തീയിലെറിഞ്ഞും ആളുകളെ കൊന്നൊടുക്കി. അഞ്ചു ദിവസംകൊണ്ട് രണ്ടായിരത്തില്‍പ്പരം ആളുകളാണ് ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പേര്‍ ആക്രമിക്കപ്പെടുകയും ചെയ്തു.
ഗുജറാത്തില്‍ നടമാടിയ വര്‍ഗീയ കലാപത്തിന്റെ നിര്‍ഭാഗ്യകരമായ ദിവസങ്ങളിലെ സംഭവങ്ങള്‍ രാജ്യത്തിന് ഒരിക്കലും മറക്കാനാവുന്നതല്ല. വംശീയഹത്യയുടെ മറവില്‍ ഹിന്ദുത്വ തീവ്രവാദികള്‍ ഇല്ലാതാക്കിയത് നിഷ്‌കളങ്കരായ നിരവധി ജീവിതങ്ങളാണ്!
ഈ കലാപത്തിലെ ജീവിക്കുന്ന രക്തസാക്ഷിയാണ് ബില്‍ഖീസ് ബാനു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ നരോഡാപാട്യ, ബെസ്റ്റ് ബേക്കറി കേസുകള്‍ കഴിഞ്ഞാല്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയ കേസായിരുന്നു ബില്‍ഖീസ് ബാനു കൂട്ടബലാത്സംഗക്കേസ്.
”ഞാനാഗ്രഹിക്കുന്നത് പ്രതികാരമല്ല, നീതിയാണ്” – വാര്‍ത്താ സമ്മേളനത്തില്‍ ബില്‍ഖീസ് ബാനു പറഞ്ഞ വാക്കുകള്‍ ഇപ്പോഴും ഓരോ ഇന്ത്യക്കാരന്റെ മനസ്സിലും മുഴങ്ങുന്നു. 2002 മാര്‍ച്ച് മൂന്നിന് കലാപം അതിവേഗം കത്തിപ്പടരുന്നതിനിടെ, ദഹോദ് ജില്ലയിലെ രാധിക്പൂര്‍ ഗ്രാമത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ചപ്പര്‍വാഡ് ഗ്രാമത്തില്‍ വെച്ചാണ് ബില്‍ഖീസ് ബാനു എന്ന പത്തൊമ്പതുകാരിയടക്കം കലാപകാരികളുടെ പിടിയിലായത്. ബില്‍ഖീസിനൊപ്പമുണ്ടായിരുന്ന മൂന്നു വയസ്സുകാരിയായ മകള്‍ സാലിഹയെ കണ്‍മുന്നില്‍ വെച്ച് തീവ്രവാദികള്‍ പാറക്കല്ലില്‍ അടിച്ചു ക്രൂരമായി കൊന്നു!. പുരുഷന്മാരെ എല്ലാവരെയും കൊന്ന ശേഷം സ്ത്രീകളെ ബലാല്‍സംഗം ചെയ്തു. ശരീരത്തിലേക്ക് കൂര്‍ത്ത ആയുധങ്ങള്‍ കുത്തിക്കയറ്റി. അഞ്ചു മാസം ഗര്‍ഭിണിയായ ബില്‍ഖീസ് ബാനു ആവര്‍ത്തിച്ചാവര്‍ത്തിച്ച് ബലാല്‍സംഗം ചെയ്യപ്പെട്ടു. ഒന്നനങ്ങാന്‍ പോലും കഴിയാത്ത വിധം അവളുടെ ശരീരത്തെ തീവ്രവാദികള്‍ തകര്‍ത്തുകളഞ്ഞു. മരിച്ചെന്ന് കരുതി അവര്‍ ഉപേക്ഷിക്കപ്പെട്ട ബില്‍ഖീസ് ബാനു വിജനമായ ഒരു കുന്നിന്‍മുകളില്‍ കിടന്നത് ഒന്നര ദിവസമായിരുന്നു
