LoginRegister

ഫറോവ പത്നിയുടെ മാതൃക

എ ജമീല ടീച്ചര്‍

Feed Back


”ഈ കുഞ്ഞിനെ കൊല്ലരുതേ, ഇവര്‍ നമുക്ക് കണ്ണിനു കുളിരേകിയേക്കും. ഭാവിയില്‍ പ്രയോജനപ്പെടുകയും ചെയ്‌തേക്കാം. അതിനാല്‍ നമുക്ക് ഇവനെ നമ്മുടെ കുഞ്ഞായി വളര്‍ത്തി സംരക്ഷിക്കാം”- ആസിയാബീവി പ്രിയതമന്‍ ഫറോവയോട് അപേക്ഷിച്ചു. കുളിക്കാന്‍ പോയ അവരുടെ കുടുംബാംഗങ്ങള്‍ക്ക് പുഴയില്‍ നിന്ന് ഒരു പെട്ടി കിട്ടി. അത് തുറന്നുനോക്കിയപ്പോള്‍ കൂടി നിന്നവര്‍ അമ്പരന്നു. ആ പെട്ടിക്കകത്ത് അതാ ഒരു പിഞ്ചുപൈതല്‍! കാണുന്നവരിലൊക്കെയും കൗതുകമുണര്‍ത്തുന്ന പ്രകൃതം. അവനെ വധിക്കാന്‍ വിട്ടുകൊടുക്കാന്‍ ആസിയാബീവിയുടെ മനസ്സ് അനുവദിച്ചില്ല. ദാമ്പത്യത്തിന്റെ നീണ്ട വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഒരു കുഞ്ഞിക്കാലു കാണാന്‍ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത ഫറോവക്ക് പ്രിയതമയുടെ സ്‌നേഹമസൃണമായ വാക്കുകള്‍ തട്ടിക്കളയാനായില്ല. രാജാവിന്റെ കൊട്ടാരത്തില്‍ വളര്‍ന്ന ആ കുഞ്ഞാണ് ദൈവദൂതനായിത്തീര്‍ന്ന മൂസാ നബി.
മൂസ ഇസ്‌റാഈല്‍ വംശജനാണ്. ഇബ്‌റാഹീം നബിയുടെ പൗത്രനായ യഅ്ഖൂബ് നബിക്ക് ഇസ്‌റാഈല്‍ എന്നു പേരുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സന്താനപരമ്പരയാണ് ഇസ്‌റാഈല്യര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. യൂസുഫ് നബിയുടെ കാലത്ത് അവര്‍ സ്വദേശമായ കന്‍ആന്‍ വിട്ട് ഈജിപ്തില്‍ കുടിയേറിപ്പാര്‍ത്തു. അവരുടെ അംഗസംഖ്യ വര്‍ധിച്ചതോടെ കോപ്റ്റിക്കുകളുടെ (ഖിബ്തി) ഭരണാധികാരിയും അവരെ നിര്‍ദയം മര്‍ദിക്കാന്‍ തുടങ്ങി.
മൂസായുടെ ജനനകാലത്തെ ഫിര്‍ ഔന്‍ വളരെ ക്രൂരനായിരുന്നു. ഈജിപ്തിലെ അന്നത്തെ ഭരണാധികാരിയായിരുന്നു അയാള്‍. ഇസ്‌റാഈല്യരില്‍ ജനിക്കുന്ന ആണ്‍കുട്ടികളെ മുഴുവന്‍ കൊന്നുകളയാന്‍ അയാള്‍ കല്‍പന കൊടുത്തു. അവരില്‍ നിന്ന് വല്ല വിപ്ലവകാരിയും വളര്‍ന്നു തന്റെ ആധിപത്യത്തിന് ഭീഷണിയാവുമോ എന്ന ഭയമാണ് അയാളെ ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്. ഇസ്‌റാഈല്യരിലെ പുരുഷ സന്തതികള്‍ മുഴുവന്‍ വധിക്കപ്പെട്ടു. അതിനാല്‍ സ്ത്രീകള്‍ വളരെ നിന്ദ്യരും അപമാനിതരുമായിട്ടാണ് കഴിഞ്ഞുകൂടിയിരുന്നത്.
