LoginRegister

ബംഗാളി

നജീബ് കാഞ്ഞിരോട്; വര: മറിയംബീവി പുറത്തീല്‍

Feed Back


”ഹരേ അസ്ലം ഭായ്, ഇദര്‍ കുഛ് ഡര്‍ണെ കാ സരൂറത്ത് നഹിം.”
ഭീതി നുരഞ്ഞ കണ്ണുകളുമായി വിഷാദഛായയോടെയിരിക്കുന്ന അസ്ലം ഖാന്റെ മുഖത്തേക്കു നോക്കി ദേബ്ജിത്ത് ബിശ്വാസ് ധൈര്യം കൊടുത്തു. പക്ഷേ, എത്ര പറഞ്ഞിട്ടും അസ്ലം ഖാന്റെ മുഖത്ത് സംശയവും പരിഭ്രമവും ഇഴചേര്‍ന്നുകിടന്നു. കഴിഞ്ഞ ദിവസമാണ് അസമില്‍ നിന്ന് അവന്‍ അവിടെയെത്തിയത്. അസ്‌ലമിന്റെ കൂട്ടുകാരായ നാസര്‍ ഷായും ആലം അന്‍വറും ദുരൂഹ സാഹചര്യത്തില്‍ രാത്രി നടന്ന അക്രമത്തില്‍ കൊല്ലപ്പെട്ടതോടെയാണ് അവന്‍ അസമില്‍ നിന്നു സുഹൃത്തായ ദേബ്ജിത്തിന്റെ ജോലിസ്ഥലമായ മംഗലാപുരം അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന കാസര്‍കോട്ടെ സിരന്തടുക്കയില്‍ എത്തിയത്. ദേബ്ജിത്ത് പെയിന്റ് പണിക്കാരനാണെങ്കിലും ഒഴിവുസമയത്ത് മറ്റു പണികളിലും മുഴുകും. അയല്‍ക്കാരും സഹപാഠികളുമായിരുന്നു രണ്ടു പേരും. അങ്ങനെ സൗഹൃദവും കൂടിച്ചേരലുകളും സ്വച്ഛമായി ഒഴുകുന്നതിനിടയിലാണ് സില്‍ചാറിനെ തഴുകിയൊഴുകുന്ന മാനസ് നദിയുടെ തീരത്ത് അസ്വസ്ഥതകള്‍ പുകയാന്‍ തുടങ്ങിയത്. അസ്ലം ഖാന്റെ ഓര്‍മകള്‍ നമേരി കാടിനകത്തുകൂടി ജംഗീര്‍ സഫാരി നടത്തി സില്‍ചാറിലെ തെരുവിലേക്ക് ഇരച്ചു. സ്വസ്ഥമായി ജീവിക്കുന്നവര്‍ക്കിടയില്‍ അസ്വസ്ഥതകളുടെ വിത്തുകള്‍ പാകേണ്ടത് അവരുടെ ആവശ്യമായിരുന്നിരിക്കാം. അങ്ങനെയുള്ളൊരു നശിച്ച ദിവസമാണ് കുറുവടികള്‍ കൈയിലേന്തി ഒരു സംഘം അലര്‍ച്ചകളുമായി ഇരച്ചെത്തിയത്: ”തും ഹമാരാ ഗോകെ മാരാ സാലെ.”
അടുത്ത വീട്ടിലെ റിസ്വാനെയാണ് അവര്‍ നടുറോഡിലിട്ട് തല്ലിച്ചതച്ചത്. അതിനു ശേഷമാണ് ഒന്നിച്ചു ജീവിച്ച കുടുംബങ്ങള്‍ക്കിടയില്‍ തുറിച്ചുനോട്ടങ്ങളുടെ ചാലുകള്‍ ഒഴുകിത്തുടങ്ങിയത്. പിന്നെ എങ്ങനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതിയെന്നായി. ദേബ്ജിത്ത് വരുമ്പോള്‍ തന്നെ അസ്‌ലമിനെ വിളിച്ചിരുന്നെങ്കിലും സ്വന്തം ഗ്രാമത്തെയും സബൂറ ബാനു വളര്‍ത്തുന്ന പശുക്കളെയും വിട്ട് പോരാന്‍ തയ്യാറായില്ല. സുല്‍ത്താനയെന്നും ഖുശ്ബുവെന്നുമായിരുന്നു അവയുടെ പേരുകള്‍. സബൂറ ബാനുവിനും മകന്‍ വേറെ നാട്ടില്‍ പോയി ജോലി ചെയ്യുന്നതിനോട് താല്‍പര്യമുണ്ടായിരുന്നില്ല.