ഗുജറാത്ത് കലാപകാരികള്‍ക്കെതിരെ ബില്‍ഖീസ് ബാനു നടത്തിയ നിയമപോരാട്ടം ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ തന്നെ അവിസ്മരണീയമായ ഏടാണ്. 2003ല്‍ ദേശീയ മനുഷ്യാവകാശ കമീന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഗുജറാത്ത് പൊലീസ് അവസാനിപ്പിച്ച കേസില്‍ ബില്‍ഖീസ് ബാനുവിന് സുപ്രീംകോടതിയെ സമീപിക്കാന്‍ സാധിച്ചത്. കേസിന്റെ പ്രത്യേക സ്വഭാവവും ദീര്‍ഘവും സങ്കീര്‍ണവുമായ നടപടികളും പരിഗണിച്ച് തുടര്‍ വിസ്താരങ്ങള്‍ ഗുജറാത്തില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് മാറ്റി. മനുഷ്യാവകാശ പ്രവര്‍ത്തകരും രാജ്യത്തിന്റെ മതേതര മനഃസാക്ഷിയും സദാ ജാഗരൂകരായിരുന്നുവെങ്കിലും വിചാരണ പൂര്‍ത്തിയാക്കാന്‍ നീതിപീഠം ആറു വര്‍ഷമെടുത്തു. 2008 ജനുവരി 21ന് മുംബൈ സിബിഐ കോടതിയാണ് പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. പിന്നീട് മുംബൈ ഹൈക്കോടതി ഇത് ശരിവെക്കുകയും ചെയ്തു.
മേല്‍ക്കോടതികള്‍ ശരിവെച്ച, ഒരു മനുഷ്യന്റെയും മനഃസാക്ഷിയുടെ കോടതിയില്‍ മറുവാദമില്ലാത്ത വിധിയെ അട്ടിമറിച്ചുകൊണ്ടാണ് ഇപ്പോള്‍ ഗുജറാത്ത് സര്‍ക്കാര്‍ കേസിലെ 11 പ്രതികളെയും വിട്ടയച്ചിരിക്കുന്നത്.
2022 മേയില്‍ കോടതിയില്‍ കുറ്റവാളികളുടെ ശിക്ഷ ഇളവ് ചെയ്യുന്നതിനായി അപേക്ഷ സമര്‍പ്പിച്ചു. തുടര്‍ന്ന് വിഷയം പരിശോധിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീം കോടതി ഉത്തരവിട്ടു. പിന്നീട് അതിനായി ഒരു കമ്മിറ്റി രൂപീകരിച്ചു. ശിക്ഷാ കാലയളവിലെ നല്ല നടപ്പും ‘കുറ്റത്തിന്റെ സ്വഭാവവും’ അനുസരിച്ച് കുറ്റവാളികളെ വിട്ടയക്കാന്‍ ഏകകണ്ഠമായി കമ്മിറ്റി തീരുമാനിക്കുന്നു! ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായുള്ള ‘പ്രത്യേക വിടുതല്‍ പദ്ധതി’യിലൂടെ അവരെ മോചിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം നീങ്ങി. സമിതിയുടെ പക്ഷപാതം ആദ്യന്തം വ്യക്തമായിരുന്നു. പുറത്തിറങ്ങിയ കുറ്റവാളികള്‍ക്ക് വി എച്ച് പി ഓഫീസില്‍ വീരോചിതമായ സ്വീകരണവും നല്‍കി. മധുരം നല്‍കിയും കാല്‍തൊട്ട് വന്ദിച്ചുമാണ് പ്രതികളെ ഹിന്ദുത്വവാദികള്‍ സ്വീകരിച്ചത്.
