ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്ന് നാല്പത് വര്‍ഷം കഴിഞ്ഞാണ് ഒരു വനിത ആദ്യമായി രാജ്യത്തെ പരമോന്നത നീതി പീഠത്തിലേക്കെത്തിയത്. സുപ്രിം കോടതിയില്‍ പ്രഥമ വനിതാ ജഡ്ജിയായി നിയമിക്കപ്പെട്ടതിനെ കുറിച്ച് ജസ്റ്റിസ് ഫാത്തിമ ബീവി പ്രതികരിച്ചത്, അടഞ്ഞ വാതിലുകള്‍ തുറക്കുകയായിരുന്നു ഞാന്‍ എന്നാണ്. ഇന്ത്യയിലെന്നു മാത്രമല്ല, ഏഷ്യന്‍ രാജ്യത്തു തന്നെ പരമോന്നത കോടതിയില്‍ ജഡ്ജി ആകുന്ന ആദ്യ വനിതയാണ് ഫാത്തിമ ബീവി. സാമൂഹിക ചട്ടക്കൂടുകളെയും ധാരണകളെയും തകര്‍ത്തെറിഞ്ഞാണ് അവര്‍ വനിതകള്‍ക്കു മാതൃകയും പ്രചോദനവുമായത്.
മുന്‍സിഫ് കോടതി ജഡ്ജി ആയി തുടങ്ങി സുപ്രിം കോടതി വരെയെത്തി എന്ന അപൂര്‍വതയും പത്തനംതിട്ട അണ്ണാ വിട്ടീല്‍ മീരാ സാഹിബിന്റെയും ഖദീജാ ബീവിയുടെയും മകളായി 1927 ഏപ്രില്‍ 30ന് ജനിച്ച ഫാത്തിമ ബീവിക്ക് സ്വന്തം. അഞ്ചു സഹോദരിമാരും രണ്ടു സഹോദരന്മാരും അടങ്ങുന്നതായിരുന്നു കുടുംബം. അവിവാഹിതയായിരുന്നു. പ്രതികൂലമായ സാമൂഹിക സാഹചര്യങ്ങളെ മറികടന്നാണ് അവര്‍ ചരിത്രത്തിലിടം നേടിയത്. ഇക്കഴിഞ്ഞ ദിവസം ലോകത്തോടു വിട പറഞ്ഞത് 96ാം വയസ്സില്‍.
സബ് രജിസ്ട്രാര്‍ ഓഫിസ് ജീവനക്കാരനായിരുന്ന ബാപ്പയുടെ താല്പര്യത്തിലാണ്, കെമിസ്ട്രിയില്‍ ബിരുദത്തിന് മികച്ച മാര്‍ക്കുണ്ടായിരുന്ന ഫാത്തിമ ബീവി നിയമപഠനത്തിന്റെ വഴിയിലേക്കു മാറിയത്. ആദ്യ ഹൈക്കോടതി ജഡ്ജ് ആയിരുന്ന അന്ന ചാണ്ടിയുടെ ജീവിത്തതില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് അദ്ദേഹം മകളെ നിയമത്തിന്റെ വഴിയിലേക്കു നയിച്ചത്. പത്തനംതിട്ട സര്‍ക്കാര്‍ സ്‌കൂളില്‍ പ്രാഥമിക പഠനം. പത്താംക്ലാസില്‍ (സിക്‌സ്ത് ഫോറം) പഠിച്ച 12 പെണ്‍കുട്ടികളുള്‍പ്പെടെ 30 വിദ്യാര്‍ഥികളില്‍ രണ്ടു പേര്‍ മാത്രമേ ആദ്യ ശ്രമത്തില്‍ എസ്എസ്എല്‍സി വിജയിച്ചുള്ളൂ. 1943ലായിരുന്നു പത്താംക്ലാസ് വിജയിച്ചത്. അതിനു മുമ്പ് മുസ്‌ലിം വനിതകള്‍ക്കിടയില്‍ നിന്ന് ഒന്നോ രണ്ടോ പേരേ ജില്ലയില്‍ മെട്രിക്കുലേഷന്‍ പാസായിരുന്നുള്ളൂ.
