ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിനിടയില്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ മാറ്റിവെക്കുന്നത് ‘ബന്ധങ്ങള്‍’ ആണ്. ഒന്ന് അടുത്തുണ്ടായിരുന്നെങ്കില്‍, മിണ്ടിയെങ്കില്‍, ചേര്‍ത്തുപിടിച്ചെങ്കില്‍, ഒരു നല്ല വാക്കു പറഞ്ഞെങ്കില്‍, ഒരു മിഠായിയെങ്കിലും മേടിച്ചുതന്നിരുന്നെങ്കില്‍, മടിയില്‍ തലവെച്ചു കിടന്നു പറയുന്നത് മൂളിക്കേട്ടിരുന്നെങ്കില്‍… എല്ലാ ബന്ധങ്ങളും ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നതും ഏറ്റവും കൂടുതല്‍ കിട്ടാത്തതും ഒന്ന് മാത്രം, സ്‌നേഹസാമീപ്യം.
കോടികള്‍ സമ്പാദിക്കുന്ന ഒരു പുരുഷന്റെ പങ്കാളി വേദനിക്കുന്നുണ്ടെങ്കില്‍, സമ്പന്നത സന്തോഷം നല്‍കില്ലെന്ന് മനസ്സിലാവുന്നു. എല്ലാ സൗഭാഗ്യവും ഉള്ള ജീവിതത്തിന്റെ സായാഹ്നദശയില്‍ ഒരു മാതാവോ പിതാവോ ഒറ്റപ്പെടല്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ സൗഭാഗ്യങ്ങള്‍ മനസ്സമാധാനം നല്‍കില്ലെന്ന് അറിയുന്നു.
ലോകത്തെ തന്നെ സര്‍വോന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കാന്‍ ഭാഗ്യം ലഭിക്കുന്ന ഒരു കുട്ടി നിരാശനാണെങ്കില്‍ ഉയര്‍ന്ന വിദ്യക്ക് നല്‍കാനാവാത്ത എന്തോ ഒന്ന് ആ കുഞ്ഞിനു നഷ്ടപ്പെടുന്നുണ്ട്.
വിലയേറിയ, നൂതനമായ എല്ലാവിധ ഇലക്ട്രോണിക് ഉപകരണങ്ങളും സ്വന്തമായുള്ളവന്‍, ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ധാരാളം ‘സുഹൃത്തുക്കള്‍’ സോഷ്യല്‍ മീഡിയ പുസ്തകത്തില്‍ എപ്പോഴും ഉള്ള ഒരാള്‍, തല ചായ്ക്കാനും ഒരു നല്ല കോഫിഷോപ്പില്‍ ഒന്നിച്ചുപോയി സൊറ പറഞ്ഞിരിക്കാനും ഏതു പാതിരാത്രിയിലും എന്ത് അത്യാവശ്യത്തിനും ഓടിയെത്താനും സാധിക്കുന്ന ഒരേയൊരു സുഹൃത്ത് മാത്രമുള്ള ആളുടെ സന്തോഷം അനുഭവിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.
മജ്ജയും മാംസവും ആരോഗ്യവും സൗന്ദര്യവും സമ്പത്തും യുവത്വവും എല്ലാമുള്ള കാലത്ത്, ബന്ധങ്ങളെ ബന്ധനങ്ങള്‍ എന്നു കരുതി അവഗണിക്കുന്നവര്‍ ഒരു ചോദ്യം സ്വയം ചോദിക്കണം: ഒന്നുമില്ലായ്മയില്‍, രോഗശയ്യയില്‍ നിങ്ങളോടൊത്തു നില്‍ക്കാന്‍ ആരുണ്ടാവും?
മലമൂത്ര വിസര്‍ജനങ്ങള്‍ സ്‌നേഹത്തോടെ വൃത്തിയാക്കാന്‍, തലോടി ഉറക്കാന്‍, ഒന്നും സാരമില്ല എല്ലാം ശരിയാവും എന്ന് സാന്ത്വനിപ്പിക്കാന്‍ നിങ്ങളോടൊപ്പം ഉണ്ടാകുമെന്ന് ഉറപ്പുള്ള മുഖങ്ങള്‍ മനസ്സിലേക്ക് തള്ളിവരുന്നുണ്ടോ… ഒന്നെങ്കിലും? ഉണ്ടെങ്കില്‍ അവരെ കൈവിടല്ലേ.