യഅ്ഖൂബ് നബിയുടെ പുത്രനായ ഇംറാന്റെ മകനാണ് മൂസ. മാതാവിന്റെ പേര് യൂക്കാബദ്. തനിക്കൊരു പുത്രന്‍ പിറന്നതോടെ മാതാവ് വളരെ വിഷണ്ണയായി. മകനെ ഫിര്‍ഔനിന്റെ കിങ്കരന്മാര്‍ കൊല്ലുമെന്നു കരുതി അവര്‍ കണ്ണീര്‍ വാര്‍ത്തു. അപ്പോള്‍ അല്ലാഹു അവരെ അറിയിച്ചു: ”കുട്ടിയെ മുലയൂട്ടുക. അവന്റെ ജീവനില്‍ ആശങ്കയുണ്ടെങ്കില്‍ അവനെ ഒരു പെട്ടിയിലാക്കി പുഴയിലൊഴുക്കുക. ഒട്ടും പേടിക്കേണ്ടതില്ല. പുഴ അവനെ രക്ഷിച്ചോളും.” അതനുസരിച്ച് യൂക്കാബദ് മകന്‍ മൂസയെ ഒരു പെട്ടിയിലാക്കി പുഴയിലൊഴുക്കി.
ഫിര്‍ഔനിന്റെ കുടുംബം തന്നെ അവനെ കണ്ടെടുത്തു. അവര്‍ അവനെ കൊട്ടാരത്തില്‍ ഒരു രാജകുമാരനെപ്പോലെ വളര്‍ത്തി. യഥാര്‍ഥത്തില്‍ ഫിര്‍ഔന്‍ തന്റെ നാശത്തിന് നിമിത്തമായ ശത്രുവിനെ തന്നെയാണ് സംരക്ഷിച്ചുകൊണ്ടിരുന്നത്; ആസിയാബീവി തനിക്ക് വിജയത്തിന്റെ വഴി തെളിയിച്ചുതന്ന രക്ഷകനെയും.
പ്രവാചകനായി നിയുക്തനായതോടെ മൂസ ഫിര്‍ഔനിന്റെ അടുത്തു ചെല്ലാനും അയാളെ സത്യത്തിലേക്കും ഏകദൈവ വിശ്വാസത്തിലേക്കും ക്ഷണിക്കാനും കല്‍പിക്കപ്പെട്ടു. അതനുസരിച്ച് മൂസാ നബി ഫിര്‍ഔനിനെയും കൂട്ടാളികളെയും ദൈവിക സന്മാര്‍ഗത്തിലേക്ക് പ്രബോധനം ചെയ്തു. തന്റെ പ്രവാചകത്വം തെളിയിക്കാന്‍ ആവശ്യമായ ദൃഷ്ടാന്തങ്ങള്‍ കാണിച്ചുകൊടുത്തു. പക്ഷേ ഫിര്‍ഔന്‍ അതൊന്നും അംഗീകരിച്ചില്ല. തികഞ്ഞ ധിക്കാരിയായ ഫിര്‍ഔന്‍ മൂസാ നബിയെ നിഷേധിച്ചു. മൂസാ നബിയില്‍ വിശ്വസിച്ചവരെ കഠിനമായി മര്‍ദിക്കുകയും പരമാവധി പീഡിപ്പിക്കുകയും ചെയ്തു. അയാള്‍ അവരോട് പറഞ്ഞു: ”നിങ്ങളുടെ ഓരോ കൈയും കാലും മുറിച്ചുകളയും. ഈന്തപ്പനത്തടികളില്‍ ക്രൂശിക്കുകയും ചെയ്യും.”