ഈ തീരുമാനം കോടതിയിലും നിയമത്തിലുമുള്ള തന്റെ വിശ്വാസം ഉലച്ചുകളഞ്ഞുവെന്ന് ബില്‍ഖീസ് ബാനു പറയുമ്പോള്‍ മറുപടിയില്ലാതെ ഇന്ത്യയാണ് തലകുനിക്കുന്നത്. ബില്‍ഖീസ് ബാനുവിന് ഇപ്പോഴും സ്വന്തം ഗ്രാമത്തില്‍ ജീവിക്കാനായിട്ടില്ല. നിരന്തരം വധഭീഷണികളും ഭീഷണി നിറഞ്ഞ അന്തരീക്ഷവും കാരണം കുറ്റകൃത്യത്തിന്റെ ഇരയായ അതിജീവിതയുടെ ജീവിതം തീര്‍ത്തും അരക്ഷിതാവസ്ഥയിലാണ്. അപ്പോഴാണ് ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ തല കുനിപ്പിച്ച ഹീനരായ കുറ്റവാളികളെ സ്വതന്ത്രരായി വിഹരിക്കാന്‍ ഒരു സര്‍ക്കാര്‍ ഇറക്കിവിട്ടിരിക്കുന്നത്.
ഭയമില്ലാതെ ജീവിക്കാനുള്ള തന്റെ അവകാശം തിരിച്ചുതരണമെന്നാണ് ബില്‍ഖീസ് ബാനു അപേക്ഷിക്കുന്നത്.
‘കഴിഞ്ഞ 20 വര്‍ഷമായി ഞാനനുനുഭവിച്ച മാനസികാഘാതമാണ് മാനഭംഗക്കേസിലെ പ്രതികളെ മോചിപ്പിച്ചതോടെ വീണ്ടും എന്നിലുണ്ടായത്. എന്നെയും എന്റെ കുടുംബത്തെയും നശിപ്പിച്ച, എന്റെ മൂന്ന് വയസ്സുള്ള മകളെ എന്നില്‍നിന്നു പറിച്ചെടുത്ത 11 പേര്‍ സ്വതന്ത്രരായി. സര്‍ക്കാരിന്റെ തീരുമാനം എന്നെ ഞെട്ടിച്ചു. ഞാന്‍ ഇവിടുത്തെ പരമോന്നത കോടതിയിലും അതിന്റെ സംവിധാനങ്ങളിലും വിശ്വസിച്ചു. എനിക്ക് സംഭവിച്ച ആഘാതവും പേറി ജീവിക്കാന്‍ പതിയെ ശീലിച്ചുവരികയായിരുന്നു. എന്നാല്‍, കുറ്റവാളികളെ വെറുതെവിട്ടത് എനിക്ക് നിയമത്തിലുള്ള വിശ്വാസത്തെയും എന്റെ സമാധാനത്തെയും കവര്‍ന്നെടുത്തു. എന്റെ ദുഃഖവും പതറുന്ന വിശ്വാസവും എനിക്ക് വേണ്ടി മാത്രമല്ല, കോടതികളില്‍ നീതിക്കായി കഷ്ടപ്പെടുന്ന ഓരോ സ്ത്രീക്കുമാണ്”.
ഗുജറാത്ത് സര്‍ക്കാര്‍ ഒരു കൂട്ടബലാത്സംഗക്കേസ് തേച്ചുമായ്ച്ചു കളയുന്നതിന് ഇത്രയേറെ പരിശ്രമിക്കുന്നത് എന്തുകൊണ്ടാണ്?
‘ബില്‍ഖീസ് ബാനു കേസിലെ കുറ്റവാളികള്‍ ബ്രാഹ്മണരാണ് എന്നത് കൊണ്ട് അവര്‍ മോചനത്തിന് അര്‍ഹരാണ്’ എന്ന വ്യാഖ്യാനത്തില്‍ നിന്ന് തന്നെ കാര്യങ്ങള്‍ സുതരാം വ്യക്തമാണ്. മനുഷ്യചരിത്രത്തില്‍ തന്നെ അത്യന്തം ഹീനമെന്ന് അടയാളപ്പെടുത്താവുന്ന ബില്‍ഖീസ് ബാനു കേസിലെ പ്രതികളെ വെറുതെ വിടുന്നതിലൂടെ ഫാസിസ്റ്റ് ശക്തികള്‍ മതേതര ഇന്ത്യയുടെ ഉജ്വലമായ നീതിനിര്‍വഹണത്തെയും പൈതൃകങ്ങളെയും മഹിത മൂല്യങ്ങളെയുമാണ് യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ വേരോടെ പിഴുതെറിയുന്നത്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top