LoginRegister

പ്രവാസി കുടുംബിനികളുടെ സര്‍ഗാവിഷ്‌കാരം

മുനീബ നജീബ്‌

Feed Back


പ്രവാസലോകത്ത് ജീവിക്കുന്ന കുടുംബിനികളുടെ സര്‍ഗശേഷിയും പ്രതിഭാധനതയും ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതിന് എം ജി എം യു എ ഇ നാഷണല്‍ കമ്മിറ്റി ആവിഷ്‌കരിച്ച പ്രസിദ്ധീകരണ സംരംഭമാണ് ഹാവെന്‍ ഇയര്‍ ബുക്ക്. മുന്നൂറോളം ബഹുവര്‍ണ പേജില്‍ പുറത്തിറക്കുന്ന ഈ വാര്‍ഷികപ്പതിപ്പിന്റെ എഡിറ്റിംഗ്, ലേഔട്ട് ഉള്‍പ്പടെയുള്ള എല്ലാ അണിയറകാര്യങ്ങളും പൂര്‍ത്തീകരിക്കുന്നത് യു എ ഇയിലെ എം ജി എം പ്രവര്‍ത്തകരാണ്.
2021ലെ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലാണ് ഹാവെന്‍ ഇയര്‍ ബുക്കിന്റെ ഒന്നാം ലക്കം പ്രകാശിതമായത്. രണ്ടാം പതിപ്പ് 2022 നവംബര്‍ ആറിന് ഷാര്‍ജ അല്‍ ബുസ്താന്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത ഇറ്റാലിയന്‍ എഴുത്തുകാരിയും ചിന്തകയുമായ സബ്രീന ലെ പ്രകാശനം ചെയ്തു. ഹാവന്‍ പ്രവര്‍ത്തനങ്ങളില്‍ എം ജി എം പ്രവര്‍ത്തകരോടൊപ്പം പങ്കാളികളായ ടീന്‍സ് ക്ലബ് അംഗങ്ങളായ ആയിഷ നമ, മനാല്‍ മുഹമ്മദ് എന്നിവര്‍ക്ക് ചടങ്ങില്‍ ഉപഹാരം നല്‍കി.
ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ദി പെന്‍ ആന്റ് ഇന്‍സ്പയറിങ് വിസ്ഡം’ എന്ന ചര്‍ച്ച ഏറെ ഹൃദ്യമായിരുന്നു. ചര്‍ച്ചയില്‍ പങ്കെടുത്ത പ്രമുഖരുടെ വാക്കുകളിലൂടെ:

സബ്രീന ലെ
(ഇറ്റാലിയന്‍ എഴുത്തുകാരി)

ഇസ്‌ലാമിക തത്വങ്ങളുടെ കേന്ദ്രബിന്ദു വിജ്ഞാനമാണ്, എഴുത്തിലൂടെ സാംസ്‌കാരികമായ അന്തരീക്ഷം നാം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട് . ഖുര്‍ആനില്‍ അല്ലാഹു മനുഷ്യരോട് വായിക്കാന്‍ കല്പിക്കുന്നു , അത് കേവലം ഒരു പുസ്തക വായനയല്ല, മറിച്ചു ഈ ലോകത്തിലെ മുഴുവന്‍ സൃഷ്ടിപ്പിലും ഉള്ള ദൈവത്തിന്റെ അടയാളങ്ങളുടെ വായനയാണ്. പാശ്ചാത്യലോകം ശാസ്ത്രവും വിജ്ഞാനവും ദൈവത്തില്‍ നിന്നും നമ്മെ അകറ്റുന്നുവെന്നു വിശ്വസിക്കുന്നു എന്നത് തികച്ചും വിരോധാഭാസം തന്നെ.
എല്ലാവരും ആദമിന്റെ സന്തതികളാണ് എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്; ഇസ്‌ലാമില്‍ ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ യാതൊരു ഇടനിലക്കാരുമില്ല. വിജ്ഞാനം നേടുന്നത് മനുഷ്യരെ ദൈവത്തിലേക്ക് അടുപ്പിക്കുന്നു. വിജ്ഞാനം നമ്മെ ഉത്തരവാദിത്തമുള്ളവരാക്കുന്നു. ഉത്തരവാദിത്തമുള്ളവരാവുകയെന്നാല്‍ സമാധാനവും പരസ്പര ബഹുമാനവും പ്രചരിപ്പിക്കുക എന്നതത്രെ. ഇത് നേടിയെടുക്കാനുള്ള സാംസ്‌കാരികാന്തരീക്ഷം എഴുത്ത് എന്ന വലിയ പ്രക്രിയ ഉണ്ടാക്കിത്തരുന്നു.
സല്‍മ അന്‍വാരിയ്യ
(എം ജി എം സംസ്ഥാന പ്രസിഡന്റ്)