”ഇദര്‍ അച്ഛാ ആദ്മി ഹെ ഭായ്. ഡര്‍ണാ മത്. തും മലയാള സീക്‌നാ ചാഹിയെ. ജ്യാതാ ആദ്മീ കൊ ഹിന്ദി മാലൂം നഹിം. സബ് ബംഗാളി. ബംഗാളി ബുലായേഗാ…” ദേബ്ജിത്തിന്റെ വാക്കുകളും പൊട്ടിച്ചിരിയുമാണ് അവനെ ഓര്‍മകളുടെ താഴ്‌വാരത്തില്‍ നിന്ന് തിരിച്ചുകൊണ്ടുവന്നത്.
”ഭായ്, നമ്മ മീനു പിടിക്കാന്‍ പോയ ഓര്‍മ ഉണ്ടാ?” മലയാളത്തിലുള്ള ദേബിന്റെ ചോദ്യം മനസ്സിലാവാതെ വാ തുറന്നു തുറിച്ചു നോക്കിയ അവന് ദേബ് അത് ഹിന്ദിയിലേക്ക് മാറ്റിക്കൊടുത്തു. അത് കേട്ട ഉടനെ അവന്റെ ഓര്‍മയിലേക്ക് പിന്നെയും ജംഗീര്‍ സഫാരിയും നമേരി കാടും അതിനകത്തെ താടാകത്തിലെ മീന്‍പിടിത്തവുമെല്ലാം നുഴഞ്ഞുകയറി. ചരിത്രത്തില്‍ പ്രണയത്തിനു വേണ്ടി യുദ്ധം വരെ നടന്ന തെസ്പൂര്‍ നഗരവും പിന്നിട്ട് ബ്രഹ്മപുത്രാ നദിക്കു കുറുകെയുള്ള പാലത്തെ ഞെരുക്കിക്കൊണ്ട് ട്രെയിന്‍ കുതിച്ചുപായുമ്പോഴും അവന്റെ ഹൃദയം ബോക്കോഹട്ടില്‍ നിന്നു 13 കിലോമീറ്റര്‍ ദൂരെയുള്ള ജോര്‍ഹട്ടിലേക്ക് ദേബ്ജിത്ത് ബിശ്വാസുമൊന്നിച്ചുള്ള ഒരു യാത്രയിലായിരുന്നു. ദേബിന്റെ സഹോദരി ദേബ്‌ജ്യോതി തന്റെ കളിക്കൂട്ടുകാരിയായിരുന്നു. ഗോതമ്പിന്റെ നിറമുള്ള നിഷ്‌കളങ്കയായ നാണംകുണുങ്ങി. ചില്‍ചാറിലെ വരണ്ടുണങ്ങിയ വയല്‍വരമ്പില്‍ ജ്യോതിയുടെ പിഞ്ചുശരീരം ജാതിമൂര്‍ച്ചയില്‍ കീറിപ്പറിഞ്ഞുകിടന്ന അന്ന് വൈകുന്നേരം നിലവിളിച്ചുകൊണ്ട് ദേബ്ജിത്ത് ഭ്രാന്തനെപ്പോലെ ഓടിയെത്തിയത് റെയില്‍വേ സ്റ്റേഷനിലേക്കായിരുന്നു. ദേബ്‌ജ്യോതിയെ ഓര്‍ത്തപ്പോള്‍ അസ്‌ലമിന്റെ ഉള്ളം പുകഞ്ഞു. കുറച്ച് ദിവസങ്ങള്‍ക്കു ശേഷം ദേബ്ജിത്തിന്റെ സഹോദരന്‍ സുദേബ് ഷോണിത്തിന്റെ ശരീരം കിട്ടിയത് നമേരി കാട്ടിലെ ഇരുള്‍ നിറഞ്ഞ മരങ്ങള്‍ക്കിടയില്‍ നിന്നായിരുന്നു. അതോടെ എങ്ങനെയെങ്കിലും അവിടന്ന് രക്ഷപ്പെട്ടാല്‍ മതിയെന്നായി. ചില്‍ചാറിലെ ചമര്‍ വിഭാഗത്തില്‍ പെട്ട ദേബ്ജിത്തിന്റെ കുടുംബത്തിന് ഗ്രാമത്തിലെ സവര്‍ണരുടെ ഭീഷണിയുണ്ടായിരുന്നു. ഗ്രാമത്തില്‍ വറ്റാതെ കിടന്നിരുന്ന കിണറില്‍ നിന്ന് അല്‍പം വെള്ളമെടുത്തതിനാണ് അവനെ ആള്‍ക്കൂട്ടം ക്രൂരമായി ആക്രമിച്ചു കൊന്നത്.
