മിക്ക സ്ത്രീകളും കടന്നു പോവുകയും എന്നാല്‍ തിരിച്ചറിയപ്പെടാന്‍ വൈകുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് പ്രീമെൻസ്ട്രല്‍ സിന്‍ഡ്രം.
ഇടയ്ക്കിടെ ഉണ്ടാകുന്ന മൂഡ് സ്വിങ്‌സ്, മാസത്തിലെ ചില ദിവസങ്ങളില്‍ അനിയന്ത്രിതമായ ദേഷ്യം, നിരാശ, ആരോടും സംസാരിക്കാന്‍ തോന്നാതിരിക്കുക തുടങ്ങിയ പരാതികളോടു കൂടിയാണ് അവള്‍ ക്ലിനിക്കില്‍ എത്തിയത്:
“മാം, ഈ ദിവസങ്ങളില്‍ എനിക്ക് ആകെ ഭ്രാന്ത് പിടിച്ചതുപോലെയാണ്. എല്ലാ മാസവും ഇതെന്നെ വല്ലാതെ ബാധിക്കുന്നുണ്ട്. അടുത്ത മാസം എന്റെ കല്യാണമാണ്. കല്യാണത്തിനു ശേഷവും ഇത് ഇങ്ങനെ തുടര്‍ന്നാല്‍ ശരിയാവില്ല.”
ഇതൊക്കെയായിരുന്നു അവളുടെ ആശങ്കകള്‍.
സാധാരണയായി മിക്ക സ്ത്രീകള്‍ക്കും ആര്‍ത്തവത്തോട് അനുബന്ധിച്ച് ശാരീരികവും മാനസികവുമായ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഇതില്‍ നിന്നു വ്യത്യസ്തമായി ആര്‍ത്തവാരംഭത്തിനു തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ അതായത് അണ്ഡോൽപാദനത്തിനും ആര്‍ത്തവത്തിനും ഇടയിലുള്ള ദിവസങ്ങളില്‍ ചിലര്‍ക്ക് അസഹനീയമായ ശാരീരിക-മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവാറുണ്ട്. ഇതിനെയാണ് പ്രീമെൻസ്ട്രല്‍ സിന്‍ഡ്രം അഥവാ പിഎംഎസ് എന്നു പറയുന്നത്. പലപ്പോഴും പലരെയും അവരുടെ ദൈനംദിന ജീവിതത്തെയും വ്യക്തിബന്ധങ്ങളെയും വരെ ബാധിക്കുന്ന തരത്തില്‍ സാരമായി തന്നെ പിഎംഎസ് ഉണ്ടാവാറുണ്ട്.
പ്രധാന ലക്ഷണങ്ങള്‍
ശാരീരികവും മാനസികവുമായ ലക്ഷണങ്ങള്‍ പ്രീമെൻസ്ട്രല്‍ സിൻഡ്രത്തില്‍ കാണാം.
ശാരീരികമായ ലക്ഷണങ്ങള്‍
ആര്‍ത്തവത്തോട് അനുബന്ധിച്ചന്നപോലെ വയറുവേദന.
സ്തനങ്ങളില്‍ അനുഭവപ്പെടുന്ന വേദന.
ഓക്കാനം
ശരീരത്തില്‍ ചൂട് അനുഭവപ്പെടുക.
തലവേദന
വയറുവീര്‍പ്പ്
മലബന്ധവും വയറിളക്കവും
നടുവേദനയും പേശിവേദനയും
ലൈറ്റിനോടും അമിതമായ ശബ്ദത്തോടുമുള്ള ബുദ്ധിമുട്ട്
മാനസികമായ ലക്ഷണങ്ങള്‍
അകാരണമായി പെട്ടെന്നുണ്ടാകുന്ന ദേഷ്യം.
ചിലപ്പോള്‍ പൊട്ടിത്തെറിക്കുക.
പെട്ടെന്ന് കരച്ചില്‍ വരുക.
ഉല്‍ക്കണ്ഠയും വിഷാദവും.
ഉറക്കക്കുറവ്
ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാതെ വരിക.
ഒരു കാര്യത്തിലും താൽപര്യമില്ലാത്ത അവസ്ഥ.
വിശപ്പില്ലായ്മയോ അമിതമായ വിശപ്പോ.
മാനസികാവസ്ഥയിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍.
അസഹിഷ്ണുത.
ഇതാണ് സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങള്‍. ചില അവസരങ്ങളില്‍ ഈ ലക്ഷണങ്ങള്‍ തീവ്രമായി ഉണ്ടാവുന്നു. അങ്ങനെ വരുമ്പോള്‍ ജോലിയിലും വ്യക്തി ബന്ധങ്ങളിലും വ്യക്തിജീവിതത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം.
പ്രധാന കാരണങ്ങള്‍
ഈസ്‌ട്രജന്‍, പ്രൊജസ്ട്രോണ്‍ തുടങ്ങിയ ഹോര്‍മോണുകളുടെ അളവില്‍ വരുന്ന വ്യതിയാനങ്ങളാണ് പിഎംഎസിന് കാരണമെന്ന് ചില പഠനങ്ങള്‍ പറയുന്നു. ഈ ഹോര്‍മോണുകള്‍ ആര്‍ത്തവചക്രത്തിൽ ഉടനീളം കാണപ്പെടുന്നു. ഇവ പെട്ടെന്ന് കുറയുകയും കൂടുകയും ചെയ്യുന്നത് ഉല്‍ക്കണ്ഠ, ക്ഷോഭം, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍ എന്നിവക്ക് കാരണമാകുന്നു.
സെറോടോണിന്‍, നോര്‍ എപ്പിനേഫ്രിന്‍ പോലുള്ള കെമിക്കലുകളുടെ അളവില്‍ വരുന്ന വ്യതിയാനങ്ങളും പിഎംഎസിലേക്ക് നയിക്കാം.
വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസികാസ്വാസ്ഥ്യങ്ങള്‍ അനുഭവിക്കുന്ന ആളുകള്‍ക്ക് ഈ പ്രശ്‌നം വളരെ കൂടുതലായി കാണാറുണ്ട്. പുകവലിക്കുന്നത്, കൊഴുപ്പ്, പഞ്ചസാര, ഉപ്പ് തുടങ്ങിയവ അമിതമായി അടങ്ങിയ ഭക്ഷണങ്ങള്‍ ഉപയോഗിക്കുന്നത്, ശരിയായ ഉറക്കം ലഭിക്കുന്നതിനുള്ള തടസ്സം, ശാരീരിക അധ്വാനത്തിന്റെ കുറവ് തുടങ്ങിയവയും PMSന്റെ തീവ്രത കൂട്ടാന്‍ കാരണമാവും. അതിനാല്‍ ആരോഗ്യകരമായ ഒരു ജീവിതശൈലി തിരഞ്ഞെടുക്കുന്നതിലൂടെ ഇത്തരം പ്രശ്‌നങ്ങളെ ഒരു പരിധി വരെ നിയന്ത്രിക്കാനാകും. കുടുംബത്തിന്റെയും പങ്കാളിയുടെയും പിന്തുണ അനിവാര്യമാണ്. എന്നിരുന്നാലും ആവശ്യമെങ്കില്‍ വിദഗ്ധ ചികിത്സയ്ക്കായി സൈക്കോളജിസ്റ്റിനെ കാണാന്‍ മടിക്കരുത്. .