പരന്ന വായനയാണ് ഖുര്‍ആന്‍ നമ്മോടു നിര്‍ദേശിക്കുന്നത്. അവിടെ ജ്ഞാനവും തിരിച്ചറിവും നമുക്ക് ലഭിക്കുന്നു. ആ തിരിച്ചറിവുകളും ജ്ഞാനബോധവുമാണ് യഥാര്‍ഥ സത്യത്തെ ഉള്‍കൊള്ളാനും മനസിലാക്കാനും നമുക്ക് പ്രചോദനമാവുന്നത്. താന്‍ ആരാണ്, താന്‍ എന്താണ്, എവിടേക്കാണ് തന്റെ യാത്ര, എന്താണ് തന്റെ ലക്ഷ്യം എന്ന് തിരിച്ചറിയാനാകാത്ത, അജ്ഞതയിലാണ്ടു കിടന്നിരുന്ന ഒരു കാലഘട്ടത്തില്‍ ദൈവനാമത്തിലാണ് വായിക്കേണ്ടത് എന്നും, മനുഷ്യനെ രക്തപിണ്ഡത്തില്‍ നിന്ന് സൃഷ്ടിച്ചു എന്നും മനുഷ്യന്‍ ആരാണ് എന്നും അവന്റെ ദൗത്യം എന്താണ് എന്നും അവന്റെ ലക്ഷ്യം എന്താണ് എന്നും സുദീര്‍ഘമായ വര്‍ഷങ്ങളിലൂടെ മഹാനായ പ്രവാചകനിലൂടെ മനുഷ്യരെ അല്ലാഹു പഠിപ്പിച്ചു.
മനുഷ്യന് അല്ലാഹു നല്‍കിയിരിക്കുന്ന സവിശേഷമായ ഒരുപാട് ഗുണങ്ങളുണ്ട്, അതില്‍ അവന്‍ സ്വായത്തമാക്കുന്ന അറിവിന്റെ തലങ്ങളുണ്ട്. അറിവ് എന്നത് അല്ലാഹു നല്‍കിയിട്ടുള്ള വിശിഷ്ടമായ ഒരു മൂലധനമാണ്. നമ്മള്‍ എത്രത്തോളം അതിനുവേണ്ടി പരിശ്രമിക്കുന്നുവോ തീര്‍ച്ചയായും അല്ലാഹു അതില്‍ കൂടുതല്‍ നല്കികൊണ്ടിരിക്കും. അതിനെ മനസിലാക്കാനും ഉള്‍കൊള്ളാനും അത് കിട്ടണമെന്ന ആഗ്രഹത്തോടു കൂടി മുന്നോട്ട് പോകാനും നമുക്ക് സാധിക്കുന്നുവെങ്കില്‍ അല്ലാഹു അറിവിന്റെ വിസ്മയ ലോകത്തേക്ക് നമ്മെ കൊണ്ടെത്തിക്കും.
അസ്മാബി അന്‍വാരിയ്യ
( പ്രഭാഷക, അധ്യാപിക)

വായനയും എഴുത്തുമാണ് ഒരു മനുഷ്യനെ യഥാര്‍ഥ മനുഷ്യനാക്കി തീര്‍ക്കുന്നത്. നമ്മുടെ മക്കളെ നമ്മുടെ മക്കളാക്കി തീര്‍ക്കണമെങ്കില്‍ അവര്‍ക്കു നമ്മില്‍ നിന്ന് വാത്സല്യവും ലാളനയും സ്‌നേഹവും വിശ്വാസത്തിലധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളും ലഭിക്കണം. ഇന്ന് വായിക്കുകയല്ല, കാണുകയാണ് ചെയ്യുന്നത്. ചെറിയ കുട്ടികളായിരിക്കുമ്പോള്‍ അവര്‍ വായന പഠിക്കുന്നതിനു മുമ്പേ തന്നെ അവര്‍ക്കു വായിച്ചു കൊടുക്കുക. അത് ദൈവികഗ്രന്ഥകള്‍ മാത്രമല്ല, പരന്ന വായനയിലേക്ക്, വായനയുടെ വിശാലമായ ലോകത്തേക്ക് അവരെ ആകര്‍ഷിപ്പിക്കുക. അതാണ് മക്കള്‍ക്ക് കൊടുക്കാനുള്ള ഏറ്റവും നല്ല പാഠം . അങ്ങനെ വായിച്ചു വളരുന്ന മക്കള്‍ ജീവിതത്തില്‍ ഏതൊരു സാഹചര്യത്തില്‍ എത്തിപ്പെട്ടാലും സഹിഷ്ണുതയുടെയും സത്യത്തിന്റെയും ധര്‍മത്തിന്റെയും വിനയത്തിന്റെയും വഴിയില്‍ തന്നെയായിരിക്കും.