ഇന്റര്‍മീഡിയറ്റ് പഠനം തിരുവനന്തപുരത്ത് വിമന്‍സ് കോളജില്‍ ആയിരുന്നു. സ്‌കൂളിലും കോളജിലും സ്‌കോളര്‍ഷിപ്പോടെയാണ് പഠിച്ചത്. തിരുവനന്തപുരത്ത് പഠിക്കുമ്പോള്‍ ഹോസ്റ്റലില്‍ ഒപ്പമുണ്ടായിരുന്നത് ലോ കോളജ് വിദ്യാര്‍ഥിനിയായിരുന്ന കെ ആര്‍ ഗൗരി ആയിരുന്നു.
രസതന്ത്രത്തില്‍ ഒന്നാം ക്ലാസോടെ ബിരുദപരീക്ഷ വിജയിച്ചു. ബിരുദാനന്തര ബിരുദത്തിന് ചേരാന്‍ ആഗ്രഹിച്ചെങ്കിലും ബാപ്പയുടെ നിര്‍ബന്ധത്തില്‍ നിയമ പഠനത്തിന് ചേര്‍ന്നു. തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളജിലായിരുന്നു പഠനം. എല്‍എല്‍ബി ഒന്നാം ക്ലാസില്‍ സ്വര്‍ണ മെഡലോടെ പൂര്‍ത്തിയാക്കി. തിരുവനന്തപുരം ഗവ. ലോ കോളജില്‍ അന്നുണ്ടായിരുന്നത് അഞ്ചു വനിതകള്‍ മാത്രം. തിരുവിതാംകൂറില്‍ നിന്ന് ആദ്യമായി എല്‍എല്‍ബി പാസായ വനിതയാണവര്‍.
1950 നവംബര്‍ 14ന് അഭിഭാഷകയായി ചുമതലയേറ്റു. കൊല്ലം ബാറിലാണ് പ്രാക്ടീസ് ആരംഭിച്ചത്. കൂടുതല്‍ പ്രാക്ടീസ് ചെയ്തതും കൊല്ലം കോടതിയിലായിരുന്നു. തട്ടമിട്ട സ്ത്രീ വക്കീല്‍ വേഷത്തില്‍ കോടതിയില്‍ വരുമ്പോള്‍ മുറുമുറുത്തവര്‍ ഏറെയായിരുന്നുവെന്ന് സതീര്‍ഥ്യര്‍ ഓര്‍ക്കുന്നുണ്ട്. കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം ആദ്യമായി പബ്ലിക് സര്‍വിസ് കമ്മിഷന്‍ നടത്തിയ മുന്‍സിഫ് നിയമന എഴുത്തു പരീക്ഷയില്‍ ഒന്നാം റാങ്കു നേടിയാണ് ഫാത്തിമ ബീവി സര്‍ക്കാര്‍ സര്‍വിസില്‍ പ്രവേശിച്ചത്.
1972ല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റും 1974ല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയുമായി. 1983 ആഗസ്ത് 4ന് ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റു. ജസ്റ്റിസ് അന്ന ചാണ്ടിയാണ് ഹൈക്കോടതി ജഡ്ജി ആയി നിയമിതയായ ആദ്യ വനിത. ഹൈക്കോടതിയില്‍ നിന്ന് വിരമിച്ചതിനു പിന്നാലെയാണ് സുപ്രിം കോടതി ജഡ്ജ് ആയി ഫാത്തിമ ബീവി തെരഞ്ഞെടുക്കപ്പെട്ടത്. 1989 ഒക്ടോബറില്‍ സുപ്രിം കോടതി ജഡ്ജിയാകുമ്പോള്‍ ചരിത്രം വഴി മാറി പുതിയത് രചിക്കപ്പെടുകയായിരുന്നു. 1992 ഏപ്രില്‍ 30ന് സുപ്രിം കോടതിയില്‍ നിന്ന് വിരമിച്ചു. പിന്നാലെ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അംഗമായി. തമിഴ്‌നാട് ഗവര്‍ണറുടെ ചുമതല വഹിച്ചു.
ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണലിലെ ആദ്യ ജുഡീഷ്യല്‍ അംഗം കൂടി ആയിരുന്നു (1980). തുടര്‍ച്ചയായി അവര്‍ ഇന്ത്യയിലങ്ങളോളം നടന്ന സിറ്റിംഗുകളില്‍ പങ്കെടുത്തുവെന്നും ഫാത്തിമ ബീവി കാണിച്ച ഉത്തരവാദിത്വബോധം അത്ഭുതപ്പെടുത്തുന്നതായിരുന്നുവെന്നും അന്നത്തെ ട്രൈബ്യൂണല്‍ ചെയര്‍മാന്‍ എടുത്തു പറയുന്നുണ്ട്. കേരള പിന്നോക്ക വിഭാഗ കമ്മിഷന്റെ ആദ്യ ചെയര്‍പഴ്‌സണായും അവര്‍ പ്രവര്‍ത്തിച്ചു.
ഹൈക്കോടതി ജഡ്ജിയായി വിരമിച്ച ശേഷം സുപ്രിം കോടതി ജഡ്ജി ആയി ഉയര്‍ത്തപ്പെട്ടു എന്ന അപൂര്‍വതയും ഇവര്‍ക്കു സ്വന്തം. 1989 ഏപ്രില്‍ 29നാണ് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ചത്. അതേ വര്‍ഷം ഒക്ടോബര്‍ ആറിനാണ് സുപ്രിം കോടതി ജഡ്ജിയായി നിയമനം ലഭിക്കുന്നത്. സാങ്കേതിക കാരണങ്ങളാല്‍ കൊളീജിയം തീരുമാനമെടുക്കാന്‍ വൈകുകയായിരുന്നു.
സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി എന്ന നിലയില്‍ ജസ്റ്റിസ് ഫാത്തിമ ബീവി ഭാഗമായ വിധിന്യായങ്ങളും ശ്രദ്ധേയമായിരുന്നു. 1991ലെ കര്‍ണാടക പട്ടികജാതി, പട്ടികവര്‍ഗ സംവരണവുമായി ബന്ധപ്പെട്ട കേസില്‍ ജസ്റ്റിസ് ഫാത്തിമ ബീവി ബെഞ്ചിലുണ്ടായിരുന്നു. ഭരണകൂടമോ അതിന്റെ അധികാരം കയ്യാളുന്നവരോ പൗരന്മാര്‍ക്കെതിരെ സ്വീകരിക്കുന്ന ഏകപക്ഷീയ നടപടികള്‍ക്കെതിരെ ഭരണഘടന നല്‍കുന്ന സംരക്ഷണം അവര്‍ തന്റെ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൊലപാത കേസുകളില്‍ എന്തെങ്കിലും സംശയം അവശേഷിക്കുന്നു എങ്കില്‍ പ്രതി ശിക്ഷിക്കപ്പെടാന്‍ പാടില്ല എന്ന അവരുടെ വിധിയും ശ്രദ്ധിക്കപ്പെട്ടു.
ന്യൂനപക്ഷ അവകാശങ്ങളുമായി ബന്ധപ്പെട്ട ചരിത്രത്തിലും ജസ്റ്റിസ് ഫാത്തിമ ബീവിയുടെ പേര് വളരെ പ്രധാനമാണ്. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ക്ക് രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കാന്‍ പൗരരായിരിക്കണമെന്നില്ല, മറിച്ച് താമസക്കാരായാല്‍ മതി എന്ന അവരുടെ വിധി ചരിത്രത്തിന്റെ ഭാഗമാണ്. നിര്‍ണായകമായ പല ഉത്തരവുകളും അവരുടേതായി വന്നിട്ടുണ്ട്. ഭൂ നിയമ സംബന്ധമായ കേസുകളാണ് കൂടുതലും കേട്ടിരുന്നത്.