കാസര്‍കോട്ട് ട്രെയിന്‍ ഇറങ്ങിയ ദേബ്ജിത്ത് കുറച്ച് കാലം മഞ്ചേശ്വരത്തെ റാബിയ ഹോട്ടല്‍ ഉടമസ്ഥന്‍ ബഷീര്‍ ഹാജിയുടെ കാലിലേക്ക് ചുരുണ്ടുകൂടി. പിന്നെ പതിയെ പെയിന്റുകളുടെ വര്‍ണലോകത്ത് ചുണ്ണാമ്പ് പോലെ ലയിച്ചുചേര്‍ന്നു. വ്യത്യസ്ത സംഭവങ്ങളിലായി ദുരനുഭവങ്ങളുടെ എരിച്ചിലുകളുമായി രണ്ട് അസം ചെറുപ്പക്കാര്‍ തുളുനാടന്‍ മണ്ണില്‍ അടിഞ്ഞുകൂടിയിട്ട് മാസങ്ങളാകുന്നു.

”ഇവിടെ പശുവിന്റെ പേര്‍ പറഞ്ച് അവര്‍ അടിക്കുമോ?”
ബേക്കലിന്റെ തീരത്തുകൂടി വെളുത്ത പൂഴിമണ്ണിനെ ഞെരിച്ചു കൊണ്ട് നടക്കുമ്പോള്‍ അസ്ലം ചോദിച്ചു. കടലിനെ തഴുകി വന്ന തണുത്ത കാറ്റില്‍ ദേബ്ജിത്തിന്റെ കുപ്പായം ഇടഞ്ഞു നൃത്തമാടി.
”ഇവിടെ പേടിക്കണ്ട ഭായ്, ഇത് കേരളമാണ്.”
ആ വാക്കുകള്‍ ഉപ്പുമണമുള്ള ഇളംകാറ്റിനൊപ്പം അസ്‌ലമിനെ തഴുകി ആശ്വസിപ്പിച്ചു കടന്നുപോയി.
പിറ്റേന്ന് സുലൈമാന്‍ ഹാജിയുടെ ബില്‍ഡിങ് പണി കഴിഞ്ഞ് സിരന്തടുക്കയിലെ കുമാരേട്ടന്റെ ചായക്കടയുടെ മുകളിലുള്ള റൂമിലേക്ക് നടക്കുമ്പോഴാണ് കടയില്‍ ഇരുന്ന് ചായ കുടിക്കുന്ന രണ്ടാളുകള്‍ തങ്ങളെ തുറിച്ചുനോക്കുന്നതായി അസ്‌ലമിന് തോന്നിയത്. നേരിയൊരു ഭീതിയുടെ തുമ്പ് ഹൃദയത്തില്‍ തൂങ്ങിക്കിടന്നാടിയെങ്കിലും ഒന്നും മിണ്ടാതെ അവര്‍ ഒടിഞ്ഞുപൊട്ടിയ മരക്കോണിയിലൂടെ മുകളിലേക്കു കയറി. കുമാരേട്ടന്റെ റേഡിയോയില്‍ നിന്നു പഴയൊരു സിനിമാഗാനം ഗ്ലാസുകളുടെയും പ്ലേറ്റുകളുടെയും ഇടയിലൂടെ ചിന്നിക്കൊണ്ടിരുന്നു.
”രണ്ട് ബംഗാളികള്‍ മോളിലേക്ക് കേരീറ്റ്ണ്ട് കുമാരേട്ടാ. ഇവരെയൊക്കെ ഇങ്ങള് എന്തിനാപ്പാ ഈട നിര്‍ത്തിക്കുന്നത്? വിശ്വസിക്കാന്‍ പറ്റൂലാന്ന്. തരം കിട്ടിയാല്‍ കക്കുകേം പീഡിപ്പിക്കുകേം ചെയ്യും. അവസാനം ഇങ്ങള് കുടുങ്ങും കുമാരേട്ടാ.”
