LoginRegister

ഫാർമസി മേഖലയിലെ പഠനാവസരങ്ങൾ

പി കെ അൻവർ മുട്ടാഞ്ചേരി

Feed Back


പ്ലസ‌്‌ടു സയന്‍സ് വിദ്യാർഥിനിയാണ്. ഫാര്‍മസി മേഖലയെ പരിചയപ്പെടുത്താമോ?
നിഹാല പൂനൂര്‍

വിവിധ രോഗങ്ങളും മഹാമാരികളും ജീവനു ഭീഷണിയായിത്തീരുന്ന ഈ കാലഘട്ടത്തില്‍ ഔഷധ ഗവേഷണത്തിനും അവയുടെ വികസനത്തിനും പ്രസക്തിയേറുകയാണ്.
വിവിധ മരുന്നുകളുടെ നിർമാണം, വിതരണം, ഗുണനിയന്ത്രണം, അവയുടെ ഗവേഷണം, പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള പഠനം തുടങ്ങിയവയുമായി ബന്ധപ്പെട്ട പഠന ശാഖയാണ് ഫാര്‍മസി.
പ്ലസ‌്‌ടു സയന്‍സ് വിദ്യാർഥികള്‍ക്ക് പരിഗണിക്കാവുന്ന ഫാര്‍മസി മേഖലയിലെ പ്രധാന പഠനാവസരങ്ങളെ പരിചയപ്പെടാം.
ബി.ഫാം
ഫാര്‍മസി മേഖലയിലെ ബിരുദ കോഴ്‌സാണ് ബി.ഫാം (ബാച്ചിലര്‍ ഓഫ് ഫാര്‍മസി). നാലു വര്‍ഷ കോഴ്‌സാണ്. ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്‌ട്രി, മാത്തമാറ്റിക്‌സ്/ ബയോളജി വിഷയങ്ങള്‍ പഠിച്ച് ഹയര്‍ സെക്കണ്ടറി/തത്തുല്യ പരീക്ഷ പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. കേരളത്തില്‍ എൻജിനീയറിംഗ് പ്രവേശന പരീക്ഷയിലെ ഫിസിക്‌സ്, കെമിസ്‌ട്രി പേപ്പറുകളിലെ മാര്‍ക്ക് പരിഗണിച്ച് തയ്യാറാക്കുന്ന കീം റാങ്ക് ലിസ്റ്റില്‍ നിന്നാണ് പ്രവേശനം.
കേരളത്തില്‍ 5 ഗവണ്‍മെന്റ് സ്ഥാപനങ്ങളും 50 സ്വാശ്രയ സ്ഥാപനങ്ങളുമാണുള്ളത്. ഗവണ്‍മെന്റ് സ്ഥാപനങ്ങളിലെ മുഴുവന്‍ സീറ്റുകളും സ്വാശ്രയ കോളജുകളിലെ 50 ശതമാനം സീറ്റുകളുമാണ് കീം റാങ്ക് ലിസ്റ്റ് വഴി നികത്തുന്നത്. ബാക്കി 50 ശതമാനം സ്വാശ്രയ സീറ്റുകള്‍ക്ക് കീം ബി.ഫാം റാങ്ക് നിര്‍ബന്ധമില്ല. താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നേരിട്ടോ അസോസിയേഷന്‍ (KSSPCMA) വഴിയോ അപേക്ഷിച്ചാല്‍ മതി. ബി.ഫാം പഠനത്തിനു ശേഷം എം.ഫാം (മാസ്റ്റര്‍ ഓഫ് ഫാര്‍മസി), ഫാം.ഡി (ലാറ്ററല്‍ പ്രവേശനം), എം.ബി.എ ഫാര്‍മസ്യൂട്ടിക്കല്‍ മാനേജ്‌മെന്റ്, എം.ബി.എ ഫാര്‍മ മാര്‍ക്കറ്റിംഗ്, എം.എസ്‌സി ക്ലിനിക്കല്‍ റിസര്‍ച്ച്/ ബയോ ഇന്‍ഫര്‍മാറ്റിക്‌സ്/ ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്‌ട്രി, എം.ടെക് ബയോടെക്‌നോളജി/ മെഡിക്കല്‍ ബയോടെക്‌നോളജി/ ബയോ ഇന്‍ഫര്‍മാറ്റിക്‌സ് തുടങ്ങിയ മേഖലകളില്‍ ഉപരിപഠനം നടത്താം.
ഡി.ഫാം
രണ്ടു വര്‍ഷത്തെ പഠനവും മൂന്നു മാസം പ്രായോഗിക പരിശീലനവുമടങ്ങിയ ഫാര്‍മസി ഡിപ്ലോമ കോഴ്‌സുകള്‍ (ഡിപ്ലോമ ഇന്‍ ഫാര്‍മസി) സര്‍ക്കാര്‍ മേഖലയിലും അംഗീകൃത സ്വകാര്യ ഫാര്‍മസി കോളജുകളിലും ലഭ്യമാണ്. പ്ലസ്‌ടുവിന് ഫിസിക്‌സ്, കെമിസ്‌ട്രി എന്നിവയോടൊപ്പം ബയോളജി അല്ലെങ്കില്‍ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ചിരിക്കണം. പ്രത്യേക പ്രവേശന പരീക്ഷയില്ല. പ്ലസ‌്‌ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ എല്‍.ബി.എസ് സെന്റര്‍ വഴിയാണ് അഡ്‌മിഷന്‍ (www.lbscentre.kerala.gov.in). സ്വാശ്രയ സ്ഥാപനങ്ങളിലെ 50 ശതമാനം സീറ്റുകള്‍ക്ക് നേരിട്ടോ അസോസിയേഷന്‍ (KSSPCMA) വഴിയോ അപേക്ഷിക്കണം. ഡി.ഫാമുകാര്‍ക്ക് ലാറ്ററല്‍ എന്‍ട്രി വഴി ബി.ഫാം പ്രവേശനത്തിന് അവസരമുണ്ട് (www.cee.kerala.gov.in).