പക്ഷേ, വിശ്വാസികള്‍ ഫിര്‍ഔനിന്റെ ഭീഷണിക്ക് വഴങ്ങിയില്ല. അവര്‍ ധീരമായി പ്രഖ്യാപിച്ചു: ”ഞങ്ങളെ സൃഷ്ടിച്ച ദൈവമാണ് സത്യം. വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ വന്നതിനു ശേഷം ഞങ്ങള്‍ നിനക്ക് മുന്‍ഗണന നല്‍കുക എന്നത് ഒരിക്കലും സംഭവ്യമല്ല. നീ തോന്നിയതൊക്കെ ചെയ്യുക. നന്നേ കവിഞ്ഞാല്‍ ഈ ഐഹിക ജീവിതത്തില്‍ മാത്രമേ നിന്റെ വിധി നടക്കുകയുള്ളൂ. ഞങ്ങള്‍ ഞങ്ങളുടെ നാഥനില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുന്നു. അവന്‍ ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരട്ടെ. അല്ലാഹു മാത്രമാണ് ഉല്‍കൃഷ്ടന്‍. എന്നെന്നും അവശേഷിക്കുന്നവനും അവന്‍ തന്നെ.”
മൂസാ നബിയെയും അനുയായികളെയും ഫിര്‍ഔന്‍ നിര്‍ദയം മര്‍ദിച്ചുകൊണ്ടിരുന്നു. അതിനിടെ അയാളുടെ അരമനയില്‍ അപ്രതീക്ഷിതമായ ചിലതു സംഭവിച്ചു. സ്വന്തം സഹധര്‍മിണി ആസിയ(റ) തന്നെ സന്മാര്‍ഗം സ്വീകരിച്ചു. മൂസാ നബിയിലും അദ്ദേഹം പ്രബോധനം ചെയ്ത ആശയങ്ങളിലും ആസിയ(റ) വിശ്വാസമര്‍പ്പിച്ചു. ഇത് ഫിര്‍ഔനിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. താനല്ലാതെ ഒരു പരമാധികാരി ഇല്ലെന്നും തന്റെ താല്‍പര്യത്തിനെതിരായി നാട്ടിലാരും നീങ്ങരുതെന്നും ശഠിച്ചിരുന്ന ചക്രവര്‍ത്തിക്ക് ഭാര്യയുടെ ഈ സമീപനം കടുത്ത ഭീഷണിയായിത്തീര്‍ന്നു. തന്റെയും പൂര്‍വികരുടെയും നിലപാടുകളെ ശക്തമായി എതിര്‍ത്ത മൂസാ നബിയെ അംഗീകരിച്ചവരെ കഠിനമായി പീഡിപ്പിക്കുന്ന അയാള്‍ക്ക് സ്വന്തക്കാരുടെ വിശ്വാസമാറ്റം ഒട്ടും പൊറുപ്പിക്കാനാകുമായിരുന്നില്ല. അനുനയത്തിലൂടെ ആസിയാബീവിയെ പിന്തിരിപ്പിക്കാന്‍ അയാള്‍ പരമാവധി ശ്രമിച്ചു. പല തരം പ്രലോഭനങ്ങളും നടത്തി. എല്ലാം പരാജയപ്പെടുകയായിരുന്നു. ഗത്യന്തരമില്ലാതെ അയാള്‍ മര്‍ദനത്തിന്റെ മാര്‍ഗം അവലംബിച്ചു. അവരെ നിര്‍ദയം മര്‍ദിച്ചു. ക്രൂരമായി കൈയേറ്റം ചെയ്തു. എല്ലാം നിഷ്ഫലമായി. മര്‍ദനങ്ങളൊന്നും ആസിയ(റ)യെ സത്യവിശ്വാസത്തില്‍ നിന്ന് അണുവോളവും തെറ്റിച്ചില്ല. വിശ്വാസത്തോടുള്ള സ്‌നേഹം അവരെ ഭര്‍ത്താവിനെയും അയാളുടെ ചെയ്തികളെയുമെല്ലാം ത്യജിക്കാന്‍ പ്രേരിപ്പിച്ചു. അരമനയിലെ സുഖസൗകര്യങ്ങളോട് അവര്‍ക്ക് വെറുപ്പായി. സന്മാര്‍ഗത്തില്‍ ആകൃഷ്ടയായതോടെ അവരുടെ സ്‌നേഹം സത്യത്തോടും പരലോകത്തോടും അവിടെ ലഭിക്കാനിരിക്കുന്ന സ്വര്‍ഗത്തോടും മാത്രമായി. പ്രിയതമനോട് ക്രമേണ അകന്നു. അത് അയാളുടെ മര്‍ദനങ്ങള്‍ക്ക് ആക്കം കൂട്ടി.