തുറിച്ചുനോക്കിയവരില്‍ ഒരുവന്റെ വാക്കുകള്‍ കാതിലേക്ക് വീണെങ്കിലും രണ്ടു പേരും മരവാതില്‍ തുറന്ന് അകത്തേക്ക് കയറി. ഇത്തരം വാക്കുകളും തുറിച്ചുനോട്ടങ്ങളും അടുത്തിടെയായി പെരുകുന്നുണ്ട്. തങ്ങളുടെ നാട് അസമാണെങ്കിലും പലരും കളിയാക്കി വിളിക്കുന്നത് ബംഗാളി എന്നാണ്. ക്ഷീണം കാരണം മുറിയിലേക്ക് കയറിയ ഉടനെ അവര്‍ പായയിലേക്ക് വീണു.
ചായക്കടക്കാരന്‍ കുമാരേട്ടന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ്. ദേബ്ജിത്ത് വരുന്നതുവരെ ആര്‍ക്കും കൊടുക്കാതെ അടച്ചിട്ടിരിക്കുകയായിരുന്നു. ചെറുതാണെങ്കിലും അങ്ങനെയൊരു വരുമാനവും കൂടി കിട്ടുമല്ലോ എന്നോര്‍ത്താണ് കുമാരേട്ടന്‍ സാഹസത്തിനു മുതിര്‍ന്നത്. ഇപ്പൊ അസ്ലം കൂടി വന്നതില്‍ അയാള്‍ക്ക് നേരിയൊരു അസ്വസ്ഥത ഉണ്ടായിരുന്നെങ്കിലും പൈസ കൂടുതല്‍ തരാമെന്ന് പറഞ്ഞതോടെ അയാള്‍ക്ക് വാക്കുകള്‍ നഷ്ടപ്പെട്ടു. മുളിഗദ്ദേയില്‍ പലചരക്കു കട നടത്തുന്ന രയീശനുമായി മൂത്ത മോള്‍ നിമിഷയുടെ കല്യാണം ഉറപ്പിച്ചിരിക്കുന്നു. ചായക്കടയിലാണെങ്കില്‍ പഴയതുപോലെ കച്ചവടമില്ല. എങ്കിലും പല വാര്‍ത്തകളും കേള്‍ക്കുമ്പോള്‍ അയാളില്‍ ഭീതി പെരുമ്പാമ്പായി നുഴഞ്ഞുകയറും.
അന്ന് സുള്ള്യയിലായിരുന്നു രണ്ടു പേര്‍ക്കും പണി. രാവിലെ പെയ്യാന്‍ നിന്ന മേഘങ്ങള്‍ വൈമനസ്യത്തോടെ ആകാശത്ത് കറങ്ങിക്കൊണ്ടിരുന്നു. ഇടയ്ക്ക് അവര്‍ വൈകുന്നേരങ്ങളില്‍ പൈവളിഗെ കവലയില്‍ വെറുതെ നടക്കും. ദാമൂസ് തട്ടുകടയില്‍ കയറി ചൂടുചായയും കാസര്‍കോടന്‍ പലഹാരവും കഴിക്കും. കോണിപ്പടികളുടെ ശബ്ദത്തെ ചവിട്ടിയമര്‍ത്തി താഴേക്കിറങ്ങുമ്പോള്‍ കുമാരേട്ടന്റെ കടയില്‍ ഇന്നലെ കണ്ടവര്‍ തുറിച്ചുനോക്കുന്നത് അവഗണിച്ചുകൊണ്ട് ദേബ്ജിത്തും അസ്ലം ഖാനും റോഡിലേക്കിറങ്ങി. അല്‍പം മുന്നോട്ടുനടന്ന് ഇടവഴിയിലേക്ക് ഇറങ്ങി നടന്നു.

”ഭായ്, ഇദര്‍ ബി ഐസാ ഹോയേഗാ? റാവിലെ കൊറേ ആളുകളെല്ലാ തുറിച്ചു നോക്ക്ന്നു.” അസ്ലം ഖാന്റെ ശബ്ദം ഭീതിയില്‍ പുതഞ്ഞിരുന്നു.