മഹാലക്ഷ്മി മനോജ്
(കഥാകൃത്ത്)

എന്നെ ഏറെ സ്വാധീനിച്ച ഒരു പുസ്തകമാണ് ബെന്യാമിന്‍ എഴുതിയ ആടുജീവീതം. അതിലദ്ദേഹം പറയുന്ന ഒരു വാചകമുണ്ട്, നിങ്ങളനുഭവിക്കാത്ത ജീവിതങ്ങളൊക്കെ നിങ്ങള്‍ക്ക് വെറും കെട്ടുകഥകളാണ്. ഞാനും ജീവിതത്തിന്റെ വലിയൊരു കാലം വരെ ചിന്തിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് എനിക്ക് മാത്രം ഇത്രയും കഷ്ടപ്പാടുകള്‍ എന്ന്. പ്രവാസജീവിതം തുടങ്ങിയതിനു ശേഷമാണു ഞാന്‍ തിരിച്ചറിയുന്നത്, പ്രയാസങ്ങളും കഷ്ടപാടുകളും എനിക്ക് മാത്രമല്ല, നമ്മളനുഭവിക്കുന്നതൊന്നും പ്രയാസങ്ങളല്ല, അതിനേക്കാള്‍ പ്രയാസമനുഭവിക്കുന്നവര്‍ ഈ ലോകത്തുണ്ട് എന്ന്. എന്റെ കഥകളിലൂടെ ഈയൊരു സന്ദേശം ആളുകളിലേക്ക് എത്തുന്നുണ്ട് എന്നത് തന്നെയാണ് എന്നെ ഏറെ സന്തോഷിപ്പിക്കുന്നത്.
കഥകളും നോവലുകളുമൊക്കെ വായിക്കുന്നത് വെറും നേരമ്പോക്കായി കാണുന്ന ചിന്താഗതി ചിലര്‍ക്കെങ്കിലും ഉണ്ട്. വായന ഒരാളുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതില്‍ വലിയൊരു പങ്കുവഹിക്കുന്നതിനു കാരണമാവുന്നുണ്ട്.
റസീന കെ പി
(കവി, അധ്യാപിക)

വിവാഹജീവിതത്തോടെ കുടുംബജീവിതത്തില്‍ മാത്രമായി ഒതുങ്ങികൂടുന്നവരാണ് പൊതുവെ സ്ത്രീകള്‍. പ്രവാസലോകത്തു ഒഴിവുസമയം ഏറെയാണെകിലും അവര്‍ കൂടുതലായി ഉള്‍വലിഞ്ഞു ജീവിക്കുന്നതാണ് പൊതുവെ കണ്ടുവരുന്നത്.
നാട്ടിലുള്ളവരേക്കാള്‍ പ്രവാസികളായ സ്ത്രീകള്‍ക്ക് ഒഴിവുസമയം കൂടുതലാണ്. അത് വളരെ ഭംഗിയായി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇവിടെ എഴുത്തിനും വായനക്കും ഏറെ പ്രോത്സാഹനം നല്‍കുന്നുണ്ട്. അത് നല്ലപോലെ ഉപയോഗിക്കുക. ഒഴിവുസമയങ്ങള്‍ നമുക്ക് ഇഷ്ടമുള്ള നല്ല കാര്യങ്ങള്‍ക്കായി വിനിയോഗിക്കാന്‍ കഴിയണം. എനിക്ക് കൂടുതലായി എഴുതാന്‍ പറ്റിയത് ഇവിടെ എത്തിയതിനു ശേഷമാണ്. കൂടുതല്‍ വായിക്കുക എന്നത് എഴുതാനുള്ള കഴിവിനെ പരിപോഷിപ്പിക്കുന്നുണ്ട്. നമ്മുടെ എഴുത്തിലും വായനയിലും കുടുംബത്തെ കൂടി പങ്കാളികളാക്കാന്‍ ശ്രമിക്കുക. നമ്മുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കാന്‍ ഏറ്റവും കൂടുതല്‍ പ്രയത്നിക്കേണ്ടത് നമ്മള്‍ തന്നെയാണ്, അപ്പോള്‍ ബാക്കിയൊക്കെ പിറകെ വരും.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top