ആസിയാബീവി എല്ലാം സഹിച്ചു പീഡനങ്ങള്‍ ക്ഷമയോടെ നേരിട്ടു. മരണാനന്തരം നരകമെങ്ങാനും ലഭിച്ചാല്‍ അതിന്റെ ഭയാനകത ഓര്‍ത്തപ്പോള്‍ ഫിര്‍ഔനിന്റെ മര്‍ദനങ്ങള്‍ അവര്‍ക്ക് നിസ്സാരമായി തോന്നി. നരകശിക്ഷയേക്കാള്‍ വലുതല്ലല്ലോ അവയൊന്നും. ഫിര്‍ഔനിന്റെ കൊട്ടാരവും അവിടത്തെ സുഖസൗകര്യങ്ങളും വെറും നൈമിഷികം മാത്രം. പരലോക സ്വര്‍ഗത്തെക്കുറിച്ച് ഓര്‍ത്ത് എല്ലാം അവര്‍ ത്യജിച്ചു. അവസാനം മര്‍ദനം അസഹ്യമായപ്പോള്‍ അവര്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചു: ”നാഥാ, എനിക്ക് നീ സ്വര്‍ഗത്തില്‍ ഒരു വീട് നല്‍കേണമേ. ഫിര്‍ഔനില്‍ നിന്നും അയാളുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും എന്നെ നീ രക്ഷിക്കേണമേ.”
ആസിയാ ബീവി സത്യത്തിനും സന്മാര്‍ഗത്തിനും പരമമായ സ്ഥാനം നല്‍കിയ കാരണത്താല്‍ വന്നുഭവിച്ച എല്ലാ വിപത്തുകളും സന്തോഷത്തോടെ സ്വീകരിച്ചു. ഭൂമിയില്‍ ലഭ്യമായ സകലമാന സുഖസൗകര്യങ്ങളും ഉപേക്ഷിച്ചു. ഈജിപ്തിനെ അടക്കിഭരിച്ചിരുന്ന ഭര്‍ത്താവ് ഫറോവയുടെ ദുഷ്‌ചെയ്തികളെ ചോദ്യം ചെയ്തു. ഭര്‍ത്താവായിരുന്നിട്ടും അയാള്‍ക്കെതിരെ പ്രാര്‍ഥിച്ചു. ഫിര്‍ഔനിന്റെ കൊട്ടാരത്തില്‍ ധീരവും ഉജ്ജ്വലവുമായ വിപ്ലവം നയിച്ച ഫറോവയുടെ പത്‌നിയെ ഖുര്‍ആന്‍ ഏറെ പ്രശംസിക്കുന്നുണ്ട്. ലോകത്ത് എന്നന്നേക്കുമുള്ള സത്യവിശ്വാസികള്‍ക്ക് അവര്‍ മാതൃകയായി മാറി. അതോടൊപ്പം മനുഷ്യ ചരിത്രത്തില്‍ അനശ്വരയുമായി.
”സത്യവിശ്വാസികള്‍ക്ക് ഫറോവാ പത്‌നിയെ ഒരു മാതൃകയായി അല്ലാഹു എടുത്തുകാണിച്ചിരിക്കുന്നു” (ഖുര്‍ആന്‍ 6:11).

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top