”ഡര്‍ണാ മത്ത് ഭായ്..” അവന്റെ തോളില്‍ കൈയിട്ട് ദേബ്ജിത്ത് പറമ്പിലേക്ക് കയറി. ഇടവഴിയിലൂടെ പറമ്പിലേക്ക് കയറിയാല്‍ എളുപ്പത്തില്‍ ബസ് നിര്‍ത്തുന്ന സമാന്തര റോഡിലേക്കിറങ്ങാം. വിജനമായ പറമ്പിന്റെ അങ്ങേയറ്റത്ത് പഴയൊരു വീടാണ്. അവിടെ ഇടയ്ക്ക് പ്രായമായൊരു സ്ത്രീയെ കാണാം. ചുറ്റും മരങ്ങള്‍ തിങ്ങി കാടുപിടിച്ചിട്ടുണ്ട്. മുറ്റത്ത് ഉണങ്ങിയ ഇലകള്‍ ചിതറിക്കിടക്കുന്നു. തൊട്ടപ്പുറത്തായി ഒരു ആലയില്‍ പശുക്കളെ പോറ്റുന്നുണ്ട്. ഒരാള്‍ക്ക് നടക്കാവുന്ന ആ വഴിയിലൂടെയാണ് റോഡിലേക്ക് ഇറങ്ങേണ്ടത്. ആലയുടെ മുന്നിലൂടെ നടക്കുമ്പോള്‍ അസ്ലം പശുക്കളെ തലോടി. അപ്പോള്‍ അവന്റെ മനസ്സില്‍ ഖുശ്ബുവും സുല്‍ത്താനയുമായിരുന്നു. പെട്ടെന്നായിരുന്നു പിന്നില്‍ നിന്ന് അസാധാരണമായി ചില നിഴലുകള്‍ ചലിച്ചതും അലര്‍ച്ച കേട്ടതും.
സ്റ്റീല്‍ പാത്രങ്ങള്‍ നിലത്ത് വീഴുന്നതുപോലുള്ള ശബ്ദം. പെട്ടെന്ന് ഒരു വലിയ ഭാരം പിന്നില്‍ വന്നിടിച്ചു. കരിന്തേളുകള്‍ ശരീരത്തെ കീറിമുറിക്കുന്നതുപോലെ തോന്നിയപ്പോള്‍ ദേബ്ജിത്ത് അതിവേഗം തിണ്ടിലൂടെ ഞരങ്ങി റോഡിലേക്കിറങ്ങി ഓടി.
”നീ പശുക്കളെ കക്കും അല്ലേടാ നായ്ക്കളെ…” എന്ന ശബ്ദവും വെട്ടും ഒന്നിച്ചായിരുന്നു. തെറിച്ചുവീണ അസ്‌ലമിന്റെ ചുറ്റും ആയുധങ്ങളുടെ സീല്‍ക്കാരം ചുഴറ്റി. അപ്പോഴേക്കും മഴ ആര്‍ത്തു പെയ്തുതുടങ്ങിയിരുന്നു. മഴത്തുള്ളികള്‍ ദേഹത്തേക്ക് വീഴുമ്പോള്‍ ഒരുപാട് സൂചികള്‍ ഒന്നിച്ച് ആഞ്ഞുതറയ്ക്കുന്നതുപോലെ തോന്നിയ അവന്റെ കണ്ണുകള്‍ ചോരയില്‍ കുതിര്‍ന്നു. മുകളില്‍ ആകാശം ചുവന്നിരിക്കുന്നു. ഇപ്പോള്‍ ചുറ്റും വെറും ഇരുട്ട് മാത്രം. ഒരു നിലവിളി തൊണ്ടയില്‍ കുരുങ്ങിക്കിടന്നു, പുറത്തേക്ക് വരാതെ. ചുണ്ടുകള്‍ വിറ പൂണ്ടു. കാലിലെ ഞരമ്പുകള്‍ കൊളുത്തിവലിച്ച് തലയിലേക്ക് ഇരച്ചുകയറുന്നു. കണ്ണുകള്‍ മുകളിലേക്ക് മറിഞ്ഞു. പതിയെ കണ്ണുകള്‍ അടഞ്ഞു.
ഇപ്പോള്‍ താന്‍ ആകാശത്തിലെ മേഘങ്ങള്‍ക്കിടയിലൂടെ ഒഴുകുകയാണ്. നേര്‍ത്ത പഞ്ഞിക്കെട്ട് പോലെ ഭാരമറ്റ്. തന്റെ ഇരുവശത്തും സുല്‍ത്താനയും ഖുശ്ബുവും. നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തിലൂടെ അവ തന്നെ എടുത്തുകൊണ്ടു മുകളിലേക്ക് പറക്കുകയാണ്… ഏഴാനാകാശത്തേക്ക്.

Articles

categories
categories
കൂടുതൽ പംക്തികൾ