اللَّهُمَّ إنِّي أسألُكَ عِلمًا نافعًا، ورِزقًا طيِّبًا، وعَملًا مُتقَبَّلًا
അല്ലാഹുവേ, ഉപകരിക്കുന്ന വിജ്ഞാനവും വിശുദ്ധമായ ഉപജീവന മാര്‍ഗവും സ്വീകരിക്കുന്ന സത്കര്‍മങ്ങളും ഞാന്‍ നിന്നോട് ചോദിക്കുന്നു (ഇബ്‌നുമാജ 925).
ദിവസത്തെ പ്രധാനപ്പെട്ട സമയങ്ങളില്‍ ഒന്നാണ് പ്രഭാതം. ദിവസത്തിന്റെ ആരംഭമായതിനാല്‍ അന്നത്തെ ദിവസത്തെ കാര്യങ്ങള്‍ക്കു വേണ്ടി എല്ലാവരും തയ്യാറെടുക്കുന്ന സമയം. ഏറ്റവും ഊർജസ്വലതയോടെ ഉണരാനും ഉന്മേഷത്തോടെ ജോലി സ്ഥലത്തേക്ക് പോകാനും പഠിക്കാനും മറ്റു ദൈനംദിന കാര്യങ്ങള്‍ ചെയ്യാനും എല്ലാവരും ആഗ്രഹിക്കുന്നുണ്ട്.
വിശ്വാസിയുടെ ഒരു ദിവസം ആരംഭിക്കുന്നത് അല്ലാഹുവിനോടുള്ള പ്രാര്‍ഥനയോടെയാണ്. തുടര്‍ന്ന് നിര്‍ബന്ധ ബാധ്യതയായ നമസ്‌കാരവും അവന്‍ നിര്‍വഹിക്കുന്നു. കൂടെ പ്രഭാതസമയത്ത് ചൊല്ലേണ്ട പ്രാര്‍ഥനകള്‍ ചൊല്ലുകയും ചെയ്യുമ്പോള്‍ എല്ലാം അല്ലാഹുവില്‍ ഭരമേൽപിച്ച് ഊര്‍ജസ്വലനായി തന്റെ ഉത്തരവാദിത്തങ്ങളില്‍ മുഴുകാന്‍ അവനു സാധിക്കുന്നു.
പ്രഭാതസമയത്തെ പ്രാര്‍ഥനകളായി ധാരാളം പ്രാര്‍ഥനകള്‍ പ്രവാചകന്‍ (സ) പഠിപ്പിച്ചിട്ടുണ്ട്. അതില്‍ ഏറെ പ്രധാനപ്പെട്ട ഒരു പ്രാര്‍ഥനയാണിത്. ദിനേന നമ്മള്‍ ഇടപെടുന്ന മേഖലകളിലെല്ലാം അല്ലാഹുവിന്റെ സഹായവും കാവലും ഈ പ്രാര്‍ഥനയില്‍ ഉള്‍പ്പെടുന്നുണ്ട്.
നമ്മള്‍ കരസ്ഥമാക്കുന്ന ഉപജീവനം ശുദ്ധിയുള്ളതാവണം. അപ്പോള്‍ മാത്രമാണ് സ്വന്തത്തിനും കുടുംബത്തിനും ഹലാലായ ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവുമെല്ലാം ഒരുക്കാന്‍ കഴിയുക. അതുകൊണ്ടുതന്നെ വിശുദ്ധമായ ഉപജീവനം ചോദിച്ചുകൊണ്ടുള്ള പ്രാര്‍ഥനയുടെ പ്രഥമ ഭാഗത്തിന് ഏറെ പ്രാധാന്യമുണ്ട്.
നമ്മള്‍ ആര്‍ജിക്കുന്ന വിജ്ഞാനം ഭൗതികമായോ പാരത്രികമായോ നമുക്ക് ഉപകാരപ്പെടണം. ഉപദ്രവമുണ്ടാക്കുകയും അരുത്. ഭൗതികമായ വിജ്ഞാനം പാരത്രിക ജീവിതത്തെ നശിപ്പിക്കുകയും ചെയ്യരുത്. ഇതിനു വേണ്ടിയുള്ള തേട്ടമാണ് രണ്ടാം ഭാഗം.
ഏറ്റവും ഒടുവില്‍ അല്ലാഹുവിനോട് ചോദിക്കുന്നത് പ്രവര്‍ത്തനങ്ങളുടെ സ്വീകാര്യതയ്‌ക്കു വേണ്ടിയാണ്. ഭൗതികലോകത്ത് നേട്ടങ്ങള്‍ ഉണ്ടാവുന്നത് പാരത്രിക ലോക ജീവിതത്തെ ബാധിക്കാന്‍ പാടില്ല. അല്ലാഹു സ്വീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പരലോകത്തിനു വേണ്ടി ചെയ്യാന്‍ കഴിയണം. അത്തരം പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രാര്‍ഥനയാണ് ഇവിടെ ഉദ്ദേശ്യം.
മനസ്സറിഞ്ഞ് ഈ മൂന്നു കാര്യങ്ങള്‍ അല്ലാഹുവിനോട് ചോദിക്കുന്ന വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഊർജസ്വലമായ പ്രഭാതവും ഉന്മേഷം നിറഞ്ഞ ദിവസവും നേടിയെടുക്കാന്‍ സഹായിക്കും.
.