പല പദവികളിലിരുന്നു എന്നതല്ല അവരെ വേറിട്ടു നിര്‍ത്തിയത്. ഓരോ സ്ഥാനങ്ങളിലിരുന്നും അവര്‍ നടത്തിയ നിര്‍ണായക ഇടപെടലുകളാണ് അവരെ ചരിത്ര വനിത എന്ന വിശേഷണത്തിന് അര്‍ഹയാക്കുന്നത്. നിയമത്തിന്റെ സാങ്കേതിക മാനത്തിനപ്പുറത്ത് നീതിപൂര്‍വകമായ ഇടപെടല്‍ നടത്താന്‍ സുപ്രിം കോടതി ജഡ്ജ് എന്ന നിലയില്‍ അവര്‍ക്കു സാധിച്ചുവെന്ന് അവരുടെ ജീവചരിത്രകാരന്‍ ഡോ. കെ കെ അഷ്‌റഫ് നിരീക്ഷിക്കുന്നു. കേരള ഹൈക്കോടതി ജഡ്ജിയായി അവരെ നിയമിക്കുന്നതില്‍ പ്രധാനന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി വഹിച്ച പങ്ക് വളരെ വലുതാണ്.
ഫെഡറല്‍ സമ്പ്രദായത്തിന്റെ അന്തസ്സത്ത ഉയര്‍ത്തിപ്പിടിച്ച് ഭരണഘടനയുടെ അപൂര്‍വമായ വ്യാഖ്യാനത്തിലൂടെ ഗവര്‍ണര്‍ എന്ന നിലയില്‍ ഫാത്തിമ ബീവി നടത്തിയ ഇടപെടല്‍ ഇന്നത്തെ സാഹചര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. വലിയ പ്രാധാന്യമുണ്ട്. കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും താല്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന റബര്‍ സ്റ്റാമ്പ് ആയിരുന്നില്ല ഫാത്തി ബീവി. ഗവര്‍ണര്‍ പദവിയിലിരുന്നപ്പോഴും ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അംഗമായിരുന്നപ്പോഴും അവരത് തെളിയിച്ചതാണ്.
ഭരണഘടനയുടെയും ജനാധിപത്യമൂല്യങ്ങളുടെയും അടിസ്ഥാനത്തില്‍ സ്വന്തം ബോധ്യത്തിനനുസരിച്ച് പ്രവര്‍ത്തിച്ചതിനാല്‍ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് തമിഴ്‌നാട് ഗവര്‍ണര്‍ പദവി അവര്‍ക്ക് വിട്ടൊഴിയേണ്ടിവന്നു. നീതി ബോധത്തോടെ തല ഉയര്‍ത്തിപ്പിടിച്ചാണ് അവര്‍ ജീവിച്ചത്.
”ഒരു പൊതുപ്രവര്‍ത്തക എന്ന നിലയില്‍ എന്റെ ഉത്തരവാദിത്തം ഭരണഘടനയോടും ഇന്ത്യയിലെ ജനങ്ങളോടുമാണ്. ഒരു സൃഷ്ടിയെന്ന നിലയില്‍ ദൈവത്തോട് മാത്രവും. മനുഷ്യനെ പേടിക്കാതെ, എന്നാല്‍ ദൈവത്തെ പേടിച്ചുകൊണ്ട് ഞാന്‍ പ്രവര്‍ത്തിക്കും.” ഇതായിരുന്നു ഫാത്തിമ ബീവിയുടെ ജീവിതാദര്‍ശം.
അഭിഭാഷകവൃത്തി വരേണ്യവര്‍ഗത്തിന്റെ കുത്തകയായ കാലത്താണ് അവര്‍ കറുത്ത ഗൗണ്‍ അണിയുന്നതും ചരിത്രത്തിന്റെ ഭാഗമാകുന്നതും. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാമത്ത പരമോന്നത ബഹുമതിയായ കേരള പ്രഭ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും അതേറ്റുവാങ്ങും മുമ്പ് സംഭവ ബഹുലമായ ആ ജീവിതം അവസാനിച്ചു. 2023 നവംബര്‍ 23ന് അന്ത്യം. പ്രധാനമന്ത്രി ഉള്‍പ്പെടെ പ്രമുഖര്‍ അനുസ്മരിച്ച പോലെ, ഫാത്തിമ ബീവി ശരിക്കും പുതുവഴി വെട്ടിത്തുറന്നയാളായിരുന്നു.