പ്ലസ്ടു കൊമേഴ്‌സ് വിദ്യാര്‍ഥിനിയാണ്. അഭിഭാഷകയാകാനുള്ള വഴികള്‍ വിശദീകരിക്കാമോ?
മുബീന ദോഹ
ഒരു അഭിഭാഷകയാകാന്‍ വേണ്ട യോഗ്യത എല്‍ എല്‍ ബി ബിരുദമാണ്. ഏത് വിഷയമെടുത്ത് പ്ലസ്ടു പഠിച്ചവര്‍ക്കും പഞ്ചവത്സര ഇന്റഗ്രേറ്റഡ് എല്‍ എല്‍ ബി കോഴ്‌സിനു ചേര്‍ന്ന് നിയമ ബിരുദമെടുക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമെടുത്ത ശേഷം ത്രിവത്സര എല്‍ എല്‍ ബി കോഴ്‌സ് പൂര്‍ത്തിയാക്കിയാലും മതി. ബിരുദമെടുത്ത ശേഷം ബാര്‍ കൗണ്‍സിലില്‍ എന്റോള്‍മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കണം. ഓള്‍ ഇന്ത്യ ബാര്‍ എക്‌സാമിനേഷന്‍ (AIBE) യോഗ്യത നേടിയ ശേഷം അഭിഭാഷകയായി പ്രാക്ടീസ് ചെയ്യാവുന്നതാണ്.
പ്ലസ്ടു കഴിഞ്ഞവര്‍ക്ക് പഠിക്കാവുന്ന നിയമപഠനവുമായി ബന്ധപ്പെട്ട പഠനാവസരങ്ങളെക്കുറിച്ചും പ്രവേശന പരീക്ഷകളെക്കുറിച്ചും പരിശോധിക്കാം:
കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ്
ദേശീയ നിയമ സര്‍വകലാശാലകളില്‍ പഞ്ചവത്സര ബിരുദ പഠനത്തിനുള്ള പ്രവേശന പരീക്ഷയാണ് കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (CLAT). 45 ശതമാനം മാര്‍ക്കോടെയുള്ള പ്ലസ്ടുവാണ് യോഗ്യത. കൊച്ചിയിലെ നുവാല്‍സ് (NUALS) അടക്കം 22 നിയമ സര്‍വകലാശാലകളില്‍ പ്രവേശനം ലഭിക്കാനുള്ള മത്സര പരീക്ഷയാണിത്. നുവാല്‍സില്‍ ബി എ എല്‍ എല്‍ ബിയും മറ്റു സര്‍വകലാശാലകളില്‍ ബി എ/ബി കോം/ബി ബി എ/ബി എസ് സി/ബി എസ് ഡബ്ല്യൂ എല്‍ എല്‍ ബി (ഓണേഴ്‌സ്) കോഴ്‌സുകളും പഠിക്കാവുന്നതാണ്. ദേശീയ നിയമ സര്‍വകലാശാലകളുടെ കണ്‍സോര്‍ഷ്യമാണ് പരീക്ഷ നടത്തുന്നത്. ഐ ഐ എം റോത്തക്, നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂനിവേഴ്‌സിറ്റി (ഡല്‍ഹി കാമ്പസ്), സേവിയര്‍ ലോ സ്‌കൂള്‍ ഭുവനേശ്വര്‍, രാമയ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലീഗല്‍ സ്റ്റഡീസ് ബംഗളൂരു, മഹാരാഷ്ട്ര നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി നാഗ്പൂര്‍, ഏഷ്യന്‍ ലോ കോളജ് നോയിഡ തുടങ്ങിയ സ്ഥാപനങ്ങളും വിവിധ കോഴ്‌സുകള്‍ക്ക് CLAT സ്‌കോര്‍ പരിഗണിക്കുന്നുണ്ട്.
വെബ്‌സൈറ്റ്: consortiumofnlus.ac.in
ഓള്‍ ഇന്ത്യ ലോ എന്‍ട്രസ് ടെസ്റ്റ്
ഡല്‍ഹിയിലെ ദേശീയ നിയമ സര്‍വകലാശാലയില്‍ ബി എ എല്‍ എല്‍ ബി (ഓണേഴ്‌സ്) കോഴ്‌സിനുള്ള പ്രവേശന പരീക്ഷയാണ് ഓള്‍ ഇന്ത്യ ലോ എന്‍ട്രസ് ടെസ്റ്റ് (AILET). 45 ശതമാനം മാര്‍ക്കോടെയുള്ള പ്ലസ്ടുവാണ് യോഗ്യത.
വെബ്‌സൈറ്റ്: www.nludelhi.ac.in.
രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ വ്യത്യസ്തമായ പ്രവേശന പരീക്ഷകള്‍ വഴി നിയമപഠനം നടത്താന്‍ അവസരങ്ങളുണ്ട്. അലിഗഡ് മുസ്‌ലിം സര്‍വകലാശാല, ബനാറസ് ഹിന്ദു സര്‍വകലാശാല, ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ, സൗത്ത് ബിഹാര്‍ സെന്‍ട്രല്‍ സര്‍വകലാശാല, ഗവണ്‍മെന്റ് ലോ കോളജ് മുംബൈ, ഡോ. ബി ആര്‍ അംബേദ്കര്‍ ലോ കോളജ് വിശാഖപട്ടണം, ക്രൈസ്റ്റ് സര്‍വകലാശാല, ലവ്‌ലി പ്രൊഫഷണല്‍ സര്‍വകലാശാല, ജിന്‍ഡാല്‍ ലോ സ്‌കൂള്‍, സിംബയോസിസ് ലോ സ്‌കൂള്‍, ലഖ്‌നോ സര്‍വകലാശാല തുടങ്ങിയവ ഉദാഹരണങ്ങളാണ്. ലോ സ്‌കൂള്‍ അഡ്മിഷന്‍ ടെസ്റ്റ് (LSAT) പോലുള്ള പരീക്ഷകള്‍ വഴി വിദേശ രാജ്യങ്ങളിലെ മികച്ച സര്‍വകലാശാലകളിലും നിയമ പഠനം നടത്താവുന്നതാണ്. (www.lsac.org)
കേരളത്തിലെ നിയമ പഠനാവസരങ്ങള്‍
കേരളത്തില്‍ നാല് സര്‍ക്കാര്‍ ലോ കോളജുകളിലും (തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, തൃശൂര്‍) മറ്റു സ്വകാര്യ ലോ കോളജുകളിലും കേരള ലോ എന്‍ട്രന്‍സ് പരീക്ഷ (KLEE) വഴി അഞ്ച് വര്‍ഷ എല്‍ എല്‍ ബി കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിക്കും. 45 ശതമാനം മാര്‍ക്കോടെയുള്ള പ്ലസ്ടു വിജയമാണ് പ്രവേശന യോഗ്യത. ബിരുദം കഴിഞ്ഞവര്‍ക്ക് ത്രിവത്സര കോഴ്‌സുകളുമുണ്ട്.
കൊച്ചി ശാസ്ത്ര സര്‍വകലാശാലയുടെ കീഴിലുള്ള സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ അഞ്ചുവര്‍ഷ ബി ബി എ/ബി കോം എല്‍ എല്‍ ബി (ഓണേഴ്‌സ്) കോഴ്‌സുകളുണ്ട്. സര്‍വകലാശാല നടത്തുന്ന കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (കാറ്റ്) അടിസ്ഥാനമാക്കിയാണ് പ്രവേശനം.
admissions.cusat.ac.in.
അലിഗഡ് യൂണിവേഴ്‌സിറ്റിയുടെ മലപ്പുറം കാമ്പസില്‍ പഞ്ചവര്‍ഷ ബി എ എല്‍ എല്‍ ബി പ്രോഗ്രാം ഉണ്ട്. മഹാത്മാ ഗാന്ധി സര്‍വകലാശാലക്ക് കീഴിലുള്ള സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട്, കണ്ണൂര്‍ സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ്, കേരള ലോ അക്കാദമി തിരുവനന്തപുരം, കേരളത്തിലെ വിവിധ സ്വാശ്രയ ലോ കോളജുകള്‍ എന്നിവിടങ്ങളിലും പഠനാവസരങ്ങളുണ്ട്.
മകന് നിയമ പഠനത്തില്‍ താല്‍പര്യമുണ്ട്. സാധ്യതകള്‍ വിശദീകരിക്കാമോ?
സാജിദ കല്‍പകഞ്ചേരി
ഏത് വിഷയമെടുത്ത് പ്ലസ്ടു പഠിച്ചവര്‍ക്കും വിശാലമായ ജോലിസാധ്യതകള്‍ വാഗ്ദാനം ചെയ്യുന്ന ശ്രദ്ധേയമായ തുടര്‍ പഠനമേഖലയാണ് നിയമം. ഒരു ജൂനിയര്‍ അഭിഭാഷകന്‍ തൊട്ട് സുപ്രീം കോടതി ജഡ്ജി വരെ നീളുന്നതാണ് നിയമപഠനത്തിന്റെ സാധ്യതകള്‍. ആശയവിനിമയ ശേഷി, സാമാന്യബുദ്ധി, അപഗ്രഥനശേഷി, നിരീക്ഷണപാടവം, വിവേചനശേഷി, ആത്മവിശ്വാസം തുടങ്ങിയവയുള്ള വ്യക്തികള്‍ക്ക് ശോഭിക്കാന്‍ കഴിയുന്ന മേഖലയാണിത്. അഞ്ച് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് എല്‍ എല്‍ ബി പ്രോഗ്രാമിനു പുറമേ ബിരുദ വിദ്യാര്‍ഥികള്‍ക്ക് ചേരാവുന്ന മൂന്ന് വര്‍ഷ എല്‍ എല്‍ ബി പ്രോഗ്രാമുകളുമുണ്ട്. ബിരുദ പഠനത്തിനു ശേഷം ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ സ്ഥാപനങ്ങളില്‍ വ്യത്യസ്തമായ സ്‌പെഷ്യലൈസേഷനോടെയുള്ള എല്‍ എല്‍ എം, പി എച്ച് ഡി പഠനങ്ങള്‍ക്കും അവസരമുണ്ട്. ഇന്റര്‍നാഷണല്‍ ലോ, കോര്‍പറേറ്റ് ലോ, ഇന്റലക്ച്വല്‍ പ്രോപര്‍ട്ടി റൈറ്റ്‌സ്, ടാക്‌സേഷന്‍, ആര്‍ബിട്രേഷന്‍, സൈബര്‍ ലോ, ലേബര്‍ ലോ തുടങ്ങി നിരവധി മികച്ച കരിയര്‍ സാധ്യതകളുള്ള സ്‌പെഷ്യലൈസേഷനുകളുണ്ട്.