നമ്മെ മാത്രം കാണുന്ന സ്വാര്‍ഥക്കണ്ണട അഴിച്ചുവെച്ചു സ്രഷ്ടാവിലേക്കു നോക്കുമ്പോഴാണ് വ്രതമാസരാവിലെ അമ്പിളിയായി വെളിച്ചം പകര്‍ന്നു പകര്‍ന്ന് ആത്മശുദ്ധി കൈവരിക്കുന്നത്.
ഏതു മതം, ഏതു ജാതി എന്നു നോക്കിയല്ല മനുഷ്യര്‍ പരസ്പരം സ്‌നേഹിക്കേണ്ടത്; സഹായഹസ്തം നീട്ടേണ്ടത്. അനാഥരായവര്‍, രോഗികള്‍, ഒറ്റപ്പെടുന്നവര്‍ എല്ലാം ഹിന്ദുവിലും മുസ്‌ലിമിലും ക്രിസ്ത്യാനിയിലും ഒരേ ദുഃഖം പേറുന്നവരാണ്. അനുഭവിക്കുന്ന വേദന, തളര്‍ച്ച ഒന്നാണ്. തണലാവുമ്പോള്‍, കൈപിടിച്ചു കയറ്റുമ്പോള്‍ ഇതൊരു മനുഷ്യനാണല്ലോ തമ്പുരാനേ എന്ന പ്രാര്‍ഥന മാത്രമാവുക.
നിങ്ങള്‍ അല്‍പം വെള്ളമോ ഭക്ഷണമോ പരിചരണമോ ഏതെങ്കിലും അശരണരായവര്‍ക്ക്, അപരിചിതര്‍ക്കു കൊടുത്തിട്ടുണ്ടെങ്കില്‍, സ്‌നേഹത്തോടെ ഒരു വാക്കു പറഞ്ഞ് അവരെ ജീവിതത്തിലേക്ക് തിരികെ നടത്തിയിട്ടുണ്ടെങ്കില്‍, ഉറപ്പിച്ചോളൂ, നിങ്ങള്‍ക്കു വേണ്ടി നിലകൊള്ളാന്‍ ചിലരെങ്കിലും ഈ ലോകത്തുണ്ടാകും. നിലാവും നക്ഷത്രങ്ങളും മണ്ണും മലരും നിങ്ങളെ സ്‌നേഹിക്കും.
വിേദ്വഷം, വെറുപ്പ്, പക, പ്രതികാരം, അവഗണന, വാശി എല്ലാം എവിടെയാണ് നമ്മളെ കൊണ്ടെത്തിക്കുക. രാഷ്ട്രീയ പകപോക്കലില്‍ കൊന്നാലും മരണപ്പെട്ടാലും അവര്‍ക്ക് പോകാനായി സ്വര്‍ഗത്തിലേക്ക് പ്രത്യേക വഴിയൊന്നുമില്ല. വെട്ടാന്‍ വാളുയര്‍ത്തുമ്പോള്‍ തന്റെ വീട്ടില്‍ കാത്തിരിക്കുന്ന പെറ്റമ്മയുടെ മുഖത്തിനും കൊല്ലപ്പെടാന്‍ പോവുന്നവന്റെ മാതാവിന്റെ മുഖത്തിനും ഒരേ ഛായയാണല്ലോ ദൈവമേ എന്നോര്‍ക്കുക.
ആഘോഷവേളകളിലെങ്കിലും എത്ര അകലെയാണെങ്കിലും ഒത്തൊരുമിച്ചുചേരാന്‍ നമ്മള്‍ ഒന്ന് മനസ്സുവെച്ചാല്‍ മതി. കാണാതെ കാണുമ്പോള്‍ ഒരമ്മയുടെ മുഖത്തു വിരിയുന്ന അത്യാഹ്ലാദം ഒന്നു മാത്രം മതി സര്‍വേശ്വരന്‍ നമ്മളെ ചേര്‍ത്തുപിടിക്കാന്‍.