ഫാം.ഡി
ഇന്ത്യയില്‍ ഫാര്‍മസി പഠനരംഗത്ത് താരതമ്യേന പുതിയ കോഴ്‌സാണ് ഫാം.ഡി (ഡോക്ടര്‍ ഓഫ് ഫാര്‍മസി). ഗവേഷണത്തിനും ക്ലിനിക്കല്‍ പ്രാക്ടീസിനുമാണ് മുന്‍തൂക്കം. ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി/ മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുമുള്ള പ്ലസ‌്‌ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷാവിജയമാണ് യോഗ്യത. 50 ശതമാനം മാര്‍ക്കോടെ ഡി.ഫാം പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം. കേരളത്തില്‍ സ്വാശ്രയ സ്ഥാപനങ്ങളിലാണ് പഠനാവസരമുള്ളത്. അതത് സ്ഥാപനത്തില്‍ നേരിട്ട് അപേക്ഷിക്കണം. ആറു വര്‍ഷ കോഴ്‌സാണ്. അവസാന വര്‍ഷം ഇന്റേണ്‍ഷിപ്പാണ്. വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റായി പ്രവര്‍ത്തിക്കാം. ഇന്ത്യയില്‍ അവസരങ്ങള്‍ കുറവാണെങ്കിലും വിദേശ രാജ്യങ്ങളില്‍ ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് മികച്ച തൊഴിലവസരങ്ങളുണ്ട്. ബി.ഫാം ബിരുദധാരികള്‍ക്ക് ഫാം.ഡി (പോസ്റ്റ് ബക്കാലോറിയേറ്റ് ) കോഴ്‌സ് വഴി മൂന്ന് വര്‍ഷം കൊണ്ട് ഫാം.ഡി ബിരുദം നേടാം. രണ്ട് വര്‍ഷം പഠനത്തോടൊപ്പം ഒരു വര്‍ഷം ഇന്റേണ്‍ഷിപ്പുമാണ്.
ബി.ഫാം (ആയുര്‍വേദ)
നാലു വര്‍ഷ കോഴ്‌സാണിത്. രണ്ട് മാസം പരിശീലനവുമുണ്ട്. ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് വാങ്ങി പ്ലസ‌്‌ടു പരീക്ഷാ വിജയമാണ് യോഗ്യത. കണ്ണൂര്‍ പറശ്ശിനിക്കടവ് ആയുര്‍വേദ മെഡിക്കല്‍ കോളജിലാണ് ഈ കോഴ്‌സുള്ളത്. 50 സീറ്റുകളുണ്ട് (www.lbscentre.kerala.gov.in).
പ്രമുഖ സ്ഥാപനങ്ങള്‍
എന്‍.ഐ.പി.ഇ.ആറിന്റെ (NIPER- നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എജ്യൂക്കേഷന്‍ & റിസര്‍ച്ച്) വിവിധ കാമ്പസുകളായ മൊഹാലി, അഹമ്മദാബാദ്, ഗുവാഹത്തി, ഹാജിപ്പൂര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത, റായ്ബറേലി എന്നിവിടങ്ങളില്‍ ഫാര്‍മസി മേഖലയിലെ വിവിധ കോഴ്‌സുകളുണ്ട്. ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി & സയന്‍സ് പിലാനി, ജാമിഅ ഹംദര്‍ദ്, പഞ്ചാബ് യൂനിവേഴ്‌സിറ്റി, ജെ.എസ്.എസ് കോളജ് ഓഫ് ഫാര്‍മസി ഊട്ടി, മണിപ്പാല്‍ കോളജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് മണിപ്പാല്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജി മുംബൈ, അമൃത വിശ്വപീഠം കോയമ്പത്തൂര്‍, എസ്.ആര്‍.എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് & ടെക്‌നോളജി ചെന്നൈ, അമിറ്റി യൂനിവേഴ്‌സിറ്റി, ജാദവ്പൂര്‍ യൂനിവേഴ്‌സിറ്റി കൊല്‍ക്കത്ത തുടങ്ങിയവയും ഈ മേഖലയിലെ മികച്ച സ്ഥാപനങ്ങളാണ്.
അസം യൂണിവേഴ്‌സിറ്റി, ഗുരു കാശിദാസ് വിശ്വവിദ്യാലയം, ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റി, ഹേമാവതി നന്ദന്‍ ബഹുഗുണ അഗര്‍വാള്‍ യൂണിവേഴ്‌സിറ്റി തുടങ്ങിയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളില്‍ സി.യു.ഇ.ടി യു.ജി വഴി ബി.ഫാമിന് പ്രവേശനം നേടാം. ജിപാറ്റ് (GPAT- ഗ്രാജ്വേറ്റ് ഫാര്‍മസി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ) എന്ന ദേശീയതല പ്രവേശന പരീക്ഷ വഴി സ്‌റ്റൈപ്പന്റോടു കൂടി വിവിധ സ്ഥാപനങ്ങളില്‍ എം.ഫാം (മാസ്റ്റര്‍ ഓഫ് ഫാര്‍മസി) കോഴ്‌സ് പഠിക്കാം. മൊനാഷ് യൂനിവേഴ്‌സിറ്റി (ആസ്‌ത്രേലിയ), ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റി (യു.എസ്), ഓക്സ്ഫഡ് യൂനിവേഴ്‌സിറ്റി (യു.കെ), യു.സി.എല്‍ (യു.കെ), നോട്ടിംഗ് ഹാം യൂനിവേഴ്‌സിറ്റി (യു.കെ), കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റി (യു.കെ), ടൊറണ്ടോ യൂനിവേഴ്‌സിറ്റി (കാനഡ), ജോണ്‍ ഹോപ്കിന്‍സ് യൂനിവേഴ്‌സിറ്റി (യു.എസ്) തുടങ്ങിയ വിദേശ യൂനിവേഴ്‌സിറ്റികളിലും ഫാര്‍മസി മേഖലയിലെ വിവിധ പ്രോഗ്രാമുകള്‍ക്ക് അവസരമുണ്ട്. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top