വ്യവസായ-വാണിജ്യ-ധനകാര്യ സ്ഥാപനങ്ങള്‍, പബ്ലിക് പ്രോസിക്യൂഷന്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, മീഡിയ, ജുഡീഷ്യല്‍ സര്‍വീസ്, ടാക്‌സ് കണ്‍സള്‍ട്ടന്‍സി, നോട്ടറി, ആര്‍ബിട്രേഷന്‍, പാരാലീഗല്‍ സര്‍വീസ്, ലീഗല്‍ പ്രോസസ് ഔട്ട്‌സോഴ്‌സിങ് (LPO), ഇന്‍ഷൂറന്‍സ്, ഇന്റലക്ച്വല്‍ പ്രോപര്‍ട്ടി റൈറ്റ്‌സ് (IPR), നിയമ വിശകലനം, ലീഗല്‍ ജേണലിസം, ഫാമിലി കൗണ്‍സലിംഗ് തുടങ്ങിയ മേഖലകളില്‍ വിശാലമായ തൊഴിലവസരങ്ങളുണ്ട്. ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷനുകള്‍, കണ്‍സ്യൂമര്‍ ഫോറങ്ങള്‍, ലോകായുക്ത, എന്‍ ജി ഒകള്‍, റെയില്‍വേ, എന്‍ ഐ എ, സി ബി ഐ, പാര്‍ലമെന്റ് തുടങ്ങി നിരവധി മേഖലകളില്‍ ജോലി സാധ്യതകളുണ്ട്. നിയമ ബിരുദത്തോടൊപ്പം എം ബി എ, കമ്പനി സെക്രട്ടറിഷിപ്പ് പോലുള്ള അധിക യോഗ്യതകള്‍ നേടുന്നവര്‍ക്ക് കോര്‍പറേറ്റ് മേഖലയില്‍ മികച്ച അവസരങ്ങളുണ്ട്. സിവില്‍ സര്‍വീസ് മേഖലയിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച ബിരുദ കോഴ്‌സുകളിലൊന്നാണ് എല്‍ എല്‍ ബി.
വിവിധ നിയമ കലാലയങ്ങളില്‍ അധ്യാപകരായും ജോലിസാധ്യതയുണ്ട്. ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷം യു ജി സിയുടെ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് കൂടി വിജയിച്ചാല്‍ മതി. റിസര്‍ച്ച് മേഖലകളിലും അവസരങ്ങളുണ്ട്. കേരള ഹൈക്കോടതി നടത്തുന്ന മുന്‍സിഫ്/ മജിസ്‌ട്രേറ്റ് പരീക്ഷ വഴി നേരിട്ട് ജഡ്ജിയാകാന്‍ അവസരമുണ്ട്. ഐ ബി പി എസ് (IBPS) നടത്തുന്ന സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ (SO) പരീക്ഷ വഴി ലോ ഓഫീസര്‍ തസ്തികയിലെത്താം. ബാര്‍ കൗണ്‍സിലില്‍ എന്റോള്‍ ചെയ്ത ശേഷം സുപ്രീം കോടതി, ഹൈക്കോടതി, കീഴ്‌ക്കോടതി എന്നിവിടങ്ങളില്‍ വക്കീലായി പ്രാക്ടീസ് ചെയ്യാം. ലീഗല്‍ പ്രാക്ടീസിന് പ്രായപരിധിയില്ല. വക്കീലായി മൂന്ന് വര്‍ഷത്തെ പരിചയമുണ്ടെങ്കില്‍ ആര്‍ ബി ഐ, എസ് ബി ഐ എന്നിവിടങ്ങളില്‍ ലീഗല്‍ തസ്തികളില്‍ അപേക്ഷിക്കാം. സീനിയര്‍ അഡ്വക്കേറ്റായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് സര്‍ക്കാറിന്റെ പല കമ്മീഷനുകള്‍ക്കും നേതൃത്വം നല്‍കാം. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിയമ ബിരുദധാരികള്‍ക്ക് മുന്‍ഗണനയുണ്ട്. സ്ഥാനക്കയറ്റത്തിനുള്ള അധിക യോഗ്യതയായും നിയമ ബിരുദം പരിഗണിക്കാറുണ്ട്. നമ്മുടെ സേനാ വിഭാഗങ്ങളില്‍ ജഡ്ജ് അഡ്വക്കറ്റ് ജനറല്‍ (JAG) തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യത 55 ശതമാനത്തോടെയുള്ള നിയമ ബിരുദമാണ്. സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് (SSB) ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.